താരസംഘടന അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ഷോയ്ക്ക് പോയപ്പോഴാണ് നടൻ വിനു മോഹന് ഒരു കാര്യം മനസ്സിലായത്. പലരും തന്നെക്കണ്ടിട്ട് സംസാരിക്കുന്നില്ല. ചിലരാകട്ടെ, പരിചയ ഭവം പോലും നടിക്കുന്നില്ല. യാഥാർഥ്യം അറിഞ്ഞപ്പോഴാകട്ടെ വിനുവിന് അടക്കാനാകാത്ത സന്തോഷവും. താൻ കഷ്ടപ്പെട്ടു ചെയ്യുന്ന ‘കസർത്തുകൾ’ക്ക് ഫലം ഉണ്ടായെന്ന കാര്യം മനസ്സിലായതോടെ ഇനി വർക്ഔട്ട് ജീവിതത്തിന്റെ ഒരു ഭാഗംതന്നെയെന്ന് താരം അങ്ങ് തീരുമാനിച്ചു. രണ്ടും മാസം കൊണ്ട് 15 കിലോ കുറച്ചതിനു പിന്നിലെ ആ രഹസ്യം വിനു മനോരമ ഓൺലൈനോടു വെളിപ്പെടുത്തുന്നു.
രണ്ടു മാസത്തെ കഠിനശ്രമം, കുറഞ്ഞത് 15 കിലോ
വർക്ക്ഔട്ട് തുടങ്ങുമ്പോൾ 94 ആയിരുന്നു എന്റെ ശരീരഭാരം. രണ്ടു മാസം കൊണ്ട് 79 ആയി കുറഞ്ഞു. ഗ്രൗണ്ട് എക്സർസൈസ് ആണ് കൂടുതൽ ചെയ്തത്. അനൂപ് എന്ന ഒരു പേഴ്സണൽ ട്രെയിനർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു വർക്ഔട്ടുകളെല്ലാം. മുൻപൊന്നും ഗ്രൗണ്ട് എക്സർസൈസ് അധികം ചെയ്യില്ലായിരുന്നു. അത് മാത്രം ശ്രദ്ധിച്ചു ചെയ്തപ്പോൾ തന്നെ നല്ല റിസൾട്ട് കിട്ടി. ഒരു സുഹൃത്തിന്റെ ഫ്ലാറ്റിലുള്ള ജിമ്മിലായിരുന്നു വർക്ക്ഔട്ട് ചെയ്തത്. അറുപതു ദിവസം മുടങ്ങാതെ ചെയ്തു. വെയ്റ്റ് ട്രെയിനിങ് ഒന്നും ചെയ്തില്ല. എന്നും ഒരേ എക്സർസൈസ് ചെയ്യില്ല എല്ലാ ദിവസവും മാറ്റിക്കൊണ്ടിരിക്കും. ചില ദിവസങ്ങളിൽ ബാഡ്മിന്റൻ കളിക്കുമായിരുന്നു, ചില ദിവസങ്ങളിൽ ഡാൻസ് ചെയ്യും അങ്ങനെ ബോർ അടിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇപ്പോൾ ചെയ്യുന്നത് ഗ്രൗണ്ട് എക്സർസൈസ് മാത്രമാണ്. വെയിറ്റ് ട്രെയിനിങ് തുടങ്ങണം എന്നാണ് കരുതുന്നത്. ഒരു ദിവസം മൂന്നു മണിക്കൂറൊക്കെ വർക്ക് ഔട്ട് ചെയ്യാറുണ്ട്.
ആദ്യത്തെ ആഴ്ച കഠിനം
ആദ്യത്തെ ഒരാഴ്‌ച വലിയ ബുദ്ധിമുട്ടായിരുന്നു. എന്നെക്കൊണ്ട് ഇത് കഴിയില്ല എന്ന് മനസ്സ് പുറകോട്ട് വലിച്ചുകൊണ്ടിരുന്നു. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഇത് ചെയ്യണം എന്നൊരു ചിന്ത മനസ്സിൽ വന്നു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഒരു ദിവസം പോലും വർക്ക്ഔട്ട് ചെയ്യാതിരിക്കാൻ കഴിയില്ല എന്നായി. ഒരു ദിവസം മുടങ്ങിയാൽ ഇപ്പോൾ വിഷമമാണ്. ചെയ്യുന്നതിന്റെ റിസൾട്ട് ശരീരത്തിൽ പ്രകടമായി തുടങ്ങുമ്പോഴേക്കും നമുക്കൊരു പ്രചോദനം ആകും. എന്റെ വർക്ക്ഔട്ട് മോണിറ്റർ ചെയ്തിരുന്നത് ഭാര്യ വിദ്യയാണ്. ചെറുതായിട്ട് മടി പിടിച്ചു തുടങ്ങിയാൽ അവൾ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കും.
തടി കൂടിയപ്പോൾ ഉൾവലിഞ്ഞു, സിനിമയ്ക്കു വേണ്ടി തയാറായി
ഞാൻ നന്നായി ആഹാരം കഴിക്കുന്ന ആളാണ്. എന്റെ പ്രിയപ്പെട്ട വിഭവം കണ്ടാൽ പിന്നെ വിടില്ല. വെയ്റ്റ് കൂടാൻ അതൊരു കാരണമാണ്. ഡയറ്റിനു ഞാൻ ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല .
കോവിഡ് കഴിഞ്ഞപ്പോൾ വിശപ്പ് നന്നായി കൂടിയിരുന്നു. ഭാരം കൂടിയത് പല രീതിയിൽ ബാധിച്ചു. മടിയും ക്ഷീണവും കൂടി. ഫോട്ടോ എടുക്കുമ്പോൾ ഞാൻ മാറി നിൽക്കാൻ തുടങ്ങി. എന്റെ രൂപത്തെക്കുറിച്ച് എനിക്കുതന്നെ കോൺഫിഡൻസ് ഇല്ലാതെയായി. വർക്ക്ഔട്ട് ചെയ്യണം എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും തുടങ്ങാൻ മടിയായിരുന്നു. ഒരു പുതിയ സിനിമ എന്നെത്തേടി എത്തിയപ്പോൾ ആ കഥാപാത്രം ചെയ്യണമെങ്കിൽ ഭാരം കുറയ്ക്കണമെന്നായി. അങ്ങനെയാണ് വെയ്റ്റ് കുറക്കാൻ തീരുമാനിച്ചത്. വർക്ക്ഔട്ട് ചെയ്യണം എന്ന് സുഹൃത്ത് സിഞ്ചോയോട് ഒന്ന് സൂചിപ്പിച്ചതേ ഓർമയുള്ളൂ, അവൻ പിടിച്ച പിടിയാലേ ഒരു പേഴ്സണൽ ട്രെയിനറെ കണ്ടുപിടിച്ച് എന്നെ ഏൽപ്പിക്കുകയായിരുന്നു. അത് നന്നായി എന്നാണ് ഇപ്പോൾ തോന്നുന്നത്.
ആദ്യ വർക്ഔട്ട് എൻസിസി ക്യാംപിൽ
ഞാൻ ചെറുപ്പം മുതൽ വണ്ണമുള്ള കൂട്ടത്തിൽ ആയിരുന്നു. ഫിറ്റ്നസ് ഒന്നും നോക്കിയിട്ടില്ല. ആഹാരം നന്നായി കഴിക്കും. സ്കൂളിൽ പഠിക്കുമ്പോൾ എൻസിസി യിൽ ഉണ്ടായിരുന്നു. ആ സമയത്ത് കുറച്ചു വണ്ണം കുറഞ്ഞിരുന്നു. ക്യാംപിലെ പരിശീലങ്ങളും ട്രെക്കിങ്ങും കഴിയുമ്പോഴേക്കും നല്ല വർക്ക്ഔട്ട് ആകും. ആ സമയത്ത് യോഗയും ചെയ്യുമായിരുന്നു. അതിനു ശേഷം വീണ്ടും പഴയപടി ആയി. നിവേദ്യത്തിൽ അഭിനയിക്കുന്നതിന് തൊട്ടു മുൻപ് മറ്റൊരു സിനിമയ്ക്ക് വേണ്ടി ഞാൻ നന്നായി തടി കുറച്ചിരുന്നു. സിനിമയിൽ വന്നതിനു ശേഷം വീണ്ടും മടിയായി, നന്നായി ഫുഡ് കഴിച്ചു . ആദ്യമായിട്ടാണ് ഇത്രയും കഠിനമായി വർക്ക്ഔട്ട് ചെയ്യുന്നത്. അതിന്റെ റിസൾട്ട് കിട്ടിയപ്പോൾ സന്തോഷമായി.
മഴവിൽ മനോരമ– അമ്മ ഷോ നൽകിയത്
വർക് ഔട്ട് ചെയ്തു റിസൾട്ട് കിട്ടി തുടങ്ങി തുടങ്ങിയാൽ നമ്മൾ അതിനെ സ്നേഹിക്കാൻ തുടങ്ങും. ഒരു സിനിമ ചെയ്യുമ്പോൾ ഒരു കഥാപാത്രം നമ്മുടെ മനസ്സിലേക്ക് കയറിക്കഴിഞ്ഞാൽ നമ്മൾ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു തുടങ്ങും. അതുപോലെയാണ് ഇത്. ഇപ്പോ മടിയെല്ലാം മാറി, മറ്റുള്ളവർ കാണുമ്പോൾ ഒരുപാട് മാറിപ്പോയല്ലോ വളരെ നന്നായിട്ടുണ്ട് എന്നൊക്കെ പറയുമ്പോൾ മോട്ടിവേഷൻ കൂടും. ഈയിടെ മഴവിൽ മനോരമ– അമ്മ ഷോയ്ക്ക് പോയപ്പോൾ പലരും എന്നെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ല. ഞാൻ ആണെന്ന് മനസ്സിലായപ്പോൾ ആശ്ചര്യമായി. പലരും കണ്ടിട്ട് മിണ്ടാതെ പോയി. അപ്പോഴാണ് ഞാൻ അത്രമാത്രം മാറിപ്പോയി എന്ന് എനിക്ക് മനസ്സിലായത്. ഇതൊക്കെ കാണുമ്പോൾ വലിയ പ്രചോദനമാണ്. ഫിറ്റ്നസ് എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു, ഇനി എനിക്ക് നിർത്താൻ ഉദ്ദേശ്യമില്ല.

ഡയറ്റിങ് ഇല്ലേ ഇല്ല
എനിക്ക് ആഹാരം കഴിക്കുന്നത് ഒരുപാടു ഇഷ്ടമാണ്. ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിക്കും. അതിനു ശേഷം നന്നായി വർക്ക്ഔട്ട് ചെയ്താൽ മതിയല്ലോ. ഇടയ്ക്കൊക്കെ തടി കൂടിയിരിക്കുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പേടി ആയിരുന്നു. ഇപ്പോൾ അങ്ങനെ ഒരു പേടി ഇല്ല. പക്ഷേ അരി കൊണ്ടുണ്ടാക്കിയ ഭക്ഷണവും പഞ്ചസാരയും നന്നായി കുറച്ചു. ചായ, കാപ്പി ഒക്കെ വളരെ കുറച്ചു. ചോറ് നന്നായി കഴിച്ചാൽ മറ്റു പലതും ഒഴിവാക്കും. ഇഷ്ടമുള്ളതൊക്കെ കഴിക്കും, വളരെ ശ്രദ്ധിച്ചാണെന്ന മാത്രം.
വിദ്യയ്ക്ക് ഫിറ്റ്നസ് പ്രധാനം
നിത്യജീവിതത്തിൽ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്ന ഒരാളാണ് എന്റെ ഭാര്യ വിദ്യ. അവൾ ഡയറ്റ് ശ്രദ്ധിക്കാറുണ്ട്. ചെറുതായി വെയ്റ്റ് കൂടി എന്ന് തോന്നുമ്പോൾ തന്നെ വർക്ക്ഔട്ട് ചെയ്യും. എന്റെ തടി കൂടുമ്പോൾ പിന്നാലെ നടന്ന് ബോധവൽക്കരിച്ചുകൊണ്ടിരിക്കും. എന്നിട്ടും എനിക്കൊരു തീരുമാനമെടുക്കാൻ ഇത്രയും കാലം വേണ്ടിവന്നു.
എല്ലാവരും ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കണം
നമ്മുടെ നാട്ടിലെ ആഹാര രീതിയൊക്കെ ഒരുപാട് മാറി. എന്റെ കുട്ടിക്കാലത്തൊക്കെ ഗ്രൗണ്ടിൽ പോയി കളിക്കുമായിരുന്നു, അന്ന് ഇത്രത്തോളം ജങ്ക് ഫുഡ് വ്യാപകമായിട്ടില്ല. ഇപ്പോഴത്തെ സ്ഥിതി അതല്ല. ഇപ്പോൾ കുട്ടികളൊക്കെ ഒരുപാട് ജങ്ക് ഫുഡ് കഴിക്കാറുണ്ട്. പുറത്തുപോയി കളിക്കുന്നത് കുറവാണ്. വിഡിയോ ഗെയിം ഒക്കെ കളിച്ചു വീട്ടിൽ ഇരിപ്പാണ്. ഇത് ഒരുപാട് ദോഷം ചെയ്യും. അതുകൊണ്ട് എല്ലാവരും ചെറുതായിട്ടെങ്കിലും എന്തെങ്കിലും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണം.
Content Summary: Vinu Mohan's fitness and weight loss tips