ADVERTISEMENT

48 വയസ്സിലും ഗർഭിണി ആണോ, വിശേഷമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ നിരവധി തവണ കേട്ടിട്ടുണ്ട് 17 വയസ്സുകാരിയുടെ അമ്മയും സോഫ്റ്റ്‍‍വെയർ എൻജിനീയറുമായിരുന്ന തൃശൂർ സ്വദേശി ദീപ മേനോൻ. അപ്പോഴൊക്കെ സ്വന്തം വയറിലേക്കു നോക്കി ‘ഏയ് അല്ല’ എന്ന മറുപടി പറയുമ്പോൾ ദീപ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഈ വയർ എനിക്കൊന്ന് കുറയ്ക്കാൻ സാധിച്ചെങ്കിലെന്ന്. പക്ഷേ തന്നെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങൾ ഓർക്കുമ്പോൾ പിന്നെ മറ്റൊന്നും ചെയ്ത് വയർ കുറയ്ക്കണ്ട, ചോദിക്കുന്നവർ അങ്ങ് ചോദിക്കട്ടെ എന്നും മനസ്സിലോർക്കും. മനസ്സു വച്ചാൽ ഈ ആരോഗ്യപ്രശ്നങ്ങളെയും അമിതവണ്ണത്തെയും പടിക്കു പുറത്തു നിർത്താമെന്ന് അറിഞ്ഞപ്പോൾ പിന്നെ മറുചോദ്യത്തിനുള്ള അനസരം നൽകാതെ രണ്ടും കൽപിച്ച് ഇറങ്ങുകയായിരുന്നെന്ന് ദീപ പറയുന്നു, ഫലമോ മൂന്നര മാസം കൊണ്ട് കുറച്ചത്  12 കിലോ ഭാരം, 15 സെന്റിമീറ്റർ വയർ, ഡിസ്ക് പ്രശ്നങ്ങൾ, സ്ട്രെസ്, നടുവേദന, രക്തസമ്മർദം എന്നിവയാണ്. 

 

എല്ലാവർക്കും ഒരേ ഒരു ചോദ്യം

8–9 മാസം ഗർഭിണിയാണെന്ന് ആരും സംശയിച്ചു പോകുമായിരുന്നു എന്റെ വയർ കണ്ടാൽ. വല്ലപ്പോഴുമൊക്കെ കാണുന്നവരൊക്കെ ആദ്യം ചോദിക്കുന്നതും ‘ഗർഭിണി ആണല്ലേ, വിശേഷമുണ്ടോ, എത്ര മാസം ആയി’ തുടങ്ങിയവയായിരുന്നു. ഒരു അപകർഷതാബോധം തോന്നുമെങ്കിലും എന്റെ വയർ കണ്ടാൽ എങ്ങനെ ചോദിക്കാതിരിക്കുമെന്ന് ഓർത്ത് ഞാനുമങ്ങ് സമാധാനിച്ചിരുന്നു. എങ്ങനെയെങ്കിലും കുറയ്ക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും എന്റെ ആരോഗ്യപ്രശ്നങ്ങൾ ഓർക്കുമ്പോൾ ഒന്നും ചെയ്യാനും മനസ്സ് അനുവദിച്ചിരുന്നില്ല. 70 കിലോയും 89 സെന്റീമീറ്റർ വയറും കുറച്ചധികം ആരോഗ്യപ്രശ്നങ്ങളെയും കൂടെക്കൂട്ടി ഞാനങ്ങനെ യാത്ര തുടർന്നു.

 

അമിതമായ വയർ, കൈവണ്ണം, ഉയർന്ന രക്തസമ്മർദം, (വെറും ബിപി ഒന്നും അല്ല, ഹൈപ്പർ ടെൻസീവ് സ്ട്രോക്കിലേക്ക് എത്തിയ ബിപി,), കൂടിയ ശരീരഭാരം മൂലം നട്ടെല്ലിനു വന്ന ഭാരം കാരണം കൂടിയ ഡിസ്ക് പ്രശ്നങ്ങൾ, സ്ട്രെസ് എന്നിങ്ങനെ ആരോഗ്യം ഒട്ടും അനുയോജ്യമായിരുന്നില്ല. എന്നാൽ ഇവയൊക്കെ നിയന്ത്രിച്ചുകൊണ്ട് ശരീരത്തിൽ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് അറിഞ്ഞപ്പോൾ പിന്നെ അതൊന്നു ചെയ്തിട്ടുതന്നെ ബാക്കി കാര്യമെന്ന് ഓർത്ത് ഇറങ്ങുകയായിരുന്നു. വീട്ടിൽ ആദ്യം ഭർത്താവിനും അമ്മയ്ക്കും മോൾക്കുമൊക്കെ കുറച്ച് ആശങ്ക ഉണ്ടായെങ്കിലും എന്റെ ആത്മവിശ്വാസം കണ്ട് അവർ സമ്മതം മൂളുകയായിരുന്നു. പതിയെ മാറ്റങ്ങൾ കണ്ടുതുടങ്ങിയതോടെ ഏറ്റവുമധികം സപ്പോർട്ടുമായി മൂവരും ഒപ്പം കൂടി. ഇപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നവതും ഇവരാണ്.

 

ഇതൊരു ഉയിർത്തെഴുന്നേൽപ്പ്

ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നതാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്നു പറയാം. 48 വയസ്സിലും ഗർഭിണി ണോ എന്ന ചോദ്യം ഇനി കേൾക്കില്ല എന്ന ഉറച്ച തീരുമാനമെടുത്തുതന്നെയാണ് ഞാൻ ആ ഗ്രൂപ്പിൽ ചേർന്നത്. ട്രെയ്നർ നൽകുന്ന നിർദശങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു. ജോലിയിൽ നിന്ന് അവധി എടുത്ത് വീട്ടിലിരുന്നതും ഒരു സൗകര്യമായി. അതുകൊണ്ടുതന്നെ തിര്കക്ുപിടിച്ച് വ്യായാമം ചെയ്യാതെ ഓരോ വ്യായാമവും എന്തിനാണെന്നു മനസ്സിലാക്കി, എങ്ങനെ ചെയ്യണമെന്ന് അറിഞ്ഞ് സമാധാനമായി ആഴ്ചയിൽ അഞ്ചു ദിവസവും ചെയ്യാൻ സാധിച്ചു. അതുപോലെ ആഹാരവും പ്രോട്ടീൻ നിറഞ്ഞതാക്കി, കാലറി അറിഞ്ഞ്, കാർബോഹൈഡ്രേറ്റ് കുറച്ച് കഴിക്കാൻ ശ്രദ്ധിച്ചു. ഒരു മാസം ആയപ്പോഴേ ആരോഗ്യപ്രശ്നങ്ങളിലടക്കം കാര്യമായ മാറ്റങ്ങൾ വന്നുതുടങ്ങി. മൂന്നു മാസം പിന്നിട്ടപ്പോഴേക്കും ശരീരഭാരം 70 കിലോയിൽ നിന്ന് 58 ലേക്കും വയർ 89 സെന്റീമീറ്ററിൽ നിന്ന് 74ലേക്കും  കുറഞ്ഞ് പുതിയൊരു ദീപ മേനോൻ ആയി ഞാൻ മാറി. പിന്നെ രക്തസമ്മർദം നോർമൽ ലെവലിൽ പോകുന്നു, സ്‌ട്രെസ്, നടുവേദന ഒക്കെ ഏതാണ്ട് വിട്ടൊഴിഞ്ഞിരിക്കുന്നു. സ്റ്റാമിന കൂടി. ആകെക്കൂടി ഒരു ലൈറ്റർ ഫീലിങ്, 17 കാരിയായ മകളുടെ വസ്ത്രവുമണിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എല്ലാവർക്കും അതിശയം, എല്ലാത്തിലുമുപരി ആരും ആ ചോദ്യംകൊണ്ട് എന്നെ വീർപ്പുമുട്ടിച്ചതേ ഇല്ല എന്നതാണ്.

Content Summary: Belly fat and weight loss tips of Deepa Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com