ADVERTISEMENT

ദൂരദര്‍ശന്‍ കാലഘട്ടം മുതല്‍ തന്നെ ഹിന്ദി സിനിമകള്‍ കണ്ട് തുടങ്ങിയ 90കളിലെ കുട്ടികള്‍ ഇപ്പോഴും അതിശയത്തോടെ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. 90കളുടെ മധ്യം മുതല്‍ അവര്‍ സ്ക്രീനില്‍ കണ്ട് തുടങ്ങിയ ഈ അജയ് ദേവ്ഗണിനും അക്ഷയ് കുമാറിനുമൊന്നും പ്രായമാകുന്നതേ ഇല്ലേ എന്ന്. കുട്ടികളായിരിക്കുമ്പോൾ  അവര്‍ കണ്ട അതേ യുവത്വവും ചടുലതയും ഊര്‍ജ്ജസ്വലതയും ഫിറ്റ്നസുമെല്ലാം ഇന്നും സ്ക്രീനില്‍ തുടരുന്നവരാണ് അജയ് ദേവ്ഗണിനെ പോലെയുള്ളവര്‍. കഴിഞ്ഞ ദിവസം 53 വയസ്സ് തികച്ച അജയ് ദേവ്ഗണിന്‍റെ കാലം തൊട്ട് തീണ്ടാത്ത ഫിറ്റ്നസിന്‍റെ രഹസ്യങ്ങള്‍ എന്തൊക്കെയെന്ന് പരിചയപ്പെടാം. 

നിത്യാഭ്യാസി ആനയെ ചുമക്കും എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ. ഏതാണ്ട് അതിന് സമാനമാണ് താരത്തിന്‍റെ വ്യായാമ ശീലങ്ങള്‍. മഴയായാലും മഞ്ഞായാലും വെയിലായാലുമെല്ലാം ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും അജയ് വ്യായാമത്തിനായി മാറ്റി വയ്ക്കും. സിക്സ് പാക്കിനേക്കാൾ ടോൺഡ് ആയ ശരീരത്തിനാണ് അജയ് ഊന്നൽ നൽകുന്നത്.കാര്‍ഡിയോ, ഭാരോദ്വഹനം, ബോഡിവെയ്റ്റ് വ്യായാമങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ പ്രതിദിന വര്‍ക്ക് ഔട്ടില്‍ ഉള്‍പ്പെടുന്നു. 

സിനിമയിലെ ചില പ്രത്യേക വേഷങ്ങള്‍ക്ക് വേണ്ടി വര്‍ക്ക്ഔട്ടില്‍ ഇടയ്ക്ക് ചെറിയ മാറ്റങ്ങളും അജയ് വരുത്താറുണ്ട്. വ്യായാമത്തിന് പുറമേ ചിട്ടയായ ജീവിതശൈലിയാണ് താരത്തിന്‍റെ ഫിറ്റ്നസിന്‍റെ മറ്റൊരു രഹസ്യം. അനാരോഗ്യകരമായ ജങ്ക്ഫുഡും കൊഴുപ്പു നിറഞ്ഞ ഭക്ഷണവും പൂർണ്ണമായും ഒഴിവാക്കും. വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന താരം അതും പരിമിതമായ തോതിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.

ഒരു ചൂടു കാപ്പിയിലും പ്രോട്ടീൻ നിറഞ്ഞ പ്രഭാതഭക്ഷണത്തിലുമാണ് അജയ് തന്റെ ദിവസം ആരംഭിക്കുന്നത്. ഓട്സ്, പഴങ്ങൾ, മുട്ട, നട്ട്സ് എന്നിവയെല്ലാം അജയ് യുടെ പ്രതിദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ആവശ്യത്തിന് വെള്ളവും അജയ് കുടിക്കാറുണ്ട്. 

പലതരം രുചിഭേദങ്ങൾ മിതമായ തോതിൽ ഉൾപ്പെടുത്തുന്നതാണ് അജയ് യുടെ ദിവസേനയുള്ള ഭക്ഷണക്രമം. എണ്ണയും കലോറിയും നിറഞ്ഞ ഭക്ഷണത്തേക്കാൾ വീട്ടിലുണ്ടാക്കുന്ന ലളിതമായ വിഭവങ്ങളാണ് തനിക്കിഷ്ടമെന്ന് ഒരിക്കൽ ഒരു അഭിമുഖസംഭാഷണത്തിൽ അജയ് പറഞ്ഞിരുന്നു. ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആയ പരിപ്പ്, തവിടുള്ള ബ്രൗൺ അരി, ചപ്പാത്തി, വെജിറ്റബിൾ കറി, സാലഡ് തുടങ്ങിയവയാണ് ഉച്ചഭക്ഷണത്തിനും മറ്റും അജയ് തിരഞ്ഞെടുക്കുന്നത്. 

Content Summary : What keeps Ajay Devgan fit at 52

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com