കാൻസർ ചികിത്സയിൽ യോഗ ഫലപ്രദമാകുന്നതെങ്ങനെ? അറിയാം
Mail This Article
ജൂൺ 21 രാജ്യാന്തര യോഗ ദിനമായി 2015 മുതൽ ലോകമെമ്പാടും ആചരിച്ചു വരുന്നു. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി കാലങ്ങൾക്കു മുൻപുതന്നെ ഭാരതം പകർന്നു നൽകിയ അമൂല്യമായ അറിവാണ് യോഗ. ഹ്യൂമാനിറ്റി - മനുഷ്യത്വം എന്നതാണ് ഈ വർഷത്തെ പ്രമേയം. ജീവിത ശൈലിയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി ജീവിതം ആയാസരഹിതമാക്കാനുള്ള വഴികളാണ് യോഗയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ വിവിധ ഗുണങ്ങൾ തെളിയിക്കപ്പെട്ടതാണ്.
യോഗ കാൻസർ ചികിത്സയുടെയും അനുബന്ധ ചികിത്സയുടെയും കാര്യത്തിൽ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോംപ്ലിമെന്ററി തെറാപ്പി എന്ന നിലയിലാണ് യോഗ കാൻസർ ചികിത്സയിൽ അംഗീകാരം നേടിയിട്ടുള്ളത്. ശാരീരിക നേട്ടങ്ങൾ, മാനസികവും വൈകാരികവുമായ ക്ഷേമം എന്നിവയാണ് കാൻസർ രോഗികൾക്ക് യോഗയിലൂടെ പ്രധാനമായും ലഭിക്കുന്നത്.
കാൻസർ രോഗികൾക്ക് യോഗയിലൂടെ ലഭിക്കുന്ന ശാരീരിക ഗുണങ്ങൾ
കാൻസർ ചികിത്സ നടക്കുമ്പോൾ പലപ്പോഴും രോഗികൾക്ക് ശാരീരികമായി തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, യോഗ ഇത്തരം ലക്ഷണങ്ങളെ ചെറുക്കാനും ശാരീരിക ക്ഷേമം വീണ്ടെടുക്കാനും സഹായിക്കുമെന്ന് നിരവധി ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
യോഗ സ്തനാർബുദ രോഗികൾക്ക്
ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, സ്തനാർബുദത്തെ അതിജീവിച്ചവർക്ക് ക്ഷീണം, വേദന, ഉറക്ക അസ്വസ്ഥതകൾ എന്നിവയിൽ ഗണ്യമായ കുറവുണ്ടായതായി തെളിഞ്ഞിട്ടുണ്ട്. സ്തനാർബുദം കഴിഞ്ഞുണ്ടാകുന്ന കൈ വീക്കം, നടുവേദന എന്നിവ കുറയ്ക്കാൻ സൂര്യനമസ്കാരം, ഗോമുഖാസനം, താഡാസനം എന്നിവ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. കൂടാതെ അനായാസമായ ചലനത്തിനും വഴക്കം കൂട്ടുന്നതിനും പേശികളുടെയും സന്ധികളുടെയും ചലനം മെച്ചപ്പെടുത്താനും യോഗ ഏറെ സഹായിക്കുന്നു. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിലൂടെ ആരോഗ്യ നില വീണ്ടെടുക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും യോഗ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
യോഗ ശ്വാസകോശ കാൻസർ രോഗികൾക്ക്
ശ്വാസകോശ കാൻസർ രോഗികൾക്ക് കിതപ്പ്, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം എന്നിവ പൊതുവെ കാണുന്ന ലക്ഷങ്ങളാണ്. ഹെൽത്ത് ഇൻ ദ് ലൈഫ് ഓഫ് കാൻസർ പേഷ്യന്റ് എന്ന ജേണലിൽ 2021 ൽ നടത്തിയ പഠന പ്രകാരം 1 മണിക്കൂർ യോഗ, ശരിയായ പോസ്റ്ററിൽ ഉള്ള യോഗ, ശ്വാസമെടുക്കുന്ന രീതി (പ്രാണായാമം) എന്നിവ ചെയ്ത രോഗികളിൽ യോഗയുടെ 12 സെഷൻ കഴിഞ്ഞപ്പോഴേക്കും കിതപ്പ് കുറയുകയും ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം എന്നിവയിൽ കാര്യമായ മാറ്റം വന്നതായും തെളിഞ്ഞിരുന്നു.
യോഗ വായിലെ കാൻസർ രോഗികൾക്ക്
വായിലെ കാൻസർ സംബന്ധമായി വരുന്ന സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് ദന്ത മൂല ധൗതി, ജിഹ്വ മൂല ദൗതി, കപാല രന്ദ്ര ധൗതി, ഭ്രമരി പ്രാണായാമം എന്നിവ ഫലപ്രദമാണ്. പക്ഷേ യോഗയുടെ ഫലം ഓരോ വ്യക്തികൾക്കനുസരിച്ചും അവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ചും മാറ്റം വരാറുണ്ട്.
കാൻസർ രോഗികളുടെ മാനസികവും വൈകാരികവുമായ ക്ഷേമം
കാൻസർ രോഗനിർണയം ഒരാളുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തെ ബാധിക്കാറുണ്ട്. കാൻസർ രോഗികളിൽ ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നതിൽ യോഗയുടെ ഫലപ്രാപ്തി സമീപകാല പഠനങ്ങൾ എടുത്തുകാണിക്കുന്നു. ക്ലിനിക്കൽ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ യോഗയിൽ പങ്കെടുക്കുന്നവർക്ക് ഉത്കണ്ഠയും വിഷാദ ലക്ഷണങ്ങളും വളരെ കുറവാണെന്ന് തെളിയിച്ചു. ശ്രദ്ധയും ധ്യാന പരിശീലനങ്ങളും സമന്വയിപ്പിക്കുന്നതിലൂടെ, യോഗ രോഗികൾക്ക് പ്രതിരോധശേഷിയും വൈകാരിക ക്ഷേമവും പ്രദാനം ചെയ്യുന്നു. ഇതിൽ ശവാസനം പോലുള്ള വിശ്രമാസനങ്ങൾ, പ്രാണായാമം എന്നീ ആസനങ്ങൾ വളരെ അധികം ഫലപ്രദമായി കാണാറുണ്ട്.
ജീവിത നിലവാരവും ഉറക്കവും മെച്ചപ്പെടുത്തൽ
നല്ല ജീവിത നിലവാരവും ആരോഗ്യകരമായ ഉറക്ക രീതിയും നിലനിർത്തുന്നത് കാൻസർ രോഗികൾക്ക് അത്യന്താപേക്ഷിതമാണ്. അതിനായി യോഗ ഏറെ സഹായിക്കുമെന്ന് ഉയർന്നുവരുന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കാൻസർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വിവിധ കാൻസറുകൾക്ക് റേഡിയേഷൻ തെറപ്പിക്ക് വിധേയരായ രോഗികളുടെ ജീവിത നിലവാരത്തിൽ യോഗയുടെ സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയതിൽ യോഗയിൽ പങ്കെടുക്കുന്നവർ ശാരീരികവും സാമൂഹികവും വൈകാരികവും പ്രവർത്തനപരവുമായ ക്ഷേമവും മെച്ചപ്പെട്ട ഉറക്ക നിലവാരവും റിപ്പോർട്ട് ചെയ്തതായി കണ്ടെത്തലുകൾ വെളിപ്പെടുത്തി.
ലോക യോഗ ദിനം ആചരിക്കുന്ന വേളയിൽ, കാൻസർ ചികിത്സയിൽ യോഗയ്ക്ക് വഹിക്കുന്ന വിലപ്പെട്ട പങ്ക് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ശാരീരികമായ നേട്ടങ്ങൾ, മാനസികവും വൈകാരികവുമായ ക്ഷേമത്തിൽ നല്ല സ്വാധീനം, മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്തൽ എന്നിവയിലൂടെ യോഗ കാൻസർ രോഗികൾക്ക് ഒരു പൂരക ചികിത്സ വാഗ്ദാനം ചെയ്യുന്നു. കാൻസർ രോഗികൾക്ക് അവരുടെ ചികിത്സാ പദ്ധതിയിൽ യോഗയുടെ സംയോജനത്തെക്കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.
കണ്ണൂരിൽ ഡി.കൃഷ്ണനാഥ പൈ യുടെ നേതൃത്വത്തിൽ 2006 മുതൽ മലബാർ കാൻസർ കെയർ സൊസൈറ്റി കാൻസർ രോഗവിമുക്തരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഫോർ കാൻസർ കെയർ(ഫോഴ്സ്) രൂപീകരിച്ചു. ഇതിലൂടെ പ്രധാനമായും കാൻസറിനെ അതിജീവിച്ചവർക്കായി യോഗ പരിശീലനമാണ് ചെയ്തുവരുന്നത്. ഓരോരുത്തരുടെയും അസുഖനിലവാരം വിലയിരുത്തി അവർക്ക് അനുയോജ്യമായ യോഗയും കൗൺസിലിങ്ങും കൊടുക്കുകയാണ് ഇതിലൂടെ പ്രധാനമായും ചെയ്തു വരുന്നത്. യോഗ പരിശീലനം കേന്ദ്ര സർവകലാശാല യോഗ ഫാക്കൽറ്റി ഡോ ടി. വി പദ്മനാഭൻ , ടി. കെ ദീപ്തി എന്നിവർ നൽകി വരുന്നു. കാൻസർ രോഗികളുടെയും രോഗം മാറിയവരുടെയും വിവിധ പ്രശ്നങ്ങൾക്ക് യോഗ വലിയൊരു പരിഹാരമാണ് എന്ന് കാൻസറിനെ അതിജീവിച്ചവർ പറയുന്നു.
Content Summary: Yoga and cancer