3 മാസം കൊണ്ട് 16 കിലോ കുറച്ചു, കുടവയർ പോയി! അസൂയാവഹമായ മാറ്റത്തിന്റെ രഹസ്യം

weight loss dileep nambiar
ദിലീപ് നമ്പ്യാർ
SHARE

‘എന്നാലും ന്റെ സഹോ... ഇതെന്തൊരു മാറ്റമാ... നിങ്ങടെ ആ വയറൊക്കെ എവിടെപ്പോയി... ഇതെങ്ങനാപ്പാ ഇങ്ങനെ ആയത്?’ ദുബായിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന  ദിലീപ് നമ്പ്യാരോട് കാണുന്നവർക്കൊക്കെ ചോദിക്കാൻ ഇപ്പോൾ ഈ ചോദ്യങ്ങളേ ഉള്ളു. മൂന്നു മാസം കൊണ്ട് ആരെയും ഞെട്ടിക്കുന്ന മാറ്റം. 16 കിലോ കുറഞ്ഞതു മാത്രമല്ല, ആ കുടവയർ കാണാനേയില്ല. അത്യാവശ്യം നല്ലൊരു വയറിന്റെ ഉടമ പെട്ടെന്ന് സിക്സ് പാക്ക് ലുക്കിലെത്തിയാൽ എങ്ങനെ വിശ്വസിക്കും? എന്തായാലും അസൂയാവഹമായ ആ മാറ്റത്തിനു പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് ദിലീപ്.

86–ൽ നോട്ട് ഔട്ട്

‘മൂന്നു മാസം മുമ്പു വരെ 86 കിലോയായിരുന്നു എന്റെ ഭാരം. നന്നായി ഭക്ഷണം കഴിക്കും. അത്യാവശ്യം തടിയുള്ള കൂട്ടത്തിലായിരുന്നു. പല തരത്തിൽ വെയ്റ്റും വയറും കുറയ്ക്കാനുള്ള മാർഗങ്ങൾ നോക്കിയെങ്കിലും നടന്നില്ല. കാരണം വേറൊന്നുമല്ല ഞാൻ സ്ഥിരമായി ഇതൊന്നും പിന്തുടരാത്തതുതന്നെ. ആദ്യത്തെ ആവേശത്തിൽ‍ കുറച്ചു ദിവസം ചെയ്യും. പിന്നെ പതിയെ മറക്കും. വെയ്റ്റ് കുറയ്ക്കുക എന്നതിലുപരി വയർ എങ്ങനെയെങ്കിലും ഒന്നു കുറയ്ക്കണമെന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. വയർ കുറഞ്ഞാൽ തടി കുറച്ച് ഫിറ്റ് ആകണമെന്ന ആഗ്രഹമായിരുന്നു. പുറത്തു നിന്നുള്ള, കൺട്രോൾ ഇല്ലാത്ത ആഹാരവും വർക്ക്ഔട്ട് ഇല്ലായ്മയുമാണ് ഭാരം കൂടുന്നതിനു പിന്നിലെന്ന് അറിയാമായിരുന്നു. സിനിമയ്ക്ക് ചില സ്ക്രിപ്റ്റുകളൊക്കെ എഴുതുന്നുണ്ട്. അപ്പോൾ സിനിമയിലേക്ക് ഒരു എൻട്രിയും മനസ്സിലുണ്ട്. അഭിനയ  താൽപര്യവുമുണ്ട് . അതുകൊണ്ടുതന്നെ എന്തുവില കൊടുത്തും ഫിറ്റ് ആകണമെന്നു തീരുമാനിച്ചു.

മൂന്നു മാസം 16 കിലോ

മൂന്നു മാസം മുൻപാണ് ഇനി വയർ കുറച്ചിട്ടുതന്നെ കാര്യമെന്ന ഉറച്ച തീരുമാനം എടുക്കുന്നത്. അതിനായി ആദ്യം ഡയറ്റും വർക്ക്ഔട്ടും ക്രമീകരിച്ചു. രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ചെറുനാരങ്ങ (ചെറുതാണെങ്കിൽ ഒരെണ്ണം, വലുതാണെങ്കിൽ പകുതി) ചവച്ചു കഴിക്കും. കൂടെ ഒരു ഗ്ലാസ് വെള്ളം. ബ്രേക്ക്ഫാസ്റ്റ് മൂന്നു മുട്ടയുടെ വെള്ളയും വെള്ളത്തിൽ കുറുക്കിയെടുക്കുന്ന ഓട്സും. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, എണ്ണ ഉപയോഗിക്കാതെ പേരിനു മാത്രം ഉപ്പും കുരുമുളകും തക്കാളിയും പച്ചമുളകും ചേർത്ത് വേവിച്ചെടുക്കുന്ന മീൻകറി, അല്ലെങ്കിൽ കുറച്ച് ഒലിവ് ഓയിൽ ചേർത്ത് പൊള്ളിച്ചെടുക്കുന്ന മീൻ. വൈകിട്ട് ഗ്രീൻ ടീയോ ജിഞ്ചർ ടീയോ കൂടെ നാലോ അഞ്ചോ ബദാമോ കഴിക്കും. രാത്രി ചുവന്ന ചീര മുട്ടയുടെ വെള്ളയും ചേർത്ത് ബുർജി ടൈപ്പ്ആയി കഴിക്കും. ഇടയ്ക്ക് ചിലപ്പോ സാലഡും കഴിക്കും. മൂന്നര ലീറ്റർ വെള്ളം ദിവസവും കുടിക്കും. ഉച്ചയ്ക്കും രാത്രിയും ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് 400 മില്ലിലീറ്റർ വെള്ളം കുടിക്കും. 

dileep-nambiar2

ദിവസവും രണ്ടു മണിക്കൂർ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യും. കൂടുതലും വയർ കുറയ്ക്കാനുള്ള വ്യായാമങ്ങളായിരുന്നു ചെയ്തിരുന്നത്. ഓട്ടം, സൈക്ലിങ്, ആബ്സ് വർക്ക്ഔട്ടുകളാണ് പ്രധാനമായും ചെയ്യുക.

വയർ കൂടുന്നല്ലോ ദിലീപേ

ഇടയ്ക്കൊക്കെ കാണുന്ന സുഹൃത്തുക്കൾ എപ്പോഴും പറയുന്ന കാര്യമായിരുന്നു വയർ കൂടീട്ടുണ്ടല്ലോ ദിലീപേ എന്ന്. മൊത്തത്തിൽ വലിയ തടി തോന്നുന്നില്ലെങ്കിലും വയർ നന്നായി ഉണ്ടായിരുന്നു. ഇങ്ങനെ കുറേ കേട്ടുകഴിഞ്ഞപ്പോൾ ഞാനും വിചാരിച്ചു ശ്രമിച്ചാൽ എന്നെക്കൊണ്ട് ഇതൊക്കെ കുറയ്ക്കാൻ സാധിക്കുന്നതേ ഉള്ളൂവെന്ന്. ഇടയ്ക്ക് നിർത്തിയതും എന്റെ മടി കൊണ്ടു മാത്രമാണല്ലോ. അപ്പോൾ പിന്നെയങ്ങ് സീരിയസായി തുടങ്ങാമെന്ന തീരുമാനം എടുത്തു. 

ഇപ്പോള്‍ എന്നെ കാണുമ്പോൾ സുഹൃത്തുക്കൾക്കൊന്നും ഈ മാറ്റം വിശ്വസിക്കാൻ പറ്റുന്നില്ലെന്നതാണ് സത്യം. എങ്ങനെയാ നീ ഇങ്ങനെ വയർ കുറച്ചേ എന്നായി ഇപ്പോൾ അവരുടെ ചോദ്യം. പലപ്പോഴും പകുതിക്കു വച്ചു നിർത്തിയിട്ടുള്ളത് ഇവർക്കൊക്കെ അറിയാവുന്നതുകൊണ്ടുതന്നെ ഇതും അങ്ങനെ ആകുകയേ ഉള്ളൂ എന്നായിരുന്നു അവരുടെയൊക്കെ വിധിയെഴുത്ത്. സത്യം പറയാലോ ഇത്ര പെട്ടെന്ന് ഇത്രയും മാറ്റം എനിക്ക് ഉണ്ടായെന്ന് എനിക്കുതന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. ഇപ്പോൾ രണ്ടു മൂന്നു സുഹൃത്തുക്കൾ എന്റെ പാത പിന്തുടർന്നിട്ടുമുണ്ട്.  

എല്ലാവർക്കും കൊടുക്കണം ഒരു സർപ്രൈസ്

കണ്ണൂർ തളിപ്പറമ്പ് കരിമ്പം ആണ് വീട്. അമ്മയും അമ്മമ്മയും ആണ് വീട്ടിൽ ഉള്ളത്. ഞാൻ ഈ തടി കുറച്ച കാര്യമൊന്നും അവർക്കൊന്നും അറിയില്ല. വയർ കൂടുന്നതിൽ അമ്മ ഇടയ്ക്ക് ആശങ്കപ്പെടാറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയും മാറ്റമൊന്നും ഞാൻ പറഞ്ഞില്ല. മറ്റൊന്നും കൊണ്ടല്ല, നാട്ടിലേക്കു വരുമ്പോൾ  ഇരിക്കട്ടെ എല്ലാവർക്കും എന്റെ വക ഒരു സർപ്രൈസ്.

English Summary: Weight and belly fat loss tips of Dileep Nambiar

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA