ADVERTISEMENT

അമിത വണ്ണം എന്നത് ശരീരമാകമാനം തടി വയ്ക്കുമ്പോള്‍ മാത്രമുണ്ടാകുന്ന ഒന്നല്ല എന്നാണ് എറണാകുളം പുത്തന്‍കുരിശ് സ്വദേശിനി വൃന്ദ ഗോപാലന്‍ പറയുന്നത്. ഒരു വെയ്റ്റ് റിഡക്‌ഷന്‍ പ്രോഗ്രാമിലേക്ക് വൃന്ദ എത്തിയത് തന്റെ വയര്‍ കുറയ്ക്കാനായിരുന്നു. രണ്ട് ആഴ്ച കൊണ്ടുതന്നെ വയറും മൊത്തത്തിലുള്ള തടിയും കുറയുന്നതു കണ്ട് വൃന്ദ ഡയറ്റ് പ്ലാനിന്റെ ആരാധികയായി. രണ്ടാമത്തെ പ്രസവത്തില്‍ ഇടുപ്പളവ് 101 ഉണ്ടായിരുന്നത് വ്യായാമവും ഭക്ഷണ നിയന്ത്രണവും തുടങ്ങി രണ്ടു മാസമായപ്പോള്‍ 79ലെത്തി. 

 

കാനഡയില്‍ സോഷ്യല്‍ വര്‍ക്കറായ വൃന്ദ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു വയറിലെ കൊഴുപ്പ് കുറയ്ക്കണമെന്ന്. ഡിസംബറില്‍ ഒരു ആയുര്‍വേദ ട്രീറ്റ്‌മെന്റ് എടുത്തപ്പോള്‍ ഇത്തിരി മാറ്റം വന്നെങ്കിലും പ്രതീക്ഷിച്ച റിസല്‍ട്ട് കിട്ടിയില്ല. പിന്നെ കുട്ടികളെ പരിപാലിക്കലും മറ്റുമായി തിരക്കിലായതിനാല്‍ വയറു കുറയ്ക്കല്‍ നീട്ടി വച്ചു. പക്ഷേ മെയ് ആയപ്പോഴേക്ക് പലരും ചോദിച്ചു തുടങ്ങി വീണ്ടും ഗര്‍ഭിണിയാണോയെന്ന്. ഇതേ തുടര്‍ന്നാണ് എന്തു കഠിന പരിശ്രമം നടത്തിയാലും വയര്‍ കുറയ്ക്കണമെന്ന് തീരുമാനിച്ചത്. മാത്രമല്ല ഭര്‍ത്താവ് ബേബിയുമായി പന്തയവും വച്ചിരുന്നു കുഞ്ഞിന്റെ ഒന്നാം പിറന്നാളിനു മുന്‍പ് താന്‍ ഫ്‌ളാറ്റ് ടമ്മി നേടുമെന്ന്. അതില്‍ വിജയിക്കുകയും ചെയ്തു. അതേക്കുറിച്ച് വൃന്ദയുടെ വാക്കുകളിലൂടെ...

 

ഡയറ്റ് ഒരു പ്രശ്‌നമേയല്ല

 

 2019 നവംബറിലാണ് നാട്ടില്‍ വന്നത്. കോവിഡും ലോക്ഡൗണുമൊക്കെ കാരണം പിന്നെയൊരു മടങ്ങിപ്പോക്ക് നടന്നിട്ടില്ല. കാനഡയിലായിരുന്നപ്പോള്‍ രണ്ട് മാസത്തോളം ജിമ്മില്‍ വര്‍ക്കൗട്ടിന് പോയിട്ടുണ്ട്. പൊക്കം കുറവായതുകൊണ്ടുതന്നെ വയര്‍ വയ്ക്കുന്നത് പെട്ടന്ന് അറിയുമായിരുന്നു. കാനഡയിലുള്ള ഒരു സുഹൃത്തു വഴിയാണ് ഞാൻ ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ് ലോസ് ഗ്രൂപ്പിൽ ചേരുന്നത്. അതിലെ കാര്യങ്ങള്‍ കണ്ട് വളരെയധികം ഇഷ്ടമായി. പ്രത്യേകിച്ച് എക്‌സര്‍സൈസൊക്കെ വീട്ടില്‍ വച്ചു തന്നെ ചെയ്യാമെന്നതു തന്നെയായിരുന്നു ആകര്‍ഷിച്ചത്. 

 

വര്‍ക്കൗട്ടിനൊപ്പം ആഹാര നിയന്ത്രണവും ഉണ്ടായിരുന്നു. നോണ്‍വെജിനോടും മധുരത്തോടും വറുത്ത സാധനങ്ങളോടും അത്ര താത്പര്യമുള്ള ആളല്ല ഞാന്‍. അതുകൊണ്ടു തന്നെ ഡയറ്റ് എനിക്ക് ഒരിക്കലും പ്രശ്‌നമായിരുന്നില്ല. നന്നായി ചോറ് കഴിക്കുമായിരുന്നു. അതു മാത്രം മാറ്റേണ്ടി വന്നു.  എങ്കിലും വിഷമം തോന്നിയില്ല കാരണം അതിനെക്കാള്‍ വലുതായിരുന്നു വയര്‍ കുറയ്ക്കുക എന്നത്. വര്‍ക്കൗട്ട് നടത്തി, ഭക്ഷണം അളന്നു കഴിച്ചു, റസിസ്റ്റന്റ് ട്രെയിനിങ് ചെയ്തു. റിസല്‍ട്ട് എന്നെ അത്ഭുതപ്പെടുത്തി. രണ്ടാഴ്ച ആയപ്പോള്‍ തന്നെ മൊത്തത്തില്‍ മെലിയാന്‍ തുടങ്ങി. അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ ആവില്ല. 

 

തുടങ്ങുന്നതിലല്ല അതു നിലനിറുത്തുന്നതിലാണ് കാര്യം

 

ദിവസവും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും ഗ്രൂപ്പിലെ ചര്‍ച്ചകളുമൊക്കെ വലിയ പ്രചോദനമായി നിന്നു. കോവിഡ് കാരണം കാനഡയില്‍ മടങ്ങിപ്പോകാന്‍ കഴിയാതെ നാട്ടില്‍ത്തന്നെ നില്‍ക്കുകയായിരുന്നു ഞങ്ങള്‍ എല്ലാവരും. അതിനാല്‍ തടി കുറയ്ക്കല്‍ എളുപ്പം നടന്നു. കുട്ടികളുടെ സൗകര്യത്തിനനുസരിച്ചാണ് ഞാന്‍ എന്റെ വ്യായാമത്തിനുള്ള സമയം തിരഞ്ഞെടുത്തത്. ചില എക്‌സര്‍സൈസ് ഉപകരണങ്ങള്‍ ലോക്ഡൗണ്‍ ആയ കാരണം വാങ്ങാന്‍ കഴിഞ്ഞില്ല. പകരം കുപ്പിവെള്ളമൊക്കെ ഉപയോഗിച്ചാണ് ചെയ്തത്. അതും ഒരു അനുഗ്രഹമായി. എന്തുവന്നാലും വ്യായാമം മുടങ്ങാതെ ശ്രദ്ധിച്ചു. എന്തും തുടങ്ങുന്നതിലല്ല അതു നിലനിറുത്തുന്നതിലാണ് കാര്യം. അതുകൊണ്ടു തന്നെ ഈ ആരോഗ്യകരമായ രീതിയുമായി മുന്നോട്ടു പോവുകയാണ് തന്റെ ലക്ഷ്യം എന്നും വൃന്ദ പറയുന്നു. വൃന്ദയ്ക്ക് കട്ടപിന്തുണയുമായി ഭര്‍ത്താവ് ബേബിയും മക്കളായ ആരവും ആര്യനുമുണ്ട്. കോവിഡ് പ്രശ്‌നങ്ങള്‍ കഴിഞ്ഞാല്‍ കാനഡയില്‍ തിരികെ എത്തി തന്റെ കര്‍മമണ്ഡലത്തില്‍ തിരക്കിലാകുന്നതിനൊപ്പം ആരോഗ്യകരമായ ശരീരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ ഉദ്ബോധിപ്പിക്കാനും വൃന്ദയ്ക്ക് ലക്ഷ്യമുണ്ട്.

English Summary : Vrind Gopalan says how she deduct her belly fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com