നാടോടുമ്പോൾ കൂടെ ആടണം; നൃത്തം വ്യായാമത്തിന്റെ ഭാഗമാകുമ്പോൾ...

dancing
SHARE

ആണുങ്ങളെക്കൊണ്ടുപോലും ഐറ്റം ഡാൻസ് കളിപ്പിച്ച വർഷമായിരുന്നു 2022. ‘ഭീഷ്മപർവം’ സിനിമയിലെ ‘രതിപുഷ്പം പൂക്കും’എന്ന ഗാനത്തിനൊപ്പം ത്രസിപ്പിക്കുന്ന ചുവടുകളുമായി എത്തിയ റംസാൻ മുഹമ്മദ്, ഗ്ലാമർ നടിമാർ കയ്യടക്കി വച്ചിരുന്ന സിനിമാ ഗാനചിത്രീകരണത്തിലെ ഐറ്റം ഡാൻസ് ആണുങ്ങൾക്കും വഴങ്ങുമെന്ന് അടിവരയിട്ടു. എന്നാൽ ഐറ്റം ഡാൻസ് മാത്രമല്ല, പ്രായഭേദമെന്യേ സകലരും ആടിത്തിമിർത്ത വർഷമാണു കഴി‍ഞ്ഞുപോയത്. പുതുവർഷത്തിലെ പുത്തൻ കാലഘട്ടത്തിൽ നൃത്തവും ചുവടുകളും പുതിയ ട്രെൻഡ് ആകുമോ..

സിനിമ തന്ന പുത്തൻ സംസ്കാരം

ഷാറുഖ് ഖാന്റെ ലുങ്കി ഡാൻസ് ഇറങ്ങിയപ്പോൾ ലുങ്കി ഡാൻസ് ഇല്ലാത്ത ഒരാഘോഷവും ക്യാംപസുകളിൽ ഉണ്ടായിരുന്നില്ല. ‘എന്റമ്മേടെ ജിമിക്കി കമ്മലിനൊപ്പവും’ ഒരു കാലത്തു നാടാകെ ചുവടു വച്ചു. ‘മഹേഷിന്റെ പ്രതികാരത്തിൽ’ ജനക്കൂട്ടത്തിനിടയിലേക്കു പെട്ടെന്നു വന്നു ചെറുകൂട്ടമായി ഡാൻസ് കളിച്ച ജിൻസിയുടെ ഫ്ലാഷ്മോബ് വളരെപ്പെട്ടന്നു തന്നെ ട്രെൻഡ് ആയി. എന്തിനും ഏതിനും ഫ്ലാഷ്മോബുകൾ സ്ഥാനം പിടിച്ചു. ‘അജഗജാന്തരത്തി’ലെ ‘ഒളുള്ളേരു’ പാട്ട് വിവാഹ വീടുകളിൽ നൃത്തം നിർബന്ധമാക്കി. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ ചാക്കോച്ചൻ ആടിക്കളിച്ച ‘ദേവദൂതർ പാടി... സ്നേഹദൂതർ പാടി...’ എന്ന പാട്ട് ഏതു സാഹചര്യത്തിലും ചുവടുവയ്ക്കാൻ മലയാളികളെ പ്രേരിപ്പിച്ചു. ഇത്തരത്തിൽ പ്രായഭേദമെന്യേ ചുവടുകൾ വയ്ക്കുന്നതു കഴിഞ്ഞ കുറച്ചു നാളുകളായി മലയാളം സിനിമകളിലും ട്രെൻഡാണ്.

ഓൺലൈനിൽ നൃത്തം പഠിപ്പിക്കാൻ തുടങ്ങിയതോടെ ഒട്ടേറെപ്പേരാണു പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയത്. 50 വയസ്സിനു മുകളിലുള്ള സ്ത്രീകളും നൃത്തം പഠിക്കുന്നുണ്ട്. റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുന്നതിന്റെ ഭാഗമായി പഠിക്കുന്നവരും വിരളമല്ല. പ്രായമായവർക്കു ക്ലാസിക്കലും സെമി ക്ലാസിക്കലുമൊക്കെയാണു കൂടുതലിഷ്ടം. ചെറുപ്പക്കാർ കൂടുതലും സിനിമാറ്റിക് ഡാൻസ് പഠിക്കാനാണെത്തുന്നത്

ഐശ്വര്യ രാജീവ്, നർത്തകി, സിനി ആർട്ടിസ്റ്റ്

ജീവിതത്തിലെ താരങ്ങൾ

പോയവർഷം ഡാൻസെന്നാൽ ഭരതനാട്യവും കുച്ചിപ്പുഡിയുമൊന്നുമല്ലെന്നു തെളിയിച്ച ചില താരങ്ങളും നാട്ടിലുണ്ടായി. കഴിഞ്ഞ മാർച്ചിൽ തന്റെ റിട്ടയർമെന്റ് ദിനത്തിൽ ഡാൻസ് കളിച്ച് കോട്ടയം സെന്റ് മാർസെലീനാസ് സ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ ലിറ്റിൽ തെരേസ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇത്ര വൈറൽ ആകുമായിരുന്നുവെങ്കിൽ ഞാൻ കുറച്ചു സംഗതിയിട്ടു കളിച്ചേനെയെന്നതായിരുന്നു സിസ്റ്ററിന്റെ പ്രതികരണം. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിദ്യാർഥികൾക്കൊപ്പം ചുവടുവച്ച കലക്ടർ ദിവ്യ എസ്.അയ്യരും കേറ്ററിങ്ങിനിടെ ചുവടുവച്ച കുടുംബശ്രീ പ്രവർത്തകരും വിവാഹവീട്ടിൽ ഡാൻസ് കളിച്ച നാട്ടുകാരുമെല്ലാം പോയ വർഷത്തെ താരങ്ങളായി.

വ്യായാമത്തിലും ചുവടുകൾ

വിരസമായ വ്യായാമ രീതികളോടു വിടപറഞ്ഞു ഡാൻസ് ചെയ്തു ഫിറ്റ്നസ് നിലനിർത്തുന്ന കാലമാണിത്. എയ്റോബിക് ഡാൻസ് സുംബയ്ക്കു വഴിമാറിക്കൊടുത്തപ്പോൾ ഭൂരിഭാഗം സ്ത്രീകളും അതു തിരഞ്ഞെടുത്തു. സൽസ, ഹിപ് ഹോപ്, ടാംഗോ, സോക്ക എന്നിങ്ങനെയുള്ള നൃത്തരൂപങ്ങളുടെ മിശ്രിതമാണ് സുംബ. വളരെ വേഗത്തിലുള്ള ചുവടുകളാണ് ഇവയുടെ പ്രത്യേകത. ഇഷ്ട ഗാനത്തിനൊപ്പം മാനസിക ഉല്ലാസത്തോടെ ചുവടുകൾ വയ്ക്കാവുന്ന സുംബ ഡാൻസ് പുരുഷന്മാരുടെയും പ്രിയപ്പെട്ട വ്യായാമരീതിയാണ്.

നൃത്തം, നൃത്തം സർവത്ര

നൃത്തം അഭ്യസിക്കാൻ സഹായിക്കുന്ന ഒട്ടേറെ യുട്യൂബ് ചാനലുകളും വെബ്സൈറ്റുകളും ലോക്ഡൗൺ കാലത്തു കൂണുപോലെ പൊട്ടിമുളച്ചു. ഇതിന്റെ ഫലമായി വെറുതേയെങ്കിലും ഒന്നു പയറ്റി നോക്കാനുള്ള ധൈര്യം എല്ലാവർക്കും കൈവന്നു. ഇൻസ്റ്റ റീലുകളും ടിക്ടോക്കും മ്യൂസിക്കലിയും യുട്യൂബ് ഷോർട്സുമെല്ലാം അവസരങ്ങളുടെ അനന്തമായ സാധ്യത തുറക്കുകയും ചെയ്തതോടെ നാടാകെ ഡാൻസായി. ഓൺലൈൻ വിഡിയോകളിൽ ‘ഗ്രാൻഡ്മാ’ തരംഗം വന്നതോടെ കൊച്ചുമക്കൾക്കൊപ്പം ചുവടുവയ്ക്കുന്ന മുത്തശ്ശിമാരും വർധിച്ചു. ഉത്തരേന്ത്യൻ വിവാഹങ്ങളിലെ ഹൽദി കേരളത്തിലുമെത്തിയപ്പോൾ അമ്മായിമാരും അമ്മാവൻമാരുമെല്ലാം പാട്ടുകൾക്കൊപ്പം അരങ്ങുണർത്തി വേദിയിലെത്തി.

Content Summary: Dancing and Exercise

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS