ADVERTISEMENT

പ്രമേഹരോഗികളോട് എന്ത് വ്യായാമമാണ് ചെയ്യുന്നത് എന്നു ചോദിച്ചാൽ നടത്തം എന്നാവും ഉത്തരം. ദിവസം 45 മിനിറ്റെങ്കിലും നടക്കുകയും ചില യോഗാസനങ്ങൾ ശീലിക്കുകയും ചെയ്യണം എന്ന് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്യും. പ്രമേഹം ഇല്ലാതാക്കാൻ അതായത് റിവേഴ്സ് ചെയ്യണമെങ്കിൽ, മരുന്നും ഇൻസുലിനും എല്ലാം നിർത്തണമെങ്കിൽ, നടത്തവും യോഗയും മാത്രം പോര. ഇവിടെയാണ് ആന്റി ഗ്രാവിറ്റി എക്സർസൈസിന്റെ പ്രാധാന്യം. നാം ഗ്രാവിറ്റിക്കെതിരെ പോകുമ്പോൾ ഷുഗർ കുറയും. ഇത് മനസ്സിലാക്കണമെങ്കിൽ വ്യായാമവും ശാരീരിക പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം അറിയണം. 

പകൽ മുഴുവൻ ശരീരം അനങ്ങി ജോലി ചെയ്യുന്നതു കൊണ്ട് വ്യായാമം ചെയ്യേണ്ട കാര്യമില്ല എന്നാണ് മിക്കവരും കരുതുന്നത്. ദിവസവും ചെയ്യുന്ന ജോലികൾ വ്യായാമം അല്ല. അത് ഊർജ്ജം കൂട്ടുന്ന ശാരീരിക പ്രവർത്തനം മാത്രമാണ്. 

വ്യായാമം അഥവാ എക്സർസൈസ് ആസൂത്രണത്തോടെയും ചിട്ടയോടെയും ചെയ്യുന്ന ശാരീരിക പ്രവർത്തനമാണ്. ഉദാഹരണമായി എയ്റോബിക് എക്സർസൈസ്.

എന്താണ് ആന്റി– ഗ്രാവിറ്റി?

പേശികൾക്ക് തുടർച്ചയായി നൽകുന്ന എയ്റോബിക് വ്യായാമമാണ് ആന്റിഗ്രാവിറ്റി. നടക്കുന്നതിനു പകരം പടികൾ കയറുമ്പോൾ നമുക്ക് കൂടുതൽ ഗ്ലൂക്കോസ് ആവശ്യമായി വരും. അപ്പോൾ രക്തത്തിലെ ഗ്ലൂക്കോസ്, പേശീകോശങ്ങളിലേക്ക് തള്ളപ്പെടും. ആന്റി ഗ്രാവിറ്റി വ്യായാമത്തിൽ ഷുഗറിന്റെ അളവിൽ 30–50–80 പോയിന്റു കുറവു വരും. ആന്റി ഗ്രാവിറ്റി വ്യായാമങ്ങളിൽ രക്തത്തിലെ ഗ്ലൂക്കോസ്, കോശങ്ങളിലെത്തുകയും കൊഴുപ്പ് ആയി അടിഞ്ഞു കൂടുന്നതിനെ തടയുകയും ചെയ്യും. ഭക്ഷണം കഴിച്ച് ഒന്നേമുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ആന്റി–ഗ്രാവിറ്റി വ്യായാമത്തിനു പറ്റിയ സമയം. ദിവസം 3 തവണ ഇത് ചെയ്യാം. പടികൾ കയറുന്നത് ദിവസം 3 തവണ 5 മുതൽ 10 മിനിറ്റുവരെ ചെയ്യുന്നതു നല്ലതാണ്. 

മൂന്നു തരത്തിൽ ആന്റിഗ്രാവിറ്റി വ്യായാമം ചെയ്യാം. 

1. ഏറ്റവും എളുപ്പം സ്റ്റെയർകേസ് കയറുക എന്നതാണ്. 100 പടിയിൽ തുടങ്ങി 300 പടിവരെയാകാം. മുട്ടുവേദന ഉണ്ടെങ്കിലോ, ഹൃദയം പമ്പുചെയ്യുന്നത് 30–35 ശതമാനം കുറവാണെങ്കിലോ, ബിപി കൂടുതലാണെങ്കിലോ ഇത് ചെയ്യരുത്. 

2. നൈട്രിക് ഓക്സൈഡ് ഡംപ് – മുട്ടുവേദന ഉള്ളവർക്ക് ഇത് തിരഞ്ഞെടുക്കാം. വളരെ പവർഫുള്‍ ആയ വ്യായാമം ആണിത്. കൈകൾ മാറി മാറി ഉയർത്തുക, നോൺ ജംപിങ് ജാക്സ്, ഷോൾഡർ പ്രസസ്, സ്ക്വാട്സ് മുതലായവ ഇതിൽ പെടും. 

3. സ്റ്റെയർ കേസ് കയറാനോ നൈട്രിക് ഓക്സൈഡ് ഡമ്പ് ചെയ്യാനോ പറ്റാത്തവർ വെറുതെ കിടന്നിട്ട് കൈകാലുകൾ വായുവിൽ ചലിപ്പിക്കുക. ഒന്നു രണ്ടു മിനിറ്റ് ഇങ്ങനെ ചെയ്യു ക. 

ഷുഗർ കുറയ്ക്കുക മാത്രമല്ല, ആന്റിഗ്രാവിറ്റി എക്സർസൈസിന് വേറെയും ഗുണങ്ങളുണ്ട്. 

∙രോഗപ്രതിരോധ ശക്തിയും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. 

∙ടൈപ്പ് 1 പ്രമേഹം ഉള്ളവരിൽ കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്നസ് കൂട്ടുന്നു, ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു. ലിപ്പിഡ് ലെവലും എൻഡോതീലിയൽ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. 

∙ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഷുഗർ, HbA1C, ട്രൈഗ്ലിസറൈഡ്, ഇൻസുലിൻ പ്രതിരോധം ഇവ കുറയ്ക്കുന്നു. 

∙േപശികൾക്ക് കരുത്തേകുന്നു. 

∙ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

English summary: Anti gravity exercise for diabetics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com