ഭാരം കുറയ്ക്കാന്‍ മന്ദിര ബേദി ചെയ്യുന്ന ഈ വ്യായാമ മുറകള്‍ പരീക്ഷിക്കാം

Mail This Article
പ്രമുഖ നടിയും അവതാരകയുമൊക്കെയായ മന്ദിര ബേദി ഭാരം കുറയ്ക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ്. 56.5 കിലോയില്‍ നിന്ന് 51 കിലോയിലേക്ക് ശരീരഭാരം എത്തിക്കാനുള്ള ശ്രമങ്ങള്‍ താന്‍ ആരംഭിച്ചതായി മന്ദിര തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രഖ്യാപിച്ചത്. ഇതിനായി നിത്യവും ചെയ്യുന്ന ചില വ്യായാമമുറകളും മന്ദിര ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.
ഭാരം കുറച്ച് സ്ലിമ്മാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മന്ദിരയുടെ ഈ വര്‍ക്ക്ഔട്ടുകളും പരീക്ഷിച്ച് നോക്കാവുന്നതാണ്
ജംപിങ് ജാക്ക്സ്
ഒരു മിനിറ്റ് നീളുന്ന ജംപിങ് ജാക്ക്സ് വര്‍ക്ക്ഔട്ടോടെയാണ് മന്ദിര തന്‍റെ വ്യായാമക്രമം ആരംഭിക്കുന്നത്. മുഴുവന്‍ ശരീരത്തിനും പ്രയോജനപ്രദമായ ജംപിങ് ജാക്ക്സ് എല്ലുകളെ കരുത്തുള്ളതാക്കുകയും സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. ഹൃദയാരോഗ്യത്തിനും ഇത് ഉത്തമമാണ്. പേശികളെയും ഇത് ശക്തിപ്പെടുത്തും.
കെറ്റില്‍ബെല്‍ സ്വിങ്സ്
പേശികളെ വളര്‍ത്താന്‍ സഹായിക്കുന്ന ഭാരോദ്വഹന വ്യായാമമാണ് കെറ്റില്‍ബെല്‍ സ്വിങ്സ്. മിനിറ്റില്‍ 20.2 കാലറി വച്ച് കത്തിച്ച് കളയാന്‍ ഈ വ്യായാമം സഹായിക്കും. ഹൃദയാരോഗ്യത്തിനും ഭാരം കുറയ്ക്കാനും ഉത്തമമായ കെറ്റില്‍ബെല്‍ സ്വിങ്സ് ശരിയായി ചെയ്താല്‍ ശരീരത്തിന്‍റെ അംഗവിന്യാസവും മെച്ചപ്പെടുന്നതാണ്.
ഗോബ്ലറ്റ് സ്ക്വാട്ട്
ഡംബെല്ലോ കെറ്റില്‍ബെല്ലോ രണ്ട് കൈകളും ഉപയോഗിച്ച് നെഞ്ചിന് മുന്നില്‍ പിടിച്ചു കൊണ്ട് സ്ക്വാട്ട് ചെയ്ത് കൈമുട്ടുകള്‍ കാല്‍മുട്ടുകള്‍ക്ക് നടുവില്‍ വരെ കൊണ്ട് വന്നാണ് ഗോബ്ലറ്റ് സ്ക്വാട്ട് ചെയ്യുന്നത്. ബാക്ക് സ്ക്വാട്ടിനെ അപേക്ഷിച്ച് പുറത്തിന് ഗോബ്ലറ്റ് സ്ക്വാട്ട് സമ്മര്‍ദം നല്‍കുന്നില്ല. തുടയുടെ മുന്‍വശത്തുള്ള ക്വാഡ് പേശികളെയും പൃഷ്ഠ ഭാഗത്തെ ഗ്ലൂട്ടിയല്‍ പേശികളെയും ഈ വ്യായാമം ശക്തിപ്പെടുത്തും. ശരീരത്തിന്‍റെ അരയ്ക്ക് കീഴോട്ടുള്ള ഭാഗങ്ങളെയും ഗോബ്ലറ്റ് സ്ക്വാട്ട് കരുത്തുറ്റതാക്കും.
സൈഡ് പ്ലാങ്ക്
കോര്‍ പേശികളെ ശക്തിപ്പെടുത്താനും കരുത്ത് വര്‍ധിപ്പിക്കാനും സൈഡ് പ്ലാങ്ക് സഹായിക്കും. ശരീരത്തിന്‍റെ ബാലന്‍സും ഏകോപനവും മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. തോളിലെയും അരക്കെട്ടിലെയും വശങ്ങളിലെയും പേശികളെയാണ് സൈഡ് പ്ലാങ്ക് ലക്ഷ്യമിടുന്നത്.
സൂപ്പര്‍മാന്‍
വര്‍ക്ക്ഔട്ടിന്‍റെ അവസാനം ചെയ്യാവുന്ന നല്ലൊരു വ്യായാമമായിട്ടാണ് മന്ദിര സൂപ്പര്‍മാന്‍ പോസിനെ പരിചയപ്പെടുത്തുന്നത്. ശരീരത്തെ വലിച്ചു നീട്ടി, എന്തെങ്കിലും തരത്തിലുള്ള പിരിമുറുക്കത്തെ ഈ പോസ് വെളിയില്‍ വിടുന്നു. ലോവര്‍ ബാക്ക്, ഗ്ലൂട്ടിയല്‍ പേശികളെയും ഹാംസ്ട്രിങ്, ആബ്സ് എന്നിവയെയും ഇത് ലക്ഷ്യമിടുന്നു. വര്‍ക്ക്ഔട്ടിന് ശേഷമുള്ള എന്തെങ്കിലും തരത്തിലുള്ള പരുക്കുകളെയും ഇത് തടയുന്നു. പുറം ഭാഗത്തെയും തോളിലെയും പേശികളുടെ കരുത്ത് വര്‍ധിപ്പിക്കാനും ഇത് നല്ലതാണ്.
തുടക്കക്കാര്‍ ഇത്തരം വ്യായാമങ്ങള്‍ മന്ദഗതിയില്‍ ഘട്ടം ഘട്ടമായി ചെയ്തു മുന്നേറുന്നതാകും നല്ലത്. ഓരോരുത്തരുടെയും കരുത്തും ശേഷിയും അനുസരിച്ച് മാത്രം ഇവ ആവര്‍ത്തിച്ച് പരീക്ഷിച്ച് നോക്കാവുന്നതാണ്.
Content Summary: Do these exercises from Mandira Bedi's home workout circuit