ADVERTISEMENT

ഞാൻ 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനുവേണ്ടി 18 കിലോ വർധിപ്പിച്ച്, പിന്നീട് ഷൂട്ടിങ് കഴിഞ്ഞു എന്റെ പഴയ ശരീരഭാരത്തിലേക്ക് തിരികെയെത്തിയ ആളാണ്. പക്ഷേ ഞാൻ സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വർധിപ്പിച്ചത്. അതുകൊണ്ടുതന്നെ ഞാൻ അതാർക്കും റെക്കമൻഡ് ചെയ്യില്ല. 

 

fara-shibla

ഞാൻ അടിസ്ഥാനപരമായി ഒരു ഇമോഷണൽ ഈറ്റർ ആണ്. ചെറുപ്പം തൊട്ടുതന്നെ അത്യാവശ്യം വണ്ണം ഉള്ള ആളാണ്. അമ്മിണിപ്പിള്ളയുടെ കാസ്റ്റിങ് കോളിൽ ഉണ്ടായിരുന്നത് 'വണ്ണമുള്ള നായികയെ തേടുന്നു' എന്നായിരുന്നു. ഞാൻ വണ്ണമുള്ള ആളായതുകൊണ്ട് ഓഡിഷൻ അറ്റന്‍ഡ് ചെയ്തു. പക്ഷേ അവിടെ പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും എന്നേക്കാൾ വണ്ണമുള്ളവരായിരുന്നു. പക്ഷേ കിട്ടില്ലെന്ന് വിചാരിച്ച റോൾ എന്നെത്തേടിയെത്തി.

 

സിനിമ ഷൂട്ടിങ് തുടങ്ങുംമുൻപ് എന്നോടുപറഞ്ഞത് പറഞ്ഞത് 'ഒരു ഫുട്ബോൾ പോലെയിരിക്കണം' എന്നായിരുന്നു. അതും കുറഞ്ഞദിവസത്തിനുള്ളിൽ. അതുകൊണ്ടാണ് വണ്ണംവയ്ക്കാൻ കുറച്ച് റിസ്കെടുക്കേണ്ടി വന്നത്. ബി നെഗറ്റീവ് ആണ് എന്റെ ബ്ലഡ് ഗ്രൂപ്പ്. ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാർ ഗോതമ്പും ചിക്കനും കഴിച്ചാൽ വണ്ണം വയ്ക്കുമെന്നാണ് പറയുന്നത്. രാത്രി ഭക്ഷണം വൈകി കഴിക്കരുതെന്ന് പറയുമല്ലോ. പക്ഷേ ഞാൻ വണ്ണംകൂട്ടാൻ ഇതിന്റെയെല്ലാം ഓപ്പസിറ്റാണ് ചെയ്തത്. ഞാൻ കഴിച്ചിരുന്നത് മിക്കവാറും ചിക്കനും ഗോതമ്പ് പലഹാരങ്ങളുമായിരുന്നു. അതും മിക്കവാറും കിടക്കുന്നതിനു അരമണിക്കൂർ മുൻപായിട്ടൊക്കെയാണ് കഴിച്ചിരുന്നത്. അതുപോലെ മിക്ക ദിവസവും  ഐസ്ക്രീമും ചോക്ലേറ്റും സ്വീറ്റ്സും കഴിക്കുമായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോൾ 5 കിലോ കൂടി. ഒരു ഓഡീഷൻ നടത്തിയപ്പോൾ 'ഇതുപോരാ ഇനിയും വണ്ണം വയ്ക്കണം' എന്ന് സംവിധായകൻ. പെർഫോമൻസ് ഓകെയാണ്. പക്ഷേ ലുക്ക് വൈസ് ഇനിയും നമ്മൾ വെയ്റ്റ് ഗെയിൻ ചെയ്യണം എന്നു പറഞ്ഞു. 

 

ആസിഫ് അലിയുടെ ഡേറ്റ് ഒക്കെ മാറിവന്നപ്പോൾ എനിക്ക് ഒരു ഒന്നര മാസം കൂടി സാവകാശം കിട്ടി.  ഭക്ഷണത്തിന്റെ എണ്ണം കൂട്ടാതെ കഴിക്കുന്നതിന്റെ അളവ് കൂട്ടി. ചിത്രത്തിന്റെ ഷൂട്ട് തലശ്ശേരിയിൽ വച്ചായിരുന്നു. രുചികരമായ ഭക്ഷണത്തിന്റെ സ്ഥലം. അവിടെ സീഫുഡും ഫിഷും ഒക്കെ കിട്ടും. ഞാനതെല്ലാം വലിച്ചുവാരി കഴിച്ചു. അങ്ങനെയാണ് എന്റെ വണ്ണം കൂടിയത്. ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു. അപ്പോള്‍ ഞാൻ ചോദിക്കും 'ഞാനൊരു അരമണിക്കൂര്‍ നടന്നോട്ടെ' എന്ന്. കാരണം ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്നെനിക്കുതന്നെ തോന്നിയിരുന്നു.അപ്പോൾ അവർ പറയും ഒന്നും ചെയ്യരുതെന്ന്. 

 

അടുത്തതായി സിനിമ ഷൂട്ടിനിടയിൽ ഒരുമാസം ഇടവേളയും വന്നു. ആ ഒരുമാസം കഷ്ടപ്പെട്ടുണ്ടാക്കിയ തടി ഞാൻ നിലനിർത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി. വണ്ണം വച്ചതിനെക്കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ടായിരുന്നു ഉള്ള വണ്ണം നിലനിർത്തുകയെന്നത്. കാരണം എനിക്ക് മറ്റുചില ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. ഒന്ന്, ഹോർമോണൽ ഇംബാലൻസ്- ആ സമയത്ത് മൂഡ് സ്വിങ്സ് ഭയങ്കരമായി ഉണ്ടാകും. രണ്ട് പിസിഒഡി- പീരിയഡ്സ് റെഗുലർ അല്ലായിരുന്നു. ഒരുവിധം ഷൂട്ട് തീർന്ന ഉടനെ ഞാൻ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു. പിസിഒഡിക്കുള്ള മെ‍‍ഡിസിൻ എടുത്തു. ജിമ്മിൽ പോയി. ഒരു ട്രെയിനറെ ഫിക്സ് ചെയ്തു. കൃത്യമായി ഡയറ്റിങ് തുടങ്ങി.

 

മൂന്നുമാസം ലോ കാർബ്- ഹൈ പ്രോട്ടീൻ ഡയറ്റ് ആയിരുന്നു പിന്തുടർന്നത്. രാവിലെ ഫ്രൂട്ട്സും എഗ്ഗ് വൈറ്റുമാണ് കഴിച്ചിരുന്നത്. ഡയറ്റ് ചെയ്യുന്ന ആദ്യത്തെ രണ്ടു മൂന്നു ആഴ്ചകൾ നമുക്കും നമ്മുടെ ഫാമിലിക്കും വളരെ ബുദ്ധിമുട്ടായിരിക്കും. കാരണം നമ്മുടെ ദേഷ്യം മുഴുവൻ അവരിലായിരിക്കും തീർക്കുന്നത്. അതുകൊണ്ട് ഞാൻ എന്റെ ഭർത്താവിനോടും മകനോടും മുൻ‌കൂർ ജാമ്യമെടുത്തു: ഞാനിങ്ങനെ ഡയറ്റ് സ്റ്റാർട്ട് ചെയ്യുകയാണ് എന്റെ മൂഡ് കുറച്ച് പ്രശ്നം ആയിരിക്കും എന്ന്...

 

മൂന്ന് മാസം വളരെ കൃത്യമായി ഡയറ്റ് നോക്കി. ഓരോ മാസവും 5–6 കിലോ വീതം വെയ്റ്റ് കുറഞ്ഞു. അടുത്ത വെല്ലുവിളി ഭാരം 73 ആയപ്പോൾ സ്റ്റക്ക് ആയിപ്പോയതാണ്. ഇത് സ്വാഭാവികമായ പ്രക്രിയയാണ്. നമ്മൾ മനസ്സ് മടുക്കാതെ പ്രയത്നം തുടരുക എന്നതാണ് പരിഹാരം. എന്നെ സംബന്ധിച്ച് ആദ്യത്തെ ഒരു മാസം വെയ്റ്റ് കുറയാൻ എളുപ്പമായിരുന്നു. അതുകഴിഞ്ഞ് 73 ൽ  എത്തിക്കഴിഞ്ഞ്  പിന്നെ അനക്കമില്ല. അപ്പോൾ മാനസികമായി വിഷമമായി. അപ്പോൾ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചു. പുതിയ കാര്യങ്ങൾ പരീക്ഷിച്ചു. കാലറി കുറച്ച്, പ്രോട്ടീൻ കൂട്ടി. ചിലപ്പോൾ ഷുഗര്‍ പൂർണമായി ഒഴിവാക്കി. അങ്ങനെ ഭേദഗതികൾ വരുത്തി. അത് വിജയിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോൾ 85 കിലോയിൽ നിന്ന് 68 കിലോയിലെത്തി. 17 കിലോ കുറച്ചു.

 

ഞാൻ പഠിച്ച കുറച്ചു കാര്യങ്ങൾ ചുരുക്കിപ്പറയാം.

ഏതൊരു ഡയറ്റോ വർക്കൗട്ടോ തിരഞ്ഞെടുക്കുമ്പോഴും ആരംഭശൂരത്വത്തിൽ തീവ്രമായി ചെയ്യരുത്. മോഡറേറ്റ് ലെവലിൽ ചെയ്യുമ്പോഴാണ് നമുക്കത് കുറച്ച് നിലനിർത്തിക്കൊണ്ടു പോകാൻ പറ്റുകയുള്ളൂ. കാർഡിയോ വെയ്റ്റ് ട്രെയിനിങിന്റെ ഒരു മിക്സ് ആണ് ഞാൻ ചെയ്തിരുന്നത്. എനിക്കത് പ്രയോജനകരമായിരുന്നു. കാർഡിയോ മാത്രമായോ വെയ്റ്റ് ട്രെയിനിങ് മാത്രമായോ ചെയ്യരുതെന്നാണ് പറയുന്നത്. എല്ലാത്തിലുമുപരി സെൽഫ്മോട്ടിവേഷൻ വളരെ പ്രധാനമാണ്. നിങ്ങൾ നിങ്ങളെത്തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുക. അപ്പോൾ നിങ്ങൾക്കും നിങ്ങൾ ആഗ്രഹിക്കുന്ന ആരോഗ്യകരമായ ശരീരത്തിലേക്ക് എത്തിച്ചേരാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com