ADVERTISEMENT

നാടകത്തിലൂടെ സിനിമയിലെത്തി പത്തു വർഷം തികയ്ക്കുന്ന വിനയ് ഫോർട്ട് ഫിറ്റ്നസിന്റെ കാര്യത്തിലും അത്ര പിന്നിലല്ല. ‘തമാശ’ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന വിനയ്ക്ക് ഫിറ്റ്നസ് വെറും 'തമാശ'യല്ല. സിനിമയിൽ തിരക്കേറിയിട്ടും ഫിറ്റനസിനായി കൂടുതൽ സമയം കണ്ടെത്തുകയാണ് താരം. ഫോർട്ട് കൊച്ചിയിലുണ്ടെങ്കിൽ വൈകിട്ട് വൈഎംസിഎയിലെ ഫിറ്റനസ് ക്ലബിൽ വർക്കൗട്ടിനായി വിനയ് എത്തിയിരിക്കുമെന്നാണ് സുഹൃത്തുക്കളുടെ പക്ഷം. മനോരമ ഒാൺലൈനുമായി വിനയ് ഫോർട്ട് തന്റെ ഫിറ്റ്നസ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

vinay-forrt-fitness-photo

ആത്മവിശ്വാസം നൽകും ഫിറ്റ്നസ്

സിനിമയിലെത്തുന്നതിനു മുൻപ് തന്നെ നാടക കളരികളിൽ മിതമായ വ്യായാമത്തിലൂടെ ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുമായിരുന്നു. സിനിമയിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയതോടെ വ്യായാമം ഗൗരവമായി എടുത്തു. ഒരോ കഥാപാത്രത്തിനും ആവശ്യമായ രീതിയിൽ ശരീരത്തെ മാറ്റുകയെന്നതാണ് എന്റെ ആവശ്യം. മസിൽ പെരുപ്പിച്ചു ബോഡി ബിൽഡറെ പോലെ നടക്കേണ്ട കാര്യമില്ല. പൊലീസ് വേഷം മുതൽ പാൻ വിൽക്കുന്നയാളുടെ വേഷമാണെങ്കിൽ പോലും അതിനു അനുയോജ്യമായി ശരീരത്തെ മാറ്റി എടുക്കാൻ കഴിയണം.  ജയേഷ് ജോർജിനെ പോലെ നല്ലൊരു ഫിറ്റ്നസ് ട്രെയിനറെ കണ്ടെത്തിയതോടെയാണ് എനിക്ക് ഫിറ്റ്നസിനെക്കുറിച്ച് നല്ല ധാരണ ലഭിച്ചത്. നിരവധി താരങ്ങളുടെയും കോർപ്പറേറ്റ് ലീഡേഴ്സിന്റെയും ട്രെയിനറായ ജയേഷ് എന്റെ ശരീരത്തിനും കരിയറിനും ആവശ്യമായ വ്യായാമ രീതികൾ നിർദേശിക്കുകയായിരുന്നു. ചിട്ടയായുള്ള വ്യായാമത്തിലൂടെ എന്റെ ജീവിതചര്യയ്ക്കുതന്നെ മാറ്റം വന്നു. ശരീരത്തിന്റെ മാറ്റത്തിനൊപ്പം വ്യക്തിത്വത്തിലും മാറ്റം വന്നു. ഏതൊരു കാര്യവും ആത്മവിശ്വാസത്തോടെ ചെയ്യുവാൻ സാധിക്കുന്നു. 

 

ഫിറ്റ്നസിനു പ്രായ പരിധിയില്ല

ഫിറ്റ്നസ് എന്ന് കേൾക്കുമ്പോൾ അതെല്ലാം ചെറുപ്പക്കാർക്കുള്ളതല്ലേയെന്നാണ് പലരും വിചാരിക്കുന്നത്. പ്രായം മുപ്പത് കഴിയുമ്പോഴാണ് ഫിറ്റനസ് ഗൗരവമായിയെടുക്കേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു.  ദൈനംദിന ജീവിതത്തിൽ ഉൗർജസ്വലതയോടെയിരിക്കുന്നതിനൊപ്പം ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനും ഫിറ്റ്നസ് നമ്മളെ സഹായിക്കും. പ്രായമായ സുന്ദരന്മാരെ കാണുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. പ്രായമേറും തോറും ചെറുപ്പമായിരിക്കാൻ ഫിറ്റ്നസിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നു. ഒരോർത്തർക്കും അനുയോജ്യമായ ഫിറ്റ്നസ് ട്രെയിനിങ്ങ് സ്വീകരിക്കുകയാണ് അഭികാമ്യം.

vinay-forrt-at-wrok-out

 

എന്റെ ഫിറ്റ്നസ് സ്വപ്നം

മികച്ച നടനാവുക എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഞാൻ. എന്റെ ആയുധം എന്റെ ശരീരവും ശബ്ദവും മനസുമാണ്. ബോളിവുഡ് താരങ്ങളെ പോലെ എപ്പോഴും മസിൽ പെരുപ്പിച്ചു നടക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾക്ക് അനുയോജ്യമായി എന്റെ ശരീരത്തെ മാറ്റുക എന്നതാണ് എന്റെ ഫിറ്റ്നസ് സ്വപ്നം. കിസ്മത്ത് എന്ന സിനിമയിലെ വേഷം എനിക്കൊരു വെല്ലുവിളിയായിരുന്നു. അങ്ങനെ മുപ്പത്തഞ്ച് ദിവസം കൊണ്ട് പത്ത് കിലോ കൂട്ടേണ്ടി വന്നപ്പോഴും ഫിറ്റ്നസാണ് തുണയായത്. നല്ലൊരു നടനു ഫിറ്റ്നസ് അത്യാവശ്യമാണ്.

 

ഫിറ്റ്നസിനു വേണ്ടി ഇഷ്ട ഭക്ഷണം ഉപേക്ഷിക്കേണ്ട

ഞാൻ അത്യാവശ്യം നന്നായി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഒരുപാട് അളവിൽ കഴിക്കുമെന്ന് അതിന് അർഥമില്ല. മേശയിൽ ലഭ്യമായിരിക്കുന്ന ഭക്ഷണങ്ങൾ എല്ലാം കുറച്ച് അളവിൽ ആസ്വദിച്ചു കഴിക്കുകയെന്നതാണ് എന്റെ പതിവ്. എന്നോട് ഉപ്പു കഴിക്കരുത് പഞ്ചാസാര ഒഴിവാക്കണം എണ്ണ തൊടരുത് എന്നൊക്കെ പറഞ്ഞാൽ എനിക്ക് പറ്റില്ല. ആരോഗ്യത്തിനു ഹാനികരമായതെല്ലാം ഒഴിവാക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണെങ്കിലും കടുത്ത ഡയറ്റിനോട് കൂട്ടില്ല.  ഒരോ വ്യക്തികളുടെയും ശരീരത്തിന്റെ ഘടനയും അവശ്യവുമനുസരിച്ച് അനുയോജ്യമായ ട്രെയിനിങ്ങ് പാറ്റേൺ നിർദേശിക്കുകയാണ് ഫിറ്റ്നസ് ട്രെയിനറായ ജയേഷിന്റെ രീതി. ട്രെയിനിങ്ങിന്റെ തുടക്കത്തിൽ വലിയ ഡയറ്റ് പ്ലാൻ ഒന്നുമില്ലായിരുന്നു. നാലു മാസം കഴിഞ്ഞപ്പോൾ ഡയറ്റിൽ കുറച്ച് ചിക്കനും മുട്ടയുടെ വെള്ളയും എന്നോട് ആവശ്യപ്പെടുകയായിരുന്നു. പ്രായമേറും തോറും ചില ആഹാരങ്ങളോട് അകലം പാലിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

 

എവിടെയായലും വ്യായാമം മുടക്കില്ല

ഷൂട്ടിങ് ലോക്കേഷനുകളിൽ ഫിറ്റ്നസ് ക്ലബിൽ ചെയ്യുന്നത് പോലെയുള്ള വർക്കൗട്ടുകൾക്ക് സാഹചര്യം ലഭിക്കണമെന്നില്ല. ഹോട്ടൽ മുറികളിൽ കഴിയുമ്പോഴും പതിനഞ്ച് മിനിറ്റ് കൊണ്ട് ശരീരത്തിനു വേണ്ട വ്യായാമ മുറകൾ ജയേഷ് പ്ലാൻ ചെയ്തു നൽകിയിട്ടുണ്ട്.  സമയക്കുറവോ സ്ഥല പരിമിതിയോ ഫിറ്റ്നസ് വർക്കൗട്ടിനു തടസമല്ല.

 

മമ്മൂക്ക എന്ന മാതൃക

ഫിറ്റ്നസിന്റെ കാര്യത്തിൽ മമ്മൂക്കയാണെന്റെ റോൾ മോഡൽ. ഇക്കാര്യത്തിൽ ഇത്രയും അച്ചടക്കമുള്ളതും കഠിനാധ്വാനിയുമായ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിലില്ലെന്നാണ് എന്റെ വിശ്വാസം. മംഗ്ലീഷ് എന്ന സിനിമയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോഴാണ് മമ്മൂക്കയുടെ ഫിറ്റ്നസ് രീതികൾ അടുത്തറിയാൻ സാധിച്ചത്. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് മമ്മുക്ക വർക്കൗട്ട് ചെയ്യുമെന്ന് കേട്ടപ്പോൾ ഇതെങ്ങനെ സാധിക്കുന്നുവെന്ന എന്റെ ചോദ്യത്തിനു മമ്മൂക്ക മറുചോദ്യം ചോദിച്ചത് ഇന്നുമോർക്കുന്നു. വിനയ് പ്രാർഥിക്കാറുണ്ടോയെന്ന് മമ്മൂക്ക ചോദിച്ചു. എന്നാൽ ഫിറ്റ്നസും പ്രാർഥന പോലെയാണ്. ഒരിക്കലും ഒഴിവാക്കരുതെന്ന് മമ്മൂക്ക നൽകിയ ഉപദേശം ഫിറ്റ്നസിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റി. സിനിമയ്ക്ക് വേണ്ടി ഫിറ്റ്നസിലും ഡയറ്റിലുമുള്ള മമ്മുക്കയുടെ നിഷ്ഠ എല്ലാ നടന്മാർക്കും മാതൃകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com