134–ൽ നിന്ന് 64 കിലോ കുറച്ച് 70 ലേക്ക് ; ഈ അമ്മയുടെ മാറ്റത്തിനു പിന്നിലെ കഥ അറിയണം

kimberly
Courtesy : usmail24
SHARE

ഭാരം കുറയ്ക്കാനും ഡയറ്റ് ചെയ്യാനും ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകും. എന്നാല്‍ തന്‍റെ തടി ഇങ്ങനെ തുടര്‍ന്നാല്‍ താന്‍ മരിച്ചു പോകുമോ എന്നും മകള്‍ക്ക് ആരുമില്ലാതാകുമോ എന്നുമുള്ള ഭയത്തില്‍ ഇംഗ്ലണ്ടിലെ ഒരമ്മ ഒറ്റ വര്‍ഷം കൊണ്ട് കുറച്ചത് ശരീരത്തിന്‍റെ പാതി ഭാരം. ബാസിങ്സ്റ്റോക് സ്വദേശി കിംബര്‍ലി ഫിഷര്‍ എന്ന 33 കാരിയാണ് 134 കിലോയില്‍ നിന്ന് ഡയറ്റിങ്ങും വ്യായാമവും കൊണ്ട് 70 കിലോയിലേക്ക് തന്‍റെ ഭാരം കുറച്ചത്.  

അമിതഭാരം മൂലം പിത്താശയത്തില്‍ കല്ലുകളുണ്ടായി മരണത്തിന്‍റെ വക്ക് വരെയെത്തിയ സ്വന്തം അമ്മയുടെ അനുഭവവും കിംബര്‍ലിക്ക് ഭാരം കുറയ്ക്കാന്‍ പ്രേരണയായി. തന്‍റെ ജീവിതം  മറ്റുള്ളവര്‍ക്ക് പ്രചോദനമാക്കി ഇപ്പോള്‍ ഒരു ഫിസിക്കല്‍ ട്രെയ്നറായി ജോലി ചെയ്തു വരികയാണ് കിംബര്‍ലി. 

ആറു വയസ്സുകാരി ബെല്ലയുടെ സിംഗിള്‍ മദറാണ് കിംബര്‍ലി.  ഭക്ഷണവുമായുള്ള കിംബര്‍ലിയുടെ അനാരോഗ്യകരമായ ബന്ധം ആരംഭിക്കുന്നത് 16-ാം വയസ്സിലാണ്. ഒരു മോശം റിലേഷന്‍ഷിപ്പിലായിരുന്ന കിംബര്‍ലി അന്ന് പതിവായി ജങ്ക് ഫുഡ് കഴിച്ച് രോഗിയായി. 2015ല്‍ ഗര്‍ഭിണിയായപ്പോഴും കിംബര്‍ലി ഭക്ഷണം അമിതമായി കഴിക്കാനാരംഭിച്ചു. മക്ഡൊണാള്‍ഡ്സും റെഡി മീല്‍സും ചീസ്കേക്കുമൊക്കെ പതിവായി അകത്താക്കാന്‍ തുടങ്ങി. തടി മൂലം പലരും പരിഹസിച്ചിട്ടും അതൊന്നും കിംബര്‍ലി കേട്ടതായി നടിച്ചില്ല.  

എന്നാല്‍ അമിതവണ്ണക്കാരിയായ അമ്മയ്ക്കുണ്ടായ രോഗം കിംബര്‍ലിയുടെ ധാരണകളെ മാറ്റി മറിച്ചു.  2015ലാണ് കിംബര്‍ലിയുടെ അമ്മയ്ക്ക് പിത്താശയത്തില്‍ കല്ലുകളുണ്ടായി ആരോഗ്യ നില വഷളായത്. ഓരോ അവയവങ്ങളായി പണി മുടക്കി മരണത്തിന്‍റെ വക്ക് വരെ അമ്മ അന്നെത്തി. അതേ വരെ, തന്‍റെ അമിതവണ്ണത്തെ കുറിച്ചൊന്നും കാര്യമായി ചിന്തിക്കാതിരുന്ന കിംബര്‍ലിക്ക് അമ്മയുടെ രോഗം കണ്ണു തുറപ്പിക്കുന്ന അനുഭവമായി. അമ്മയെ പോലെ രോഗം ബാധിച്ച് അകാലത്തിൽ മരിച്ചാല്‍ മകള്‍ ജീവിതത്തില്‍ തനിച്ചായി പോകുമോ എന്ന ചിന്ത കിംബര്‍ലിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതോടെയാണ് കിംബര്‍ലി സ്ലിമ്മിങ് വേള്‍ഡില്‍ ചേരുന്നതും പതിവായി ജിം സെഷനുകള്‍ ആരംഭിക്കുന്നതും. ഇതോടൊപ്പം ഭക്ഷണവും നിയന്ത്രിക്കാന്‍ തുടങ്ങി. 

ആദ്യം 23 കിലോ കുറച്ച ശേഷം കിംബര്‍ലി ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്തു. ശേഷം 2017 ഏപ്രിലില്‍ വീണ്ടും ഭാരം കുറയ്ക്കാനുള്ള പരിശ്രമം ആരംഭിച്ചു. ബൂട്ടി ക്യാംപുകള്‍ക്കും പവര്‍ ലിഫ്റ്റിങ്ങ് പരിശീലനത്തിനുമൊക്കെ പോയി തുടങ്ങി. 2018 മെയ് മാസത്തോടെ 61 കിലോ കുറച്ച് 70 കിലോയിലേക്ക് കിംബര്‍ലി എത്തി. വസ്ത്രങ്ങളുടെ വലുപ്പം 24ല്‍ നിന്ന് 10ലേക്ക്  എത്തി. ഭാരം കുറയ്ക്കാനുള്ള പരിശ്രമം വിജയിച്ചതോടെ അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന മറ്റുള്ളവരെ കൂടി ഈ വഴിയിലെത്തിക്കാനായി പേഴ്സണല്‍ ഫിറ്റ്നസ് ട്രെയ്നറുടെ ജോലി കിംബര്‍ലി ഏറ്റെടുത്തു. 

ഇപ്പോള്‍ തനിക്ക് മകളുടെയും കൂട്ടുകാരുടെയും ഒപ്പം മരണഭയമില്ലാതെ ഓടി നടന്ന് കളിക്കാനാകുന്നുണ്ടെന്നും മുന്‍പ് ധരിക്കാന്‍ കഴിയാതിരുന്ന ഇഷ്ട വസ്ത്രങ്ങള്‍ പലതും അണിയാനാകുന്നുണ്ടെന്നും കിംബര്‍ലി പറഞ്ഞു. മുന്‍പ് തടിയുടെ പേരില്‍ അപഹസിക്കപ്പെട്ട സ്ഥാനത്ത് ഇന്നിപ്പോള്‍ പ്രണയാഭ്യര്‍ഥനകളുമായി നിരവധി പേര്‍ പിന്നാലെ നടക്കുന്നതായും കിംബര്‍ലി കൂട്ടിച്ചേര്‍ത്തു. 

കടപ്പാട്: usmail24.com

English Summary : From 134 kg to 70 kg: Know the weight loss tips 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA