താനൊരു ഫൂഡി (foodie)ആണെന്നും ഡയറ്റിങ്ങിലും വെയ്റ്റ് ലോസിലുമൊന്നും വിശ്വസിക്കുന്നില്ലെന്നും പലപ്പോഴും പറഞ്ഞിട്ടുണ്ട് മക്കൾ സെൽവൻ വിജയ് സേതുപതി. പക്ഷേ അടുത്തിടെ നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം വളരെപ്പെട്ടെന്നു വൈറലായി. വളരെച്ചുരുങ്ങിയ കാലം കൊണ്ടു വിജയ് ശരീരഭാരം കുറച്ചതിനെപ്പറ്റി അടുത്തിടെ വാർത്തകൾ വന്നിരുന്നു. അതിനു പിന്നാലെയാണ് പുതിയ ലുക്കിലുള്ള ചിത്രം നടൻ പുറത്തുവിട്ടത്.
‘‘എനിക്ക് രുചികരമായ ഭക്ഷണം കഴിക്കണം. ഇല്ലെങ്കിൽ എന്റെ ജീവിതത്തിന് ഒരു രുചിയും ഉണ്ടാവില്ല. അതുകൊണ്ട് ഞാൻ രുചികരമായ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു.’’ എന്നു പറഞ്ഞിട്ടുള്ള വിജയ് സേതുപതി, തികച്ചും ആരോഗ്യകരമായ മാർഗങ്ങളിലൂടെയാണ് ശരീരഭാരം കുറച്ചത്. വ്യായാമവും ഭക്ഷണനിയന്ത്രണവുമാണ് അതിനു സ്വീകരിച്ചത്. മനസ്സു വച്ചാൽ അത്തരം മാർഗങ്ങളിലൂടെ ആർക്കും ശരീരഭാരം നിയന്ത്രിക്കാം.
ആരോഗ്യകരമായി എങ്ങനെ ശരീരഭാരം കുറയ്ക്കാം
ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സമീകൃതഭക്ഷണവും വ്യായാമവും ശീലമാക്കണം. ശാരീരികപ്രവർത്തനങ്ങൾ വർധിക്കുമ്പോൾ ഊർജത്തിനായി ശരീരത്തിലെ കാലറി ബേൺ ചെയ്യുന്നത് കൂടുന്നു. ശരീരത്തിലെ അധിക കാലറി ഇങ്ങനെ കത്തിച്ചുകളയുന്നതിനൊപ്പം, ഭക്ഷണം നിയന്ത്രിച്ച്, ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് ക്രമീകരിക്കുകയും ചെയ്യാം.
വ്യായാമത്തിന്റെ ഗുണങ്ങൾ
കഠിനവ്യായാമങ്ങളും കാഠിന്യം കുറഞ്ഞ വ്യായാമങ്ങളും ചെയ്യുക വഴി ശരീരഭാരം കുറയുക മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം ഇവ വരാനുള്ള സാധ്യതയും കുറയുന്നു.
ഉപാപചയ പ്രവർത്തനം വർധിപ്പിക്കാൻ വ്യായാമം സഹായിക്കുന്നു. ലീൻ ബോഡി മാസ് നിയന്ത്രിക്കാനും കൂട്ടാനും വ്യായാമം സഹായിക്കും. ഒരു ദിവസം കത്തിച്ചു കളയുന്ന കാലറിയുടെ അളവ് കൂട്ടാനും ഇത് വഴി കഴിയും.
ആഴ്ചയിൽ മൂന്നു തവണ എങ്കിലും, 30 മുതൽ 45 മിനിറ്റ് വരെ ഏതെങ്കിലും തരത്തിലുള്ള കഠിനവ്യായാമങ്ങളോ എയ്റോബിക് എക്സർസൈസോ ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു.
നടത്തം, ജോഗിങ്, ഓട്ടം, നീന്തൽ, സൈക്ലിങ്ങ് തുടങ്ങിയ മിതവ്യായാമങ്ങൾ ദിവസവും 15 മിനിറ്റ് എങ്കിലും ചെയ്യുന്നത് 100 അധിക കാലറിയെ കത്തിച്ചു കളയും.
കൊഴുപ്പിനെ പ്രത്യേകിച്ച് വയറിലെ കൊഴുപ്പിനെ കളയാൻ കാർഡിയോ വ്യായാമങ്ങൾ സഹായിക്കുമെന്ന് ദ് നാഷനൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഉള്ള സാധ്യത കൂട്ടും.
ജീവിതശൈലിയിൽ കാർഡിയോ വ്യായാമങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും മെറ്റബോളിക് ഹെൽത്ത് മെച്ചപ്പെടുത്താനും സഹായിക്കും.
ശാരീരികപ്രവർത്തനങ്ങൾ കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ട്
∙ശരീരഭാരം കുറയ്ക്കാനും നിയന്ത്രിച്ചു നിർത്താനും സഹായിക്കുന്നു.
∙ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നു.
∙സന്ധിവേദന കുറയ്ക്കുന്നു.
∙പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം, കാൻസറുകൾ ഇവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
∙ഓസ്റ്റിയോപോറോസിസ് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
∙വിഷാദം, ഉത്കണ്ഠ ഇവയുടെ ലക്ഷണങ്ങളെ കുറയ്ക്കുന്നു.
Content Summary: Vijaya Sethupathi's healthy lifestyle tips