ADVERTISEMENT

കുഞ്ഞുനാൾ മുതൽ ഗുണ്ടുമണിയായി, ഏവരുടെയും കണ്ണിലുണ്ണിയായി നടന്ന ഒരാൾ. അവൾ ടീനേജിൽ എത്തിയപ്പോൾ ഈ 'ഗുണ്ടുമണി' തന്നെ പരിഹാസപ്പേരായി. അമിതവണ്ണവും അതിന്റെ പേരിലുള്ള കളിയാക്കലുകളും 21 കാരി ഡാമിനി ബസുവിന്റെ ആത്മവിശ്വാസം തകർത്തു, സ്പോർട്സിലുള്ള അവളുടെ കഴിവുകളെയും അതു ബാധിച്ചു.

അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള ഡാമിനിക്ക് 80 കിലോയായിരുന്നു ശരീരഭാരം. എന്നാൽ ഭാവിയിൽ ഈ ഭാരം വില്ലനാകുമെന്നു മനസ്സിലാക്കിയ അവൾ അഞ്ചു മാസംകൊണ്ടു കുറച്ചത് 22 കിലോയാണ്.

കുട്ടിക്കാലത്ത് ഒരു ചബ്ബി ഗേൾ ആയിരുന്നു താനെന്ന് ഡാമിനി പറയുന്നു. അതിന്റെപേരിൽ ബോഡി ഷെയ്മിങ്ങിന് ഇരയായി. 

‘കൗമാരത്തിലേക്കു കടന്നതോടെ ഇതു വീണ്ടും വഷളായി. ശരീരസൗന്ദര്യത്തെക്കാളും അതെന്നെ വിഷമിപ്പിച്ചത് ഒരു കായികതാരമെന്ന നിലയിലായിരുന്നു. ഷോട്ട്പുട്ടും ജാവ്‌ലിനും ശരിയായി എറിയുന്നതിന് അമിതഭാരം തടസ്സമായി. അതോടെ ട്രാക്കിലേക്കു വരണമെങ്കിൽ തടി കുറച്ചേ മതിയാകൂ എന്ന് എനിക്കു മനസ്സിലായി.

ആ തീരുമാനം എടുത്ത ശേഷം ആദ്യം ഡയറ്റ് ക്രമീകരിക്കുകയാണ് ചെയ്തത്. സ്പോർട്സ് വുമണും ഫിറ്റ്നസ് ഫ്രീക്കുമായതിനാൽ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഡയറ്റാണ് തിരഞ്ഞെടുത്തത്. ‌‌ഒരു ഗ്ലാസ്സ് പാലു കുടിച്ചായിരുന്നു ദിവസം ആരംഭിച്ചത്. രണ്ടു പുഴുങ്ങിയ മുട്ടയും ബ്രൗൺ ബ്രഡും പ്രാതലിൽ ഉൾപ്പെടുത്തി.

കുറച്ച് ചോറോ ചെറിയ ഒരു റൊട്ടിയോ ആയിരുന്നു ഉച്ചഭക്ഷണം. കറിയായി ഡാലോ ബോയിൽഡ് ചിക്കനോ മീനോ കഴിച്ചിരുന്നു. രാത്രിഭക്ഷണം പലപ്പോഴും ഒഴിവാക്കി. കഴിച്ചാൽത്തന്നെ ഒരു ബൗൾ സൂപ്പോ സ്റ്റ്യൂവോ മാത്രമാക്കി. ആഴ്ചയിൽ ഒരു ദിവസം ഇഷ്ടഭക്ഷണം കഴിക്കാനായി മാറ്റിവച്ചിരുന്നു. ഐസ്ക്രീം, പേസ്ട്രി തുടങ്ങിയവ ഈ ദിവസങ്ങളിൽ കഴിക്കും.

വർക്ക്ഔട്ടിനു മുൻപും ശേഷവും ഒരു കപ്പ് ബ്ലാക്ക് ടീയോ ഗ്രീൻടീയോ കുടിക്കും. സ്ഥിരം കായിക പരിശീലനത്തിനു പുറമേ ദിവസവും ഒരു മണിക്കൂർ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യും. അര മണിക്കൂർ കാർഡിയോ വ്യായാമങ്ങൾക്കും അര മണിക്കൂർ വെയ്റ്റ് ട്രെയ്നിങ് വ്യായാമങ്ങൾക്കുമായാണ് ജിമ്മിലെ ഒരു മണിക്കൂർ ചെലവഴിച്ചിരുന്നത്. പുറമേ ഡാൻസും പരിശീലിച്ചു’. 

അങ്ങനെയാണ് അമിതവണ്ണത്തെ മെരുക്കിയതെന്നും ഇപ്പോൾ ആത്മവിശ്വാസമുണ്ടെന്നും ഡാമിനി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com