ADVERTISEMENT

ഇന്നത്തെ ഓട്ടപ്പാച്ചിലും മടുപ്പിക്കുന്ന ആവർത്തനവിരസമായ ജീവിതശൈലിയും ആളുകളുടെ മനസ്സുകളിൽ ആഴത്തിലുള്ള ചോദ്യങ്ങൾ ഉയർത്തുകയാണ്. ജീവിതത്തിൽ ഈ കാണുന്നതല്ലാതെ എന്തെങ്കിലും ഉണ്ടോ? എന്താണ് ജീവിതത്തിന്റെ ഉദ്ദേശ്യം? എന്താണ് ജീവിതവിജയം ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുക എളുപ്പമല്ല. അഥവാ, നിങ്ങൾക്ക് ഉത്തരം കിട്ടിയാൽത്തന്നെ സന്തോഷിക്കരുത്. ഇവയ്ക്ക് കൃത്യമായ ഉത്തരങ്ങൾ കിട്ടിയിട്ടുണ്ടായിരുന്നെങ്കിൽ ചോദ്യങ്ങൾ അവസാനിക്കുമായിരുന്നല്ലോ. എന്നാൽ ഇവ നിങ്ങൾക്ക് മാർഗരേഖകളാണ്. ഇവിടെ പാദങ്ങൾ ഊന്നുമ്പോൾ നിങ്ങൾ കൂടുതൽ ഉണ്മയുടെ ആഴങ്ങളിലേക്ക് ഇറങ്ങുകയാണ് ചെയ്യുക. 

സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്ക് ആശ്വാസമരുളുന്ന യോഗ എന്ന പുരാതന ശാസ്ത്രം കാലത്തെ അതിജീവിച്ച ഒരു മഹത് ജ്ഞാനമാണ്. 35 വർഷം മുമ്പ് ആർട്ട് ഓഫ് ലിവിംഗ് യോഗ പരിശീലനം നൽകാൻ ആരംഭിച്ച കാലത്ത് ഹിപ്പികൾക്കുള്ള മാർഗമാണിത് എന്നാണ് ആളുകൾ ധരിച്ചിരുന്നത്. അന്നത്തെ അവസ്ഥയിൽ നിന്ന് ഇന്ന് യോഗ വളരെയധികം പുരോഗമിച്ചിരിക്കുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ യോഗ പരിശീലിക്കുന്നുണ്ട്. മാത്രമല്ല, ലോകത്തിന്റെ മാറുന്ന താല്പര്യങ്ങളോട് യോഗ മനോഹരമായി സമരസപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. ഇത് കാരണം യോഗശാസ്ത്രത്തിന് അതിന്റെ പ്രാപഞ്ചികതയും, മതേതരത്വ സ്വഭാവവും ഊട്ടിയുറപ്പിക്കാനും യാഥാസ്ഥിതിക രാജ്യങ്ങളിൽ പോലും ജാതിമതഭേദമന്യേ ആളുകൾക്ക് സ്വാസ്ഥ്യമരരുളാനും സാധിച്ചിട്ടുണ്ട്. 

യോഗയുടെ അഷ്ടാംഗങ്ങളിൽ അധിഷ്ഠിതമാണ് അതിന്റെ പിന്നിലുള്ള തത്വജ്ഞാനം. ദൗർഭാഗ്യമെന്നു പറയട്ടെ, ഇത് ഒന്നിനു പിന്നാലെ ഒന്നായി പിന്തുടരേണ്ട എട്ടു ചുവടുകളാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ അഷ്ടാംഗങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി അനുവർത്തിക്കേണ്ടവയല്ല. അവ , പൂർണതയുടെ അംശങ്ങൾ ആണ് എന്ന് മനസ്സിലാക്കണം. 

അഷ്ടാംഗങ്ങൾ കസേരയുടെ നാലു കാലുകൾ പോലെയാണ്. കസേരയുടെ കാൽ വലിച്ചാൽ കസേര മുഴുവൻ അനങ്ങുമല്ലോ. യോഗയിൽ ആസനങ്ങൾക്ക് പ്രാധാന്യമുണ്ടെങ്കിലും പ്രാണായാമവും ധ്യാനവും ഇല്ലെങ്കിൽ അത് യോഗയല്ല. ധ്യാനത്തിന്റെ ചെറിയൊരു രുചി മതി, ജീവിതത്തിൽ പരിണാമം സൃഷ്ടിക്കാൻ. 

ജയിലുകളിൽ ഞങ്ങൾ നടത്തുന്ന പരിപാടികളിൽ ഇങ്ങനെയുള്ള മാറ്റങ്ങൾ സംഭവിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. വളരെ കുറച്ച് നേരം മാത്രം ധ്യാനിക്കുമ്പോഴേയ്ക്കും പലരിലും അത്ഭുതകരങ്ങളായ മാറ്റങ്ങളാണ് സംഭവിക്കാറുള്ളത്. അവരുടെ ചിന്തകളും, പെരുമാറ്റവുമൊക്കെ മാറുന്നു. പക, കോപം , തുടങ്ങിയ നിഷേധവികാരങ്ങൾ അവരിൽ നിന്ന് അപ്രത്യക്ഷമാകും. അഷ്ടാംഗത്തിലെ ആറാമത്തെ അംഗമായ ധ്യാനത്തിലൂടെ ഒന്നാമത്തെയും, രണ്ടാമത്തെയും അംഗങ്ങളായ യമനിയമങ്ങൾ താനേ പ്രകാശിതമാകുന്നു . പിരിമുറുക്കം, പരിഭ്രാന്തി, അതിക്ഷീണം, ലഹരികളോടുള്ള ആസക്തി, ഉറക്കമില്ലായ്മ, തുടങ്ങിയ അസ്വസ്ഥതകൾക്ക് യോഗയിലൂടെ പരിഹാരം കാണാൻ ആളുകൾക്ക് കഴിഞ്ഞിട്ടുണ്ട്. 

ലോകത്തിന് അവശ്യം വേണ്ട ശക്തമായ ഉപകരണമാണ് യോഗ. അതുകൊണ്ടുതന്നെ അത് പ്രാമാണികതയോടെ പരിശീലിപ്പിക്കാനും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കാനും പരിശീലകരുടെ ആവശ്യമുണ്ട്. സമ്പൂർണവും ശുദ്ധവുമായ യോഗയിൽ ആധുനിക ലോകത്തെ അലട്ടുന്ന എല്ലാ വ്യഥകളുടെയും അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനുള്ള അമൂല്യജ്ഞാനം അടങ്ങിയിട്ടുണ്ട്. 

ഇന്ന് ആളുകളെ ഏറ്റവും കൂടുതൽ അലട്ടുന്നത് പിരിമുറുക്കമാണ്. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരുമ്പോൾ പിരിമുറുക്കം ഉണ്ടാകും. ജോലിഭാരം കുറയ്ക്കാൻ സാധിക്കാത്ത ഇന്നത്തെ സാഹചര്യത്തിൽ, നമ്മുടെ ഊർജ്ജം വർദ്ധിപ്പിക്കുക മാത്രമാണ് ഒരേയൊരു പോംവഴി. അല്പനേരം ധ്യാനിക്കുമ്പോൾ കുറച്ചു മണിക്കൂറുകൾ ഉറങ്ങുമ്പോഴുള്ള വിശ്രമമാണ് നമുക്ക് കിട്ടുക. ഏറ്റവും കുറച്ചു സമയത്തിനുള്ളിൽ പരമാവധി ഊർജ്ജമാണ് യോഗ നമുക്ക് തരിക. യോഗയിലൂടെ ലഭിക്കുന്ന അഗാധവിശ്രമം നമ്മുടെ പ്രവർത്തനശേഷി വർധിപ്പിച്ച് , അവബോധത്തിന് മൂർച്ച കൂട്ടുകയും, തീരുമാനങ്ങളെടുക്കാനുള്ള അന്തർജ്ഞാനം വർധിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ സ്വന്തം പ്രശ്നങ്ങളിൽ പെട്ട് കിടക്കാതെ കുറെക്കൂടി വിശാലവീക്ഷണത്തോടെ മറ്റുള്ളവരുടെ ഗൗരവമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നു. 

യോഗ വെറും പരിശീലനം മാത്രമല്ല. സ്ഥൂലമായതിനെ അതിവർത്തിക്കുന്ന ചേതനയുടെ ഒരവസ്ഥയാണത്. സ്വന്തം ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ തിരിച്ചറിയാനും, അവയെ ശരിയായ മാർഗത്തിലൂടെ നയിക്കാനും ആധുനിക ലോകത്തെ പഠിപ്പിക്കുന്ന വഴിയാണത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com