സ്ത്രീകളുടെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സമ്മാനിച്ചാണ് പ്രസവകാലം കടന്ന് പോകാറുള്ളത്. പ്രസവകാലത്ത് വര്‍ധിക്കുന്ന ഭാരം കുറയ്ക്കാന്‍ പലര്‍ക്കും മാസങ്ങളും വര്‍ഷങ്ങളും വേണ്ടി വന്നേക്കാം. എന്നാല്‍ അടുത്തിടെ അമ്മയായ ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ മാറ്റമില്ലാതെ തുടരുന്ന ഫിറ്റ്നസ് ഏവരെയും അതിശയിപ്പിച്ചു.
നവംബറിലാണ് താര ദമ്പതികളായ ആലിയയും രണ്‍ബീര്‍ കപൂറും തങ്ങളുടെ ആദ്യത്തെ കണ്‍മണി രാഹയെ വരവേറ്റത്. പ്രസവശേഷം കഴിഞ്ഞ ദിവസമാണ് തന്‍റെ യോഗ ക്ലാസിന് പുറത്ത് വച്ച് ആലിയ ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍പ്പെട്ടത്. ഗര്‍ഭകാലം താരത്തിന്‍റെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് മാത്രമല്ല മുന്‍പത്തെ പോലെ തന്നെ സൂപ്പര്‍ ഫിറ്റായിട്ടാണ് ആലിയ കാണപ്പെട്ടത്. ഇതിന് ശേഷം സഹോദരിയുടെ ജന്മദിന പാര്‍ട്ടിക്കും ആലിയ ആത്മവിശ്വാസം തുളുമ്പുന്ന മുഖത്തോടെയും ശരീരത്തോടെയും ക്യാമറയ്ക്ക് മുന്നിലെത്തി.
ഫിറ്റ്നസ് രഹസ്യം
ദിവസവും ജിം വര്‍ക്ക്ഔട്ട് ചെയ്യുന്ന ആലിയ പൈലേറ്റ്സിന്‍റെയും യോഗയുടെയും മെഡിറ്റേഷന്‍റെയും ആരാധികയാണ്. ഭക്ഷണക്രമമാണ് ആലിയയുടെ ഫിറ്റ്നസിന്‍റെ മറ്റൊരു രഹസ്യം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനാണ് താരത്തിന് ഏറെ ഇഷ്ടം. ചിയ പുഡ്ഡിങ്, കിച്ച്ഡി, ദാല്‍-ചാവല്‍, കേര്‍ഡ് റൈസ് എന്നിവയ്ക്ക് പുറമേ അതാത് കാലത്ത് സമൃദ്ധമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ആലിയ തന്റെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നു.
Content Summary: Alia Bhatt's post pregnancy fitness tips