ADVERTISEMENT

ലോകം ഒരു പന്തിനു പിന്നാലെ പായുന്നു. ജീവശ്വാസം നിറച്ച കാൽപന്തിന്റെ പിന്നാലെയുള്ള ഓട്ടമെന്ന് ആലങ്കാരിക ഭാഷയിൽ പറയാം. ആ ഓട്ടത്തിന് ഒരു ജീവനുണ്ട്. ആരോഗ്യം തരുന്ന ഓട്ടമാണ് അതെന്നതാണു കാരണം. ശരീരത്തിന് ആകെ വ്യായാമം തരുന്ന (ഫുൾബോഡി എക്സർസൈസ്) ഒരു കായിക ഇനമാണു ഫുട്ബോൾ. അധികം ചെലവില്ലാതെ കളിക്കാൻ സാധിക്കുമെന്നതും ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ഇനമെന്നുള്ളതും ഫുട്ബോളിനെ കൂടുതൽ ആകർഷകമാക്കുന്നു. ഫുട്ബോൾ നമ്മുടെ തല മുതൽ കാലു വരെ എങ്ങനെ വ്യായാമം നൽകുന്നു: 

 

ഹൃദയം

കളിക്കളത്തിൽ ഒരു പ്രത്യേക ദിശയിലല്ലാതെ വ്യത്യസ്ത തലത്തിൽ വ്യത്യസ്ത വേഗത്തിൽ ഓടുന്നതു രക്തചംക്രമണം വർധിപ്പിക്കുന്നു. 8– 11 കിലോമീറ്ററെങ്കിലും ഒരു മത്സരത്തിനിടെ ഫുട്ബോൾ താരം ഓടുന്നുണ്ടെന്നാണു കണക്ക്. അതിവേഗത്തിൽ ഓടുക, ഭാരമുയർത്തുക തുടങ്ങിയ പേശീബല വ്യായാമങ്ങൾക്കു (അനെയ്റോബിക്) തുല്യമാണു ഫുട്ബോൾ കളിക്കുന്നത്. ശരീരത്തിലെ കൊഴുപ്പ് പരമാവധി കത്തിത്തീരാൻ ഇത്തരത്തിലുള്ള വ്യായാമങ്ങൾ ‌സഹായിക്കുന്നതിനാൽ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു ഹൃദ്രോഗ സാധ്യത വരുന്നതും ഇല്ലാതാകും.

 

ശ്വസനം 

ശ്വാസകോശങ്ങൾക്കും മികച്ച വ്യായാമം ഫുട്ബോൾ കളിക്കുന്നതിലൂടെ ലഭിക്കും. ശ്വസന സംവിധാനത്തെ കരുത്തുറ്റതാക്കാനുള്ള എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്ന ഫലം ലഭിക്കും. ദീർഘമായി ശ്വാസം എടുത്തു വിടുന്നതും പരമാവധി ശ്വാസം എടുക്കുന്നതും ശ്വാസകോശത്തിനു വ്യായാമം നൽകുന്നു.

 

പേശികൾ, എല്ലുകൾ 

football-info

വേഗത്തിൽ ഓടുന്നതും ഓടുന്ന ദിശ വേഗത്തിൽ മാറ്റുന്നതും പ്രധാനപേശികൾക്കു ശക്തി വർധിപ്പിക്കാനുള്ള വ്യായാമമാണ്. ആവർത്തിച്ചുള്ള ഓട്ടവും മറ്റും എല്ലുകൾക്കു കൂടുതൽ ലോഡ് നൽകുകയും ഇതു എല്ലുകളുടെ ശേഷി വർധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ എല്ലിന്റെ ചട്ടക്കൂടിനു ബലം ലഭിക്കും. 

 

50

2015ൽ യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ നടത്തിയ പഠനത്തിൽ, 12 ആഴ്ച ഫുട്ബോൾ പരിശീലനത്തിനായി ചെലവഴിച്ചവരുടെ ശരീരത്തിൽ ഓക്സിജൻ പ്രോസസ് 10 മുതൽ 15 ശതമാനം വരെ വർധിച്ചതായി കണ്ടെത്തി. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ 50 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നും പഠനം പറയുന്നു. 

 

കൈകൾ 

ഫുട്ബോൾ കളിക്കുന്നതിനിടെ കൈകൾക്കു പ്രത്യേകമായി വ്യായാമം നൽകുന്നില്ലെങ്കിലും ഓട്ടത്തിനിടയിൽ കൈകൾക്കു മൂവ്മെന്റ് വരുന്നു. ഇതു കൈകൾക്കു മൊബിലിറ്റി എക്സർസൈസ് നൽകുന്നതിനു തുല്യമാണ്. ത്രോ ഇൻ അടക്കമുള്ള മത്സരത്തിലെ നീക്കങ്ങളും കൈകൾക്കു പരമാവധി സ്ട്രെച്ച് ചെയ്യാനുള്ള വ്യായാമമാണ്. 

 

തലച്ചോർ, ബുദ്ധി

വെറും ഓട്ടം മാത്രമല്ല ഫുട്ബോൾ. ഓട്ടത്തിനിടയിൽ എതിരാളികളുടെ നീക്കവും സ്വന്തം ടീമംഗങ്ങളുടെ സ്ഥാനവുമെല്ലാം കണക്കാക്കി ബോൾ പാസ് ചെയ്യുകയും തടുത്തു നിർത്തുകയും വേണം. ബൗദ്ധികമായ വ്യായാമം ഇതിലൂടെ ലഭിക്കും. മനസ്സും ചിന്തയും തമ്മിലുള്ള ഏകോപനം വർധിക്കും. ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർധിപ്പിക്കാനും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനും കളിക്കളത്തിൽ ചെലവഴിക്കുന്ന സമയം സഹായിക്കും. ഫുട്ബോൾ ഒരു ടീം ഗെയിം ആയതിനാൽ പരസ്പരമുള്ള സഹവർത്തിത്വവും വർധിക്കും. 

കാലുകൾ 

ഓടുമ്പോൾ കാലുകൾക്കാണ് ഏറ്റവുമധികം വ്യായാമം ലഭിക്കുന്നത്. ചലനാത്മകത വർധിക്കും. സന്ധികൾക്കും വേണ്ട വ്യായാമം ലഭിക്കും. 

780

ശരീരത്തിലെ കാലറി കുറയ്ക്കാൻ ഫുട്ബോൾ സഹായിക്കുമെന്നു ഹാർവഡ് ഹെൽത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നു. 70 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് 90 മിനിറ്റ് ഫുട്ബോൾ കളിക്കുന്നതിലൂടെ 780 കാലറി വരെ കത്തിച്ചു കളയാനാകുമെന്നു പഠനം പറയുന്നു. 

 

വിവരങ്ങൾ: 

∙ഡോ. വിനയ് ജയ്സൻ ചാക്കോ 

കൺസൽറ്റന്റ് ഓർത്തോപീഡിക് സർജൻ 

എറണാകുളം മെഡിക്കൽ സെന്റർ, കൊച്ചി 

∙ആരോഗ്യ വെബ്സൈറ്റുകൾ 

 

Content Summary: FIFA World Cup 2022 and Fitness Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com