ADVERTISEMENT

ബാലതാരമായി തുടങ്ങി പിന്നീട് മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെ നായികയായ നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ ആരംഭിച്ചെങ്കിലും തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷ ചിത്രങ്ങളിലൂടെയാണ് കീര്‍ത്തി ശ്രദ്ധേയയാത്.  ദക്ഷിണേന്ത്യന്‍ നടി സാവിത്രിയുടെ കഥ പറഞ്ഞ മഹാനടിയിലൂടെ ദേശീയ പുരസ്കാരവും കീര്‍ത്തിയെ തേടിയെത്തി. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല ചിട്ടയായ ജീവിതശൈലിയിലൂടെയും അപാരമായ ഫിറ്റ്നസിലൂടെയും സിനിമാ ലോകത്ത് കീര്‍ത്തി ശ്രദ്ധ നേടുന്നു. 

2020ല്‍ ചെയ്ത മിസ് ഇന്ത്യ എന്ന ചിത്രത്തിനു വേണ്ടി 20 കിലോയോളം ഭാരം കുറച്ച് കീര്‍ത്തി ഏവരെയും ഞെട്ടിച്ചിരുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തന്‍റെ ചില ഫിറ്റ്നസ് രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. വീട്ടിലും ജിമ്മിലുമായി നിത്യവും ചെയ്യുന്ന വെയ്റ്റ് ട്രെയ്നിങ് കീര്‍ത്തിയുടെ ഫിറ്റ്നസില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ജിമ്മിലെ വര്‍ക്ക് ഔട്ടിനു പുറമേ യോഗയും തന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ നടി പിന്തുടരുന്നുണ്ട്. യോഗ പരിശീലനത്തിന്‍റെ നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കീര്‍ത്തി പങ്കുവയ്ക്കാറുണ്ട്. 

മിസ് ഇന്ത്യയ്ക്ക് വേണ്ടി പെട്ടെന്ന് ഭാരം കുറയ്ക്കുന്നതിന് കാര്‍ഡിയോ വ്യായാമങ്ങളെയാണ് മുഖ്യമായും ആശ്രയിച്ചതെന്നും കീര്‍ത്തി പറയുന്നു. സ്പിന്നിങ്, ഇന്‍ഡോര്‍ ബൈക്കുകള്‍, ട്രെഡ്മില്ലുകള്‍ എന്നിവയിലും വര്‍ക്ക് ഔട്ട് ചെയ്യാന്‍ കീര്‍ത്തി സമയം കണ്ടെത്തുന്നു. പൂര്‍ണമായും സസ്യാഹാരിയായ കീര്‍ത്തി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ലളിതമായ തോതിലാണ് കഴിക്കുക. ഭക്ഷണത്തിലെ ഈ നിയന്ത്രണവും 20 കിലോ ഭാരം കുറയ്ക്കാന്‍ സഹായകമായി. 

പാല്‍, നട്സ്, സീഡുകള്‍, റൊട്ടി, പച്ചക്കറി, ചോറ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ രുചികളാണ് കീര്‍ത്തിക്ക് പ്രിയം. ചെറിയ അളവിലുള്ള ഭക്ഷണം മാത്രം കഴിക്കാനും താരം ശ്രദ്ധിക്കുന്നു. വൈകുന്നേരങ്ങളില്‍ സൂപ്പ്, ജ്യൂസ് പോലുള്ളവയാണ് പ്രധാന ഭക്ഷണം. കൃത്യമായ വ്യായാമവും ലളിതമായ  ഭക്ഷണവും വഴി ഭാരം നല്ല തോതില്‍ നിയന്ത്രിക്കാനാകുമെന്ന് കീര്‍ത്തിയുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

English Summary : Fitness secret of actress Keerthi Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com