sections
MORE

'എന്നാലും ആ കുംഭയും തടിയുമൊക്കെ എവിടെ'; അന്വേഷിച്ചെത്തിയവരോട് ധന്യക്ക് പറയാനുള്ളത്

dhanya-weight-loss
SHARE

‘എന്നാലും എന്റെ ധന്യേ, നിന്റെ ആ കുംഭയും തടിയുമൊക്കെ എവിടെപ്പോയി, എന്താ ആ സീക്രട്ട്, ഒന്നു പറഞ്ഞു തരാമോ?’ എന്നു ചോദിച്ച്, ചെങ്ങന്നൂർ ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെ ഫൊറൻസിക് സർജൻ ധന്യയുടെ പിന്നാലെ നടക്കുകയാണ് സഹോദരനും കസിൻസുമെല്ലാം. ‘ഈ കസിൻസൊക്കെ എന്നെ ഒരുപാട് കളിയാക്കിയിട്ടുള്ളതാ. കുട്ടിക്കാലം മുതൽ അവരുടെ കൂട്ടത്തിലെ ചബ്ബി ഗേൾ ഞാനായിരുന്നു, അതിനാൽത്തന്നെ എല്ലാവരും കൂടുമ്പോൾ സ്നേഹം കൊണ്ടുള്ള കളിയാക്കലുകളും അധികം കിട്ടിയിട്ടുള്ളത് എനിക്കാ. എന്നിട്ടാ ഇപ്പോൾ ഇവർതന്നെ എന്റെ പിറകേ നടക്കുന്നത്. കാണുമ്പോഴെല്ലാം അസൂയയോടെ എങ്ങനെയാ നീ ഇങ്ങനെ ആയതെന്നു ചോദിച്ച് കുശുമ്പ് കാട്ടാറുമുണ്ട്.’ ധന്യ പറയുന്നു. ഇവർക്കെല്ലാമായി ആ രഹസ്യം മനോരമ ഓൺലൈനിലൂടെ ധന്യ പങ്കുവയ്ക്കുന്നു:

ജിം വരെ തോറ്റോടി

സത്യം പറയാലോ... എങ്ങനെയെങ്കിലും ഈ തടിയും ആ വയറുമൊന്നു കുറഞ്ഞു കിട്ടിയാൽ മതിയെന്ന ആഗ്രഹം വളരെക്കാലം മുന്നേ ഉണ്ടായിരുന്നു. സ്കൂൾ കാലഘട്ടം മുതലേ ഇതൊക്കെ എന്റെ ‘സ്വകാര്യസ്വത്ത്’ ആയതുകൊണ്ടാകും അത്ര പെട്ടെന്നൊന്നും വിട്ടുപോകാൻ കൂട്ടാക്കിയില്ല. അവസാന ശ്രമമെന്ന നിലയിൽ അഞ്ചാറു ജിമ്മുകളിലും പോയി. പക്ഷേ എന്റെ പരിശ്രമക്കുറവും കൃത്യനിഷ്ഠ ഇല്ലായ്മയും കൂടി ആയപ്പോൾ ഫലമൊന്നും ലഭിച്ചില്ല. ആശുപത്രിയിലെയും വീട്ടിലെയും തിരക്കുകൾക്കിടയിൽ അതു വേണ്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചില്ല.

വീട്ടിൽ എല്ലാം കിട്ടിയിരുന്നെങ്കിൽ

ജിമ്മിൽ‌പോക്ക് നടക്കാതായപ്പോൾ ഒരു ദിവസം ആലോചിച്ചിരുന്നു വീട്ടിലിരുന്ന് സ്വന്തമായി വർക്ക്ഔട്ട് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്തു നന്നായേനേയെന്ന്. യുട്യൂബിലും മറ്റും നിരവധി വിഡിയോകൾ ഉണ്ടെങ്കിലും ഏതാണ് ഫലപ്രദമെന്നോ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നോ ഉള്ള ധാരണ നമുക്കില്ലല്ലോ. പ്രസവശേഷം ശരീരഭാരം 82–ൽ എത്തി. ഭക്ഷണം ക്രമീകരിച്ച് 79 കിലോ വരെ എത്തിച്ചെങ്കിലും ആ വയർ അതുപോലെ അവിടെ ഉണ്ടായിരുന്നു.

ഒടുവിൽ അത് യാഥാർഥ്യമായി

സോഷ്യൽമീഡിയയിൽ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പ് തുടങ്ങിയ അ‍ഞ്ജുവും ഹബീബും എന്റെ സുഹൃത്തുക്കളാണ്. അങ്ങനെ ഞാനും ആ ഗ്രൂപ്പിന്റെ ഭാഗമായി. ആദ്യമേതന്നെ ഞാനൊരു എക്സ്ക്യൂസ് എടുത്തിരുന്നു, അത്ര പെട്ടെന്നൊന്നും കുറയുന്ന കുംഭയും തടിയൊന്നുമല്ല എനിക്കുള്ളതെന്ന്. കാരണം ഇവർ സുഹൃത്തുക്കളാണെങ്കിലും ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്തില്ലെങ്കിൽ ശരിയാകില്ലെന്ന ഉത്തമബോധ്യം ആദ്യമേ കിട്ടി. അതിനാൽ ഒരു മുൻകൂർ ജാമ്യം എടുത്തുവയ്ക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കുമല്ലോ. എന്നാൽ എല്ലാം ശരിയാക്കുമെന്ന ഉറപ്പാണ് അവരിരുവരും നൽകിയത്. അങ്ങനെ എന്റെ ആഗ്രഹപ്രകാരം വീട്ടിലിരുന്നു വർക്ക്ഔട്ട് ചെയ്ത്, ഭക്ഷണം കഴിച്ച് ഡയറ്റിങ് ആരംഭിച്ചു.

dhanya2

പുതിയ ഒരു തുടക്കം

വിജയം എത്രത്തോളമെന്ന് ഉറപ്പുണ്ടായിരുന്നില്ലെങ്കിലും വളരെ സീരിയസായിത്തന്നെ ഗ്രൂപ്പിന്റെ ഓരോ നിർദേശവും പാലിക്കാൻ തുടങ്ങി. ഇതിനായി ആദ്യമേതന്നെ ആഹാരം അളന്നു കഴിക്കാൻ ഇലക്ടോണിക് ഫുഡ് വെയിങ് മെഷീനും വ്യായാമത്തിന് റസിസ്റ്റന്റ് ബാൻഡും വാങ്ങി. ഈ സമയത്തെ ശരീരഭാരം 79 കിലോയായിരുന്നു. 

അളന്നും തൂക്കിയും കുറച്ചും കൂട്ടിയും

വാരിവലിച്ച് ആഹാരം കഴിച്ചിരുന്ന ഞാൻ കൃത്യമായ പ്ലാനിങ്ങോടെ കഴിക്കാൻ തുടങ്ങി. ഗ്രൂപ്പിലൂടെ ലഭിച്ച നിർദേശം അനുസരിച്ച് ഒരു ദിവസം വേണ്ട കാലറി കണക്കാക്കി എത്ര ശതമാനം പ്രോട്ടീനും കാർബോഹൈഡ്രേറ്റുമൊക്കെ വേണമെന്നു മനസ്സിലാക്കി അതനുസരിച്ചുള്ള ഭക്ഷണം വെയിങ് മെഷീനിൽ അളന്ന് അതിന്റെ ടോട്ടൽ കാലറി കണക്കാക്കി കഴിച്ചു. ദിവസവും ചെയ്യാൻ തരുന്ന വർക്ക്ഔട്ടുകളും കൃത്യമായി ചെയ്തു. എന്തൊക്കെ ചെയ്തു എന്നത് ഗ്രൂപ്പിൽ നൽകണമെന്നുള്ളതിനാൽ മടി പിടിച്ചിരിക്കാൻ കഴിഞ്ഞില്ല. മധുര പലഹാരങ്ങളൊക്കെ ഒഴിവാക്കാനുള്ള നിർദേശം കിട്ടിയിരുന്നെങ്കിലും ഇടയ്ക്കൊക്കെ ആരുമറിയാതെ അൽപം മധുരം ഞാൻ അകത്താക്കുന്നുണ്ടായിരുന്നു.

ഇനിയല്ലേ പൂരം

ചെറിയ മാറ്റങ്ങളൊക്കെ കണ്ടുതുടങ്ങി. ഡ്രസ്സൊക്കെ ശരീരത്തിനു ചേരാത്തതു പോലെ. പലതും ഓൾട്ടർ ചെയ്ത് ഇടേണ്ട അവസ്ഥ. വയറിലേക്കു നോക്കാൻതന്നെ ഭയന്നിരുന്ന എനിക്ക് ശരീരത്തിൽനിന്ന് എന്തോ ഭാരം ഒഴിഞ്ഞു പോയതുപോലെ ഒരു തോന്നൽ. ഏതാണ്ട് അഞ്ചു മാസം ആയപ്പോഴേക്കും കാര്യമായ മാറ്റങ്ങൾ കണ്ടു. കാണുന്നവരൊക്കെ ചോദിച്ചു തുടങ്ങി എന്താ മൊത്തത്തിൽ ഒരു മാറ്റമെന്നൊക്കെ. ഇടയ്ക്ക് കോടതി ആവശ്യത്തിനായി കണ്ണൂരിൽ പോയപ്പോൾ ആദ്യമുണ്ടായിരുന്ന സഹപ്രവർത്തകരൊക്കെ കണ്ടിട്ട് ‘ഇതെന്താ ധന്യ, പ്രായമൊക്കെ അങ്ങു കുറഞ്ഞല്ലോ... ഇതെങ്ങനെ ഇത്രയും മേക്ക്ഓവർ വരുത്തി’ എന്നൊക്കെ ചോദിച്ച് ചുറ്റും കൂടി. ഇതൊക്കെ കേട്ടപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു.

അച്ഛന്റെ വിഷമം

തിരുവനന്തപുരത്തു നിന്ന് അച്ഛൻ വീട്ടിലേക്കു വന്നപ്പോഴായിരുന്നു രസം. ഞാനിങ്ങനെ ശരീരഭാരം കുറയ്ക്കാനുള്ള പ്ലാനിലാണെന്നൊന്നും അച്ഛൻ അറിഞ്ഞിരുന്നില്ല. എന്നെക്കണ്ട അച്ഛൻ ഒന്നു ഞെട്ടി. അച്ഛൻ കരുതി എനിക്ക് എന്തോ രോഗം ബാധിച്ച് ഞാൻ ക്ഷീണിച്ചു പോയതാന്ന്. കാര്യം പറഞ്ഞു കഴിഞ്ഞപ്പോൾ അച്ഛനു സന്തോഷമായെങ്കിലും വീണ്ടും ക്ഷീണിച്ചുപോയോ എന്നൊരു സംശയം. പക്ഷേ വീട്ടിൽ ചെന്ന് അച്ഛൻ സഹോദരനെ ഒന്നുപദേശിച്ചു. സഹോദരന് എന്റെ പ്ലാനും പദ്ധതിയുമൊക്കെ അറിയാമായിരുന്നെങ്കിലും ഇതു വിജയിക്കുമെന്ന പ്രതീക്ഷയൊന്നും അവനില്ലായിരുന്നു. നല്ല തടിയുള്ള കൂട്ടത്തിലാണ് അവനും. നീ അവളെക്കണ്ടു പഠിക്ക്, ഇപ്പോൾ അവൾ എന്ത് ഫിറ്റ് ആയെന്നോ എന്ന അച്ഛന്റെ ഡയലോഗ് കേട്ടപ്പോൾ അവന് അസൂയ.

dhanya3

ഒന്നു പറയാമോ ആ രഹസ്യം

പതുക്കെ കസിൻസെല്ലാം അറി‍ഞ്ഞു. ഫോട്ടോ കണ്ടപ്പോൾ എല്ലാവർക്കും അദ്ഭുതം. എന്നിൽനിന്ന് ഇങ്ങനെയൊരു മാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. നീ ചെയ്തതൊക്കെ ഒന്നു പറഞ്ഞുതരാമോ എന്നു ചോദിച്ച് സഹോദരൻ വന്നു. പക്ഷേ അവന്റെ ജോലിത്തിരക്കും മറ്റും കാരണം ഇതു ഫോളോ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. പിന്നാലേ കസിൻസും വന്നു. അവർക്കൊക്കെ അതിശയം പ്രായത്തെക്കാൾ ഒരഞ്ചാറു വയസ്സ് കൂടുതൽ പറഞ്ഞിരുന്ന എനിക്ക് ഇപ്പോൾ ഉള്ള പ്രായത്തെക്കാളും അ‍ഞ്ചാറു വയസ്സ് കുറവേ പറയുന്നുള്ളു എന്നതിലാണ്. പ്രായം റിവേഴ്സ് ഗിയറിൽ ഓടിക്കുന്ന സീക്രട്ട് ആണ് അവര്‍ക്കു വേണ്ടത്. 

അവരോട് എനിക്കു പറയാനുള്ളത്: നല്ല അനുസരണശീലവും കഠിനാധ്വാനവും പിന്നെ ചില ഭക്ഷണങ്ങൾ കാണുമ്പോൾ വാരിവലിച്ചു കഴിക്കുന്ന ശീലവും മാറ്റി ദിവസവും ഒരു മണിക്കൂർ വർക്ക്ഔട്ട് ചെയ്യാനുള്ള സമയം കണ്ടെത്തിയാൽ നിങ്ങളും ഡബിൾ ഒ.കെ ആകും. ഒരു കാര്യം കൂടി, ഇപ്പോഴത്തെ എന്റെ ശരീരഭാരം 72 കിലോയാണ്. ആറു മാസം കൊണ്ട് ഏഴു കിലോ കുറച്ചതിനെക്കാൾ സന്തോഷം ആ കുടവയർ അപ്രത്യക്ഷമായതിലാണ്. ഫാറ്റ് കുറച്ചൂടെ കുറയ്ക്കാനുണ്ട്. ഭാരം 65 ൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ മാറാൻ കാത്തിരിക്കുകയാണ്. അതുകഴിഞ്ഞ് വീണ്ടും വർക്ക്ഔട്ട് തുടങ്ങും.

English summary: Weight and belly fat loss tips of Dr. Dhanya

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA