15 കിലോ ഭാരവും കൊളസ്ട്രോളും കുറച്ച് സൊമാറ്റോ സിഇഒ; വീട്ടില്‍ നിന്നാണല്ലേ ഭക്ഷണമെന്ന് സോഷ്യല്‍ മീഡിയ!
Mail This Article
ഇന്ത്യയെങ്ങും ഉപഭോക്താക്കള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവിറി ആപ്ലിക്കേഷനാണ് സൊമാറ്റോ. എന്നാല്‍ സൊമാറ്റോയില്‍ വിതരണം ചെയ്യുന്ന എല്ലാ ഭക്ഷണങ്ങളും അത്ര ആരോഗ്യപ്രദമാണെന്ന് പറയാന്‍ സാധിക്കില്ല. വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമൊക്കെയായ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ പലതും ഹോട്ടലുകളില്‍ നിന്നും സൊമാറ്റോ നമ്മുടെ വീട്ടിലെത്തിക്കാറുണ്ട്. സൊമാറ്റോയില്‍ നിന്ന് സ്ഥിരമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഭാരം കൂടാനും കൊളസ്ട്രോള്‍ വര്‍ധിക്കാനുമൊക്കെ കാരണമായേക്കാമെന്ന് ചുരുക്കം. എന്നാല്‍ നാലു വര്‍ഷം കൊണ്ട് 15 കിലോ ശരീരഭാരവും കൊളസ്ട്രോളുമെല്ലാം കുറച്ച് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ് ഇതേ സൊമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയല്‍.
ഇന്‍സ്റ്റാഗ്രാമിലാണ് തന്‍റെ ഫിറ്റ്നസ് നേട്ടങ്ങള്‍ ഗോയല്‍ പങ്കുവച്ചത്. 2019ല്‍ കോവിഡ് മഹാമാരിക്ക് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തന്‍റെ ആരോഗ്യത്തെ ഗൗരവമായി എടുത്തു തുടങ്ങിയതെന്ന് ഗോയല്‍ പോസ്റ്റില്‍ പറയുന്നു. നാലു വര്‍ഷം കൊണ്ട് ശരീര ഭാരം 87 കിലോയില്‍ നിന്ന് 72 കിലോയിലേക്ക് ഇദ്ദേഹം കുറച്ചു. ശരീരത്തിലെ കൊഴുപ്പ് ഇക്കാലയളവില്‍ 28 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി. ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 165 മില്ലിഗ്രാം പെര്‍ ഡെസിലീറ്ററില്‍ നിന്ന് 55 മില്ലിഗ്രാമിലേക്കും കുറഞ്ഞു. അതേ പോലെ ഹൃദ്രോഗത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡ് തോത് 185 മില്ലിഗ്രാം പെര്‍ ഡെസിലീറ്ററില്‍ നിന്ന് 86ലെത്തി. രക്തത്തിലെ പഞ്ചസാരയുടെ മൂന്ന് മാസത്തെ ശരാശരിയെ കുറിക്കുന്ന എച്ച്ബിഎ1സി 6.2ല്‍ നിന്ന് 4.8 ലേക്ക് എത്തിക്കാനും ഗോയലിന് സാധിച്ചു.
ഗോയലിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് രസകരമായ പല കമന്‍റുകളാണ് ലഭിക്കുന്നത്. ഇന്ത്യ മുഴുവൻ സൊമാറ്റോയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുമ്പോൾ നിങ്ങള്‍ വീട്ടില്‍ നിന്നാണല്ലേ ഭക്ഷണം കഴിക്കുന്നതെന്നായിരുന്നു ഒരു കമന്‍റ്. ഈ ഫിറ്റ്നസ് യാത്രയെ കുറിച്ച് കൂടുതല്‍ അറിയണമെന്നും നിങ്ങള്‍ സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ എന്തു തരം ഭക്ഷണമാണ് പൊതുവേ തിരഞ്ഞെടുക്കുന്നതെന്നും മറ്റൊരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചോദിക്കുന്നു. ഈ കമന്‍റുകള്‍ക്കെല്ലാം മറുപടിയായി തന്‍റെ മാറ്റത്തിന് പിന്നിലുള്ള രഹസ്യം സ്ഥിരപ്രയത്നം മാത്രമാണെന്ന് ഗോയല്‍ പ്രതികരിക്കുന്നു.
Content Summary: Zomato CEO loss his weight and bad cholesterol