മധ്യവയസ്സിലെ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ഡോ. മഞ്ജു കുര്യൻ പുറത്താക്കിയത് 10 കിലോയും; ആ രഹസ്യം ഇങ്ങനെ

HIGHLIGHTS
  • 71 കിലോഗ്രാം ശരീരഭാരം വച്ചു തുടങ്ങിയ യാത്ര ഇപ്പോൾ 61–ൽ എത്തി നിൽക്കുന്നു
  • നടുവേദനയും ശ്വാസംമുട്ടുമൊക്കെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞു എന്നതിലാണ് വിജയം
weight loss manju kurian
ഡോ. മഞ്ജു കുര്യൻ
SHARE

ഓ...ഈ പ്രായത്തിൽ നടുവേദനയും കാലുവേദനയുമൊക്കെ നമ്മുടെ കൂടെപിറപ്പാണെന്നേ... മധ്യവയസ്സു പിന്നിട്ട ഒരുവിധമുള്ള സ്ത്രീകളുടെയെല്ലാം സ്ഥിരം പല്ലവിയാണിത്. ഈ വേദനകളെ സഹിച്ച് മുന്നോട്ടു പോകുന്നതുവരെ പോകട്ടെ എന്നു കരുതി ജീവിക്കുന്നവരാണ് അധികവും. ഇവിടെയാണ് കോതമംഗലം മാർ അത്താനാസിയോസ് കോളജിലെ അസോഷ്യേറ്റ് പ്രൊഫസറും കോതമംഗലം സ്വദേശിയുമായ ഡോ. മഞ്ജു കുര്യൻ വ്യത്യസ്തയാകുന്നത്. തന്നെ കീഴ്പ്പെടുത്താനെത്തിയ നടുവേദനയെ മാത്രമല്ല അമിത ശരീരഭാരത്തെയും തോൽപിച്ചോടിച്ചിരിക്കുകയാണ് മഞ്ജു. ആ വിജയകഥ മഞ്ജുതന്നെ പറയട്ടെ.

56–ൽ നിന്ന് 71 ലേക്കുള്ള കുതിച്ചുചാട്ടം

എനിക്ക് കോളജിൽ പഠിക്കുമ്പോഴും കല്യാണം കഴിഞ്ഞ് ആദ്യത്തെ പ്രസവം വരെയും 50 - 56 കിലോഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളു. പ്രസവമൊക്കെ കഴിഞ്ഞെങ്കിലും വണ്ണം വയ്ക്കുന്നതിനെക്കുറിച്ച് ശ്രദ്ധിച്ചിരുന്നതേ ഇല്ല. എന്നാൽ പോകപ്പോകേ ഒരു നില കയറാൻ പോലും ബുദ്ധിമുട്ടും ശ്വാസം മുട്ടലുമൊക്കെ അനുഭവപ്പെട്ടു തുടങ്ങി. ആ സമയത്ത് ഭാരം 71 കിലോയിൽ എത്തി. കൂട്ടായി കടുത്ത നടുവേദനയും. നടുവേദന സഹിക്കാനാകാതെ എല്ലാത്തരം ചികിത്സകളും ചെയ്തുനോക്കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അവസാനം സർജറി എന്ന ഒറ്റ ഉത്തരത്തിൽ എത്തിനിന്നപ്പോഴാണ് ഒന്നു ശരീരഭാരം കുറച്ചു നോക്കിയാലോ എന്ന ചിന്ത എന്റെ മനസ്സിലേക്കു വന്നത്. അതിനു പ്രചോദനമായതാകട്ടെ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വെയ്റ്റ് ലോസ് സ്റ്റോറികളായിരുന്നു.

ശ്വാസം മുട്ടലിനെ പേടിച്ച ജീവിതം

നടുവേദനയെ പോലെതന്നെ എന്നെ ഭയപ്പെടുത്തിയ ഒന്നായിരുന്നു ശ്വാസംമുട്ട്. എന്റെ അച്ഛനു COPD( Chronic obstructive pulmonary disease)ആയിരുന്നു. മാത്രമല്ല കുടുംബത്തിൽ ഇതിന്റെ ഹിസ്റ്ററിയുമുണ്ട്. അച്ഛന്റെ ബുദ്ധിമുട്ട് എന്നെ വല്ലാതെ വിഷമിപ്പിച്ചതും അതിന്റെ വേദന ഞാൻ നന്നായി അറിഞ്ഞതുമാണ്. അതുകൊണ്ടുതന്നെ എനിക്ക് ശ്വാസംമുട്ട് ആരംഭിച്ചപ്പോൾതന്നെ ആ അസ്വസ്ഥതകൾ എന്നെ അലട്ടാൻ തുടങ്ങി. ലങ് കപ്പാസിറ്റി കുറയുമെന്നു മനസ്സിലായി. ഇത് എന്നെയും അതേരീതിയിൽ ബാധിക്കാമെന്ന തിരിച്ചറിവ് എന്തെങ്കിലും ചെയ്ത് ഈ പ്രശ്നങ്ങളെ അതിജീവിച്ചേ മതിയാകൂ എന്ന ഉറച്ച തീരുമാനത്തിലേക്ക് എത്തിച്ചു. 

ഗ്രൂപ്പായി തുടങ്ങിയ ആ യാത്ര

സമൂഹമാധ്യമത്തിൽ കണ്ട ഒരു വെയ്റ്റ്‌ലോസ് ഗ്രൂപ്പാണ് എനിക്ക് വഴികാട്ടിയായത്. ഇത്രയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഇതൊക്കെ എനിക്കു സാധിക്കുന്നതാണോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. എന്നാൽ അവർ നൽകിയ ആശയങ്ങൾ, മോട്ടിവേഷൻ, എന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ക്രമീകരിച്ചുതന്ന വർക്ഔട്ടുകൾ എല്ലാം എന്നെ പുതിയ ലോകത്തിലെത്തിച്ചുവെന്നു പറയാം. നടുവേദന പോലെ മെഡിക്കൽ പ്രശ്നങ്ങളുള്ള ആളായതുകൊണ്ട് ഒരു ഡോക്ടറെ കണ്ട് ഗ്രൂപ്പ് നൽകുന്ന വർക്കൗട്ടുകൾ ചെയ്യാനുള്ള ഫിറ്റ്നസ് ഉണ്ടല്ലോ, എന്തെങ്കിലും മോഡിഫിക്കേഷനുകൾ ആവശ്യമാണോ എന്നൊക്കെ ഉറപ്പുവരുത്താനുള്ള നിർദേശമാണ് ആദ്യം ലഭിച്ചത്. അതിനുശേഷമാണ് വ്യായാമം തുടങ്ങിയത്. 71 കിലോഗ്രാം ശരീരഭാരം വച്ചു തുടങ്ങിയ യാത്ര ഇപ്പോൾ 61–ൽ എത്തി നിൽക്കുന്നു. 10 കിലോ കുറഞ്ഞു എന്നതിലല്ല എന്റെ സന്തോഷം അതിലുപരി കാലങ്ങളായി ഞാൻ കൊണ്ടുനടന്നിരുന്ന, ഒരിക്കലും എന്നെ വിട്ടു പോകില്ലെന്നു കരുതിയ നടുവേദനയും ശ്വാസംമുട്ടുമൊക്കെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞു എന്നതിലാണ് ഞാൻ വിജയിച്ചത്.

manju-kurian2

പരിചയമില്ലാതിരുന്ന മേഖല, ഇപ്പോൾ എന്റെ സ്വന്തം

എന്നെ സംബന്ധിച്ച് ഡയറ്റ്, വർക്ഔട്ട് എന്നെക്കെ പറയുന്നത് യാതൊരു പരിചയവുമില്ലാത്ത മേഖലകളായിരുന്നു. വെയ്റ്റ്‌ലോസ് ഗ്രൂപ്പിൽ ചേരണമെന്ന ആഹ്രഹം ഉണ്ടായപ്പോൾ ആദ്യം മനസ്സിലെത്തിയത് അവർ വർക്ഔട്ടൊക്കെ പറഞ്ഞാൽ ഞാനെങ്ങനെ ചെയ്യുമെന്ന ചിന്തയായിരുന്നു. കാരണം ഞാൻ താമസിക്കുന്നത് കോതമംഗലം കോട്ടപ്പടിയിൽ ആണ്. ഇതൊരു റൂറൽ ഏരിയയാണ്. ഇവിടെനിന്ന് ജിമ്മിലൊന്നും പോയി വർക്ഔട്ടൊന്നും നടക്കില്ല. പിന്നെ എന്റേത് ഒരു ജോയിന്റ് ഫാമിലി ആയതുകൊണ്ടുതന്നെ പറയുന്ന ഡയറ്റൊക്കെ ചെയ്യാൻ പറ്റുമോ എന്ന സംശയവുമുണ്ടായിരുന്നു. ഗ്രൂപ്പിൽ ചേർന്നതോടെ ഇതെല്ലാം എന്റെ അനാവശ്യ ചിന്തകളായിരുന്നെന്നു മാത്രമല്ല ഞാൻ കരുതിയതൊന്നുമല്ല ആരോഗ്യകരമായ ജീവിതത്തിനു വേണ്ടതെന്ന ധാരണയും കിട്ടി. വീട്ടിലിരുന്ന് സമയം അനുസരിച്ച് എപ്പോൾ വേണമെങ്കിലും വർക്ഔട്ട് ചെയ്യാമെന്നതും, ജിമ്മിലൊന്നും പോയി കഷ്ടപ്പെടേണ്ടതില്ലെന്നും, ഡയറ്റ് എന്നു പറഞ്ഞ് പ്രത്യേക ഭക്ഷണം കഴിക്കേണ്ടതില്ല, വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം മാത്രം കഴിച്ചാൽ മതിയെന്നുമുള്ള പുതിയ അറിവുകൾ ലഭിച്ചു. പ്രോട്ടീൻ റിച്ച് ആഹാരം കഴിക്കേണ്ടതിന്റെ ആവശ്യകതയും ഞാൻ പിന്തുടർന്നു കൊണ്ടിരുന്ന അനാരോഗ്യ ഭക്ഷണശൈലിയാണ് എന്റെ ഒരുവിധമുള്ള ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെന്നു മനസ്സിലാക്കി അവിടെ കറക്ട് ചെയ്തു തുടങ്ങിയതോടെ ശരിക്കും പുതിയൊരു മഞ്ജു കുര്യൻ ഉണ്ടാകുകയായിരുന്നു.

കൂടിയ കോൺഫിഡൻസ് ലെവൽ

മുൻപ് എന്തെങ്കിലും ഒരു ഫിസിക്കൽ ആക്ടിവിറ്റി ചെയ്യണമെന്നു പറഞ്ഞാൽ പറ്റുമോഎന്ന പേടിയായിരുന്നു ആദ്യം എത്തുക. ഇപ്പോൾ അത് അപ്പാടെ മാറി. ബാക്മസിലൊക്കെ സ്ട്രെങ്തൻ ആയതോടെ എന്തും ചെയ്യാമെന്ന ആറ്റിറ്റ്യൂഡിലേക്കെത്തി. ഫ്ളെക്സിബിലിറ്റി നല്ലതു പോലെ കൂടി. ശരീരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. കോളജ് പ്രഫസർ ആയതുകൊണ്ടുതന്നെ എനിക്കു കിട്ടിയ പുതുഅറിവുകൾ എന്റെ വിദ്യാർഥികൾക്കു പകർന്നു നൽകാനും കഴിയുന്നു. ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ജീവിതരീതിക്കു എത്രത്തോളം പ്രധാനമാണെന്നും അതിനുവേണ്ടി പിന്തുടരേണ്ടുന്ന കാര്യങ്ങളുമൊക്കെ അവർക്ക് ഞാൻ പറഞ്ഞുകൊടുക്കാറുണ്ട്. 

പ്രായം ഒന്നിനും തടസ്സമല്ല, ലക്ഷ്യമാണ് പ്രധാനം

45 വയസ്സിൽ ഇങ്ങനെയൊക്കെ ചെയ്ത് ജീവിതത്തിൽ മാറ്റം കൊണ്ടുവരാമെന്ന ധാരണയൊന്നും ആദ്യം ഉണ്ടായിരുന്നില്ല. മറ്റെല്ലാവരും ചിന്തിക്കുന്ന പോലെ ഈ മധ്യവയസ്സിൽ ഇനി എന്തു ചെയ്യാനാ, വരുന്നതൊക്കെ അനുഭവിച്ചു ജീവിക്കുക എന്ന തത്വം തന്നെയായിരുന്നു എനിക്കും. പക്ഷേ ഇപ്പോൾ എനിക്കു മനസ്സിലായി, പ്രായം ഒന്നും ഒന്നിനും തടസ്സമല്ല. നമുക്കു വേണം എന്ന് ആത്മാർഥമായി ആഗ്രിച്ച് അതിനു വേണ്ടി പരിശ്രമിക്കാൻ തയാറായാൽ വിജയം കൂടെയുണ്ടാകും. എനിക്കൊപ്പം ഒരു കുടുംബം മുഴുവൻ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരന്നുവെന്നത് എന്റെ വിജയത്തിന് ഇരട്ടിമധുരം നൽകുന്നു.

English Summary : Weight loss tips of Dr. Manju Kurian

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA