ADVERTISEMENT

പ്രസവശേഷം കൂടിയ ശരീരഭാരത്തെ ഏഴു വർഷങ്ങൾക്കിപ്പുറം പടിക്കു പുറത്താക്കിയ വിജയഗാഥയാണ് യുകെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ നിൽഡയ്ക്കു പറയാനുള്ളത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയതോടെ, ശരീരഭാരം കുറയ്ക്കുക എന്ന നിർദേശം ഡോക്ടർമാരും മുന്നോട്ടുവച്ചു. പക്ഷേ വർഷങ്ങളായി കൂടെയുള്ള ഈ തടി എങ്ങനെ കുറയ്ക്കുമെന്ന ആശങ്കയിലായിരുന്നു നിൽഡ. അപ്പോഴാണ് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വെയ്റ്റ്‌ലോസ് ചാലഞ്ച് സ്റ്റോറി വായിക്കുന്നത്. പിന്നെ നടന്നതിനെ അദ്ഭുതമെന്നു പറയാം. കഥ നിൽഡ പറയുന്നു.

‘ആദ്യ പ്രസവം കഴിഞ്ഞതോടെ ശരീരം നന്നായി തടിച്ചു. നാലു വർഷം കഴിഞ്ഞ് രണ്ടാമതു ഗർഭിണി ആയപ്പോഴും ശരീരഭാരം ഒട്ടും കുറഞ്ഞിരുന്നില്ല. രണ്ടാമത്തെ പ്രസവം കൂടി കഴിഞ്ഞതോടെ ഭാരം വീണ്ടും കൂടി, ആരോഗ്യപ്രശ്നങ്ങളും വന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹെർണിയ ശസ്ത്രക്രിയ ചെയ്തു. ശരീരഭാരം കൂടിയതും ഗർഭകാലത്തെ ഛർദിയുമാണ് ഹെർണിയയ്ക്കു കാരണമായതെന്നാണു ഡോക്ടർമാർ പറഞ്ഞത്. ശസ്ത്രക്രിയക്കു ശേഷം ശരീരഭാരം കുറയ്ക്കണമെന്നും ഡോക്ർമാർ നിർദ്ദേശിച്ചിരുന്നു. 

ഡോക്ടർ അങ്ങനെ പറഞ്ഞെങ്കിലും അതിനു സാധിക്കുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. ലാപ്രോസ്കോപ്പി ശസ്ത്രക്രിയ ആയതിനാൽ നവംബറിൽ ഞാൻ ചെറിയ വ്യായാമങ്ങൾ ചെയ്യാനും ആഹാരം നിയന്ത്രിക്കാനും തുടങ്ങി. ഈ സമയത്ത് 85 കിലോയായിരുന്നു ഭാരം. ആഴ്ചയിൽ 700 ഗ്രാം എന്ന നിലയിൽ ഈ സമയത്ത് ഭാരം കുറയാൻ തുടങ്ങിയിരുന്നു. അപ്പോഴാണ് മനോരമ വെയ്റ്റ്‌ലോസ് ചാലഞ്ചിനെപ്പറ്റി വായിക്കുന്നത്. തുടർന്ന് ആ ഗ്രൂപ്പിൽ ചേർന്നു.

ഗ്രൂപ്പിൽ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരാൻ തുടങ്ങിയതോടെ ശരീരഭാരം കുറഞ്ഞു തുടങ്ങി. രണ്ടു മാസം കഴിഞ്ഞപ്പോൾതന്നെ, ഏഴു വർഷം മുൻപ് ഉപയോഗിച്ചിരുന്ന വസ്ത്രമൊക്കെ പാകമായിത്തുടങ്ങി. ഇതെന്റെ ആത്മവിശ്വാസം കൂട്ടി. ഏകദേശം ആറു മാസം കൊണ്ട് 20 കിലോ കുറയ്ക്കാൻ സാധിച്ചു. ഇപ്പോൾ 65 കിലോയാണ് ഭാരം. എന്റെ ബിഎംഐ അനുസരിച്ച് 60 കിലോയാണു വേണ്ടത്. അതിനുള്ള ഡയറ്റിലാണ് ഇപ്പോൾ. ജൂൺ അവസാനത്തോടെ 60 കിലോ എത്തുമെന്ന പ്രതീക്ഷയുണ്ട്.

പ്രോട്ടീൻ കൂടിയതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണങ്ങളായിരുന്നു ഞാൻ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എങ്കിലും കൊതി തോന്നുമ്പോൾ ആഴ്ചയിൽ ഒരു ദിവസം അളവ് വളരെ കുറച്ച് ബ്രൗൺ റൈസ് കഴിച്ചു. എന്റെ പ്രിയ ഭക്ഷണമായിരുന്നു കപ്പ. അതും ആഴ്ചയിലൊരു ദിവസം കഴിക്കുമായിരുന്നു. പ്രോട്ടീൻ റിച്ച് ഫുഡ് ആയതിനാൽ ഇറച്ചിയും മീനും മുട്ടയുമൊക്കെ കഴിക്കുമായിരുന്നു.

ഏറ്റവും അദ്ഭുതപ്പെുത്തിയത് ശരീരഭാരം കുറച്ച ശേഷം ഓഫിസിൽ ചെന്നപ്പോഴുള്ള സഹപ്രവർത്തകരുടെ പ്രതികരണമായിരുന്നു. ‘ഇതെങ്ങനെ?’, ‘പ്രായം നന്നായി കുറഞ്ഞല്ലോ’ എന്നൊക്കെയുള്ള കമന്റുകളുമായി അവർ ചുറ്റുംകൂടി. അത് എനിക്കൊരു മോട്ടിവേഷൻ തന്നെയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com