ADVERTISEMENT

കുട്ടിക്കാലത്ത് സ്വന്തം ഫോട്ടോകൾ എടുക്കാനും അതു കണ്ടിരിക്കാനും ഏറെ ആഗ്രഹിച്ച പെൺകുട്ടി, പിന്നീട് ഫോട്ടോ എടുക്കാൻ കിട്ടുന്ന അവസരങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയും എവിടെയും ക്യാമറയുടെ മുന്നിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം വീണ്ടും ആ ഫോട്ടോക്രെയ്സിലേക്കു തിരികെപ്പോകുന്നു. ഇപ്പോൾ യുകെയിൽ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ടിന്റു ശക്തിവേലിന്റെ ജീവിതത്തെ ഇങ്ങനെ ചുരുക്കിപ്പറയാം. 

ശരീരം ഫിറ്റായിരുന്ന സമയത്ത് ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത് ടിന്റു ഏറെ ആസ്വദിച്ചിരുന്നു, എന്നാൽ വിവാഹം കഴിഞ്ഞ് കുട്ടികൾ ആയപ്പോൾ തേടിയെത്തിയത് അമിതവണ്ണം. അതിൽ തളർന്നിരിക്കുമ്പോൾ പിടിച്ചു കയറാൻ കിട്ടിയ ഒരു വള്ളി. അങ്ങനെ വീണ്ടും പഴയ ജീവിതത്തിലേക്ക്. ആ മടക്കത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് ടിന്റു.

സെഞ്ച്വറിക്ക് അടുത്തെത്തിയ ശരീരഭാരം

കുട്ടിക്കാലത്തേ അൽപം തടിച്ച ശരീരപ്രകൃതിയായിരുന്നു എനിക്ക്. എന്നാൽ ആ സമയത്തൊന്നും അതിന്റെ ഒരു ഫീലിങ് ഉണ്ടായിട്ടില്ല. വിവാഹസമയത്ത് 64 കിലോയായിരുന്നു ശരീരഭാരം. അതൊരു വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. എന്നാൽ ആദ്യ പ്രസവം കഴിഞ്ഞതോടെ ശരീരഭാരം കൂടാൻ തുടങ്ങി. ആ സമയത്ത് തൈറോയ്ഡും എത്തി. അതിനിടയിൽ ഒരു അഞ്ച് അബോർഷനും ഉണ്ടായി. അതിനുശേഷം രണ്ടാമത്തെ പ്രസവം. അതോടെ ഭാരത്തിന് സെഞ്ച്വറി അടിക്കാൻ ഒരു അഞ്ച് പോയിന്റു കൂടിയേ വേണ്ടിയിരുന്നുള്ളു. 

ഡോക്ടർ നൽകിയ മുന്നറിയിപ്പ്

അസഹനീയമായ നടുവേദനയുമായി ഡോക്ടറെ സമീപിച്ചപ്പോൾ ആദ്യം കിട്ടിയ മറുപടി ഭാരം കുറയ്ക്കുക എന്നതായിരുന്നു. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ കൂടി ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന മുന്നറിയിപ്പും. അങ്ങനെ സുംബ പ്രാക്ടീസ് ചെയ്തു. കുറച്ചു ഭാരം അങ്ങനെ കുറഞ്ഞെങ്കിലും തുടരാൻ സാധിച്ചില്ല. തുടർന്ന് വീണ്ടും ഭാരം കൂടി 91–ൽ എത്തി. വീട്ടിലിരുന്ന് വ്യായാമം ചെയ്യാൻ പറ്റുമോ എന്നുള്ള എന്റെ അന്വേഷണം ചെന്നെത്തിയത് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വെയ്റ്റ്‌ലോസ് സ്റ്റോറിയിൽ ആയിരുന്നു. അവിടെ നിന്നാണ് എന്റെ ജീവിതത്തിൽ പുതിയൊരു സൂര്യോദയം ഉണ്ടായതെന്നു പറയാം.

കുട്ടിക്കാലത്തേ ആസ്മ എന്നെ അലട്ടിയിരുന്നു. ഭാരം കൂടിയപ്പോൾ നടുവേദന, ഒപ്പം തൈറോയ്ഡ്, അതിന്റെ കൂടെ ഒരഞ്ചു മിനിറ്റ് നടക്കുമ്പോഴേക്കും കിതപ്പ്, പിന്നെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, മുട്ടുവേദന ഇങ്ങനെ നീണ്ടു ആരോഗ്യപ്രശ്നങ്ങളുടെ ലിസ്റ്റ്. ഡോക്ടർ നൽകിയ ആ മുന്നറിയിപ്പും ഓർമയിലുണ്ടായിരുന്നു. അങ്ങനെയാണ് അഞ്ജു ഹബീബ് ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേരുന്നത്. ആ സമയം 91 കിലോയായിരുന്നു ശരീരഭാരം.

ഫിറ്റ്നസിലേക്ക് 

വീട്ടിലിരുന്നുതന്നെ വർക്ഔട്ടുകൾ നമുക്ക് അനുയോജ്യമായ സമയത്തു ചെയ്യാമെന്നതും ഇന്ന ആഹാരമേ കഴിക്കാൻ പാടുള്ളു എന്നു നിഷ്കർഷിക്കാത്തതുമായിരുന്നു ഈ ഗ്രൂപ്പിലേക്ക് എന്നെ ആകർഷിച്ച ഘടകം. ദിവസവും ചെയ്യേണ്ട വർക്ഔട്ടുകളുടെ ലിസ്റ്റും രീതിയും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. ആഹാരത്തിലെ പ്രോട്ടീനും കാർബോയും ന്യൂട്രിയന്റ്സുമൊക്കെ ലഭിച്ചതോടെ ഒരു ദിവസം എനിക്കു വേണ്ട കാലറി കണക്കാക്കി ആഹാരം കഴിച്ചു തുടങ്ങി. ഒരു മാസം പിന്നിട്ടപ്പോൾതന്നെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. കാഴ്ചയിൽ ഇല്ലെങ്കിലും എനിക്കൊരു ഊർജസ്വലതയും ആരോഗ്യപ്രശ്നങ്ങളിൽ കുറവുമൊക്കെ ഫീൽ ചെയ്യുന്നുണ്ടായിരുന്നു. എനിക്കു വേണ്ടിയിരുന്നതും അതായിരുന്നു.

മകൻ പറഞ്ഞ ആ വാക്കുകൾ

നീ എന്തിനാ ഭാരം കുറയ്ക്കുന്നത്, ഇത്രയും വേണം എന്നൊക്കെ ഭർത്താവ് പറയുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നത് ഒന്ന് ഉത്സാഹിച്ചാൽ സെഞ്ച്വറി തികയ്ക്കാമെന്നായിരുന്നു. വീട്ടിൽ വർക്ഔട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് ഏറ്റവുമധികം മോട്ടിവേഷൻ തന്നത് 12 വയസ്സുകാരൻ മകൻ മനീഷ് ആയിരുന്നു. എന്തെങ്കിലും ചെയ്യാൻ പറ്റാതെ തളർന്നിരുന്നാൽ ഉടൻ അവൻ പറയും 'Mom u can do it' എന്ന്. അതെനിക്ക് വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു. അപ്പോൾ ഭർത്താവ് പറയും ഈ ഭാരവുംവച്ച് വ്യായാമം ചെയ്യാനൊന്നും നിനക്കു സാധിക്കില്ലെന്ന്. അപ്പോഴും അവൻ അമ്മയ്ക്കു സാധിക്കുമെന്നുതന്നെ പറഞ്ഞു. അവന്റെ വാക്കുകൾതന്നെയാണ് എന്റെ ടാർജറ്റ് വെയ്റ്റിലെത്താൻ സഹായിച്ചത്.

അകന്നുപോയ ആരോഗ്യപ്രശ്നങ്ങൾ

ഇപ്പോൾ 80 കിലോയിലെത്തിയപ്പോൾ സ്റ്റാമിന കൂടിയിട്ടുണ്ട്. എന്തു ചെയ്യാനും വല്ലാത്തൊരു എനർജി ലഭിക്കുന്നുണ്ട്. മുട്ടുവേദന, നടുവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊന്നും ഏഴയലത്തു പോലും വരുന്നില്ല. ടാർജറ്റ് അച്ചീവ് ചെയ്തെങ്കിലും കുറച്ചുകൂടി കുറയ്ക്കണമെന്നുണ്ട്.

വീണ്ടുമെത്തിയ ആ പ്രണയം

ഇപ്പോൾ ഞാൻ വീണ്ടും ഫോട്ടോകളെ പ്രണയിച്ചു തുടങ്ങി. ഇപ്പോൾ പലരും ഫോട്ടോ കണ്ട് എന്റെ മാറ്റത്തെ അഭിനന്ദിക്കുന്നു. എന്തൊരു ചെയ്ഞ്ചാ, എങ്ങനെയാ ഇത്രേം മെലിഞ്ഞത്, നിനക്ക് ഇങ്ങനെയൊക്കെ ആകാമെങ്കിൽ ഞങ്ങൾക്കും സാധിക്കുമെന്നൊക്കെയുള്ള അവരുടെ വാക്കുകൾ കേൾക്കുമ്പോൾ ഞാൻ എന്നോടുതന്നെ പറയും ടിന്റു ഹീറോയാടോ... ഹീറോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com