ADVERTISEMENT

കുടവയർ ആഢ്യത്വത്തിന്റെ പ്രതീകമായി കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവർക്കും അറിയാം ഈ കുടവയർ അത്ര നല്ല ലക്ഷണമല്ല എന്ന്. വയറിലെ ചർമത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിനു കാരണം. ഇതോടൊപ്പംതന്നെ വയറിനുള്ളിൽ ആന്തരികാവയവങ്ങളിൽ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് എന്ന കൊഴുപ്പാണ് കൂടുതൽ അപകടകാരി. 

ജേണൽ ഓഫ് ന്യൂട്രിഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് കുടവയറും പ്രമേഹവും തമ്മിൽ നേരിട്ടു ബന്ധമുണ്ടെന്നാണ്. ഉറക്കം കുറഞ്ഞാലും ശരീരഭാരവും കുടവയറും കൂടാൻ സാധ്യതയുണ്ട്. ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിൽ ഒരു പ്രധാന പങ്ക് ന്ലല ഉറക്കശിലങ്ങൾ ഉൾപ്പെട്ട‘സ്ലീപ് ഹൈജീൻ’ നിർവഹിക്കുന്നു. എത്ര മണിക്കൂർ ഉറങ്ങിയാലും രാവിലെ കൃത്യസമയത്ത് ഉണരുകയും കൃത്യമായി നിത്യകർമങ്ങളിൽ ഏർപ്പെടുകയും വേണം. ഹോർമോണുകളുടെയും തലച്ചോറിലെ ചില രാസവസ്തുക്കളുടെയും ശരിയായ പ്രവർത്തനത്തിന് ഇത് വളരെ ആവശ്യമാണ്. 

സ്റ്റിറോയ്ഡ് മരുന്നുകൾ, മാനസികാസ്വസ്ഥ്യങ്ങൾക്കുള്ള ചിലതരം മരുന്നുകൾ തുടങ്ങിയവ വിശപ്പു കൂട്ടുകയും കുടവയറിലേക്കു നയിക്കുകയും ചെയ്യും. അമിതമായ പുരിമുറുക്കത്തിന്റെ ഫലമായി ഉണ്ടാകുന്ന സ്ട്രെസ് ബെല്ലി, ഹോർമോൺ തകരാറുകൾ കൊണ്ടുണ്ടാകുന്ന കുടവയർ എന്നിവയുമുണ്ട്. മദ്യപാനവും പുകവലിശീലവും കുടവയറിലേക്കു നയിക്കുന്ന മറ്റു കാരണങ്ങളാണ്. 

സ്ത്രീകളിൽ കാണുന്ന കുടവയറിനു പ്രധാന കാരണം ഗർഭകാല പരിചരണവും പ്രസവശുശ്രൂഷയുമാണ്. ഗർഭകാലത്തു സ്ട്രെച്ച് ചെയ്തിരിക്കുന്ന വയറിലെ പേശികൾ പ്രസവത്തോടെ അയഞ്ഞു തൂങ്ങിയ അവസ്ഥയിലാകും. പ്രസവം കഴിഞ്ഞ് രണ്ടാഴ്ച മുതൽ ലഘുവ്യായാമങ്ങളും ആറാഴ്ച മുതൽ സാധാരണ വ്യായാമങ്ങളും ചെയ്യണം. അല്ലെങ്കിൽ വയറിലെ പേശികൾ സ്ഥിരമായി ദൃഢത നഷ്ടപ്പെട്ട് അയഞ്ഞു കിടക്കും. ഇത് നടുവേദനയിലേക്കു നയിക്കും.

ജോലിയുടെ സ്വഭാവവും കുടവയറും

ഒരു വ്യക്തിയുടെ ജോലിയും കുടവയറും തമ്മിൽ ബന്ധമുണ്ട്. കായികാധ്വാനം ഒട്ടുമില്ലാത്ത ഓഫിസ് ജോലിയോ മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്ന് ചെയ്യുന്ന ഐടി ജോലികളോ ചെയ്യുന്നവരിൽ കുടവയറിനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാർ ഓരോ മണിക്കൂറിലും അഞ്ചു മിനിറ്റെങ്കിലും എഴുന്നേറ്റു നടക്കുകയോ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുകയോ വേണം. തീരെ നടക്കാതെയും ശരീരം ഒട്ടും അനങ്ങാതെയും സുഖിച്ചു ജീവിക്കുന്നവർ ഒരു 30 വയസ്സ് പിന്നിടുമ്പോഴേക്കും പലപ്പോഴും കുടവയറിന്റെ അമിഭാരംകൂടി ചുമക്കേണ്ടി വരും. 

ആഹാരരീതി മാറ്റണം

മൂന്നോ നാലോ നേരം ധാന്യങ്ങൾ അതായത് അരി, ഗോതമ്പ്, ഓട്സ് തുടങ്ങിയവയും കിഴങ്ങുകളും ഇഷ്ടംപോലെ കഴിച്ചുകൊണ്ടിരുന്നാൽ ചെറുപ്പത്തിലേ കുടവയർ പിടികൂടാം. ധാന്യങ്ങൾ രണ്ടു നേരമാക്കി പരിമിതപ്പെടുത്തുക. ഒരു നേരം പയറുവർഗങ്ങളോ പച്ചക്കറികളോ ഇലക്കറികളോ പഴങ്ങളോ കഴിക്കാം. കാർബോഹൈഡ്രേറ്റിന്റെ അളവു കുറച്ച് പകരം പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. ഊർജ്ജം കുറഞ്ഞ ഭക്ഷണം ശീലമാക്കുന്നതാണ് കുടവയർ കുറയ്ക്കാൻ ഉത്തമം. 

Content Summary : Reasons behind belly fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com