ഭാരം കുറയ്ക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് ഒരിക്കലെങ്കിലും അതിന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എന്നാല്‍ അതിനേക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കുറഞ്ഞ ഭാരം നിലനിര്‍ത്തുക എന്നത്. ഏത് തരം മാര്‍ഗങ്ങളിലൂടെ ഭാരം കുറച്ചവര്‍ക്കും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരം വീണ്ടും കൂടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
കുറഞ്ഞ കാലറിയുള്ള ഭക്ഷണക്രമം(ദിവസം 800 മുതല്‍ 1200 കാലറി വരെ) പിന്തുടരുന്നവര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് 26 ശതമാനം മുതല്‍ 121 ശതമാനം വരെ പോയ ഭാരം തിരികെ വരാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബിഹേവിയറല്‍ വെയ്റ്റ് മാനേജ്മെന്‍റ് പ്രോഗ്രാമുകള്‍ പിന്തുടരുന്നവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം 30 മുതല്‍ 35 ശതമാനം വരെ ഭാരം തിരികെ വരാനുള്ള സാധ്യതയും ഉണ്ട്. ഭാരം കുറയാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് പോലും മരുന്ന് നിര്‍ത്തി ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നില്‍ രണ്ട് ഭാരം തിരികെ വരാം.
കുറച്ച ഭാരം ഇത്തരത്തില്‍ തിരികെ വരുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം. ഭാരം കുറയ്ക്കുന്ന അത്ര പ്രചോദനാത്മകമല്ല ഭാരം നിലനിര്‍ത്തുന്ന പ്രക്രിയ എന്നതാണ് ഇതില്‍ ആദ്യത്തേത്. ഭാരം കുറയ്ക്കുമ്പോൾ ഓരോ തവണ തൂക്കം നോക്കുമ്പോഴും പ്രകടമായ മാറ്റം നമുക്ക് ദൃശ്യമാകും. എന്നാല്‍ കുറഞ്ഞ ഭാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നതില്‍ ഇത്തരത്തില്‍ പ്രചോദനം ലഭിക്കുന്ന ഒന്നുമില്ല. രണ്ടാമത്തെ കാരണം ഭാരം കുറയാനായി വരുത്തിയ ജീവിതശൈലി മാറ്റങ്ങള്‍ തെറ്റാതെ പിന്തുടരാനുള്ള ബുദ്ധിമുട്ടാണ്. ഇത്തരം മാറ്റങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതും പിന്തുടരാന്‍ വളരെ ബുദ്ധിമുട്ടേറിയതുമാണെങ്കില്‍ പ്രത്യേകിച്ചും. മൂന്നാമത്തെ കാരണം ഭാരം കുറയ്ക്കല്‍ പ്രക്രിയ വിശപ്പിന്‍റെ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാമെന്നതാണ്. ഇത് ചയാപചയത്തിന്‍റെയും വേഗം കുറയ്ക്കാം. ഇതിനാല്‍ രുചികരമായ ഒരു ഭക്ഷണമോ മറ്റോ മുന്നിലെത്തിയാല്‍ അത് വലിച്ചുവാരി തിന്നാനുള്ള പ്രേരണയുണ്ടാകാം.
കുറഞ്ഞ ഭാരം അതേ പോലെ തന്നെ തിരികെ വരാതിരിക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ സഹായിക്കും.
1. യാഥാര്‍ഥ്യവുമായി ബന്ധമുള്ള ജീവിതശൈലി മാറ്റങ്ങള്‍
ഭാരം കുറയ്ക്കാന്‍ വേണ്ടി വളരെ കടുത്തതും യാഥാര്‍ഥ്യത്തിന് നിരക്കാത്തതുമായ ജീവിതശൈലി മാറ്റങ്ങള്‍ വരുത്താതെ ഇരിക്കുക. ഭാരനിയന്ത്രണം ജീവിതം മുഴുവന്‍ പിന്തുടരേണ്ട ഒന്നാണെന്ന ചിന്തയുണ്ടാകണം. ഇതിനാല്‍ കുറച്ച് അയവുള്ളതും ജീവിതത്തില്‍ കൂടെക്കൂട്ടാവുന്നതുമായ മാറ്റങ്ങള്‍ മാത്രം വരുത്തുക. ഇടയ്ക്ക് ഈ പ്ലാനില്‍ ചെറിയ മാറ്റം വന്നാലും കുറ്റബോധമൊന്നും വേണ്ട. വീണ്ടും ഭാരനിയന്ത്രണത്തിന്‍റെ ട്രാക്കില്‍ വേഗം തിരിച്ചെത്താനുള്ള പദ്ധതി മനസ്സിലുണ്ടായാല്‍ മതി. ഉദാഹരണത്തിന് വാരാന്ത്യത്തിലൊരു പാര്‍ട്ടിക്ക് പോയി കുറച്ചധികം കഴിച്ചെന്ന് കരുതി ബേജാറാകേണ്ട. ഇതിനെ പരിഹരിക്കാന്‍ അടുത്ത ആഴ്ച കുറച്ചധികം ദൂരം നടന്നാല്‍ മതി. ഇത്തരത്തില്‍ ബാലന്‍സ് ചെയ്യുന്നത് ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന സമീപനം ഭാരനിയന്ത്രണത്തിൽ ഒഴിവാക്കാന്‍ സഹായിക്കും.
2. തടസ്സങ്ങളെ മുന്‍കൂട്ടി കാണുക
ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തില്‍ ഇടയ്ക്ക് ചില തടസ്സങ്ങളൊക്കെ വരാമെന്നത് മുന്‍കൂട്ടി കാണണം. അവധിക്കാലങ്ങള്‍, കല്യാണങ്ങള്‍, ബര്‍ത്ത്ഡേ പാര്‍ട്ടികള്‍ എന്നിങ്ങനെ അമിതമായി ഭക്ഷണം കഴിച്ചു പോകാവുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന ബോധ്യം വേണം. ഇതിനനുസരിച്ച് ചില തയാറെടുപ്പുകള്‍ നടത്താം. ഉദാഹരണത്തിന് അമിതമായി ഭക്ഷണം കഴിക്കാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ക്ക് മുന്‍പ് കുറച്ച് ഭാരം കുറച്ച് വയ്ക്കുക. അതേ പോലെ പാര്‍ട്ടികള്‍ക്ക് പോകുമ്പോൾ ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകളും ഉണ്ടെന്ന് ഉറപ്പാക്കുക. സന്തോഷകരമായ അവസരങ്ങളില്‍ കുറ്റബോധമില്ലാതെ ആഘോഷിക്കാന്‍ ഇതിലൂടെ സാധിക്കും.
3. നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കാം
ഭാരത്തില്‍ കയറ്റങ്ങളും ഇറക്കങ്ങളും സ്വാഭാവികമാണ്. ഭാരനിയന്ത്രണത്തിലെ നിങ്ങളുടെ നേട്ടങ്ങളെ കുറിച്ച് അഭിമാനം പുലര്‍ത്തണം. ഈ ശ്രമങ്ങളുടെ ഫലത്തെക്കാള്‍ ഉപരി ഭാരനിയന്ത്രണ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള മാര്‍ഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ ദീര്‍ഘകാലം ഇത്തരം ശീലങ്ങള്‍ തുടരുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. അപ്പോള്‍ ഭാരനിയന്ത്രണത്തെ സംബന്ധിച്ച് ലക്ഷ്യമല്ല മാര്‍ഗമാണ് പ്രധാനമെന്ന് തിരിച്ചറിയുക.
4. നല്ല ശീലങ്ങള്‍ ഉണ്ടാക്കുക
ഭാരക്കുറവ് നിലനിര്‍ത്തുന്നതില്‍ നല്ല ശീലങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രചോദനത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ശീലങ്ങളെ ബാധിക്കാനുള്ള സാധ്യത കുറവാണ്. ഇതിനാല്‍ പ്രചോദനം ഇടയ്ക്കൊന്ന് കുറഞ്ഞാലും നാം വളര്‍ത്തിയെടുത്ത വ്യായാമം പോലുള്ള നല്ല ശീലങ്ങള്‍ ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
5. സജീവമായി ഇരിക്കുക
ഭക്ഷണക്രമത്തെക്കാള്‍ ഉപരി ശാരീരികമായി സജീവമായ ജീവിതശൈലിയാണ് പലപ്പോഴും ഭാരം കുറയ്ക്കുന്നതില്‍
സഹായകമാകുക. ഇതിനാല്‍ ഭാരം കുറഞ്ഞാലും സജീവമായ ജീവിതക്രമം നിര്‍ത്താതിരിക്കുക. ഏറ്റവും ആസ്വദിച്ച് നിങ്ങള്‍ ചെയ്യുന്ന ശാരീരിക വ്യായാമമായിരിക്കും ദീര്‍ഘനാള്‍ തുടരാന്‍ സാധ്യതയുള്ള പ്രവര്‍ത്തനം. ഭാരക്കുറവ് നിലനിര്‍ത്താന്‍ ആഴ്ചയില്‍ കുറഞ്ഞത് 250 മിനിട്ടെങ്കിലും വ്യായാമം ചെയ്യണമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
6. നിത്യവും ഭാരം അളക്കുക
ഒരാഴ്ചയില്‍ ഒന്ന് രണ്ട് കിലോയുടെ വ്യതിയാനം ശരീര ഭാരത്തില്‍ ഉണ്ടാകാറുണ്ട്. നിത്യവും ഭാരം നോക്കുന്നത് വഴി നിങ്ങളുടെ ശരാശരി ഭാരം എത്ര കൂടാം, എത്ര കുറയാം എന്നതിനെ സംബന്ധിച്ച് ഒരു വ്യക്തിഗത തീരുമാനം എടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത് ഭക്ഷണക്രമത്തിലോ വ്യായാമ ശീലങ്ങളിലോ ഏറ്റക്കുറച്ചിലുകള്‍ നടത്തി ഭാരം നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കും.
7. പ്രഭാതഭക്ഷണം കഴിക്കുക, ഫൈബറില്‍ ശ്രദ്ധയൂന്നുക
ഭാരക്കുറവ് നിയന്ത്രിച്ച് നിര്‍ത്തുന്നവരില്‍ 97 ശതമാനവും തങ്ങളുടെ പ്രഭാതഭക്ഷണം മുടക്കാത്തവരാണെന്ന് പല ഗവേഷണങ്ങളും തെളിയിക്കുന്നു. നിറയെ പച്ചക്കറികളും ഉയര്‍ന്ന തോതില്‍ ഫൈബറുള്ള ഹോള്‍മീല്‍ ബ്രഡ്, ബ്രൗണ്‍ റൈസ്, ഓട്സ് എന്നിവയും കഴിക്കുന്നവരില്‍ വീണ്ടും ഭാരം കൂടാനുള്ള സാധ്യത കുറയുന്നതായും പഠനങ്ങള്‍ പറയുന്നു.
Content Summary: Tips to Avoid Weight Regain After You Diet