ADVERTISEMENT

വ്യായാമത്തിന്റെ ലോകത്തേക്കു വരുന്ന പലരും ആദ്യ ദിവസങ്ങളില്‍ വളരെ കൺഫ്യൂഷനായിപ്പോകുന്ന ഒരു കാര്യമാണ് വെറും വയറ്റിൽ വ്യായാമം ചെയ്യണോ അതോ വല്ലതും കഴിച്ചിട്ടു വേണോ എന്നത്.  ഈ വിഷയത്തിൽ പത്തു പേരോടു ചോദിച്ചാൽ പത്ത് മറുപടിയായിരിക്കും ലഭിക്കുക. 

അതിരാവിലെ ഭക്ഷണമൊന്നും കഴിക്കാതെ വ്യായാമം ചെയ്യുന്നത് നല്ലതാണെന്ന് പറയുന്നവർ രണ്ട് കാരണങ്ങളാണ് അതിനായി ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിലെ കൊഴുപ്പ് ഊർജ്ജമായി ഉപയോഗിക്കാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെ കൂടുതൽ അളവിൽ ഉണ്ടാവുമെന്നും, അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റിൽ വ്യായാമം ചെയ്താൽ കൂടുതൽ കൊഴുപ്പ് ഉപയോഗിക്കപ്പെടുമെന്നാണ് ഒന്നാമത്തെ വാദം. രാത്രി മുഴുവനും ഭക്ഷണമൊന്നും ലഭിക്കാതെ വരുമ്പോൾ ശരീരത്തിന്റെ അടിസ്ഥാനപ്രവർത്തനങ്ങൾക്കായി ആകെയുള്ള ഗ്ലൂക്കോസൊക്കെ ഉപയോഗിച്ച് തീരുമെന്നും, അങ്ങനെ രാവിലേ എണിറ്റ് വെറും വയറ്റിൽ വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരം കൊഴുപ്പ് പരമാവധി ഉപയോഗിക്കാൻ നിർബന്ധിതമാവുമെന്നുമാണ് രണ്ടാമത്തെ വാദം. ഈ രണ്ട് തിയറിയെയും പിന്തുണക്കുന്ന പഠനങ്ങളുമുണ്ട്. എന്നാൽ പ്രാക്റ്റിക്കൽ തലത്തിലേക്ക് വരുമ്പോൾ വേറെയും കുറച്ച് കാര്യങ്ങൾ കൂടെ കണക്കിലെടുക്കേണ്ടി വരും.

ആരോഗ്യകരമായി ശരീരഭാരവും കുടവയറും കുറയ്‌ക്കാനും ഫിറ്റ്നസ് വർധിപ്പിക്കാനുമുള്ള മാർഗം ഒരിക്കലും പെട്ടെന്ന് കൊഴുപ്പ് കത്തിച്ച് കളയാൻ ശ്രമിക്കലല്ല. മറിച്ച് ദിവസം മുഴുവനും ശരീരത്തെ ആക്റ്റീവ് ആയി നിർത്തുകയും അങ്ങനെ ദിവസത്തിൽ ശരീരം ആകെ കത്തിച്ച് കളയുന്ന ഊർജ്ജത്തിന്റെ അളവ് വർധിപ്പിക്കുകയും, കൂട്ടത്തിൽ കൃത്യമായി ഡയറ്റ് ചെയ്യുകയുമാണ്. വെറും വയറ്റിൽ വ്യായാമം ചെയ്യുന്ന വ്യക്തികൾക്ക് ദിവസത്തിലെ ബാക്കിയുള്ള സമയത്ത് ശരീരത്തിന്റെ മെറ്റബോളിസം ഉയർന്ന നിലയിൽ നിർത്താനും ഫലപ്രദമായി ഊർജ്ജം കത്തിച്ച് കളയാനും താരതമ്യേന ബുദ്ധിമുട്ടാണ്. വ്യായാമം ചെയ്ത് തുടങ്ങുന്ന ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഈ വ്യത്യാസം അത്രക്ക് അനുഭവപ്പെടില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് വല്ലാതെ ദോഷം ചെയ്യും.

exercise

ശ്രദ്ധയോടെ വ്യായാമം ചെയ്തില്ലെങ്കിൽ അമിതവണ്ണവും കൊഴുപ്പും ശരീരത്തിൽ നിന്ന് ഓടിച്ച് വിടുന്നതിനോടൊപ്പം മസിലുകൾ കൂടെ നഷ്ടപ്പെടും. എങ്ങനെയെങ്കിലും മെലിയണം എന്നൊരു ലക്ഷ്യത്തോടെ പട്ടിണി കിടന്നും അശാസ്ത്രീയമായ വ്യായാമങ്ങൾ ചെയ്തും മുന്നോട്ടുപോവുമ്പോൾ പറ്റുന്ന ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന് മസിലിന് വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുന്നതും ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതുമാണ്. വെറും വയറ്റിൽ വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരം വേറെ നിവൃത്തിയില്ലാതെ ഊർജ്ജം ലഭിക്കാനായി പ്രോട്ടീനെയും ആശ്രയിക്കാൻ തുടങ്ങും. സ്വാഭാവികമായും മസിലിന് കിട്ടേണ്ട പ്രോട്ടീൻ അളവിനെ ഇത് ബാധിക്കും. അല്ലെങ്കിൽ തന്നെ ചോറും കപ്പയും പോലെ വെറും കാർബോഹൈഡ്രേറ്റ് അടിച്ച് കയറ്റുന്ന മലയാളിഭക്ഷണശീലത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടാവാറില്ല, അപ്പോപ്പിന്നെ ഇങ്ങനെ കൂടെ പ്രോട്ടീൻ നഷ്ടം വന്നാൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ ഓർത്ത് നോക്കൂ...

കൊഴുപ്പ് ഊർജ്ജമായി ഉപയോഗിക്കാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെ കൂടുതൽ അളവിൽ ഉണ്ടാവുമെന്ന് പറഞ്ഞല്ലോ, ഇങ്ങനെ കോർട്ടിസോൾ കൂടുതലുള്ളപ്പോൾ വ്യായാമം ചെയ്താൽ ശരീരത്തിന് ഉപയോഗിക്കാൻ പറ്റുന്നതിലും കൂടുതൽ ഫ്രീ ഫാറ്റി ആസിഡുകൾ ശരീരത്തിൽ ചംക്രമണം ചെയ്യപ്പെടും. ഈ ഫ്രീ ഫാറ്റി ആസിഡുകൾ ഉടനെ തന്നെ മസിലുകൾക്ക് ഊർജ്ജം നൽകാനായി ഉപയോഗിക്കപ്പെട്ടില്ലെങ്കിൽ അത് വയറിനു ചുറ്റും ഫാറ്റ് ഡെപ്പോസിറ്റ് ആയി മാറാനുള്ള സാധ്യതയുണ്ട്. ചുരുക്കത്തിൽ രാവിലെ വെറും വയറ്റിൽ വ്യായാമം ചെയ്യുമ്പൊൾ ഫാറ്റ് കത്തിപ്പോവുന്നതിനു പകരം, വയറിനു ചുറ്റുമുള്ള ഭാഗങ്ങളിൽ കൂടുതൽ ഫാറ്റ് അടിയാൻ വരെ കാരണമായേക്കാം… 

ഏതൊരു വ്യായാമം ചെയ്യുമ്പൊഴും അവിടെ ശരീരത്തിലെ വിവിധ മസിലുകൾ പണിയെടുക്കുന്നുണ്ട്... ഇതിനായി മസിലുകൾക്ക് കാർബോഹൈഡ്രേറ്റും പ്രോട്ടീനും ആവശ്യമാണ്. വർക്കൗട്ട് തുടങ്ങുന്നതിനു മുൻപായി പ്രീ വർക്കൗട്ട് മീൽ പോലെ ഭക്ഷണം കഴിക്കുന്ന വ്യക്തിക്ക് ഈ കാർബും പ്രോട്ടീനും ആവശ്യത്തിന് ലഭിക്കും, വർക്കൗട്ട് കൂടുതൽ ഫലപ്രദമായി ചെയ്യാനും സാധിക്കും. സ്വഭാവികമായും വെറും വയറ്റിൽ വർക്കൗട്ട് ചെയ്യുമ്പോൾ വർക്കൗട്ട് ചെയ്യാനുള്ള ഊർജ്ജം മസിലുകൾക്ക് ശരിയായ രീതിയിൽ ലഭിക്കാതിരിക്കുകയും, വർക്കൗട്ടിന്റെ റിസൽറ്റ് താരതമ്യേന കുറയുകയും ചെയ്യും.

Photo credit :  NDAB Creativity / Shutterstock.com
Photo credit : NDAB Creativity / Shutterstock.com

ഇതിനെല്ലാം പുറമേയാണ് ആവശ്യത്തിന് ഊർജ്ജമില്ലാതെ വ്യായാമം ചെയ്ത് കുറച്ച് നേരം കഴിയുമ്പോഴെക്കും പിന്നാലെ വന്നേക്കാവുന്ന കടുത്ത ക്ഷീണവും തലകറക്കവുമൊക്കെ. ഇത് ശരീരത്തിൽ അനാവശ്യമായി സ്ട്രെസ്സ് നൽകുകയും, പിന്നാലെ ഉളുക്കിനും ചതവിനും ഒടിവിനുമൊക്കെ കാരണമാവുകയും ചെയ്യാം. മാത്രമല്ല, വർക്കൗട്ട് കഴിയുമ്പോൾ വല്ലാതെ ക്ഷീണിച്ച് സാധാരണയിലും കൂടുതൽ ആഹാരം കഴിച്ച് പോവാനുള്ള സാധ്യതയും കൂടുതലാണ്, അതോടെ ഈ കഷ്ടപ്പെട്ടതിന്റെയൊക്കെ ഫലം ഇല്ലാതാവുകയും ചെയ്യും. 

എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പലർക്കും അതിരാവിലെ എണീറ്റ് വ്യായാമം ചെയ്യുന്നതിനു മുൻപായി ഭക്ഷണം കഴിക്കുന്നതിന് പല പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. മറ്റ് സമയങ്ങളിൽ വ്യായാമം ചെയ്യുന്നവർക്ക് ഈ ഇഷ്യൂ അങ്ങനെ കാണാറില്ല. വ്യായാമം എന്ന്‌ കേൾക്കുമ്പോൾ തന്നെ രാവിലെ നേരത്തേ ഉണർന്ന്‌ ചെയ്യുന്നൊരു സംഗതി എന്ന്‌ ചിന്തിക്കുന്നവർ ഏറെയുണ്ട്‌. വ്യായാമത്തെ അങ്ങനെ ക്ലോക്കിന്റെ ഒരു ഭാഗത്ത്‌ കെട്ടിയിടേണ്ട കാര്യമൊന്നുമില്ല. ക്ലോക്കിന്റെ സൂചി എവിടെ നിൽക്കുമ്പോഴും നമുക്ക് വ്യായാമം ചെയ്യാം. 

exercise

 ചിലർക്ക് രാവിലെ ഭക്ഷണത്തിന്റെ ലഭ്യതയാണ് പ്രശ്നമെങ്കിൽ മറ്റ് ചിലർക്ക് അത്രയും നേരത്തേ വല്ലതും കഴിക്കാൻ ശ്രമിച്ചാൽ വയറിന് അസ്വസ്ഥതയും ഛർദ്ദിയുമൊക്കെയാണ് നേരിടേണ്ടി വരുന്നത്. വെറും വയറ്റിൽ വ്യായാമം ചെയ്യരുത് എന്ന് പറഞ്ഞാൽ അതിനർഥം വയറു നിറയെ ഭക്ഷണം കഴിക്കണം എന്നല്ല, ഒരു തുടക്കം എന്ന നിലയിൽ രണ്ടോ മൂന്നോ ബിസ്ക്കറ്റോ കുക്കീസോ, ഒരാപ്പിളോ, വാഴപ്പഴമോ, അല്ലെങ്കിൽ ചെറിയൊരു ബൗൾ ഓട്സോ ഒക്കെ കഴിച്ച്  ഒരു ഗ്ലാസ് വെള്ളമോ കാപ്പിയോ ഒക്കെ കുടിച്ചാലും ധാരാളമാണ്. ഭക്ഷണം കഴിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ തുടക്കത്തിൽ വെള്ളം മാത്രം കുടിച്ചും, പിന്നീട് വളരെ ചെറിയ അളവിൽ ഭക്ഷണം ഉൾപ്പെടുത്തിയും ശ്രമിക്കാം. പതിയെ ഏതാനും ആഴ്ചകൾ എടുത്ത് ശരിയായ പ്രീ വർക്കൗട്ട് മീലിലേക്ക് മാറുകയും ചെയ്യാം. ചുരുക്കി പറഞ്ഞാൽ,  സാധ്യമാവുമ്പോഴെല്ലാം കൃത്യമായ ഭക്ഷണം കഴിച്ചതിനു ശേഷം വ്യായാമം ചെയ്യുന്നത് തന്നെയാണ് എല്ലായ്‌പ്പോഴും നല്ലത്. ഇനി വ്യായാമത്തോടൊപ്പം മറക്കാതെ ഇക്കാര്യവും കൂടെ ശ്രദ്ധിക്കുമല്ലോ... 

English Summary : Exercise on empty stomach; merits and demerits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com