ADVERTISEMENT

കുടവയറും അമിതവണ്ണവും മറ്റും കളയാനായി ഒരുപാട് തവണ പരിശ്രമിക്കുകയും അതെല്ലാം പാതിവഴിക്ക് ചീറ്റിപ്പോവുകയും ചെയ്ത ഒരാളാണോ നിങ്ങൾ? എങ്കിൽ ഇങ്ങോട്ട് വന്നേ... വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ച് കയറാനുള്ളൊരു സ്മാർട്ട് ടെക്നിക്ക് പരിചയപ്പെടുത്തിത്തരാം. എത്ര ചെറുതോ എത്ര വലുതോ ആവട്ടെ, മുന്നിൽ ഒരു ലക്ഷ്യമുണ്ടാവുക എന്നത് ഏതൊരു വിജയത്തിന്റേയും അടിസ്ഥാനമാണ്. ഇതിനായി വെറുതെ എന്തെങ്കിലും ഒരു ലക്ഷ്യം മുന്നിൽ കാണുന്നതിനു പകരം ഒരു സ്മാർട്ട് ലക്ഷ്യം രൂപപ്പെടുത്തിയെടുത്ത് അതിനായി പരിശ്രമിച്ചാൽ ലഭിക്കുന്ന റിസൽറ്റും അത്രക്ക് മികച്ചതായിരിക്കും. അതെങ്ങനെ എന്ന് പറഞ്ഞ് തരാം.

സ്മാർട്ട് എന്ന വാക്കിന്റെ സ്പെല്ലിങ് പോലെ അഞ്ച് ഘടകങ്ങൾ ഒത്തുചേർന്നതായിരിക്കണം നമ്മുടെ സ്മാർട്ട് ഗോളും. S അഥവാ Specific ആണ് ആദ്യത്തേത്. കൃത്യമായി ഇന്നത് എന്ന് നിശ്ചയിച്ച ഒരു ലക്ഷ്യമാവണം നമുക്കുണ്ടാവേണ്ടത്. ആ ലക്ഷ്യം വ്യക്തമായിരിക്കണം, എളുപ്പത്തിൽ നമ്മുടെ മനസ്സിന് മനസ്സിലാവണം. ഫിറ്റ്നസ് ഗോളുകളിലേക്ക് വന്നാൽ "ആരോഗ്യം ഉണ്ടാവണം" എന്ന് പൊതുവെ പറയുന്ന ഒരുപാട് പേരുണ്ട്. ഈ ആരോഗ്യം എന്തുമാവാം. അതിനൊരു ക്ലാരിറ്റിയില്ല. എന്നാൽ എനിക്ക് എന്റെ കുടവയർ കുറക്കണം എന്ന് പറഞ്ഞാൽ അവിടെ വ്യക്തത വന്നു. അതുപോലെ അമിതഭാരം കുറയ്ക്കണം എന്ന് പറയാം, വസ്ത്രത്തിന്റെ സൈസ് കുറയ്‌ക്കണം എന്ന് പറയാം, എനിക്കൊരു റണ്ണിങ് ഇവന്റിൽ പങ്കെടുക്കണം എന്ന് പറയാം.... ഇതെല്ലാം ആരോഗ്യം വർധിപ്പിക്കുന്നതിന്റെ പല രൂപങ്ങൾ തന്നെയാണ്. എന്നാൽ ഇവയെല്ലാം ഏത് റൂട്ടിലാണ് നമ്മൾ മുന്നേറേണ്ടത് എന്ന് വ്യക്തമായി പറഞ്ഞ് തരുകയും ചെയ്യും.

ഇങ്ങനെ നിശ്ചയിക്കപ്പെട്ട ലക്ഷ്യം Measurable അഥവാ അളക്കാൻ പറ്റുന്നതാവണം. മിക്കപ്പോഴും ഒരു സംഖ്യ നമ്മുടെ ലക്ഷ്യത്തോട് ചേർത്താൽ തന്നെ ഇക്കാര്യം ശരിയാവും. അതായത് "അമിതവണ്ണം കുറയ്‌ക്കണം" എന്ന് മാത്രം ലക്ഷ്യം വയ്‌ക്കുന്നതിനു പകരം, 10 കിലോ വെയ്റ്റാണ്‌ നമുക്ക് കുറയേണ്ടത് എന്ന് മുന്നിൽ കാണണം. കുടവയർ കുറയണം എന്നു പറയുന്നതിനു പകരം വയർ നാലിഞ്ച് കുറയണം എന്നോ ബോഡി ഫാറ്റ് 10 ശതമാനം കുറയണം എന്നോ തീരുമാനിക്കാം. റണ്ണിങ് ഈവന്റിൽ പങ്കെടുക്കണം എന്ന് പൊതുവായി പറയാതെ ഹാഫ് മാരത്തൺ ഓടണം എന്ന് പറയാം. ലക്ഷ്യം Measurable ആവുന്നതോടെ അതെത്രത്തോളം അകലെയാണ്, ഓരോ മൈൽസ്റ്റോണുകളും എവിടെയൊക്കെയുണ്ട് തുടങ്ങിയ വിഷയങ്ങളും വ്യക്തമാവും. ഈ ലേഖനം വായിക്കുന്ന നിങ്ങൾക്കെല്ലാവർക്കും ഇങ്ങനെ ഒരു വ്യക്തമായ ഫിറ്റ്നസ് ലക്ഷ്യം ഉണ്ടാവുമല്ലോ... അതെന്താണെന്ന് കമന്റ് ആയി പറണം, ഓക്കെ...

ഇനി ഇങ്ങനെ കൃത്യമായി നിർവചിച്ച, അളക്കാൻ പറ്റുന്ന ഈ ലക്ഷ്യം Attainable അഥവാ സാധ്യമായത് കൂടിയാവണം. ആകാശം മുട്ടെ ആഗ്രഹിക്കാനും അങ്ങനെ ഒരു ലക്ഷ്യം കൃത്യമായി നിർവചിക്കാനുമൊക്കെ ആർക്കും പറ്റും. പക്ഷേ പ്രായോഗികമായി അത് നേടാൻ പറ്റുന്നതല്ലെങ്കിൽ പിന്നെ എന്ത് കാര്യമാണുള്ളത്. പത്ത് കിലോ കുറയ്‌ക്കണം എന്ന് തീരുമാനിക്കുമ്പോൾ അതിനായി വർക്കൗട്ട് ചെയ്യാനും ഡയറ്റ് ചെയ്യാനുമുള്ള സാഹചര്യം കൂടിയുണ്ടാവണം എന്നും, അങ്ങനെ ചെയ്താലും ഹെൽത്തി ആയി കുറയ്‌ക്കാൻ പറ്റുന്ന ഭാരത്തിന് പരിധിയുണ്ടെന്നും ഓർമ വേണം. ആകെ പത്തുകിലോ കുറയണമെന്നും, അതിൽ ആദ്യത്തെ ഒരാഴ്ച കൊണ്ട് അഞ്ച് കിലോ കുറയ്‌ക്കണം എന്നൊക്കെ തീരുമാനമെടുത്താൽ കേൾക്കാൻ നല്ല സുഖമുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ ഹെൽത്തി ആയി ഇതൊന്നും നടക്കില്ല. ഇന്നുവരെ ഓടാത്ത ഒരാൾ ഹാഫ് മാരത്തൺ ഓടണം എന്ന ലക്ഷ്യം ഉറപ്പിക്കുന്നതിനു മുൻപായി ഏതാനും മാസങ്ങൾ അതിനായി പ്രാക്റ്റീസ് ആവശ്യമാണെന്നും അതിനുള്ള സമയം കിട്ടുമെന്നും മുൻകൂട്ടി കാണണം. എന്നുവച്ച് ഇതൊക്കെ ഓർത്ത് വല്ലാതെ ഈസി ആയ ലക്ഷ്യം സെറ്റ് ചെയ്യാനും പാടില്ല. അങ്ങനെ ചെയ്താൽ ആ ലക്ഷ്യം നേടിയാലും നമ്മളെ അത് മോട്ടിവേറ്റ് ചെയ്യുകയോ സന്തോഷിപ്പിക്കുകയോ ചെയ്യില്ല.

അടുത്തതായി നമ്മുടെ ലക്ഷ്യം Relevant അഥവാ അവരവർക്ക് ഉചിതമായതാവണം. ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങൾക്കും സന്ദർഭത്തിനും യോജിക്കുന്ന ലക്ഷ്യങ്ങളേ നേടാനും നിലനിർത്താനുമാവൂ. ‌‌‌മാസങ്ങളോളം ഉറക്കമിളച്ച് കഠിനപ്രയത്നം വേണ്ടൊരു പരീക്ഷക്ക് വേണ്ടി തയാറെടുക്കുന്ന ഒരു വ്യക്തി അതിനിടയിലൂടെ തന്റെ അമിതവണ്ണം കുറച്ച് സിക്സ് പാക്ക് ആക്കണം എന്നും തീരുമാനിച്ചാൽ അത് അവിടെയും ഇവിടെയും എത്താതെ അവസാനിക്കും. അവരവർക്ക് അതത് സമയത്ത് പ്രധാനമായ ഗോളുകളാവണം നിശ്ചയിക്കേണ്ടത്. മറ്റാരെങ്കിലും ചെയ്ത് കാണിക്കുന്ന ലക്ഷ്യങ്ങൾ ആ ഒരൊറ്റ കാരണത്തിന്റെ മാത്രം പുറത്ത് നമ്മളും ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങിയാൽ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. ആകെ നിരാശയിൽ ചെന്നെത്തുകയും ചെയ്യും.

ഇനി ഒരു ക്രൈറ്റീരിയ കൂടിയുണ്ട്. നമ്മുടെ ലക്ഷ്യം ഏതായാലും അത് Time-bound അഥവാ കൃത്യമായ സമയക്രമം നിശ്ചയിച്ചതാവണം. ഏതൊരു ലക്ഷ്യവും ഇത്ര സമയത്തിനുള്ളിൽ നേടണം എന്ന് മുങ്കൂട്ടി തീരുമാനിക്കണം, ഇല്ലെങ്കിൽ നൂലുപൊട്ടിയ പട്ടം പോലെ അത് എങ്ങോട്ടെന്നില്ലാതെ അകന്ന് പോവും. ആഴ്ചയിൽ അരക്കിലോ മുതൽ ഒരു കിലോ വരെ ശരീരഭാരം കുറയ്‌ക്കുന്നതാണ് സാധാരണ ഹെൽത്തി ആയി കണക്കാക്കുന്നത്. ഇതനുസരിച്ച് ഒരാൾക്ക് ഒരു മാസം കഴിയുമ്പോൾ മൂന്നോ നാലോ കിലോ കുറയണം എന്ന ലക്ഷ്യം സെറ്റ് ചെയ്യാം. ഈ സമയം വല്ലാതെ കുറഞ്ഞു പോവാതെയും കൂടാതെയും ശ്രദ്ധിക്കണം. ആറ് മാസം കൊണ്ട് എന്റെ ഭാരം മൂന്ന് കിലോ കുറയ്‌ക്കണം എന്ന് ലക്ഷ്യം വയ്‌ക്കുന്ന ഒരാൾക്ക് വളരെ എളുപ്പം തന്നെ മോട്ടിവേഷൻ നഷ്ടപ്പെടുകയും ട്രാക്ക് തെറ്റുകയും ചെയ്യും. ഇങ്ങനെ പ്രായോഗികജീവിതത്തിൽ സാധ്യമാവുകയും എന്നാൽ ഒരുപാട് വേഗത്തിലോ ഒരുപാട് മെല്ലെയോ അല്ലാത്ത ഒരു ടൈം ലിമിറ്റ് ആവണം നമ്മുടെ ലക്ഷ്യത്തിനായി നിശ്ചയിക്കേണ്ടത്.

അപ്പോൾ സാധാരണ ഒരു ലക്ഷ്യം സ്മാർട്ട് ലക്ഷ്യമാക്കി മാറ്റുന്നത് എങ്ങനെ എന്ന് മനസ്സിലായല്ലോ... അവ Specific അഥവാ ഇന്നത് എന്ന് നിശ്ചയിച്ച ഒരു ലക്ഷ്യമാവണം. Measurable അഥവാ അളക്കാൻ പറ്റുന്നതാവണം. Attainable അഥവാ സാധ്യമായതാവണം. Relevant അഥവാ അവരവർക്ക് ഉചിതമായതാവണം. Time-bound അഥവാ കൃത്യമായ സമയക്രമം നിശ്ചയിച്ചതാവണം. ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധയോടെ ഉൾപ്പെടുത്തിയാൽ ഏതൊരു ഫിറ്റ്നസ് ലക്ഷ്യവും ഒരു സ്മാർട്ട് ലക്ഷ്യമായി മാറും. ഈ SMART ഗോളുകൾ നിങ്ങളെ വർക്കൗട്ട് ഡയറ്റ് ട്രാക്കിൽ നിന്നും മാറിപ്പോവാതെ ശ്രദ്ധിക്കും. കിട്ടുന്ന റിസൽറ്റ് അത്രയ്ക്ക് മാജിക്കലുമായിരിക്കും.  

English Summary: SMART technique for reduce belly fat

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com