ADVERTISEMENT

നിത്യേന വ്യായാമം ചെയ്യാന്‍ ആഗ്രഹമുണ്ടായിട്ടും ജോലിസ്ഥലത്തെയും വീട്ടിലെയും തിരക്കുകള്‍  മൂലം അതിന് കഴിയാത്ത ഒരാളാണോ നിങ്ങള്‍? എന്നാല്‍ ഇനി ഒട്ടും വിഷമിക്കേണ്ട. ആഴ്ചയില്‍ എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും വാരാന്ത്യങ്ങളിലെങ്കിലും മേലനങ്ങി വിയര്‍ത്താല്‍ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദിവസവും വ്യായാമം ചെയ്യുന്നതിന്‍റെ ഗുണങ്ങളില്‍ നല്ലൊരു പങ്കും നല്‍കാന്‍ രണ്ട് ദിവസത്തെ വ്യായാമത്തിന് കഴിയുമെന്ന് ജാമ ഇന്‍റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ  റിപ്പോര്‍ട്ട് പറയുന്നു. 

 

ഇടദിവസങ്ങളിലായാലും വാരാന്ത്യത്തില്‍ മാത്രമാണെങ്കിലും ശാരീരികമായി ഊര്‍ജ്ജസ്വലതയോടെ ഇരുന്നാല്‍ മതിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തിലുള്ളവരുടെ മരണനിരക്ക് സജീവ ജീവിതശൈലി പിന്തുടരാത്തവരെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെന്നും ഗവേഷകര്‍ പറയുന്നു. ഓട്ടം, നീന്തല്‍, ഫുട്ബോള്‍ പോലുള്ള കളികള്‍ എന്നിവയെല്ലാം വാരാന്ത്യങ്ങളിലെ വ്യായാമക്കാര്‍ക്ക് പിന്തുടരാവുന്നതാണ്. മൂന്നര ലക്ഷത്തോളം പേരെ 10 വര്‍ഷത്തിലധികം പിന്തുടര്‍ന്നാണ് ഗവേഷണം നടത്തിയത്.  

 

150 മിനിറ്റ് വ്യായാമമാണ് മുതിര്‍ന്ന ഒരാള്‍ക്ക് ഒരാഴ്ചയില്‍ ആവശ്യമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു. ഇത് അഞ്ച് ദിവസം മുപ്പത് മിനിറ്റ് വച്ചു വേണോ അതോ രണ്ട് ദിവസം 75 മിനിറ്റ് വച്ചു വേണോ എന്നെല്ലാം വ്യക്തികള്‍ക്ക് തീരുമാനിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബ്രസീല്‍ സാവോപോളോ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ലിയാന്‍ഡ്രോ റെസെന്‍ദേ പറയുന്നു. അതേ സമയം വാരാന്ത്യങ്ങളില്‍ മാത്രം വ്യായാമം ചെയ്യുന്നവര്‍ ശരിയായ രീതിയില്‍ വാം അപ്പ് ചെയ്ത ശേഷം മാത്രമേ കാര്യമായ വ്യായാമമുറകളിലേക്ക് കടക്കാവൂ എന്നും പ്രഫസര്‍ മുന്നറിയിപ്പ് നല്‍കി. ഒരാഴ്ച മുഴുവന്‍ കാര്യമായി അനങ്ങാതിരുന്ന പേശികളും മറ്റും പെട്ടെന്ന് തീവ്രമായ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ പരുക്ക് പറ്റാനുള്ള സാധ്യത അധികമാണ്.

 

സ്ഥിരമായി വ്യായാമം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ക്ക് ലഘു വ്യായാമങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കാവുന്നതാണെന്നും ഫിറ്റ്നസ് വിദഗ്ധര്‍ പറയുന്നു. ജോലിസ്ഥലത്തും മറ്റും  ലിഫ്റ്റ് ഉപയോഗിക്കാതെ പടികള്‍ കയറുക, ഫോണില്‍ സംസാരിക്കുമ്പോൾ  നടക്കുക, ഓഫീസില്‍ സഹപ്രവര്‍ത്തകരോട് ഫോണിലൂടെ കാര്യങ്ങള്‍ പറയുന്നതിന് പകരം നേരിട്ട് പോയി പറയുക, അല്‍പ ദൂരം മാറ്റി വണ്ടി പാര്‍ക്ക് ചെയ്തിട്ട് ജോലിസ്ഥലത്തേക്ക് നടക്കുക, ഇരുന്നുള്ള ചർച്ചകൾ നടന്നു കൊണ്ടാക്കുക  എന്നിങ്ങനെയുള്ള  കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.

Content Summary: Weekend burst of exercise can be enough to stay fit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com