സ്ത്രീകൾ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത; പുരുഷൻമാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

workout
Photo Credit : Maridav / Shutterstok.com
SHARE

കാര്യം ഇരുപത്തൊന്നാം നൂറ്റാണ്ടായി, ശാസ്ത്രം ചൊവ്വയിലേക്ക് വരെ വാഹനം ഒക്കെ അയച്ചു തുടങ്ങി.. പക്ഷേ ഇന്നും സ്ത്രീകൾ ഭാരമെടുത്ത് വർക്കൗട്ട് ചെയ്യുന്ന കാര്യം കേട്ടാൽ, അതെന്തിനാ എന്ന് മൂക്കത്ത് വിരൽ വയ്‌ക്കുന്നവരുടെ എണ്ണത്തിന് ചുറ്റും വലിയ കുറവൊന്നുമില്ല.

അതിനെന്താ, ആരേലും മൂക്കത്ത് വിരൽ വച്ചോട്ടെ എന്നാണോ ഇപ്പോ വിചാരിച്ചത്... എന്നാലങ്ങനെയല്ലെന്നേ... ഒരു ആൺകുട്ടിയോ മുതിർന്ന പുരുഷനോ വീട്ടിൽ നിന്നു വ്യായാമം ചെയ്യുകയോ ജിമ്മിൽ പോകുകയോ ഒക്കെ ആയാൽ അതൊരു അഭിനന്ദനാർഹമായ വിഷയമായി എടുക്കുമെങ്കിൽ, ഇതേ കാര്യം ചെയ്യാൻ മുതിരുന്ന പെൺകുട്ടിക്കും സ്ത്രീക്കും കിട്ടുന്ന അനുഭവം മിക്കപ്പോഴും തിരിച്ചാണ്. കഷ്ടകാലത്തിന് ഇന്നും സമൂഹത്തിൽ മിക്കയിടത്തും സ്ത്രീകൾക്ക് ജിമ്മിലോ മറ്റോ പോകണമെങ്കിലോ, എന്തിന് സ്വന്തം വീട്ടിൽ സമാധാനത്തോടെ വ്യായാമം ചെയ്യണമെങ്കിലോ പോലും അവിടെയുള്ള പുരുഷന്മാരെയും, ചിലപ്പോൾ മറ്റ് മുതിർന്ന സ്ത്രികളേയും കാര്യകാരണസഹിതം 'ബോധ്യപ്പെടുത്തേണ്ട' അവസ്ഥയാണ്. അമ്പത് കിലോ ഭാരം ഒറ്റക്കൈ കൊണ്ട് പൊക്കുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള ഈ "അനുവാദം വാങ്ങൽ" ചടങ്ങിന് അരക്കൈ സഹായകമായേക്കാവുന്ന കുറച്ച് കാര്യങ്ങൾ സംസാരിക്കുകയാണ് ഈ ലേഖനത്തിൽ... അപ്പോ പുരുഷന്മാരൊക്കെ അല്പനേരം ഇങ്ങ് വന്നേ, നിങ്ങളുടെ കൂടെയുള്ള സ്ത്രീകളുടെ ശരീരവുമായും ആ ശരീരത്തിൽ വേണ്ട വ്യായാമവുമായും ബന്ധപ്പെട്ട കുറച്ച് സുപ്രധാന വിഷയങ്ങൾ നമുക്ക് സംസാരിക്കാനുണ്ട്.

ആദ്യമേ പറയട്ടെ, മുറ്റമടിക്കുന്നതും അമ്മിക്കല്ലിൽ അരയ്ക്കുന്നതും നിലം തുടയ്ക്കുന്നതും തുണി അലക്കുന്നതുമെല്ലാം പോലെ കാലങ്ങളായി സ്ത്രീവൽക്കരിക്കപ്പെട്ട ജോലികളെല്ലാം ശാരീരികാധ്വാനം ആവശ്യമായ പ്രവൃത്തികളാണെങ്കിലും അതൊന്നും ആവശ്യത്തിനുള്ള വ്യായാമം ആയി കണക്കാക്കാനാവില്ല. നമ്മുടെ ഹൃദയവും ശ്വാസകോശവും മെയിനായി പണിയെടുക്കേണ്ടി വരുന്ന എയറോബിക് വർക്കൗട്ടുകളും, ഒപ്പം എന്തെങ്കിലും ഒരു റെസിസ്റ്റൻസ് അല്ലെങ്കിൽ ഭാരം ഉപയോഗിച്ച് ചെയ്യുന്ന റെസിസ്റ്റൻസ് വർക്കൗട്ടുകളുമാണ് പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും വേണ്ടത്.

ഡംബെല്ലോ, ബാൻഡോ, മെഷീനോ പോലെ എന്തെങ്കിലും ഒരു റെസിസ്റ്റൻസ് ഉപയോഗിച്ച് ചെയ്യുന്ന വർക്കൗട്ടുകളാണ് റെസിസ്റ്റൻസ് ട്രെയിനിംഗ് എന്ന് പറഞ്ഞല്ലോ. നല്ല ഹൈക്ലാസ് ജിമ്മിൽ ഒക്കെ മെമ്പർഷിപ്പുണ്ടായിട്ട് പോലും ഈ വർക്കൗട്ടുകൾ ചെയ്യാൻ സ്ത്രീകൾ മടിച്ച് പകരം അവിടെ സൈക്കിളും ട്രെഡ്മില്ലും ഒക്കെയായി ഒതുങ്ങുന്നത് കാണാറുണ്ട്. ഇങ്ങനെ വർക്കൗട്ട് ചെയ്താൽ മസിലൊക്കെ വന്ന് 'സ്ത്രൈണത' ഇല്ലാണ്ടാവുമോ എന്നതാണ് ഒരു പ്രധാന ആശങ്ക. ഇതൊരു അബദ്ധധാരണ മാത്രമാണ്. മൽസരത്തിനൊക്കെ പങ്കെടുക്കാൻ വേണ്ടി അങ്ങനൊരു ശരീരം ആക്കണം എന്ന് മെനെക്കെട്ട് ഇറങ്ങുന്നവർ പോലും അത്ര ഡെഡിക്കേഷനോടെ മൂക്കു കൊണ്ട് ക്ഷ ങ്ങ ക്ക ഒക്കെ വർഷങ്ങളോളം വരച്ചാണ് ആ ലക്ഷ്യം സാധിക്കുന്നത്. സാധാരണ നമ്മൾ ചെയ്യുന്ന വർക്കൗട്ട്കൊണ്ട് ഒരിക്കലും അങ്ങനെ സാധിക്കില്ല.

അതേ സമയം, റെസിസ്റ്റൻസ് വർക്കൗട്ടുകൾ ചെയ്യുന്നതുകൊണ്ട് മസിലുകൾ ഉള്ളിൽ ബലം വയ്ക്കുകയും ഭംഗിയാവുകയും ചെയ്യും. അയഞ്ഞു തൂങ്ങി നിൽക്കുന്ന പല ശരീരഭാഗങ്ങളും കുറച്ച് മാസത്തെ വർക്കൗട്ടിനു ശേഷം ഇങ്ങനെ ദൃഢമായി ആരോഗ്യം വീണ്ടെടുക്കുന്നത് കാണാം. ഈ ദൃഢത കൊണ്ട് നിത്യജീവിതത്തിലെ എല്ലാ ആക്റ്റിവിറ്റികളിലും വ്യത്യാസം അനുഭവപ്പെടും. വീട്ടിൽ ഗ്യാസ് സിലിണ്ടർ മാറ്റുന്നതും തേങ്ങ പൊട്ടിക്കുന്നതും തൊട്ട് ബസ്സിലും ട്രെയിനിലും കയറുമ്പോൾ ലഗേജ് എടുത്ത് വയ്‌ക്കുന്നതു വരെ നൂറുകണക്കിന് കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നോട്ട് പോവാം.

പുരുഷശരീരവുമായി താരതമ്യം ചെയ്യുമ്പോൾ വീതി കൂടിയ ഇടുപ്പെല്ലാണ് സ്ത്രീകൾക്ക്. ഇക്കാരണം കൊണ്ട് തന്നെ ക്യു ആങ്കിൾ എന്ന പേരിൽ അറിയപ്പെടുന്ന തുടയെല്ലും കാൽമുട്ടും തമ്മിലുള്ള കോൺ അളവ് സ്ത്രീകളിൽ കൂടുതലായിരിക്കും. അകമ്പടിയായി കാൽമുട്ടിനു വരാവുന്ന പരിക്കുകളുടെ സാധ്യതയും കൂടും. അതും ചില്ലറയല്ല, പുരുഷന്മാരെ അപേക്ഷിച്ച് കാൽമുട്ടിലെ പരിക്ക് വരാനുള്ള സാധ്യത സ്തീകൾക്ക് പത്തിരട്ടിയാണ്. ലോവർ ബോഡി റെസിസ്റ്റൻസ് വർക്കൗട്ടുകൾ ചെയ്ത് കാലിലെ മസിലുകളുടെ ശക്തി വർദ്ധിപ്പിക്കുകയാണ് ഈ പരിക്കുകൾ തടയാനുള്ള ഒരു പ്രധാനം പോംവഴി.

പ്രസവശേഷമുള്ള നാട്ടുനടപ്പായുള്ള നിർബന്ധിതവിശ്രമവും, ആ സമയത്ത് പല പേരുകളിൽ അമിതമായി കഴിപ്പിക്കുന്ന ഭക്ഷണവും സ്ത്രീശരീരത്തോട് ചെയ്യുന്ന അക്രമം ചില്ലറയല്ല. യാതൊരു മെഡിക്കൽ പ്രശ്നങ്ങളുമില്ലാത്തവർക്ക് പ്രസവരക്ഷ എന്ന പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന അനങ്ങാതെ കിടക്കൽ കാലം, ശരീരത്തിലെ മസിലുകളുടെ ബലക്ഷയവും, അമിതവണ്ണവും, നടുവേദനയും പോലെയുള്ള ദോഷങ്ങളാണ് സമ്മാനിക്കുന്നത്. ഗർഭിണിയാകും മുന്നേ വ്യായാമം ശീലിച്ചവർക്ക്, ഗർഭകാലത്തെ പല സങ്കീർണതകളും ഒഴിവാക്കാനും, പ്രസവാനന്തരം ആരോഗ്യം കൂടുതൽ നന്നായി നിലനിർത്താനും പറ്റും. പ്രസവം കഴിഞ്ഞ് തിരികെ ആരോഗ്യം വീണ്ടെടുക്കാനുള്ള വ്യായാമങ്ങളിൽ ഏറ്റവും പ്രാധാന്യം ആവശ്യത്തിന് ഭാരമെടുത്തുള്ള റെസിസ്റ്റൻസ് ട്രെയിനിംഗാണ്. പലപ്പോഴും ഇക്കാര്യം പാടെ അവഗണിക്കുന്നത് കൊണ്ട് ശരീരത്തിൽ പോസ്ചർ ഇംബാലൻസുകൾ ഉണ്ടാവാനും അവ സ്ഥിരമാവാനും സാധ്യതയുമുണ്ട്.

അണ്ഡാശയത്തിൽ വെള്ളം നിറഞ്ഞ കുമിളകൾ വരുന്ന പോളി സിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ഇന്ന്‌ സ്ത്രീകളിൽ സർവസാധാരണമാണ്‌. ആർത്തവക്രമക്കേടും അമിതരോമവളർച്ചയും മുഖക്കുരുവുമെല്ലാമായി തുടങ്ങുന്ന ഈ അവസ്‌ഥ വന്ധ്യതയിലും അർബുദത്തിലും പോലും ചെന്ന്‌ കലാശിച്ചേക്കാം. ഇത്‌ തടയാൻ വേണ്ട പ്രധാനകാര്യങ്ങളിൽ രണ്ടെണ്ണം ക്രമീകൃതമായ ഭക്ഷണവും വ്യായാമവുമാണ്‌. സ്ത്രീകളിൽ ഗർഭപാത്രവും മൂത്രസഞ്ചിയും താഴേക്ക് ഇറങ്ങിവരുന്നതിന്റെ സാധ്യത കുറയ്‌ക്കാനും വർക്കൗട്ടുകൾക്ക് കഴിയും.

പുരുഷന്മാരെ അപേക്ഷിച്ച് ഡിപ്രഷനും അനുബന്ധ അസുഖങ്ങളും വരാനുള്ള സാധ്യത സ്ത്രീകൾക്ക് രണ്ടിരട്ടിയാണ്. ഡിപ്രഷൻ വരാതെ തടയാനും, ഡിപ്രഷൻ വന്നാൽ അതിനുള്ള ചികിത്സ ഫലപ്രദമാവുന്നതിലും ജീവിതശൈലിക്ക്‌ വളരെയധികം പ്രാധാന്യമുണ്ട്‌. റെസിസ്റ്റൻസ് ട്രെയിനിംഗ് ചെയ്യുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന സെറോട്ടോണിനും ഡോപമിനും നോർഎപിനെഫ്രിനും പോലെയുള്ള ഹോർമോണുകൾ മാനസികാരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നവയാണ്. അതുകൊണ്ടുതന്നെ കൃത്യമായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുന്ന ഒരാൾക്ക്‌ ഡിപ്രഷൻ വരാനുള്ള സാധ്യത കുറയ്‌ക്കാനും, ഡിപ്രഷനിൽ നിന്നും കൂടുതൽ വേഗത്തിൽ പുറത്ത്‌ വരാനും സാധിക്കും.

ആർത്തവവിരാമത്തോടനുബന്ധിച്ച് ഈസ്ട്രജൻ ഹോർമോൺ കുറയുന്നത് കാരണം സ്ത്രീകളിൽ എല്ല് തേയ്മാനം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭാരമെടുത്തുള്ള വ്യായാമങ്ങളും എല്ലിന്റെ ബലവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഈ വ്യായമങ്ങൾക്കിടയിൽ മസിലുകൾ പ്രവർത്തിക്കുമ്പോൾ കൂടെ കട്ടക്ക് പിടിച്ച് നിൽക്കാൻ വേണ്ടി എല്ലുകളും ശക്തിപ്പെടും എന്ന് മാത്രമല്ല, ബോൺ ഡെൻസിറ്റി കൂട്ടാനും റെസിസ്റ്റൻസ് ട്രെയിനിംഗിനു കഴിയും.

വർക്കൗട്ട് ചെയ്യാൻ തുടങ്ങിയാലും, ടെസ്റ്റോസ്റ്റിറോൺ പോലെയുള്ള ഹോർമോണുകൾ പുരുഷൻമാരേക്കാൾ കുറവായതിനാലും, താരതമ്യേന കുറഞ്ഞ ശാരീരികക്ഷമത ഉള്ളവരായതുകൊണ്ടും സ്ത്രീകളിൽ റിസൽറ്റ് കണ്ടുതുടങ്ങാൻ കൂടുതൽ സമയമെടുക്കും. റെസിസ്റ്റൻസ് ട്രെയിനിംഗ് പോലെ ശക്തി ഉപയോഗിക്കുന്ന വ്യായാമങ്ങളിലെ പ്രധാന ഘടകമായ ടൈപ് 2 മസിൽ ഫൈബറുകൾ സ്ത്രീകൾക്ക് ആനുപാതികമായി കുറവാണ് എന്നതും കാര്യങ്ങൾ അല്പം കൂടെ കഠിനമാക്കും . ആൺകുട്ടികൾക്ക് ജിമ്മും മസിലും വർക്കൗട്ടുകളും മറ്റും ചെറുപ്പം മുതൽ സംഭാഷണങ്ങളിലും മറ്റും പരിചയം കാണുമെങ്കിൽ പെൺകുട്ടികൾ പൊതുവെ ഈ വിഷയങ്ങളിൽ അമ്പേ തുടക്കക്കാരായാണ് വ്യായാമത്തിന്റെ ലോകത്തേക്ക് കടക്കാറ്. ഇക്കാരണം കൊണ്ട് തന്നെ തുടക്കത്തിലെ പ്രശ്നങ്ങളും ഉത്‌കണ്ഠയും മറികടക്കാനും ഇവർക്ക് കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്.

ചുരുക്കത്തിൽ മുകളിലെ ആരോഗ്യപ്രശ്നങ്ങളെല്ലാം വരാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കൂടുതലാണെന്ന് കാണാം. ഇത് പ്രതിരോധിക്കാനുള്ള പോംവഴി കൃത്യമായ വ്യായാമവും ഭക്ഷണശീലങ്ങളുമാണ്. ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഒരുപാട് സ്ത്രീകൾക്ക്, അത് സ്വന്തമായി ജോലിയും വരുമാനവും സമയവുമുള്ള സ്ത്രീയാണെങ്കിൽ പോലും, വ്യായാമത്തിനായി സമയം നീക്കി വയ്‌ക്കണമെങ്കിലോ, അതിനായി എന്തെങ്കിലും ഉപകരണങ്ങളോ സപ്ലിമെന്റുകളോ മറ്റോ വാങ്ങണമെങ്കിലോ കൂടെയുള്ള പുരുഷന്റെ സഹകരണവും അനുവാദവും കുടിയേ തീരൂ എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്... എന്നാൽ തിരിച്ച് ബഹുഭൂരിപക്ഷം പുരുഷന്മാരും ഇക്കാര്യത്തിൽ ആരോടും കൂടിയാലോചിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഇതെല്ലാം നടപ്പിലാക്കാൻ പറ്റുന്നവരാണ് താനും.

ഈ അവസ്ഥ മാറണം. ഓരോ സ്ത്രീക്കും പുരുഷനും ഒരുപോലെ അവനവന്റെ ആരോഗ്യമടക്കമുള്ള വിഷയങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടായേ തീരൂ എന്നതാണ് ഇതിലെ ശരി.. പക്ഷേ ഇതൊക്കെ പ്രായോഗികമായി നടപ്പിൽ വരുമ്പോഴേക്കും ഒന്നോ അതിലധികമോ തലമുറ സ്ത്രീകൾക്കെങ്കിലും ആരോഗ്യം എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. സമൂഹത്തിൽ സമത്വം പുലരുന്ന ആ സമയം വരെ ഇക്കാര്യങ്ങൾ മനസ്സിലാക്കി കൂടെയുള്ള പുരുഷന്‍മാർ മുന്നോട്ട് വരുക തന്നെ വേണം. അപ്പോൾ ഇത് വായിക്കുന്ന പുരുഷന്‍മാർ ഒന്ന് മനസ്സിരുത്തി ആലോചിച്ചുനോക്കൂ, നിങ്ങളുടെ പ്രിയപ്പെട്ടവളുടെ ആരോഗ്യം നിങ്ങൾക്കെത്രത്തോളം പ്രിയപ്പെട്ടതാണെന്ന്.... അതിലേക്കുള്ള പാത അവൾക്ക് നിങ്ങളേക്കാൾ ഒരു പടി കാഠിന്യം കൂടിയതാണെന്ന്... അത് നേരിടാനായി നിങ്ങളെത്രത്തോളം അവളുടെ കൂടെ നിൽക്കുമെന്ന്...

English Summary: Ladies workout and fitness

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA