ADVERTISEMENT

സതാംപ്ടണിലെ ഹാംഷർബൗളിൽ, ശനിയാഴ്ച ഹാട്രിക്കിലൂടെ അഫ്ഗാൻ വാലറ്റത്തെ ചുരുട്ടിക്കെട്ടി ഇന്ത്യയെ വിജയത്തിലെത്തിച്ചതോടെ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ആരാധകരുടെ ഹീറോ. മാൻ ഓഫ് ദ് മാച്ച് പട്ടം ജസ്പ്രീത് ബുമ്ര കൊണ്ടുപോയെങ്കിലും ആരാധകരുടെ വോട്ട് ഷമിക്കുതന്നെ. ‘മെലിഞ്ഞു സുന്ദരനായി, കൂടുതൽ ഫിറ്റും’ എന്നാണ് ലോകകപ്പ് ടീമിലെത്തിയ ഷമിയെപ്പറ്റി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞത്. ചേതൻ ശർമയ്ക്കു ശേഷം ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന അഭിമാനത്തിൽനിൽക്കുന്ന ഷമിയുടെ ഫിറ്റ്നസ് രഹസ്യമാണിപ്പോൾ ആരാധകരുടെ ചർച്ച. 

കുടുംബപ്രശ്നങ്ങൾക്കു പുറമേ കണങ്കാലിൽ നടത്തിയ ശസ്ത്രക്രിയയോടും പൊരുതേണ്ടി വന്ന സമയമുണ്ടായിരുന്നു മുഹമ്മദ് ഷമിക്ക്. 2015-ലെ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഷമി പിന്നീട് ഇന്ത്യയുടെ ഏകദിന ടീമിൽനിന്നു പുറത്തായി. കാലിന്റെ പരുക്കിനു നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശരീരഭാരം വല്ലാതെ കൂടി. അത് ഫിറ്റ്നസിനെയും കളിയെയും ബാധിച്ചു. ക്രിക്കറ്റിൽ തുടരണമെങ്കിൽ ഭാരം കുറയ്ക്കണമെന്ന അവസ്ഥയായി. തുടർന്ന്, ആഹാരം കുറയ്ക്കുകയും മധുരമുൾപ്പെടെ ഒഴിവാക്കുകയും ചെയ്തു.

‘ഫിറ്റ്നസിലേക്കുള്ള എന്റെ യാത്രയ്ക്ക് രണ്ടു വർഷം സമയമെടുത്തു. കാലിലെ പരുക്കിനു നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന് ശരീരഭാരം വർധിച്ചു. ഇതോടെ കാല്‍മുട്ടിന് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ഭാരം കുറയ്ക്കുക എന്നതു മാത്രമായിരുന്നു ഏക പോംവഴി. കൂടുതൽ നേരം കളിക്കണമെങ്കിൽ അധികമായി എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നു മനസ്സിലായി. അതോടെ ആഹാരം കുറയ്ക്കാൻ തുടങ്ങി. കൃത്യമായ ഡയറ്റ് പാലിച്ചു. ഡോക്ടർമാർ പറഞ്ഞ ആഹാരങ്ങൾ ഒഴിവാക്കി. മധുരവും ബ്രഡും പൂർണമായും ഒഴിവാക്കി. ഇത് ഏറെ സഹായകവുമായി"– ഷമി പറഞ്ഞു. ഏകദേശം ആറു കിലോ ഭാരമാണ് ഷമി കുറച്ചത്. 

ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് ട്രെയ്നർ ശങ്കർ ബസുവിനും ഷമിയുടെ മാറ്റത്തിൽ പങ്കുണ്ട്. ബസുവിന്റെ നിർദേശങ്ങളാണ് ഷമി പിന്തുടർന്നത്. മാംസഭക്ഷണം ധാരാളം കഴിച്ചിരുന്ന ഷമി, അതിന്റെ അളവ് കുറയ്ക്കുകയും ജങ്ക് ഫൂഡ് പൂർണമായും ഒഴിവാക്കുകയും ചെയ്തു. ‘ദിവസത്തിന്റെ ആദ്യപകുതിയിൽ ഷമി ഭക്ഷണത്തിന്റെ അളവ് വളരെ കുറച്ചു. രണ്ടാം പകുതിയിൽ നന്നായി കഴിക്കുകയും ചെയ്തു. അങ്ങനെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചു’ –ബസു പറയുന്നു.

അമിതഭാരം കുറച്ച്, കൂടുതൽ ഫിറ്റായ ഷമിയാണ് ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കു പോയത്. അതിന്റെ വ്യത്യാസം ഷമിയുടെ പ്രക‍ടനത്തിലുമുണ്ട്. അഫ്ഗാനിസ്ഥാനെ അരിഞ്ഞുവീഴ്ത്തിയത് അതിന്റെ മികച്ച ഉദാഹരണവും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com