ADVERTISEMENT

ശരീരം അൽപമൊന്നു തടിക്കാൻ കഷ്ടപ്പെട്ട ഒരാൾ പിന്നീട് തടി കുറയ്ക്കാൻ വേണ്ടി പതിനെട്ടടവും പയറ്റിയെന്നു കേട്ടാൽ വിശ്വസിക്കാൻ പറ്റുമോ? എന്നാൽ വിശ്വസിക്കാതെ തരമില്ല. കുവൈത്തിൽ നഴ്സായ പാലക്കാട് അകത്തേത്തറ സ്വദേശി ശ്രുതി നായർ തന്റെ ശരീരഭാരം കൂട്ടാനും കുറയ്ക്കാനുമൊക്കെ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. പത്തും മൂന്നരയും വയസ്സു വീതം പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മയായ ഈ മുപ്പത്തിനാലുകാരിയുടെ ക്ഷമയുടെയും പരിശ്രമത്തിന്റെയും ഫലം ഇന്നു ഭാരസൂചികയിൽ വ്യക്തം.

 

ഐഡിയൽ വെയ്റ്റിൽനിന്ന് ഓവർവെയ്റ്റിലേക്ക്

പഠനകാലത്തു മെലി‍ഞ്ഞിരുന്ന കുട്ടിയായിരുന്നു. ബിഎസ്‌സി അവസാനവർഷം വരെ ഐഡിയൽ വെയ്റ്റിൽ തന്നെയായിരുന്നു. ഹോസ്റ്റലിലെ താമസത്തിന്റെ ഗുണം കൊണ്ടു തടിച്ചതേയില്ല. പിന്നെ ശരീരം ഒന്നു തടി വയ്ക്കാനും ഭാരം കൂട്ടാനുമായിരുന്നു കഷ്ടപ്പാട്. കല്യാണ സമയത്തും ശരീരം പുഷ്ടിപ്പെടുത്താൻ കാര്യമായ ശ്രമങ്ങൾ ഉണ്ടായിരുന്നു. കല്യാണം നടക്കുമ്പോൾ 58 കിലോ ആയിരുന്നു ഭാരം. ഒന്നര വർഷം കഴിഞ്ഞ് ആദ്യ ഗർഭകാലത്ത് 79 കിലോ എത്തി. ആ സമയത്തു ജോലിക്കു പോകാൻ പറ്റുമായിരുന്നില്ല. പ്രസവം കഴിഞ്ഞപ്പോഴും 77 കിലോ ആയതല്ലാതെ ഭാരത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല.

 

അതിനിടയ്ക്കു ഹൈപ്പോ തൈറോയ്ഡിസം പിടികൂടി. മരുന്നു കഴിക്കുന്നുണ്ടെങ്കിലും അതെപ്പോഴും ഔട്ട് ഓഫ് ബോർഡർ ലൈൻ ആണ് നിന്നിരുന്നത്. നഴ്സായതു കൊണ്ട് കൃത്യസമയത്ത് അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊന്നും കരുതിയാൽ നടക്കണമെന്നില്ല. മാറി വരുന്ന ഷിഫ്റ്റുകളായിരുന്നു പ്രശ്നം. ഇന്നു പകലാണെങ്കിൽ നാളെ രാത്രിയോ വൈകുന്നേരമോ ആയിരിക്കും ഡ്യൂട്ടി. അതുകൊണ്ടുതന്നെ കഴിച്ച മരുന്നുകളൊന്നും ഫലവത്തായില്ലെന്നു തോന്നുന്നു.

 

രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുന്ന ദിവസം ഭാരം 90 കിലോ ആയിരുന്നു. 164 സെന്റീമീറ്റർ പൊക്കമുള്ള ഒരാൾക്ക് അത് അമിതഭാരം തന്നെയായിരുന്നു. പക്ഷേ പ്രസവത്തിന്റെ സമയമായതു കൊണ്ട് ഇതൊന്നും കണക്കിലെടുത്തിരുന്നില്ല. പിന്നെ 70 ദിവസത്തെ പോസ്റ്റ് ഡെലിവറി ലീവ് കഴിഞ്ഞാലുടൻ ജോലിയിൽ പ്രവേശിക്കുകയും വേണമായിരുന്നു. ജോലിയിലെ തിരക്കും ടെൻഷനും കാരണം നന്നായി വെയ്റ്റു കുറഞ്ഞു, 77 കിലോയിലേക്കു തിരിച്ചെത്തി. പക്ഷേ അപ്പോഴും എനിക്ക് ഓവർവെയ്റ്റ് ആയിരുന്നു. പിന്നെയും പല ഡയറ്റുകളും യൂട്യൂബിൽ കാണുന്ന പല എക്സർസൈസുകളും പരീക്ഷിച്ചു നോക്കി. താൽക്കാലികമായി വളരെക്കുറച്ചു ഭാരം കുറയ്ക്കാനേ ഇതു സഹായിച്ചുള്ളു. 74 കിലോ വരെയെത്തി. പക്ഷേ ഒരു മാസം കൊണ്ടു കഷ്ടപ്പെട്ടു കുറച്ച വെയ്റ്റ് ഒരാഴ്ച കൊണ്ടു തിരിച്ചു വരും.

shruthi2

 

ശരീരത്തെ വലിച്ചിഴച്ചു നടക്കേണ്ടി വന്ന വേദനയുടെ കാലം

9 മാസം പ്രായമുളള, പാലുകുടി മാറാത്ത കുഞ്ഞിന്റെ അടുത്തുനിന്ന് നേരെ ആശുപത്രിയിലെ കോവിഡ് ഐസിയുവിലേക്കാണു പോയിരുന്നത്. കോവിഡ് രോഗികളെ നേരിട്ടു ട്രീറ്റു ചെയ്യണം. സുരക്ഷിതമായി പിപിഇ കിറ്റ് ഉപയോഗിച്ചില്ലെങ്കിൽ നിങ്ങൾക്കും കോവിഡ് ബാധിക്കും എന്നാണ് ഞങ്ങൾക്കു മുന്നറിയിപ്പു തന്നത്. മാനസികമായി ഒരുപാട് ബുദ്ധിമുട്ടിയ സമയമായിരുന്നു അത്. 9 മണിക്കൂർ ഡ്യൂട്ടിക്കിടയിൽ കോവിഡ് രോഗിയെ ഒറ്റയ്ക്കാക്കി ഒന്നു ടോയ്‌ലറ്റിൽ പോവാനോ നേരെ ഭക്ഷണം കഴിക്കാനോ ഉള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. ഒരുപാട് നേരം ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ഇരുന്നിട്ടാവാം ഗ്യാസ് ട്രബിളും നെഞ്ചിരിച്ചിലും യൂറിനറി ഇൻഫെക്‌ഷനും ഉണ്ടായി. ഒപ്പം ഭാരം കൂടാനും തുടങ്ങി. 

 

2021 ഫെബ്രുവരിയിൽ കോവിഡ് പോസിറ്റീവായതോടെ തൈറോയ്ഡ് അനിയന്ത്രിതമായി. ഒപ്പം ഓവർവെയിറ്റിൽനിന്ന് ഒബിസിറ്റിയിലേക്കു വളരെ പെട്ടെന്നെത്തി. 82 കിലോ ആയി. കോവിഡ് സമയമായതു കൊണ്ട് ഒത്തുകൂടലുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു ബോഡി ഷെയിമിങ്ങൊന്നും നേരിടേണ്ടി വന്നില്ല. നാലാള് കണ്ടാലല്ലേ തടി കൂടി, മെലിഞ്ഞു എന്നൊക്കെ പറയൂ. 

 

തടി കൂടിയതിനൊപ്പം ശരീരവേദനയും കൂടി. നഖം മുതൽ തലമുടി വരെ എന്നു പറയാവുന്ന തരത്തിൽ ശരീരമാസകലം വേദന. ചുവരിൽ പിടിച്ചു വരെ നടക്കേണ്ടി വന്ന അവസ്ഥയായിരുന്നു. നടുവേദന, കഴുത്തു വേദന, മുട്ടു വേദന അങ്ങനെ ആകെ മൊത്തം വേദന തന്നെ. 32 വയസ്സുള്ള ആൾക്ക് 62 കഴിഞ്ഞ ആരോഗ്യസ്ഥിതി. ഫിസിക്കലി ഞാൻ ഒട്ടും ഫിറ്റല്ലെന്ന് അപ്പോഴേക്കും എനിക്കു മനസ്സിലായിരുന്നു. ഈ വേദനയും തടിയും വച്ച് എങ്ങനെ മുന്നോട്ടു നീങ്ങും എന്നു ഞാൻ ചിന്തിച്ചു തുടങ്ങി. അത് മറ്റാരും പറഞ്ഞിട്ടല്ല, സ്വയം തോന്നിയതായിരുന്നു. കാരണം വേദന നിറഞ്ഞ ശരീരത്തിനെ ആത്മാവ് എങ്ങനെയോ വലിച്ചു മുന്നോട്ടു കൊണ്ടു പോവുകയാണ് എന്നാണ് എനിക്കു തോന്നിയിരുന്നത്. എപ്പോഴും ക്ഷീണം, ഒരൽപ്പം ഊർജ്ജം പോലും ശരീരത്തിലില്ലാത്ത അവസ്ഥ. ടെസ്റ്റ് റിസൾട്ടുകൾ നോക്കിയപ്പോൾ പിസിഒഡി, ഫാറ്റി ലിവർ, ഒവേറിയൻ സിസ്റ്റ്, കിഡ്നി സ്റ്റോണിന്റെ തുടക്കം അങ്ങനെ എല്ലാമുണ്ട്. അപ്പോൾത്തന്നെ ഒരു റെഡ് അലർട്ട് ഫീൽ ചെയ്തു. ‘ശ്രുതി, ഇപ്പോൾ ഇല്ലെങ്കില്‍ ഇനി ഇല്ല’ എന്നു മനസ്സു പറഞ്ഞു

 

രണ്ടാഴ്ചയ്ക്കുള്ളിലെ അദ്ഭുതം 

കോവിഡിന്റെ തീവ്രത കുറഞ്ഞെങ്കിലും ജിമ്മിൽ പോവാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. അങ്ങനെയാണ് ഓൺലൈൻ ആയി യോഗ ആരംഭിക്കുന്നത്. "എന്റെ സുഹൃത്തും നാട്ടുകാരിയുമായിരുന്നു യോഗ ട്രെയ്നർ. യാതൊരു വ്യായാമവും മുൻപു ചെയ്തിരുന്നില്ലെങ്കിലും യോഗയോട് ഒരു മമത പണ്ടു മുതലേ ഉള്ളിലുണ്ട്. എനിക്കു യോഗ വളരെ നല്ലതായി തോന്നി. യോഗ മാറ്റ് വിരിക്കുക, കംഫർട്ടബിളായ ഡ്രസ് ഇടുക. ഇനി സുന്ദരമായി വ്യായാമം ചെയ്യാം. 2021 ഒക്ടോബറിലാണ് ഞാൻ യോഗ തുടങ്ങിയത്. ഒന്നു രണ്ട് ആഴ്ചകൾക്കുള്ളിൽതന്നെ ശരീര വേദന മുഴുവനായി മാറി. ഒരു മിറാക്കിൾ പോലെയാണ് തോന്നിയത്. ശരീരം അനങ്ങാത്തതു കൊണ്ട് ബോഡിയിൽ പലയിടത്തും രക്തയോട്ടമില്ല. അതുകൊണ്ടാണ് ഇത്ര വേദന വന്നതെന്നു മനസ്സിലായത് പിന്നീടാണ്. സത്യത്തിൽ ഡൂ സംതിങ് ഫോർ മീ എന്നു ശരീരം നമ്മളോടു വിളിച്ചു പറയുകയാണ്. ചെറുതായെങ്കിലും എനിക്കു എന്തെങ്കിലും ചെയ്തു തരൂ, ഞാൻ മിറാക്കിൾ കാണിച്ചു തരാം.  ആ മിറാക്കിൾ ഞാൻ കണ്ടു.

 

ശരീരത്തിനു ഒരു വഴക്കം വന്നത് പിന്നെയും കുറച്ചു നാൾ കഴിഞ്ഞിട്ടാണ്. അതിനു മുൻപ് വരെയും പല പോസുകളും എനിക്കു പറ്റുന്നുണ്ടായിരുന്നില്ല. യോഗയിൽ ജോയിന്റുകൾ എല്ലാം ഫ്ലക്സിബിൾ ആവുന്ന വ്യായാമമാണ് ഉള്ളത്. അതുകൊണ്ടു ശരീരത്തിലെ വേദനകൾ പെട്ടെന്നു കുറയും. നന്നായി വിയർക്കുന്ന വ്യായാമങ്ങൾ ഭാരം കുറയുന്നതിനും സ്റ്റാമിന കൂടുന്നതിനും വളരെ സഹായിച്ചു. "മുൻപ് ജംപിങ് ജാക്സ് 10 എണ്ണം തികയ്ക്കുന്നതിനു മുന്‍പ് കിതച്ചിരുന്ന എനിക്ക് ഇന്നു 60 എണ്ണത്തിൽ കൂടുതൽ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ സാധിക്കും. എന്നെ സംബന്ധിച്ച് അതു വലിയൊരു നേട്ടമാണ്. റിസൾട്ട് കിട്ടിക്കൊണ്ടിരിക്കുന്നതു കൊണ്ടുതന്നെ വളരെ ആവേശത്തോടും കൗതുകത്തോടും നമുക്കിതു ചെയ്യാൻ കഴിയും.

 

മുടക്കം വരുത്താതെ എല്ലാ ദിവസവും ഒരു മണിക്കൂർ യോഗയ്ക്കു വേണ്ടി മാറ്റി വച്ചാൽ ശരീരത്തിനു നല്ലതാണ്. മനസ്സിനും റിലാക്സേഷൻ ഉണ്ടാകും. എനിക്കു വേണ്ടി സമയം കണ്ടെത്തി എന്തെങ്കിലും ചെയ്യാനാവുന്നതിന്റെ സന്തോഷവും ഉണ്ടായിരുന്നു. ഇന്ന് ജോലിയുള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവനവനു വേണ്ടി സമയം കണ്ടെത്തുന്നില്ല എന്നതാണ്. എല്ലാവരും കുടുംബത്തിനും കൂട്ടുകാർക്കും ജോലിക്കും വേണ്ടി സമയം കണ്ടെത്താൻ ശ്രമിക്കും, പക്ഷേ ഇതൊന്നും നമുക്ക് സ്ഥായിയായിട്ടൊരു സന്തോഷം തരില്ല. സ്വന്തമായി കുറച്ചു സമയം കണ്ടെത്തിയാൽ നമുക്കു സന്തോഷമുണ്ടാകും. അത് സ്വാർഥതയല്ല. എന്തു ജോലി ചെയ്യണമെങ്കിലും നമുക്കൊരു ടൂൾ വേണം, ആ ടൂളാണ് നമ്മുടെ ശരീരം. യോഗ ചെയ്തു കഴിയുമ്പോൾ ഒരു എനർജി കിട്ടും. അതുകൊണ്ടു നമുക്ക് ഒരു ദിവസം സുഖമായി കൊണ്ടു പോകാം. 

ഡ്യൂട്ടി കഴിഞ്ഞു വന്നിട്ട് യോഗ ചെയ്തിട്ടുള്ള ദിവസമുണ്ട്. പക്ഷേ അതിനു ശേഷമുള്ള എനർജി കാരണം പെട്ടന്നൊന്നും ഉറങ്ങാൻ പറ്റില്ല. അതുകൊണ്ട് രാവിലെയാണ് യോഗ ചെയ്യാറ്. യോഗയിൽ ഒരു മെഡിറ്റേഷൻ സെഷൻ കൂടി ഉണ്ടാവാറുണ്ട്. അതു വളരെ സഹായകമായിരുന്നു.

 

ഭക്ഷണത്തിലെ ചെറിയ മാറ്റം, ശരീരഭാരത്തിൽ വലിയ മാറ്റം

എത്ര കഷ്ടപ്പെട്ടെന്നു പറഞ്ഞാലും കഴിക്കുന്ന ഭക്ഷണം നന്നല്ലെങ്കിൽ കാര്യമില്ല. വർക്കൗട്ടിനപ്പം ഡയറ്റും കൺട്രോൾ ചെയ്താൽ മാത്രമേ ശരീരഭാരം കുറയുകയുള്ളു. കൊളസ്ട്രോളും ഡയബറ്റിസും നിയന്ത്രിക്കണമെങ്കിൽ ശരിയായ ഭക്ഷണരീതി പിന്തുടരണം. ചെറിയ മാറ്റങ്ങളിലൂടെയാണ് ഞാൻ ഡയറ്റ് നന്നാക്കിയത്. ദിവസവും 3 ലീറ്റർ വെള്ളം അളന്നു കുടിക്കും. ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് വെള്ളം കുടിച്ചു തീർത്തിരിക്കും. അരിയും ഗോതമ്പും മാത്രം കഴിച്ചിരുന്നതിൽനിന്ന് ഓട്സും റാഗിയും മറ്റു ചെറുധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. ചോറ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമായി. കഴിക്കുന്നതിന്റെ അളവും കുറച്ചു. കറികളാണ് കൂടുതൽ കഴിക്കുന്നത്. മൂന്നു കറികൾ ഉണ്ടെങ്കില്‍ മൂന്നിലും തേങ്ങ നന്നായി ചേർത്തിട്ട് ചോറ് ഒഴിവാക്കുന്നതിൽ അര്‍ഥമില്ല. ഹെൽത്തി ഫാറ്റ് ആണെങ്കിലും ഭാരം കുറയ്ക്കുക എന്ന ലക്ഷ്യമുണ്ടെങ്കിൽ തേങ്ങയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. അതുകൊണ്ട് ആഹാരത്തിൽ തേങ്ങ അധികം ഉൾപ്പെടുത്താറില്ല. നോൺ വെജ് വിഭവങ്ങൾ വറുക്കുന്നതിനു പകരം കറിയാക്കി ഉപയോഗിക്കാൻ തുടങ്ങി. പിന്നെ ആഹാരത്തിൽ സാലഡുകൾ, പാഴ്സ്‌ലി, ലെറ്റ്യൂസ്, മുരിങ്ങയില പോലുള്ള ഇലക്കറികൾ ധാരാളമായി ഉൾപ്പെടുത്താൻ തുടങ്ങി. അതോടൊപ്പം ചെറുപയർ, മസൂർ ദാൽ, വൻപയർ എന്നിവ മുളപ്പിച്ചും കഴിക്കും. വൻപയർ മുളപ്പിച്ചു, വേവിച്ചാണു കഴിക്കുന്നത്. ഈ മുളപ്പിച്ച പയറുകളൊക്കെ സാല‍ഡുകളിലും സ്മൂത്തികളിലും സൂപ്പുകളിലും ഉപയോഗിക്കാൻ കഴിയും. ദോശയ്ക്കു മാവരയ്ക്കുമ്പോൾ പോലും ഇവ ചേർക്കാം. സാധാരണ ഒരു ദോശ കഴിക്കുന്നതിനേക്കാൾ വളരെ ഹെൽത്തി ആയിരിക്കും ഇങ്ങനെ കഴിക്കുന്നത്. പുറത്തു നിന്നുള്ള ഭക്ഷണവും മധുര പലഹാരങ്ങളും പരമാവധി ഒഴിവാക്കി. ചായയിലും ഒരുപാട് മധുരം ചേർത്തു കുടിച്ചിരുന്ന ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഒരു ദിവസം ചായ തന്നെ ഒഴിവാക്കുമെന്ന്. എന്നാൽ ഇതൊക്കെ വളരെ പതിയെ വന്ന മാറ്റങ്ങളാണ്. സ്മൂത്തികളിൽ പാലോ സാലഡുകളിൽ തൈരോ ഉപയോഗിക്കും. അതോടെ പാൽചായയിൽ നഷ്ടമായ കാൽസ്യം തിരിച്ചു പിടിക്കാം.

 

എപ്പോഴും ഭക്ഷണത്തിൽ നമുക്ക് പരീക്ഷണങ്ങൾ നടത്താവുന്നതാണ്. ഓവർനൈറ്റ് ഒാട്സ്, സ്മൂത്തികൾ, സൂപ്പുകൾ എന്നിവയുടെ റെസിപ്പികൾ യൂട്യൂബിൽ ധാരാളമുണ്ടാകും. അതു നോക്കി ഹെൽത്തിയും ടേസ്റ്റിയുമായ വിഭവങ്ങൾ തയാറാക്കി നോക്കാം. സ്വയം ചാലഞ്ച് ചെയ്തു മുന്നോട്ടു പോകാൻ ശ്രമിച്ചു കൊണ്ടേയിരിക്കണം. 

 

ആദ്യം ഒരു നാലഞ്ചു കിലോ പെട്ടെന്നു കുറയും, പിന്നീട് യോഗയും ഡയറ്റുമൊക്കെയായി പതിയെ വെയ്റ്റു കുറഞ്ഞു തുടങ്ങും. ഇപ്പോൾ 66 കിലോയിലാണ് നിൽക്കുന്നത്. മൂന്നു കിലോ കുറയ്ക്കാനുള്ള പണിയിലാണ്.  82 ൽനിന്ന് 66 കിലോയിലേക്ക് എത്തിക്കാൻ പറ്റിയെങ്കിൽ ഇനി ഒരു മൂന്നു കിലോ കൂടി കുറയ്ക്കാനാണോ പാട്.

Content Summary: Weight loss tips of Shruthi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com