ADVERTISEMENT

ശരീരഭാരം മൂലം പഠനം പോലും ഉപേക്ഷിക്കുക, ഡിപ്രഷനിലേക്കും പിസിഒഡി പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും എത്തുക, ഒടുവിൽ ഈ ശരീരഭാരം തന്നെ പുതിയൊരു വ്യക്തിയാകാനുള്ള പ്രചോദനമാകുക, അതുപിന്നീട് മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കുന്നതിലേക്ക് എത്തിക്കുക, വണ്ണം കുറയ്ക്കാനുള്ള വഴികൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുക.... കൊല്ലം സ്വദേശിയും തൃശൂരിന്റെ മരുമകളുമായ അദിലി താഹ കടന്നുവന്ന വഴികളാണിത്. ജീവിതത്തിലെ സങ്കടകരമായ ഒരു ഘട്ടത്തെപ്പറ്റിയും പിന്നീടുണ്ടായ അപ്രതീക്ഷിത വഴിത്തിരിവുകളെപ്പറ്റിയും അദിലി പറയുന്നു..

 

കേട്ടിട്ടുണ്ട്, ആവശ്യത്തിലധികം പരിഹാസം

adhili-thaha02

 

കുട്ടിക്കാലം മുതലേ അമിതവണ്ണം ഉണ്ടായിരുന്നു. വളരെ നന്നായി പഠിച്ചിരുന്ന എനിക്ക് പഠനം വരെ ഉപേക്ഷിക്കേണ്ടി വന്നുവെന്നു പറയുമ്പോൾ മനസ്സിലാകുമല്ലോ എന്റെ അപകർഷതാ ബോധം. കൂട്ടുകാർക്കിടയിൽനിന്നും മറ്റുമുള്ള കളിയാക്കലുകൾ, ആകെ കറുത്ത് തടിച്ചിരിക്കുന്നവൾ... 

 

സുഹൃത്തുക്കളൊക്കെ തമാശയായി പറയുന്നതാവും. പക്ഷേ നമുക്കത് നന്നായി കൊള്ളും, പ്രത്യേകിച്ച് ടീനേജ് പ്രായത്തിൽ. നമ്മുടെ ഓപ്പോസിറ്റ് ജൻഡറിൽ ഉള്ളവർ കളിയാക്കുമ്പോൾ ചിരിച്ചു തള്ളുമെങ്കിലും അതു നല്ല വിഷമം ഉണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെ എന്നെ ഡിപ്രഷനിലേക്ക് നയിച്ചു. നന്നായി പഠിക്കുമായിരുന്നെങ്കിലും ഞാൻ ഉദ്ദേശിച്ച രീതിയിൽ ഒന്നും ആകാൻ സാധിച്ചില്ല. ഡിപ്രഷൻ വന്നപ്പോൾ ബുക്കിനോടൊക്കെ പേടിയായി. ബുക്ക് തുറക്കാൻ പറ്റാത്ത അവസ്ഥ. എന്തുമാത്രം കളിയാക്കലുകൾ ഞാൻ കേട്ടിട്ടുണ്ടെന്നോ. 

 

ഡിപ്രഷനുള്ള മരുന്ന് ഏഴു വർഷം കഴിച്ചു. അതോടെ വീണ്ടും തടി വയ്ക്കാൻ തുടങ്ങി.  ഡിപ്രഷനിൽനിന്ന് ഒന്നു ശരിയായി വരുമ്പോൾ വീണ്ടും ആളുകൾ കളിയാക്കാൻ തുടങ്ങും. ഇതെന്താ ഇങ്ങനെ തടിച്ചിരിക്കുന്നത് എന്നൊക്കെ ചോദിക്കും. ഇതൊക്കെ കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

 

വിവാഹത്തോടെ മാറിമറിഞ്ഞു

 

adhili-thaha03

ഇതിനിടയിൽ വിവാഹം കഴിഞ്ഞു. കല്യാണാലോചന വന്നപ്പോഴും കാണാൻ വരുന്ന ആൾക്ക് എന്നെ ഇഷ്ടപ്പെടില്ലേ എന്ന ടെൻഷനായിരുന്നു. കല്യാണ സമയത്ത് എനിക്ക് ഹസ്ബൻഡിനെക്കാൾ ഭാരം ഉണ്ടായിരുന്നു. അദ്ദേഹത്തിന് അതൊരു പ്രശ്‌നമല്ലായിരുന്നു. അദ്ദേഹം എന്നെ ചേർത്തു പിടിച്ചു. 

കല്യാണം കഴിഞ്ഞ സമയത്ത് ഹസ്ബൻഡിനൊപ്പം പുറത്തൊക്കെ പോകാൻ മടി ആയിരുന്നു. ആളുകൾ എന്തു പറയും, അദ്ദേഹത്തിനുകൂടി കളിയാക്കലുകൾ കേൾക്കേണ്ടി വരുമോ എന്നൊക്കെയുള്ള ഒരുൾഭയം ഉണ്ടായിരുന്നു. എന്നാൽ ഭർത്താവും വീട്ടുകാരും നൽകിയ സപ്പോർട്ട് എന്നെ പുതിയൊരാളാക്കി മാറ്റുകയായിരുന്നു.

 

ഇനി ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല

 

ഇങ്ങനെ പോയാൽ ഞാൻ ഒരു മുറിക്കുള്ളിൽ ഡിപ്രഷൻ ആയി അടിഞ്ഞു പോകും. അങ്ങനെ കടന്നു പോയ ഒരുപാട് പേരുണ്ട്. പക്ഷേ എനിക്ക് ഒരു ലൈഫ് അല്ലേ ഉള്ളൂ, മുന്നോട്ട് വന്നല്ലേ പറ്റൂ. അങ്ങനെ ഞാൻതന്നെ എടുത്ത തീരുമാനമായിരുന്നു ശരീരഭാരം കുറയ്ക്കുക എന്നത്. തുടക്കത്തിൽ കുറേ ശ്രമിച്ചിട്ടും വലിയ മാറ്റമൊന്നും ഉണ്ടായില്ല. പക്ഷേ ഞാൻ തോൽക്കാൻ തയാറല്ലായിരുന്നു. ഒരുപാട് സ്‌ട്രെസ് എടുക്കാതെ റുട്ടീൻ ആയി ചെയ്‌ത്‌ തുടങ്ങിയതോടെ ഫലം കണ്ടുതുടങ്ങി. ഇത്ര ദിവസത്തിനുള്ളിൽ ഇത്ര വെയ്റ്റ് കുറയ്ക്കണം എന്നൊന്നും ഇല്ലായിരുന്നു, പറ്റുന്നതു പോലെ കുറയട്ടെ എന്നു മാത്രമേ ചിന്തിച്ചിരുന്നുള്ളു.

 

മൂന്നു മാസം,  കുറഞ്ഞത് 25 കിലോ

 

80 കിലോ ആയിരുന്നു എന്റെ ശരീരഭാരം. ഉയരം 155 സെന്റിമീറ്ററും. 55 കിലോ വേണ്ടിയിടത്തായിരുന്നു 25 കിലോ അധികഭാരവുമായി ഞാൻ നടന്നിരുന്നത്. അമിതവണ്ണം, പിസിഒഡി മൂലമുള്ള പ്രശ്‌നങ്ങൾ, ഫാറ്റി ലിവർ, വയറു വേദന എന്നിവയും അഞ്ചോ ആറോ മാസം കൂടുമ്പോൾ മാത്രം പീരിയഡ്‌സ് വരുന്നതുമെല്ലാം കാരണം ശാരീരികമായും മാനസികമായും വളരെയധികം സ്ട്രെസ് അനുഭവിച്ച ഒരു കാലഘട്ടം ആയിരുന്നു.. കുഞ്ഞുണ്ടാകാൻ പ്രയാസമായിരുന്നു. അതിന് ചികിത്സ എടുത്തതിനു ശേഷമാണ് കുഞ്ഞുണ്ടായത്. പ്രസവത്തടെ പോസ്റ്റ്പാർട്ടം ഡിപ്രഷനും എത്തി. ഈ സമയത്താണ് എന്റെ ഒരു സുഹൃത്ത് വഴി ന്യൂട്രീഷൻ പ്ലാൻ ഡയറ്റിനെക്കുറിച്ച് അറിഞ്ഞത്. അങ്ങനെ ഇതൊന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി. മൂന്നു മാസം കൊണ്ട് എന്റെ വെയ്റ്റ് 25 കിലോ കുറച്ച് 55 കിലോ ആയി. കറക്ട് എന്റെ ഐഡിയൽ വെയ്റ്റ് ആയി. 

 

എന്റെ ഡയറ്റ് പ്ലാൻ

 

മധുരം പൂർണമായും ഒഴിവാക്കി. എന്റെ 20 കിലോ വെയ്റ്റിന് 1 ലീറ്റർ വെള്ളം വച്ച് കുടിക്കുമായിരുന്നു. നല്ല ന്യൂട്രീഷ്യസ് ആയ ഡയറ്റും ചെയ്‌തു. ഷുഗർ, എണ്ണ, പൊരിച്ച ആഹാരങ്ങൾ എല്ലാം പൂർണമായും ഒഴിവാക്കി. ഉച്ചയ്ക്ക് ഒരു കപ്പ് ചോറു കഴിക്കും. പച്ചക്കറി, തോരൻ ഒക്കെ കൂടുതൽ കഴിക്കും. മീൻ കറി വച്ച് ഒന്നോ രണ്ടോ കഷണം. ചിക്കൻ ഒന്നോ രണ്ടോ പീസ് കഴിക്കും. കറി കഴിക്കില്ല. എണ്ണ വളരെ കുറച്ചു. വൈകിട്ടു രണ്ട് ചപ്പാത്തി.

 

ഡയറ്റ് തുടങ്ങി ആദ്യത്തെ ഒന്നുരണ്ടാഴ്‌ച പ്രശ്‌നമായിരുന്നു. അത് കഴിഞ്ഞതോടെ പൊരുത്തപ്പെട്ടു. ഇടയ്ക്കുള്ള സമയങ്ങളിൽ സാലഡ് കഴിക്കുമായിരുന്നു. പക്ഷേ സാലഡിൽ കാരറ്റ്, കിഴങ്ങു വർഗങ്ങൾ  ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി മണ്ണിനടിയിൽ വളരുന്ന പച്ചക്കറികൾ പാടേ ഒഴിവാക്കിയിരുന്നു. കാരണം അതെല്ലാം കാർബോഹൈഡ്രേറ്റ് ആണ്. കുക്കുമ്പർ, തക്കാളി, കാബേജ്, സവാള ഇതൊക്കെ ആയിരുന്നു സ്നാക്ക്‌സ്. കൂടാതെ കടലയുടെ കൂടെ സവാള വഴറ്റി ചാട്ട് പോലെ കഴിക്കുമായിരുന്നു. ദിവസവും അര മണിക്കൂർ വ്യായാമവും ചെയ്യും. യൂട്യൂബിൽ നോക്കി എനിക്ക് ചെയ്യാൻ പറ്റുന്ന വർക്ഔട്ട് ഏതെങ്കിലുമായിരുന്നു ചെയ്തിരുന്നത്.

 

കളിയാക്കിയവർ ഇന്ന് ടിപ്സ് ചോദിക്കുന്നു

 

ശരീരഭാരം കുറഞ്ഞതോടെ എന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. അതോടെ സമൂഹമാധ്യമങ്ങളിലൊക്കെ ഫോട്ടോകൾ പങ്കുവയ്ക്കാൻ തുടങ്ങി. ഇതു കണ്ടപ്പോൾ പലർക്കും ആദ്യം വിശ്വസിക്കാൻ പ്രയാസമായിരുന്നു. നീ ഇങ്ങനെയൊക്കെ മാറിയോ, ഇതെങ്ങനെ സാധിച്ചു എന്നൊക്കെ ചോദിച്ചവർക്ക് വിശദമായി എല്ലാം പറഞ്ഞു കൊടുത്തു. എല്ലാവരും അഭിനന്ദിക്കാൻ തുടങ്ങിയതോടെ കോൺഫിഡൻസ് ലെവൽ കൂടി. ഇതോടെ ചെറിയ മോട്ടിവേഷനൽ വിഡിയോകള്‍ ചെയ്യാൻ തുടങ്ങി. എല്ലാം എന്റെ അനുഭവത്തിൽ നിന്നുള്ളവ തന്നെയാണ്.

 

പണ്ട് കളിയാക്കിയിട്ടുള്ളവർ ഇപ്പോൾ അവർക്കു വേണ്ടിയിട്ടു മാത്രമല്ല അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും ഭർത്താവിനും ഒക്കെ വേണ്ടി എന്നെ വിളിച്ച് ടിപ്സ് ചോദിക്കാറുണ്ട്. ഞാൻ അവർക്കൊരു പ്രചോദനമാണെന്നു പറയാറുണ്ട്. ദിവസവും എന്നെ വിളിച്ച് സംസാരിക്കുന്ന സുഹൃത്തുക്കളുമുണ്ട്. 

 

ആരോഗ്യപ്രശ്നങ്ങൾ പാടേ മാറി

 

ഏറ്റവും സന്തോഷം പിസിഒഡി പ്രശ്നങ്ങൾ മാറിയതിലാണ്. അഞ്ചും ആറും മാസം കൂടുമ്പോൾ എത്തിയിരുന്ന പീരീഡ്സ് ഇപ്പോൾ കൃത്യമായി എല്ലാ മാസവും എത്തുന്നുണ്ട്. ഫാറ്റി ലിവർ പ്രശ്നങ്ങളും മാറി. വയറുവേദന ഇല്ല. സ്‌ട്രെസ് ഇല്ല. ഡിപ്രഷൻ ടാബ്‌ലറ്റ് എല്ലാം നിർത്തി. ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നു. ഇതിനിടയിൽ ഒരു വെൽനസ് ക്ലബും തുടങ്ങിയിട്ടുണ്ട്. 

 

എനിക്കുണ്ടായ അനുഭവം മറ്റാർക്കും വരരുത്

 

എന്റെ ശരീരം കാരണം ഞാനൊരുപാട് വിഷമതകൾ അനുഭവിച്ചിട്ടുണ്ട്. മറ്റൊരാൾക്കും ഈ അവസ്ഥ വരരുതെന്ന് അതുകൊണ്ടുതന്നെ അതിയായ ആഗ്രഹവുമുണ്ട്. അതിന്റെ പുറത്താണ് ഞാൻ മോട്ടിവേഷനൽ ക്ലാസ്സുകൾ എടുക്കാൻ തുടങ്ങിയത്. ഉത്തമ ഉദാഹരണം അവരുടെ മുന്നിൽ നിൽക്കുമ്പോൾ അതവർക്ക് കൂടുതൽ പ്രചോദനമാകുമല്ലോ. വെയ്റ്റ് കുറയ്ക്കാനുള്ള മാർഗനിർദേശങ്ങളും ഞാൻ നൽകുന്നുണ്ട്. 

English Summary : Weight loss tips of Adhili Thaha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com