നടുവേദനയ്ക്കും ഉറക്കപ്രശ്നത്തിനും പരിഹാരമായി യോഗാപരിശീലനം; 57 വയസ്സിൽ ജയശ്രീ കുറച്ചത് 8 കിലോയും

jayasree
SHARE

പ്രായം 50 പിന്നിട്ടാൽപിന്നെ ഒതുങ്ങിക്കൂടി എങ്ങനെയെങ്കിലുമൊക്കെ കഴിഞ്ഞാൽ മതിയെന്നാണ് ഭൂരിഭാഗം കേരളീയ സ്ത്രീകളും ചിന്തിക്കുന്നത്. ഇതിനൊപ്പം നടുവേദന, മുട്ടുവേദന പോലുള്ള ശാരാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ പ്രായമാകുന്നതു കൊണ്ടാണെന്നു കരുതി പലരും അവഗണിക്കും. ഇവിടെയാണ് തിരുവനന്തപുരം സ്വദേശിയായ കെ.ജയശ്രീ വ്യത്യസ്തയാകുന്നത്. മകന്റെ വിവാഹവും കഴിഞ്ഞ് പ്രാരാബ്ധങ്ങളൊക്കെ മാറിയപ്പോഴാണ് ശരീരഭാരം കുറച്ചാലോ എന്ന ചിന്ത ജയശ്രീക്ക് ഉണ്ടായത്. അതിനു തിരഞ്ഞെടുത്ത വഴിയാകട്ടെ യോഗയും. ഈ പ്രായത്തിൽ യോഗാസനങ്ങളൊക്കെ വഴങ്ങുമോ എന്ന ഭയമുണ്ടായിരുന്നെങ്കിലും മനസ്സുവച്ചാൽ പ്രായം ഒന്നിനും തടസ്സമല്ലെന്നു തിരിച്ചറിഞ്ഞു ജയശ്രീ. കുടുംബം മുഴുവൻ പിന്തുണയുമായി നിന്നതോടെ ജയശ്രീ കുറച്ചത് എട്ടു കിലോയാണ്; ഒപ്പം ആരോഗ്യപ്രശ്നങ്ങളിൽനിന്ന് മോചനവും. 57–ാം വയസ്സിൽ യോഗയിലൂടെ ശരീരഭാരം കുറയ്ക്കണമെന്ന തീരുമാനമെടുത്തതിനു പിന്നിലെ രഹസ്യം ജയശ്രീ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

കാലങ്ങളായി വ്യത്യാസമില്ലാത്ത ശരീരഭാരം

jayasree4

കാലങ്ങളായി ശരീരഭാരം 67- 68 കിലോ ആയിരുന്നു. കൂടാതെ നടുവേദന, കൈകാലുകളുടെ കഴപ്പ് തുടങ്ങിയവ കൂടുകയും ബോഡി ഫ്ലെക്സിബിലിറ്റി  കുറയുകയും ചെയ്തു.  ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളും അലട്ടിത്തുടങ്ങി. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും ഊർജസ്വലതയില്ലായ്മയും. ഇതിനു മാറ്റം വേണമെന്ന് എനിക്കു തോന്നി. അപ്പോഴും ശരീരഭാരം കുറയ്ക്കണമെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. കാരണം പാരമ്പര്യമായി ശരീരഭാരം കൂടുതലുള്ള കുടുംബത്തിലെ അംഗമാണ് ഞാൻ. അതുകൊണ്ടുതന്നെ ഭാരത്തിലൊന്നും വലിയ മാറ്റം പ്രതീക്ഷിച്ചില്ല. ആരോഗ്യം മെച്ചപ്പെടുത്തണമെന്ന ചിന്തയേ ഉണ്ടായിരുന്നുള്ളു. പിന്നെ നടുവേദന, കൈകഴപ്പ് എന്നൊന്നും പറഞ്ഞ് ഇരിക്കാനും എനിക്ക് ആഗ്രഹമില്ലായിരുന്നു.

വലതുകാൽ വച്ച് യോഗയിലേക്ക്

jayasree-yoga1

പണ്ടു മുതലേ യോഗ വലിയ ഇഷ്ടമായിരുന്നെങ്കിലും 57 വയസ്സു വരെ ഒരു ആസനം പോലും പരിശീലിച്ചിട്ടില്ലായിരുന്നു. ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിച്ചപ്പോൾ ആദ്യം മനസ്സിലേക്കെത്തിയത് യോഗ ആയിരുന്നു. അന്വേഷിച്ചപ്പോൾ ഓൺലൈനായി യോഗപരിശീലനം നൽകുന്ന ആചാര്യൻമാർ ഉണ്ടെന്ന് അറിഞ്ഞു. അപ്പോഴും ഈ ആസനങ്ങളൊക്കെ ചെയ്യാൻ ശരീരം വഴങ്ങുമോ എന്നൊരു പേടി ഉള്ളിലുണ്ടായിരുന്നു. വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോഴാകട്ടെ ഭർത്താവും മകനും മരുമകളുമൊക്കെ കട്ടസപ്പോർട്ട്. അമ്മയ്ക്കു ചെയ്യാൻ സാധിക്കുമെന്ന് അവർ ഒരേ സ്വരത്തിൽ. ‘നീ ആദ്യം യോഗയ്ക്കു ചേർന്ന് പരിശീലിച്ചു നോക്ക് എന്നിട്ടല്ലേ ബാക്കിയൊക്കെ’ എന്ന് ഭർത്താവും. ഇവർക്കൊക്കെ എന്നെക്കുറിച്ചുള്ള ആത്മവിശ്വാസം കണ്ടപ്പോൾ യോഗ പരിശീലിച്ചു നോക്കാമെന്നു തീരുമാനിച്ചു.

jayasree-yoga

എന്റെ മകളാകാൻ പ്രായമുള്ള കുട്ടിയായിരുന്നു യോഗാഗുരു. എങ്കിലും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത പരിശീലനമായിരുന്നു. ആദ്യമൊക്കെ ശരീരം വഴങ്ങിയില്ലെങ്കിലും ഒരു മാസം കഴിഞ്ഞതോടെ വ്യത്യാസം വന്നുതുടങ്ങി. ഗുരു ഓരോ ആസനവും ശരിയായി പരിശീലിക്കുന്നതുവരെ ചെയ്യിക്കാനും ശ്രമിച്ചു. അതുകൊണ്ട്, എനിക്കു സാധിക്കില്ലെന്ന് ഒരു നിമിഷം പോലും തോന്നിയിട്ടില്ലെന്നതാണ് യാഥാർഥ്യം. നാലു മാസം പിന്നിട്ടതോടെ ശരീരം നല്ല പോലെ വഴങ്ങാൻ തുടങ്ങി. ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ഫ്ലക്സ്ബിലിറ്റി  കൂടുകയും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങൾ മാറുകയും ചെയ്തു. നടുവേദനയും കാലുകളുടെ വേദനയും മാറി. അതോടെ മാനസിക ഉന്മേഷവും ആത്മവിശ്വാസവും കൂടി. ഒരു മാറ്റവും ഉണ്ടാകില്ലെന്നു കരുതിയ ശരീരഭാരവും ക്രമമായി കുറഞ്ഞു. ഇപ്പോൾ ഭാരം 60 കിലോയിലെത്തി.

jayasree-yoga2

നല്ല കൈവണ്ണമുണ്ടായിരുന്നു, പ്രായത്തിന്റേതായ രീതിയിൽ കൈ മസിലുകളൊക്കെ തൂങ്ങിയിട്ടുമുണ്ടായിരുന്നു. എന്നാൽ ഹാൻഡ് റൊട്ടേഷനും കൈമുട്ടുകൾക്കുള്ള വ്യായാമവുമൊക്കെ ചെയ്തതോടെ കൈ മസിലുകൾക്കു ബലമായി. മസിലുകൾ തൂങ്ങിക്കിടന്നതും മാറിക്കിട്ടി. ഇപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കാണുമ്പോൾ പറയുന്നുണ്ട് ശരീരം നല്ല രീതിയിൽ ഒതുങ്ങി, വയറു കുറഞ്ഞു, പ്രായം പകുതി കുറഞ്ഞു എന്നൊക്കെ. ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷമാണ്. ഈ പ്രായത്തിലും ഇതിനൊക്കെ സാധിച്ചല്ലോ എന്ന ആശ്വാസവും.

യോഗയ്ക്ക് മുമ്പ് ഭക്ഷണകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. ഗുരുവിന്റെ ചിട്ടയായുള്ള  ശിക്ഷണത്തിലൂടെ ഭക്ഷണ നിയന്ത്രണം വരുത്തി, മധുരം പാടേ ഉപേക്ഷിച്ചു. ഉറക്കമില്ലായ്മ പ്രാണായാമത്തിലൂടെ പൂർണമായും മാറി. അതോടെ മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടായി. മൂന്നു മാസം എന്നു പറഞ്ഞാണ് യോഗാപരിശീലനം തുടങ്ങിയതെങ്കിലും ഇപ്പോൾ രണ്ടു വർഷത്തോളം ആകുന്നു യോഗ കൂടെക്കൂടിയിട്ട്.

Content Summary: Practicing yoga for back pain and sleep problems; At the age of 57, Jayashree lost 8 kg

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA