114 ൽ നിന്ന് 84 ലേക്ക്; ചിക്കനും മീനും വീട്ടിലെ ഭക്ഷണവും കഴിച്ച് കുറച്ചത് 30 കിലോ, രോഗിയല്ലെന്നും മനു

HIGHLIGHTS
  • കുറച്ചത് 30 കിലോ
  • സഹായിച്ചത് കൃത്യമായ ഡയറ്റും വർക്ഔട്ടും
manu weight loss
മനു
SHARE

‘എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലേ, കഷ്ടപ്പെട്ട് ശരീരഭാരം കുറച്ചതാണേ’ എന്നു പറഞ്ഞു നടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും സർക്കാർ സ്കൂൾ അധ്യാപകനുമായ മനുവിന്. ചോദിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല. കാരണം സെഞ്ചുറി പിന്നിട്ട് ‘ജൈത്രയാത്ര’ നടത്തിക്കൊണ്ടിരുന്ന ശരീരത്തെയും വയറിനെയും പെട്ടെന്നൊരുനാൾ കടിഞ്ഞാണിട്ട് പിടിച്ചു നിർത്തിയാൽ ‘എന്തെങ്കിലും രോഗമാണോ’ എന്ന് ആരും ചോദിച്ചുപോകും. ചേച്ചിയുടെ മോട്ടിവേഷനിൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് 30 കിലോ കുറച്ച ആ കഥ മനു പറയുന്നു.

ഞാനെന്ന ഞാൻ ഇങ്ങനെയാാാാ

നാലാം ക്ലാസ്സു വരെ മെലിഞ്ഞിരുന്ന ഒരു കുട്ടി, പിന്നെ ഓരോ വർഷവും, പ്രായം കൂടുന്നതിന്റെ ഡബിളും ട്രിപ്പിളും അതുക്കും മേലേയുമൊക്കെയായി ശരീരഭാരം കൂടിക്കൊണ്ടേയിരുന്നു. ചെറുപ്പം മുതലേ ശരീരഭാരത്തിന്റെ പേരിൽ ധാരാളം കളിയാക്കലുകൾ കേട്ടു വളർന്നതുകൊണ്ട് വലുതായപ്പോൾ അതൊരു ശീലമായി. പരിചയക്കാരാരെങ്കിലും ‘തടി’യെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ ‘എന്താ അവർ അതു പറയാത്തത്’ എന്നായി ചിന്ത. എങ്കിലും ഭക്ഷണകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയാറായിട്ടില്ല. 

എല്ലാ ഹോട്ടലിലും കയറി ഫുഡ് അടിക്കും. മധുരം കണ്ടാൽ വിടില്ല. ഭക്ഷണം ഉണ്ടാക്കാനിഷ്ടമാണ്. കുക്കിങ് വിഡിയോകൾ കണ്ട് അതുണ്ടാക്കി കഴിക്കൽ ആണ് പ്രധാന ഹോബി. അത്യാവശ്യം ക്രിക്കറ്റും ബാഡ്മിന്റനും കളിക്കും.

ഇടയ്ക്ക് ചെറിയൊരു ആഗ്രഹം തോന്നും, ഒന്നു വണ്ണം കുറച്ചാലോ എന്ന്. അപ്പോൾ പല മാർഗങ്ങളും പരീക്ഷിക്കും. ഓട്ടം, നടപ്പ്, പട്ടിണി കിടക്കൽ തുടങ്ങിയ കലാപരിപാടികളിലൂടെ ഒരു മാസം കഴിയുമ്പോൾ രണ്ടു മൂന്നു കിലോ കുറഞ്ഞാലായി. പക്ഷേ തോറ്റു കൊടുക്കാൻ പാടില്ലല്ലോ, കുറഞ്ഞ കിലോയുടെ ഇരട്ടി വീണ്ടും തീറ്റയിലൂടെ കൂട്ടും. അങ്ങനെ ചുരുക്കിപ്പറഞ്ഞാൽ, ഒരു 15 വർഷമായി ഭാര സൂചിക സെഞ്ചുറിക്ക് താഴേക്കു വന്നിട്ടേ ഇല്ല.

അസൂയക്കാരി ചേച്ചി

114 കിലോയുമായി ഞാനിങ്ങനെ സസുഖം പൊയ്ക്കൊണ്ടിരിക്കുന്നത് യുഎസ്എയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ ചേച്ചിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. വിളിക്കുമ്പോഴെല്ലാം ചേച്ചിക്ക് പറയാനുണ്ടായിരുന്നത് തടി കുറയ്ക്കണമെന്നായിരുന്നു. ആ വിഷയത്തിലേക്കു വരുമ്പോൾതന്നെ ഞാൻ വഴി തിരിച്ചു വിട്ടുകൊണ്ടുമിരുന്നു. പൊതുവേ മേലനങ്ങാൻ താൽപര്യമില്ലാത്ത ഞാൻ ഇതല്ലാതെ എന്തു ചെയ്യാൻ? എന്നെ മോട്ടിവേറ്റു ചെയ്യാൻ ശ്രമിച്ച ചേച്ചിയാകട്ടെ മൂന്നു മാസം കൊണ്ട് ആറു കിലോ കുറച്ചു. ചേച്ചിയുടെ ട്രാൻസ്ഫർമേഷൻ ഫോട്ടോ കണ്ട് അസൂയ എനിക്ക് തിരിച്ചടിച്ചൂന്ന് പ്രത്യേകം പറയേണ്ടല്ലോ... ഒടുവിൽ ഞാനും ആ തീരുമാനത്തിലെത്തി... ചേച്ചിയെ ഒന്നു സന്തോഷിപ്പിച്ചേക്കാം. മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, പ്രായം കൂടിയപ്പോൾ പ്രമേഹവും രക്തസമ്മർദവും ഒക്കെ  വക്കിലെത്തി നിൽക്കുകയായിരുന്നു. ഭാരം കുറച്ചില്ലെങ്കിൽ മരുന്നു കഴിക്കേണ്ടി വരും എന്ന കർശന നിർദേശം ഡോക്ടർമാരും നൽകി. ആജീവനാന്തം മരുന്ന് കഴിച്ച് ഒരു രോഗിയായി അറിയപ്പെടുന്നതിലും നല്ലതാണല്ലോ സ്വന്തം ശരീരഭാരമൊക്കെ നിയന്ത്രിച്ച് രോഗിയല്ലാതെ ജീവിക്കാൻ.

manu2

പോരാട്ടങ്ങളുടെ ആ കാലം

ഒരു ഓൺലൈൻ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നാണ് ചേച്ചി ഭാരം കുറച്ചത്, ഭാരം കുറഞ്ഞതു മാത്രമല്ല നല്ല ഹെൽതി ആയ ഒരു ജീവിതശൈലി പിന്തുടരാൻ ചേച്ചിക്കു സാധിച്ചു. ഈ ഗുണങ്ങൾ മനസ്സിലാക്കി ഞാനും ആ ഗ്രൂപ്പിന്റെ ഭാഗമായി. വളരെ കൃത്യമായ മാർഗനിർദേശങ്ങളായിരുന്നു ഗ്രൂപ്പിൽ നൽകിയത്. ദിവസവും ചെയ്യേണ്ട വർക്ഔട്ടുകളും  അവയുടെ പ്രയോജനവും ഒരു ദിവസം വേണ്ട കാലറി, പ്രോട്ടീൻ എന്നിവ കൃത്യമായി കണക്കു കൂട്ടുവാനും അതനുസരിച്ച് ഭക്ഷണം ക്രമീകരിക്കാനും ശീലിച്ചു. മൂന്നുനേരം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് 6 നേരമായി ക്രമീകരിച്ചു. കൃത്യമായ ഭക്ഷണം, വെള്ളംകുടി, കൃത്യമായ ഉറക്കം ഇവ മൂന്നും ഉണ്ടെങ്കിൽ മാത്രമേ ഭാരം  കുറയുകയുള്ളൂ എന്ന സത്യം മനസ്സിലാക്കി. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമായി. കൃത്യമായ വ്യായാമവും ട്രെയിനറുടെയും ഗ്രൂപ്പിലുള്ള മറ്റു സുഹൃത്തുക്കളുടെയും മോട്ടിവേഷനും കൂടിയായതോടെ വേഗം ഭാരം കുറയാൻ തുടങ്ങി. 

മക്കളുടെയും ഭാര്യയുടെയും മുന്നിൽ ഹീറോ

എന്റെ സ്വഭാവം കൃത്യമായി അറിയാവുന്നതുകൊണ്ടാകണം ആദ്യത്തെ എന്റെ അഭ്യാസമൊക്കെ കാണുമ്പോൾ ഭാര്യയും മക്കളും പറയുമായിരുന്നു ‘ഹോ ഇത് എത്ര ദിവസത്തേക്ക് ആണെന്ന്’. പക്ഷേ ഒരു മാസം കൃത്യമായ ഡയറ്റും വർക്ഔട്ടും നോക്കി 5 കിലോ കുറച്ചപ്പോൾ അവർക്കും ആവേശമായി. ‘അച്ഛാ, കാലറി നോക്കിയോ’ എന്നു ചോദിച്ച് മക്കളും വേണ്ട ഭക്ഷണം ഉണ്ടാക്കിത്തന്ന് ഭാര്യയും പ്രോത്സാഹനവുമായി എത്തി. നല്ല മാറ്റമുണ്ട് എന്ന അവരുടെ വാക്കുകൾ എനിക്കു നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. മൂന്നു മാസത്തെ കോഴ്സ് കഴിഞ്ഞപ്പോഴേക്കും ശരീരഭാരം 114 ൽ നിന്ന് 90 ൽ എത്തി. ഇപ്പോൾ 84 കിലോയാണ് എന്റെ ഭാരം. ഇനി 80 ൽ എത്തിക്കണം. വയറിന്റെ അളവാകട്ടെ 112 ൽ നിന്ന് 85 ൽ എത്തി.

പഠിച്ചത് പുതിയ പാഠങ്ങൾ

ഓരോ ഭക്ഷണത്തിലുമടങ്ങിയിരിക്കുന്ന ഘടകങ്ങളും പ്രോട്ടീനും കാർബോഹൈഡ്രേറ്റുമൊക്കെ മനസ്സിലാക്കി ആവശ്യമായ ആഹാരം മാത്രം കഴിക്കാൻ വേണ്ട വിവരങ്ങളെല്ലാം ഗ്രൂപ്പിൽനിന്നു ലഭിച്ചിരുന്നു. കാലറി അനുസരിച്ച് ഡയറ്റ് ക്രമീകരിക്കാനും പ്രോട്ടീൻ ഉറപ്പാക്കാനും അതുകൊണ്ടുതന്നെ സാധിച്ചു. ദിവസവും ചെയ്യേണ്ട വർക്ക്ഔട്ട്‌ സംബന്ധിച്ച വിശദമായ വിഡിയോ ഗ്രൂപ്പിൽ നൽകും. അതും കൃത്യമായി ഫോളോ ചെയ്തു. കാലറി ലിമിറ്റിന് ഉള്ളിൽതന്നെ ഭക്ഷണം ക്രമീകരിച്ചു. ദിവസവും ഒരു മണിക്കൂറോളം എക്സർസൈസ് ചെയ്തു. ജിമ്മിലൊന്നും പോകാതെതന്നെ വീട്ടിൽ ഏത് സമയത്തും എക്സസൈസ് ചെയ്യാമെന്നതായിരുന്നു ഒരു ഗുണം. 

manu3

കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്തു. ദിവസം 7 മണിക്കൂർ ഉറക്കം ഉറപ്പാക്കി. രാവിലെ HIIT ട്രെയിനിങ് ചെയ്യും. അതിനുശേഷം രാവിലത്തെ ഭക്ഷണം ചപ്പാത്തി, അപ്പം, ദോശ അങ്ങനെ വീട്ടിലുണ്ടാക്കുന്ന എന്താണോ അതു കഴിക്കും. എല്ലാ ഭക്ഷണവും അളന്നാണ് കഴിച്ചിരുന്നത്. പഞ്ചസാര കഴിവതും ഒഴിവാക്കി. ബേക്കറിയുടെ പരിസരത്തുനിന്ന് മാറി നിന്നു. ഓട്സ്, വെജിറ്റബിൾ, ഫ്രൂട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ദിവസം 3 ലീറ്റർ വെള്ളം കൃത്യമായി കുടിക്കുമായിരുന്നു. ചിക്കൻ, മീൻ, സോയ, പാൽ, മുട്ടയുടെ വെള്ള, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ആഴ്ചയിൽ ആറുദിവസം HIIT, മൂന്നുദിവസം മസിൽ ഗ്രൂപ്പിനുള്ള റസിസ്റ്റൻസ് ട്രെയിനിങ് എന്നിവ ചെയ്തു. ഓരോ മാസത്തിനിടയ്ക്ക് അതിന്റെ ഇന്റൻസിറ്റി കൂട്ടിക്കൊണ്ടുവന്നു. വീട്ടിൽ മാതാപിതാക്കളും ഭാര്യയും മക്കളും ഭക്ഷണ ക്രമീകരണ കാര്യത്തിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു. അതും ഗോൾ വളരെ വേഗത്തിൽ നേടാൻ സഹായകരമായി. എന്റെ ശരീരത്തിൽ നിന്ന് ആരോ ഇറങ്ങിപ്പോയ ഒരു ഫീലാണ് ഇപ്പോൾ. 

ഇതു നേരത്തേ ആയിക്കൂടാരുന്നോ

ശരീരഭാരം കുറഞ്ഞതോടെ എനിക്കും ആവേശം കൂടി. മടിയനാണെന്നും മേനലനങ്ങി പണി ചെയ്യില്ലെന്നുമൊക്കെ എനിക്ക് എന്നെക്കുറിച്ച് ഉണ്ടായിരുന്ന മുൻധാരണ ഞാൻ തീർത്തും മാറ്റി. ഇതു നേരത്തേ ചെയ്യേണ്ടതായിരുന്നു എന്ന കുറ്റബോധമായിരുന്നു പിന്നീട് കുറച്ചുനാൾ എനിക്ക്. ലേശം താമസിച്ചാലെന്താ, ഹെൽതി ആയ ജീവിതശൈലി സ്വന്തമാക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസം ഇപ്പോഴുണ്ട്. 

നേരത്തേ കുറച്ചു നടക്കുമ്പോഴോ പടികയറുമ്പോൾ ഉണ്ടാവുന്ന കിതപ്പ് പാടെ മാറിക്കിട്ടി. പുറംവേദനയും കാലിനും ദേഹത്തുമൊക്കെ ഉണ്ടായിരുന്ന വേദനയും പൂർണമായും മാറി. സ്റ്റാമിനയും കൂടി. ബിപിയും ഷുഗറുമെല്ലാം കുറഞ്ഞ് നോർമലായി. 12 വർഷം മുമ്പുള്ള ഡ്രസ്സുകളൊക്കെ ഇട്ട് ഇപ്പോൾ ഇങ്ങനെ ജീവിതം ആസ്വദിക്കുകയാണ്.

ഞാൻ രോഗിയല്ല, കഷ്ടപ്പെട്ട് ഭാരം കുറച്ചതാണേ

പെട്ടെന്നുണ്ടായ മാറ്റം കണ്ട് എല്ലാവർക്കും അദ്ഭുതമാണ്. പുറത്തിറങ്ങിയാൽ ഒറ്റച്ചോദ്യം ‘എന്തെങ്കിലും അസുഖം ഉണ്ടോ?’  ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ചോദിക്കും. ‘എങ്ങനെയാണ് തടികുറച്ചത്, എന്തെങ്കിലും അസുഖം ഉണ്ടോ’ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോഴത്തെ ഹോബി. തടി  കുറഞ്ഞതു കൊണ്ടു ആകെ വൃത്തികേടായി എന്ന് പറഞ്ഞവരും 10–12 വയസ്സ് കുറഞ്ഞു എന്ന് പറഞ്ഞവരുമുണ്ട്. ഇനി തടി കുറയ്ക്കല്ലേ എന്ന് പറഞ്ഞവരും ഉണ്ട്. ഇപ്പോൾ എനിക്ക് ഒരു അസുഖവും ഇല്ല എന്നു പറഞ്ഞ് നടക്കേണ്ട അവസ്ഥയാണ്.

Content Summary: Weight loss diet and tips of Manu

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}