ADVERTISEMENT

ഗായകർക്കു ശാരീരം പോലെ തന്നെ പ്രധാനമാണു ശരീരം. ആരോഗ്യമില്ലെങ്കിൽ ശബ്ദത്തെയും അതു ബാധിക്കും. ഗായകനെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ഭക്ഷണത്തിലുൾപ്പെടെ ശ്രദ്ധിക്കണമെന്നും ഒട്ടേറെ ഇനങ്ങൾ വർജിക്കണമെന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ കേൾക്കാറുണ്ട്. തണുപ്പു കഴിക്കരുത്, പുളി ഒഴിവാക്കണം, കാറ്റുകൊള്ളരുത് എന്നിങ്ങനെ. എന്നാൽ, ഇതെല്ലാം ഓരോരുത്തരുടെ ശാരീരിക അവസ്ഥകൾ വച്ചു വേണം വിലയിരുത്തേണ്ടതെന്നാണ് എന്റെ അഭിപ്രായം.

 

തണുപ്പ് പ്രശ്നമോ?

ഗായകർക്കു തണുപ്പു പറ്റില്ലെന്നാണു പൊതുവെ പറയുക. എന്നാൽ, പഴയ തലമുറ ബ്രാഹ്മമുഹൂർത്തത്തിൽ ജലസാധകം ചെയ്തിരുന്നതു കഴുത്തൊപ്പം തണുത്ത വെള്ളത്തിൽ നിന്നല്ലേ? പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിലൂടെ ശബ്ദത്തിനുണ്ടാകുന്ന മികവാണ് ആ പ്രക്രിയയിലൂടെ ആർജിച്ചിരുന്നത്. ഐസ്ക്രീം ഉൾപ്പെടെയുള്ളവ ഇഷ്ടമുള്ള ആളാണു ഞാൻ. അപൂർവമായി കഴിച്ചാലും അതു വലിയ പ്രശ്നം ഇന്നോളം ഉണ്ടാക്കിയിട്ടില്ല. പലപ്പോഴും മനസ്സിന്റെ പേടിയാണു പ്രശ്നം സൃഷ്ടിക്കുന്നത്. ഇതിനെ മറികടക്കാനായാൽ ശരീരവും അതിനനുസരിച്ചു പാകപ്പെടുമെന്നതാണ് എന്റെ അനുഭവം.

 

ആരോഗ്യം = ഭക്ഷണം

madhu-balakrishnan2

മനുഷ്യന്റെ ശരീരം സസ്യഭക്ഷണത്തിനുതകുന്ന രീതിയിൽ സൃഷ്ടിക്കപ്പെട്ടതാണെന്നാണ് എന്റെ അഭിപ്രായം. മാസഭുക്കുക്കളായ മൃഗങ്ങളെപ്പോലെ ദംഷ്ട്രകളും മറ്റും മനുഷ്യനില്ല എന്നത് ഈ ന്യായം ശരിവയ്ക്കുന്നു. ഇതുകൊണ്ടു തന്നെ അധികവും സസ്യഭക്ഷണമാണ് എന്റെ ശീലം. അതും ജൈവ പച്ചക്കറി മാത്രമാണു വർഷങ്ങളായി ഉപയോഗിക്കുന്നത്. 

രാസവളം ഉപയോഗിക്കാതെ കീടനാശിനി തളിക്കാതെയുള്ള പച്ചക്കറികൾ രോഗങ്ങളെ അകറ്റി നിർത്തും. സസ്യാഹാരികൾക്കു മറ്റുള്ളവരെ അപേക്ഷിച്ചു ശരീരസൗഖ്യവും അധികമായിരിക്കുമെന്നാണ് അനുഭവം.

ശരീരമാദ്യം

മനസ്സിനെ വരുതിയിലാക്കിയാൽ ശരീരം അതിനൊത്തു മുന്നോട്ടു പോകും. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നു പറയും. എന്നാൽ ഇതു രണ്ടും പരസ്പര പൂരകങ്ങളാണെന്നതാണു സത്യം. ആരോഗ്യമുള്ള മനസ്സില്ലെങ്കിൽ ശരീരവും അതിനൊത്തേ പ്രതികരിക്കുകയുള്ളൂ. മനസ്സിനു സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുക എന്നതാണു പ്രധാനം. ഇതിനു വ്യായാമം അത്യന്താപേക്ഷിതമാണ്. നന്നായി വർക്ക് ഔട്ട് ചെയ്യുന്നയാളാണു ഞാൻ. കടന്നു പോയ കോവിഡ് കാലം മാത്രമാണ് ഇതിന് അൽപമെങ്കിലും അപവാദമായത്. മിതമായ രീതിയിലുള്ള വർക്ക് ഔട്ടുകൾ മാത്രമാണ് ആ സമയത്തു പരീക്ഷിച്ചത്. നിലവിൽ കാർഡിയോ വർക്ക് ഔട്ടുകളിലേക്കു മടങ്ങിയിട്ടുണ്ട്. ട്രെഡ്മിൽ, സൈക്കിളിങ്, സ്കിപ്പിങ് എല്ലാം പരീക്ഷിക്കുന്നു. മുൻപു വെയ്റ്റ് ലിഫ്റ്റിങ് ഉൾപ്പെടെ ചെയ്തിരുന്നു. ചില വ്യായാമ മുറകൾ ശബ്ദത്തിനു ദോഷം ചെയ്യുമെന്ന ഉപദേശം ലഭിച്ചതോടെ അവ ഒഴിവാക്കുകയോ ദൈർഘ്യം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഭക്ഷണം പോലെ തന്നെ അവനവന്റെ ശരീരത്തിനു പറ്റുന്ന വ്യായാമരീതികൾ കണ്ടെത്താനും ശ്രമം വേണം. ഇതിനു വിദഗ്ധരുടെ സഹായം ഉൾപ്പെടെ തേടാം.

Content Summary: Fitness secret of Madhu Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com