ഗാങ്‌സ് ഓഫ് വാസേപൂര്‍, ഇഷ്ഖിയ, ജോളി എല്‍എല്‍ബി2, വെബ് സീരിസ് ലൈല എന്നിവയിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഹുമ ഖുറേഷി. മറ്റ് പല ബോളിവുഡ് താരങ്ങളെയും പോലെ ഫിറ്റ്നസിന്‍റെ കാര്യത്തിലും ഹുമ ഖുറേഷി ബദ്ധശ്രദ്ധയാണ്. ജിമ്മും വെയ്റ്റ് പരിശീലനവും തല കീഴായി തൂങ്ങി കിടന്നുള്ള ആന്‍റി-ഗ്രാവിറ്റി യോഗയുമെല്ലാം ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഫിറ്റ്നസ് ശീലങ്ങള്‍.
ഭക്ഷണക്രമത്തിന്‍റെ കാര്യത്തിലും താരം ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ശരീരത്തെ ശുദ്ധീകരിക്കുന്നതിന് ഹുമ ഖുറേഷി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച 28 ദിവസം നീളുന്ന ഡയറ്റ് പ്ലാന്‍ പരിചയപ്പെടാം
ചൂട് വെള്ളം കുടിച്ച് ആരംഭം
ചെറു ചൂട് വെള്ളത്തില്‍ നാരങ്ങയ്ക്കോ ചെറുതായി നുറുക്കിയ ഇഞ്ചിയ്ക്കോ ഒപ്പം ഒരു നുള്ള് ഹിമാലയന്‍ ഉപ്പും കൂടി ചേര്‍ത്തുണ്ടാക്കുന്ന പാനീയം കുടിച്ച് കൊണ്ടാണ് ഹുമ ദിവസം ആരംഭിക്കുക.
പ്രഭാതഭക്ഷണം
മുട്ട, മ്യുസിലി, ക്വിനോവ, അവക്കാഡോ, ബെറി പഴങ്ങള്‍, ഉപ്പുമാവ്, ദോശ, പൊഹ, ആപ്പിള്‍ ജ്യൂസ്, പപ്പായ ജ്യൂസ്, പാലിന് പകരം ആല്‍മണ്ട് മില്‍ക് തുടങ്ങിയ വിഭവങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്നവയാണ് ഹുമയുടെ പ്രഭാതഭക്ഷണം.
രാത്രിയില്‍ ചിക്കന്‍
ചിക്കനും പച്ചക്കറി സാലഡും ചില സമയങ്ങളില്‍ അല്‍പം അരിയാഹാരവും അടങ്ങിയതാണ് രാത്രി ഭക്ഷണം.
ഇളനീരും പച്ചക്കറി ജ്യൂസും
ശരീരത്തെ ശുദ്ധീകരിക്കാന്‍ ഇളനീരും പച്ചക്കറി ജ്യൂസുകളും ഹുമ ഇടയ്ക്ക് കുടിക്കാറുണ്ട്. ദിവസവും 12 ഗ്ലാസ് വെള്ളവും ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ്.
ആരോഗ്യകരമായ സ്നാക്സ്
പഴങ്ങള്‍, നട്സ് എന്നിവയെല്ലാം അടങ്ങുന്ന സ്നാക്സ് ഇടയ്ക്കിടെ കഴിക്കുന്ന ശീലവും ഹുമയ്ക്കുണ്ട്. അതാത് സമയത്ത് സമൃദ്ധമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും താരം ശ്രദ്ധിക്കുന്നു.
ഈ വിഭവങ്ങളോട് നോ പറയണം
ഈ ഡയറ്റ് കാലയളവില്‍ റിഫൈന്‍ ചെയ്ത പഞ്ചസാര, സോഡ, ഗ്ലൂട്ടന്‍, ഗോതമ്പ് , സംസ്കരിച്ച ഭക്ഷണം, മദ്യം, പായ്ക്ക് ചെയ്ത ജ്യൂസ്, കാപ്പി, ചായ എന്നിവയെല്ലാം കര്‍ശനമായി ഒഴിവാക്കണമെന്നും ഹുമ ഖുറേഷി കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Huma Qureshi's 28 day cleanse diet