ADVERTISEMENT

‘ഡോക്ടറേ, ഇതെന്ത് മാജിക്കാ? ആ വയറ് എങ്ങോട്ടാ പോയേ?’ സിംഗപ്പൂരിൽ ജനറൽ പ്രാക്ടീഷണറായ ഡോ. ശ്രുതി ചാക്കോയോട് ഇപ്പോൾ അടുപ്പക്കാർ ചോദിക്കുന്നത് ഇതാണ്. ഇതിൽ ഒരു മാജിക്കുമില്ലെന്നും ആരോഗ്യകരമായ ജീവിതത്തിനായി ലൈഫ്സ്റ്റൈൽ അൽപം മാറ്റിപ്പിടിച്ചതാണെന്നും പറഞ്ഞാലും സംശയം തീരില്ല. എന്നാലും ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ എന്നതാണ് അവരുടെ സംശയം. ജീവിതശൈലീ രോഗങ്ങളുമായി എത്തുന്ന രോഗികൾക്ക്  ഇപ്പോൾ മരുന്നുകൾക്കൊപ്പം ആരോഗ്യകരമായ ഡയറ്റും നിർദേശിക്കുന്ന ഡോ. ശ്രുതി സ്വന്തം ജീവിതം തന്നെയാണ് മാതൃകയായി കാട്ടുന്നത്. ആരെയും അദ്ഭുതപ്പെടുത്തുന്ന ഈ മാറ്റത്തിനു പിന്നിലെ കഥ ശ്രുതി മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ഡോക്ടറായിപ്പോയില്ലേ, മാറിയല്ലേ പറ്റൂ

ചെറുപ്പത്തിൽ വലിയ വണ്ണം ഉണ്ടായിരുന്നില്ല. കല്യാണ സമയത്ത് 70 കിലോ ഭാരം ഉണ്ടായിരുന്നു. ആദ്യ പ്രസവം കഴിഞ്ഞതോടെ അത് 95 കിലോയിലെത്തി. പിന്നീട് അതിൽ വലിയ കുറവുണ്ടായില്ല. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷം 87 കിലോയായിരുന്നു ശരീരഭാരം. 

ഞാനൊരു ഫാമിലി ഡോക്ടറാണ്. ബ്ലഡ് പ്രഷറും കൊളസ്ട്രോളും ഡയബറ്റിസും ഒക്കെ ഉള്ള രോഗികളെയാണ് കൂടുതലും കാണുന്നത്. ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ മാർഗനിർദേശം അനുസരിച്ച് 150 -300 മിനിറ്റ്സ് /വീക്ക് മോഡറേറ്റ് ഇന്റൻസിറ്റി എക്‌സർസൈസ് 18 - 65 നും ഇടയിൽ പ്രായമുള്ളവർക്ക് ആവശ്യമാണ്. എന്റെ രോഗികൾക്ക് ഇത് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. പക്ഷേ അത്രയും ഹെൽത്തി അല്ലാത്ത ഞാൻ ഇതൊക്കെ പറയുമ്പോൾ ഒരു ഗിൽറ്റി ഫീലിങ് എനിക്കുതന്നെ തോന്നിത്തുടങ്ങി. എന്റെ ശരീരപ്രകൃതി കണ്ട്, ഇതൊക്കെ ആരാ ഉപദേശിക്കുന്നേ എന്ന മട്ടിൽ അവർ തിരിച്ചു ചോദിച്ചാൽ എനിക്കു പറയാൻ മറുപടി ഇല്ലല്ലോ.  

shruthy-chako2

ഈ ഭാരമാണ് എല്ലാത്തിനും കാരണം

ആ ഗിൽറ്റി ഫീലിങ്ങിനൊപ്പം തലകറക്കം, ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയവയും എന്നെ അലട്ടാൻ തുടങ്ങി. ശരീരം എങ്ങനെയെങ്കിലും എന്റെ വരുതിയിൽ നിർത്തണമെന്ന ആഗ്രഹവും അതോടെ ഉണ്ടായി. ഈ സമയത്ത് ശരീരഭാരം 85 കിലോ ആയിരുന്നു. ഭാരം കുറയ്ക്കണമെന്നു കരുതി ഭക്ഷണം ഒഴിവാക്കുകയും പല ഡയറ്റുകൾ പരീക്ഷിക്കുകയും ചെയ്തെങ്കിലും ഫലം കിട്ടിയില്ല. ഒന്നുരണ്ട് ആഴ്ച കൊണ്ട് മടുത്ത് സാധാരണ പോലെതന്നെ ആകുകയും പോയ വെയ്റ്റ് തിരിച്ചു വരികയും ചെയ്യുന്ന സ്ഥിതി. ഈ സമയത്താണ് ഞാനെന്റെ ഒരു സുഹൃത്തിനെ കാണുന്നത്. അവളും വ്യായാമമൊക്കെ ചെയ്ത് ഭാരം കുറച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളെ കണ്ടപ്പോൾ എന്റെ ആഗ്രഹം വീണ്ടും തലപൊക്കി. അവൾ മെലിഞ്ഞു തുടങ്ങിയിരുന്നു. അവൾ അങ്ങനെ ആയ സ്ഥിതിക്ക് എനിക്കും സാധിക്കുമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ഈണിലും ഉറക്കത്തിലുമൊക്കെ ഈ ചിന്ത തന്നെ ആയപ്പോൾ ഞാൻ ഭർത്താവിനോടു പറഞ്ഞു. അവിടുന്ന് ഫുൾ സപ്പോർട്ട് കിട്ടിയതോടെ എങ്ങനെയും ഭാരം കുറച്ച് ആരോഗ്യം വീണ്ടെടുക്കണമെന്ന ഉറച്ച തീരുമാനം ഞാനങ്ങെടുത്തു. 

shruthy-chako3

തുടക്കം ഹെൽത്തി ഡയറ്റിൽ

അങ്ങനെ ഞാൻ ഒരു ഹെൽത്തി ഡയറ്റ് വച്ച് വെയ്റ്റ് ലോസ് യാത്രയ്ക്കു വീണ്ടും തുടക്കം കുറിച്ചു. പച്ചക്കറികളും പ്രോട്ടീനും (എഗ്ഗോ ചിക്കനോ) ആയിരുന്നു മെയിൻ ഡയറ്റ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറും ചപ്പാത്തിയും ഒഴിവാക്കി. അതിന്റെ കൂടെ കാർഡിയോ എക്സർസൈസും ഇന്റൻസിറ്റിയും –അതായത് വീട്ടിൽ ഇരുന്ന് യൂട്യൂബ് വഴി കാണുന്ന എക്സർസൈസ് –  തുടങ്ങി. അങ്ങനെ 6 -8 മാസങ്ങൾ കഴിഞ്ഞപ്പോൾ  10- 15 കിലോ വരെ ഭാരം കുറഞ്ഞു. പക്ഷേ മെയിൻ പ്രശ്നം വയറു കുറയാത്തതായിരുന്നു. ഭാരം കുറഞ്ഞതിൽ ഡബിൾ ഹാപ്പി... ബട്ട് ഈ വയറ് ഞാനെന്തു ചെയ്യും. വീണ്ടും ആശങ്ക.

ഈ വയർ ഒന്നു കുറച്ചേ മതിയാകൂ

ഈ വയർ എങ്ങനെ ഒതുക്കും എന്നോർത്തു വിഷമിച്ചിരുന്നപ്പോഴാണ് ഫിറ്റ്നസ് ന്യൂട്രിഷൻ സ്പെഷലിസ്റ്റും സർട്ടിഫൈഡ് പഴ്സനൽ ട്രെയിനറുമായ അഞ്ജു ഹബീബിനെ കുറിച്ച് കേൾക്കുന്നത്. എന്റെ വിഷമങ്ങൾ പറഞ്ഞപ്പോൾ അഞ്ജു രക്ഷയ്ക്കെത്തി. വീട്ടിൽതന്നെ ചെയ്യാവുന്ന റസിസ്റ്റൻസ് ട്രെയിനിങ്ങും ഡംബൽസ് കെറ്റിൽ ബോൾ ബാൻഡ്‌സും ഹെൽത്തി ഡയറ്റും കൂടി ആയപ്പോൾ അബ്‌ഡൊമന്റെ വെയ്സ്റ്റിലെ ഇഞ്ചസ് കുറയാൻ തുടങ്ങി. റസിസ്റ്റൻസ് ട്രെയിനിങ്ങിൽ എല്ലാ ആഴ്ചയും എല്ലാ ബോഡി പാർട്സും ഒന്ന് മൂവ് ചെയ്‌തു. കഴിഞ്ഞ മൂന്നാലു വർഷങ്ങളായി എന്റെ ഭാരം 75കിലോ ആണ്.  ആഴ്ചയിൽ മൂന്ന് നാല് തവണ റസിസ്റ്റൻസ് ട്രെയിനിങ് ഇപ്പോഴും ചെയ്യാറുണ്ട്. എന്നും നടക്കാൻ പോകാറുണ്ട്. ദിവസവും മൂന്ന് ലീറ്റർ വെള്ളം കുടിക്കും. 

മെയിൻ ഭക്ഷണം മുട്ട, ബ്രൗൺ ബ്രെഡ് ബൈസൺ വച്ച് ദോശ അല്ലെങ്കിൽ മൂൺ ദാൽ വച്ച് ദോശ ഒക്കെ ഉണ്ടാക്കും. അരിയാഹാരം രാവിലെ കഴിക്കുന്നത് കുറവാണ്. ഉച്ചഭക്ഷണം 100 ഗ്രാം അളന്നു കഴിക്കും. അതിന്റെ കൂടെ ധാരാളം വെജിറ്റബിൾസ്, സാമ്പാർ, ചിക്കനോ ഫിഷോ എന്നിവ കാണും. ഡിന്നറിനു മെയിൻ ആയി ഒരു ചപ്പാത്തിയോ ചിക്കൻ കറിയോ ചിക്കൻ സൂപ്പോ കൂടെ ഏതെങ്കിലും ഫ്രൂട്ട്സോ കഴിക്കും. സ്നാക്സ് ആയി ബദാം കഴിക്കും. രാവിലെയും വൈകുന്നേരവും ഒരു കപ്പ് ചായ സ്ഥിരമായി കുടിക്കാറുണ്ടായിരുന്നു. 

shruthy-chako4

മാതൃകയാകണം നമ്മൾ

ഇപ്പോൾ ഹെൽത്തി ജീവിതം നയിക്കാൻ കഴിയുന്നുണ്ട്. കുട്ടികൾക്കു മാതാപിതാക്കൾ മാതൃക കാട്ടണം. ഭർത്താവും ഇപ്പോൾ എന്റെ കൂടെ നടക്കാൻ വരാറുണ്ട്. വീട്ടിലുള്ളവർക്കും വെയ്റ്റ് ലോസ് ടിപ്‌സ് പറഞ്ഞു കൊടുക്കാറുണ്ട്. ആദ്യം വെയ്റ്റ് കുറഞ്ഞപ്പോൾ അവർക്കും അത്ര തൃപ്‍തി അല്ലായിരുന്നുവെങ്കിലും ഇപ്പോൾ അവരും എന്റെ ടിപ്‌സ് ഫോളോ ചെയ്യുന്നുണ്ട്. ആകെയുള്ള വിഷമം ഹസ്ബൻഡിന്റെ അമ്മയ്ക്കാണ്. ഇനി മെലിയേണ്ട,  ഇനി മെലിഞ്ഞാൽ വൃത്തികേടാണ് എന്നൊക്കെ അമ്മ പറയും. അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. ശരീരഭാരം കുറഞ്ഞ ശേഷം സമൂഹമാധ്യമങ്ങളിലിട്ട ഫോട്ടോ കണ്ട് കുറേ സുഹൃത്തുക്കൾ വിളിച്ച് എങ്ങനെയാ വെയ്റ്റ് കുറച്ചത്, ടിപ്സ് തരാമോ എന്നൊക്കെ ചോദിച്ചു. എന്റെ അറിവിലുള്ള കാര്യങ്ങൾ അവരുമായി ഷെയർ ചെയ്യാറുണ്ട്. 

ഇതിന്റെ വലിയ ഗുണം എന്താണെന്നു വച്ചാൽ എന്റെ രോഗികളോട് നല്ല ജീവിതശൈലി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു കൊടുക്കാൻ സാധിക്കുന്നുണ്ട്. മുൻപ് ഞാൻ പറയുമായിരുന്നു ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നൊക്കെ. എന്നാൽ ഇപ്പോൾ എന്നെത്തന്നെ ഉദാഹരണമാക്കി അതൊക്കെ ചെയ്യാൻ പറ്റുമെന്നും ഒരു പ്ലേറ്റിൽ എത്ര വെജിറ്റബിൾ എടുക്കണമെന്നും എത്ര കാർബോഹൈഡ്രേറ്റ്, എത്ര പ്രോട്ടീൻ വീതം വേണമെന്നും അവർക്കു പറഞ്ഞു കൊടുക്കാൻ സാധിക്കും. ഞാൻ എന്റെ കാര്യം അവരോട് പറയും. പലരും അത് ഫോളോ ചെയ്യുന്നുമുണ്ട്. 

ഒരു ഡോക്ടർ പറയുന്നു

ഒരു ഡോക്ടർ എന്ന നിലയിൽ പറയാനുള്ളത്, ആരോഗ്യകരമല്ലാത്ത ലൈഫ് സ്റ്റൈൽ ആണ് നിങ്ങളുടേതെങ്കിൽ എക്സർസൈസ് തുടങ്ങിക്കോളൂ. നിങ്ങളുടെ കുട്ടികൾക്ക് വേണ്ടിയെങ്കിലും നല്ല ഒരു എക്‌സാംപിൾ സെറ്റ് ചെയ്യുക. ഇവിടെ സിംഗപ്പൂരിൽ എല്ലാവരും ഹെൽത്ത് കോൺഷ്യസ് ആണ്. ഇന്ത്യയിൽ ഇപ്പോൾ കുട്ടികൾ പുറത്ത് കളിക്കാൻ പോലും പോകാറില്ല. ജങ്ക് ഫുഡ്സ് ആണ് കൂടുതലും കഴിക്കുന്നത്. കുട്ടികളുടെ ഡയറ്റിൽ വെജിറ്റബിൾസും ഫ്രൂട്ട്സും ഉൾപ്പെടുത്തുക. ഇപ്പോൾ എന്റെ എനർജി ലെവൽ നന്നായി കൂടിയിട്ടുണ്ട്. കുട്ടികളുടെ കൂടെ ഓടും, കളിക്കും. തലകറക്കം, മൈഗ്രേൻ ഒന്നുമില്ല. ഇപ്പോൾ മൊത്തത്തിൽ ഒരു പോസിറ്റീവ് ആയ, ഹാപ്പി ഫീലിങ് ആണ്. 

ഇതിനു പ്രധാനമായും വേണ്ടത് ക്ഷമയും സ്ഥിരതയുമാണ്. മിക്കവരും ഡയറ്റ് തുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ്, ഭാരം കുറയുന്നില്ല എന്നു പറഞ്ഞു നിർത്തും. ഭാരം കുറഞ്ഞോ എന്നറിയണമെങ്കിൽ രണ്ടു മൂന്നു മാസം എടുക്കും. ക്ഷമയോടെ കാത്തിരിക്കുക. 

English Summary : Belly fat and weight loss tips of Dr. Shruthy Chacko

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com