പട്ടിണി കിടന്നുള്ള വണ്ണം കുറയ്ക്കൽ: സംഭവിക്കുന്നതെന്ത്?

weight loss
Photo Credit : Nina Buday/ Shutterstock.com
SHARE

അമിതവണ്ണവും അവിടവിടെ അടിഞ്ഞു കൂടിയ കൊഴുപ്പും കൊണ്ട് ആശങ്കപ്പെടുന്നവരുടെ ആധിക്യമാണ് ചുറ്റും. എങ്ങനെയെങ്കിലും ഇതൊന്ന് മാറ്റിക്കിട്ടാനായി പഠിച്ച പണി പതിനെട്ടും പിന്നെ ഇന്റനെറ്റിലും വാട്സാപ്പ് യൂണിവേഴ്സിയിലും നിന്നു കിട്ടുന്ന മറ്റ് പണികളും മാറി മാറി പരീക്ഷിച്ച് ഒടുക്കം തുടങ്ങിയെന്തിനാ ഇപ്പോ ചെന്ന് കുടുങ്ങി നിൽക്കുന്നതെവിടെയാ എന്നൊരു അന്തവുമില്ലാത്ത അവസ്ഥയിലുള്ളവരും അപൂർവമല്ല. അത്തരമൊരു പണിയായ പട്ടിണികിടക്കലിനെപ്പറ്റിയാണ് നമ്മളിന്ന് സംസാരിക്കുന്നത്.

"വല്ലാതെ വണ്ണം കൂടുകയാണെന്നേ, എനിക്ക് ഭക്ഷണം വേണ്ട...!" എവിടെയോ കേട്ട് പരിചയമുള്ള വാചകങ്ങൾ, അല്ലേ... അതെ, വണ്ണം കുറയ്‌ക്കാനായി പലരും ആശ്രയിക്കുന്ന മാർഗമാണ് പട്ടിണി കിടക്കൽ. ഇത് ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യൽ, ഡിന്നർ സ്കിപ്പ് ചെയ്യൽ എന്നിങ്ങനെ ലളിതമായ രൂപങ്ങളിൽ തുടങ്ങി, ദിവസം മുഴുവനും ജലപാനം പോലുമിലാതെ കഴിയുന്നതിൽ വരെ എത്തിനിൽക്കുന്ന പലവിധ പട്ടിണികിടക്കലുകളുണ്ട്.

weight loss

ശരീരത്തിന് പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണ്, അവ ലഭിക്കുന്നതാവട്ടെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ്. അഥവാ ഭക്ഷണം കഴിച്ചില്ലെങ്കിലും ശരീരത്തിന് അതിന്റെ പ്രധാന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവാൻ ഊർജം കൂടിയേ തീരൂ. സ്വാഭാവികമായും ശരീരത്തിൽ കൊഴുപ്പിന്റെ രൂപത്തിൽ ശേഖരിച്ച് വച്ച ഊർജവും മറ്റും എടുത്ത് ഉപയോഗിക്കുകയും, അങ്ങനെ മെലിയുകയും ചെയ്യും. കേൾക്കുമ്പോൾ ഇത്ര ലളിതമായ കാര്യങ്ങളാണെങ്കിലും സത്യത്തിൽ പട്ടിണി കിടക്കുമ്പോൾ സംഭവിക്കുന്നത് മറ്റ് ചില കാര്യങ്ങൾ കൂടിയാണ്.

നമ്മുടെ തലച്ചോറ് ശരിയായി പ്രവർത്തിക്കാൻ ഗ്ലൂക്കോസ് ലഭിക്കണം. ഗ്ലൂക്കോസ് ലഭിക്കുന്നതാവട്ടെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ്. ഒരിക്കൽ കഴിച്ച ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസ് ഏതാനും മണിക്കൂറുകൾ കൊണ്ടുതന്നെ ഉപയോഗിച്ച് തീരും. പിന്നാലെ അടുത്ത ഭക്ഷണം ചെന്നില്ലെങ്കിൽ രക്തത്തിലെ ഷുഗറിന്റെ അളവ് താഴലും ശരീരം വിറയലുമൊക്കെ ആരംഭിക്കും. സമയത്തിനും ആവശ്യത്തിനും ഗ്ലൂക്കോസ് കിട്ടാതാവുമ്പോൾ തലച്ചോറ് പതുക്കെ പിണങ്ങിത്തുടങ്ങുകയുമായി. ഈ പിണക്കം നല്ല മുട്ടൻ തലവേദനയുടെ രൂപത്തിലും, തളർച്ചയായും തലകറക്കമായും ഛർദിക്കാൻ തോന്നലായുമൊക്കെയാണ് പുറത്തു വരുന്നത്.

healthy food

തുടർച്ചയായി പട്ടിണി കിടക്കുന്നവരിൽ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം താളം തെറ്റും. മിക്കവർക്കും പട്ടിണി കിടന്നതിനു ശേഷം കഴിക്കുന്ന അടുത്ത ഭക്ഷണത്തിന്റെ അളവ് സാധാരണയിലും വളരെ കൂടുതലായിരിക്കും. ഇടയ്ക്കിടെ വിശപ്പ് തോന്നുക, ഭക്ഷണം എത്ര കഴിച്ചാലും തൃപ്തി ഇല്ലാതിരിക്കുക എന്നിവയുണ്ടാവും. ഇനിയെങ്ങാനും അടുത്തെങ്ങും ഭക്ഷണം കിട്ടിയില്ലെങ്കിലോ എന്ന് കരുതുന്ന ശരീരം കഴിക്കുന്ന ഭക്ഷണം ഫാറ്റ് ആയി ശേഖരിക്കാനുള്ള സാധ്യതയും കൂടുതലാണ്. നോക്കണേ, മെലിയാനായി പട്ടിണി കിടന്നിട്ട് ഒടുക്കം പിന്നെയും തടി കൂടിയാലുള്ള അവസ്ഥ!

ഭക്ഷണവുമായി ബന്ധപ്പെട്ട ഹോർമോണുകൾ മാത്രമല്ല, ബ്ലഡ് ഷുഗർ കുറയുമ്പോൾ കോർട്ടിസോൾ പോലെയുള്ള സ്ട്രെസ് ഹോർമോണുകളും ശരീരം ഉത്പാദിപ്പിക്കും. ഇത് മൂഡ് സ്വിങ്ങും അകാരണമായ ആശങ്കയും, പെട്ടെന്നുള്ള ദേഷ്യം വരവും, ഒന്നിലും ശ്രദ്ധ നൽകാൻ പറ്റാതിരിക്കലുമൊക്കെ ഉണ്ടാക്കുകയും ചെയ്യും. സമയത്തിന് ഭക്ഷണം കിട്ടാത്തത് കാരണം വയറ്റിലുണ്ടാവുന്ന വേദനകളും അസിഡിറ്റിയും അൾസറും പുളിച്ച് തികട്ടലും നെഞ്ചെരിച്ചിലും ഗ്യാസുമൊക്കെ വേറെയും.

തുടർച്ചയായി ഊർജ്ജം ലഭിക്കാതെ വരുന്ന ശരീരം ഈ അവസ്ഥയോട് യോജിച്ച് പോവാനായി സ്വയം വരുത്തുന്ന മാറ്റങ്ങൾ പലതാണ്. ഇതിനായി ശരീരത്തിലെ പല പ്രവർത്തനങ്ങളും മന്ദീഭവിപ്പിക്കുകയും അതുവഴി മെറ്റബോളിസം നിരക്ക് താഴോട്ട് കൊണ്ടുവരുകയും ചെയ്യും. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് ഈ പ്രശ്നം നേരിടുന്നത്. മറ്റൊരു അപകടം സംഭവിക്കുന്നത് ഫാറ്റ് ഉപയോഗപ്പെടുത്തുന്നതു പോലെതന്നെ ശരീരം മസിലിനെയും ഊർജ്ജത്തിനായി ഉപയോഗിക്കുകയും അങ്ങനെ ശരീരത്തിലെ മസിൽ മാസ് കുറയ്ക്കുകയും ചെയ്യുമ്പോഴാണ്. മസിൽ അളവ് കുറയുമ്പോൾ ഊർജത്തിന്റെ ആവശ്യം മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യവും കായികശേഷിയുമൊക്കെയാണ് ഗുരുതരമായി ബാധിക്കുന്നത്.

ശരീരം പ്രവർത്തിക്കാനുള്ള ഊർജം മാത്രമല്ല, ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ ആവശ്യമായ വൈറ്റമിനുകളും മിനറലുകളൂം ലഭിക്കുന്നതും ഭക്ഷണത്തിൽ നിന്നു തന്നെയാണ്. ഇവ ആവശ്യത്തിന് ലഭിക്കാതിരുന്നാൽ പോഷകാഹാരക്കുറവ് മൂലമുള്ള വിവിധ രോഗങ്ങളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്.

ഇപ്പറഞ്ഞതിനെല്ലാം പുറമേ സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാൽ ഇക്കാര്യം നമ്മൾ പറയാതെതന്നെ കൂടെയുള്ളവർ അറിയാൻ സാധ്യതയുള്ളൊരു പ്രശ്നം കൂടിയുണ്ട്. സംഗതി മറ്റൊന്നുമല്ല, വായ്‌നാറ്റം തന്നെ. ഭക്ഷണം ആവശ്യത്തിന് ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ കീറ്റോ അസിഡോസിസ് നടക്കുകയും, ഇതിലെ രാസപ്രവർത്തനത്തിന്റെ ഭാഗമായി അസുഖകരമായ മണം വരുകയും ചെയ്യും. കൂടാതെ വായിലെ ഉമിനീരിന്റെ അളവ് കുറയുമ്പോൾ, വായ്‌നാറ്റത്തിനു കാരണമാവുന്ന ബാക്ടീരിയയുടെ സാന്നിധ്യവും കൂടും, പിന്നെ പറയണോ...

exercise on empty stomach
Photo credit : Prostock-studio / Shutterstock.com

അപ്പൊ ഇത്രയൊക്കെ വായിച്ച സ്ഥിതിക്ക് നിങ്ങൾ തന്നെ പറയൂ, ഇനി വണ്ണം കുറയ്‌ക്കാനായി പട്ടിണി കിടന്ന് ഇത്രായിരം പ്രശ്നങ്ങളും കൊണ്ട് വലയണോ? അതോ ആവശ്യത്തിന് ഭക്ഷണം കഴിച്ച് കൂട്ടത്തിൽ കൃത്യമായി വ്യായാമവും ചെയ്ത് ഹെൽത്തി ആയി മെലിയണോ...

Content Summary : Healthy weight loss tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS