ADVERTISEMENT

ശരീരഭാരം കൂട്ടാൻ ശ്രമിച്ച ഭാര്യയ്ക്കൊപ്പം ചേർന്ന് സ്വന്തം ഭാരം കുറച്ച കഥയാണ് തൃശ്ശൂർ തൃപ്രയാർ സ്വദേശിയും ആറു കൊല്ലമായി ഖത്തറിൽ ഉദ്യോഗസ്ഥനുമായ ഷിബിനു പറയാനുള്ളത്. ഒന്നും രണ്ടുമൊന്നുമല്ല 19 കിലോയിൽ അധികമാണ് ഷിബിൻ കുറച്ചത്. പഴയ ഷിബിൻ തന്നെയാണോ ഇതെന്നു കാണുന്നവർക്ക് സംശയം തോന്നത്തക്ക രീതിയിലുള്ള ഒരു മാറ്റം സ്വന്തമാക്കിയതെങ്ങനെയെന്നു ഷിബിൻ മനോരമ ഓൺലൈനോടു പറയുന്നു.

വെയ്റ്റ് കൂട്ടാൻ ഭാര്യ, എങ്ങനെയെങ്കിലും ഒന്നു കുറഞ്ഞാൽ മതിയെന്നു ഞാൻ

82.4 കിലോ ശരീരഭാരമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്ന് കഷ്ടപ്പെട്ട് 78 കിലോ വരെ എത്തിയിരുന്നു. എന്നാൽ അവിടുന്ന് അങ്ങോട്ട് മാറ്റമില്ലാതെ തുടരുകയായിരുന്നു. ഖത്തറിൽ സേഫ്റ്റി പ്രൊഫഷണൽ ആയി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം നാട്ടിൽ വന്നതാണ്. എന്നാൽ കോവിഡ് കാരണം ഇതുവരെ തിരിച്ചു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. 

നാട്ടിലെത്തിയപ്പോൾ  ഭാര്യ മിഥു ഉറക്കക്കുറവും മുലയൂട്ടലും  കാരണം നന്നേ ക്ഷീണിച്ചിരുന്നു. എങ്ങനെയെങ്കിലും ഭാരം ഒന്നു കൂട്ടിയാലേ പറ്റൂ എന്നതായി അവളുടെ അവസ്ഥ. അങ്ങനെയാണ് മിഥു ഞാൻ അംഗമായ  അ‍ഞ്ജു ഹബീബ് ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. അതോടെ reverse combo യിലെത്തി ഞാനും അവളും, ഒരാൾ ഭാരം കുറക്കാനും മറ്റെയാൾ കൂട്ടാനും. Shoulder Dislocation ന്റെ ഭാഗമായി കൈക്കുഴയിൽ രണ്ടു പ്രാവശ്യം ശസ്ത്രക്രിയ നടത്തിയതിന്റെ ഭാഗമായി ഫിസിക്കലി വീക്ക് ആയിരുന്നു ഞാൻ . കൂടാതെ ഉയർന്ന രക്തസമ്മർദത്തിനു  സ്ഥിരം മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. രക്തസമ്മർദം മൂലം ഒരു തവണ Black out ആയി തല കറങ്ങി വീഴുകയും ചെയ്തു , കൂടാതെ അമിതവണ്ണവും കുടവയറും. എങ്ങനെയെങ്കിലും ഭാരം കൂട്ടണമെന്ന ലക്ഷ്യത്തോടെ മിഥുവും ഈ ഭാരവും വയറുമൊക്കെ കുറച്ചിട്ടുതന്നെ കാര്യമെന്ന തീരുമാനത്തിൽ ഞാനും.  

ലോക്ഡൗണിൽ സംഭവിച്ച അദ്ഭുതം

ഗ്രൂപ്പിൽ ചേർന്നതോടെ വർക് ഔട്ടും ഡയറ്റിങ്ങുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കി. ആഹാരം ഒഴിവാക്കുന്നതിനു പകരം പോഷകപ്രദമായ ആഹാരം കാലറി കണക്കാക്കി കൃത്യ അളവിൽ ഒരു ദിവസത്തേക്കുവേണ്ട കണക്ക് അടിസ്ഥാനമാക്കി കഴിച്ചു തുടങ്ങിയതോടെ കാര്യമായ മാറ്റം അനുഭവപ്പെട്ടുതുടങ്ങി. ഒരേ വർക്ക്ഔട്ട് തന്നെയാണ് ഞങ്ങൾ രണ്ടുപേരും ചെയ്തിരുന്നത്. അത് ഗ്രൂപ്പിൽ ദിവസവും നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചുതന്നെ ക്രമപ്പെടുത്തിയിരുന്നു. രണ്ടാളും ഒരുമിച്ച് വർക്ഔട്ട് ചെയ്തിരുന്നതിനാൽ പരസ്പരം പ്രോത്സാഹിപ്പിക്കാനും ആസ്വദിച്ച് മുന്നോട്ട് പോകാനും സാധിച്ചു.  ലൈഫ് പാർട്‌നർ തന്നെയാണ് ഇതിന് ഏറ്റവും മികച്ച കോംബോ. കാരണം ഞങ്ങൾ രണ്ടുപേർക്കും സൗകര്യപ്രദമായ സമയങ്ങളിൽ വീട്ടിൽതന്നെ ഒരുമിച്ച് വർക്ഔട്ട് ചെയ്യാൻ സാധിക്കും. ആകെ ഒരു വ്യത്യാസം ഉണ്ടായിരുന്നത് തീൻമേശയിലെ ഭക്ഷണ കാര്യത്തിൽ മാത്രമായിരുന്നു. അവളുടെ പ്ലേറ്റ്  നിറഞ്ഞിരിക്കുമ്പോൾ, എന്റെ പാത്രത്തിൽ കറികളായിരുന്നു അധികം. 

shibin-new2

സൂക്ഷിച്ചു നോക്കണ്ടെടാ ഉണ്ണി... ഇതു ഞാൻതന്നെ

ഡയറ്റും വ്യായാമവുമെല്ലാം ദിനചര്യ ആയതോടെ ഉദ്ദേശിച്ച മാറ്റങ്ങളും കണ്ടുതുടങ്ങി. എനിക്കു മുന്നേ സഞ്ചരിച്ചിരുന്ന വയർ പതിയെ പതിയെ അകത്തേക്കു കയറി. 78 കിലോയിലെത്തി സ്റ്റക്കായി നിന്ന ശരീരഭാരം വെറും മൂന്നു മാസം കൊണ്ടാണ് 63.2 കിലോയിലെത്തിയത്. അതിന്റേതായ മാറ്റങ്ങളെല്ലാം കാഴ്ചയിലും പ്രകടമായി. ലോക്ഡൗണൊക്കെ ആയതിനാൽതന്നെ ആരെയും കാണുന്നുമുണ്ടായിരുന്നില്ല. ഇതിനൊക്കെ ശേഷം കണ്ടവർക്കെല്ലാം അദ്ഭുതം. എന്നാലും ഈ ലോക്ഡൗണിൽ ഇവനെന്തു സംഭവിച്ചു എന്ന മട്ടിലെ നോട്ടവും ഭാവവുമൊക്കെ,  അവസാനം ഞാൻതന്നെ പറഞ്ഞു, ആരും പേടിക്കേണ്ട, ഞ‍ാൻ തന്നെ കഷ്ടപ്പെട്ടു കുറച്ചതാണെന്ന്. എന്നാലും വയറൊക്കെ ഇങ്ങനെ കുറയോ എന്നാണ് എല്ലാവരുടെയും സംശയം. ഇപ്പോൾ ഒരുപാടു പേർക്ക് പ്രചോദനമായിട്ടുണ്ട് എന്നു പറയാം.

മിഥു, എന്തായി?

 ആദ്യത്തേതിൽ നിന്നു നല്ല മാറ്റം ഉണ്ടായി. 4 kg കൂടി. പഴയ പ്രസരിപ്പ് തിരിച്ചു കിട്ടി എന്തായാലും ഞങ്ങൾ വർക്ഔട്ട് ജീവിതത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ സൗകര്യം പോലെ ദിവസവും കുറച്ച് സമയം മാറ്റി വെച്ചാൽ ശാരീരികവും  മാനസികവുമായ ആരോഗ്യത്തോടെ  ജീവിക്കാൻ സാധിക്കും എന്ന് അനുഭവിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം.

English Summary: Weight loss tips of Shibin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com