പ്രായം കൂടുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരുന്ന വയറും ശരീരഭാരവും. നടക്കുമ്പോൾ തന്നെക്കാൾ മുൻപേ എത്താൻ മത്സരിച്ചിരുന്ന ആ വയർ തന്നെയായിരുന്നു ഇടുക്കി കൂട്ടാർ സ്വദേശിയായ പി.എസ്.സുമേഷിന്റെ യഥാർഥ പ്രശ്നം. ഒന്നു ചുമ്മാ നടക്കാമെന്നുവച്ചു ഇറങ്ങിയാലോ പിന്നെ കിതപ്പായി... കൈകാല് മുട്ടുകൾ വേദനയായി... ആകെ അസ്വസ്ഥതയും ക്ഷീണവുമൊക്കെ. ജിമ്മിലൊക്കെ പോയി പല കസർത്തുകളും നടക്കി നോക്കിയെങ്കിലും ഒരു പേഴ്‌സണൽ ട്രെയ്‌നർ കം ഡയറ്റീഷ്യൻ എന്ന ആശയം പലയിടത്തും നടന്നിരുന്നില്ല. ഇതിനിടയിലാണ് ഒരു ഓൺലൈൻ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ സുമേഷ് ജോയിൻ ചെയ്തത്. പിന്നെ സംഭവിച്ചത് എന്തൊക്കെയാണെന്ന് സുമേഷ്തന്നെ പറയും.
പ്രായം കൂടുമ്പോൾ ഫ്രീയാണോ ഈ വയർ
ഓരോ വയസ്സ് പിന്നിടുമ്പോഴും അതിനൊപ്പം എന്റെ വയറും വലുപ്പം കൂട്ടിക്കൊണ്ടിരുന്നു. ഇതിനൊപ്പം സാധാരണ ശരീരഭാരം കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും എത്തി. ജിമ്മിൽ പോയെങ്കിലും യാതൊരു മാറ്റവും സംഭവിച്ചില്ല. അങ്ങനെയാണ് ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേരുന്നത്. ആദ്യത്തെ മൂന്നു മാസം കഴിഞ്ഞപ്പോൾ എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ സാധിച്ചില്ലെന്നു പറയുന്നതാണ് സത്യം.
വെറുമൊരു പരീക്ഷണാർഥമാണ് ഞാൻ ആ ഗ്രൂപ്പിന്റെ ഭാഗമായത്. ജിമ്മിൽ പോയിട്ട് ഒന്നും സംഭവിച്ചില്ല, ഇതാകുമ്പോൾ വലിയ മുതൽമുടക്കൊന്നും ഇല്ലാതെ വീട്ടിലിരുന്ന് ഇവിടുത്തെ ആഹാരവും കഴിച്ച് സമയം കിട്ടുമ്പോൾ വർക്കൗട്ട് ചെയ്താൽ മതിയെന്നതായിരുന്നു ആകർഷണം. പക്ഷേ ആ ഗ്രൂപ്പിൽ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന നിർബന്ധം ഞാനെടുത്തിരുന്നു. അതുകൊണ്ടുതന്നെ അവർ നൽകിയ വർക്ഒൗട്ട് അതുപോലെ ചെയ്യുന്നതിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. എന്തിനാണ് ആ വർക്ഔട്ട് ചെയ്യുന്നതെന്ന കൃത്യമായ ബോധ്യവും ലഭിച്ചിരുന്നു. ഇതിനൊപ്പ ഭക്ഷണം ക്രമീകരിക്കേണ്ടതെങ്ങനെയെന്ന അറിവും അവർ നൽകി
ഇങ്ങനെയൊക്കെ സംഭവിക്കുമോ?
മൂന്നു മാസം കഴിഞ്ഞതോടെ ശരീരഭാരം 8 കിലോ കുറഞ്ഞ് 82ൽ നിന്നു 74 കിലോയിലേക്കെത്തി. എനിക്കു മുന്നേ നടന്നിരുന്ന വയറിനെ എന്റെ ഒപ്പം നിറുത്തി. വയർ 97 സെ.മീറ്ററിൽ നിന്നും 89 സെ.മീ ആയി കുറഞ്ഞു. മുഴുവനും ശരിയായി എന്നല്ല ഈ പറഞ്ഞതിനർഥം. ഒരു എഴുപത് ശതമാനത്തോളം ശരിയായി. ഇനിയും തുടരണം.
എന്നെ കാണുമ്പോഴുള്ള മറ്റുള്ളവരുടെ അതിശയം ആയിരുന്നു പ്രധാനം. പലരും ‘ഹോ മെലിഞ്ഞല്ലോ’ എന്ന് അദ്ഭുതപ്പെട്ടു. വയറിനെപ്പറ്റിയൊക്കെ തമാശമട്ടിൽ കളി പറഞ്ഞിരുന്ന പലരും പുതിയ എന്നെക്കണ്ട് അമ്പരന്നു. മേക്കോവർ ഏറെ ഇഷ്ടപ്പെട്ടത് ഞാൻ തന്നെയായിരുന്നു. ഏറ്റവും പ്രധാനം എന്നെക്കൊണ്ട് പറ്റും എന്ന ആത്മവിശ്വാസം വർധിച്ചു എന്നതാണ്. പിന്നെ കിതപ്പ്, കൈകാൽ വേദന ഒക്കെ ഇല്ലാതായി. സ്റ്റാമിന നന്നായി വർധിച്ചു. ഉപയോഗിച്ചുകൊണ്ടിരുന്ന വസ്ത്രങ്ങൾ പലതും ഉപയോഗശൂന്യമായി. പ്രത്യേകിച്ചും ആശിച്ചു മേടിച്ച ജീൻസുകൾ
മെലിഞ്ഞല്ലോ എന്ന അദ്ഭുതം മാത്രമേ എല്ലാവർക്കും ഉണ്ടായിരുന്നുള്ളു. തിരിച്ചറിയാത്തവിധം കോലം കെട്ട മെലിച്ചിൽ ഉണ്ടായിട്ടില്ല എന്നതും ഏറെ സന്തോഷം. തോളിനും കാൽ മുട്ടിനും ഉണ്ടായിരുന്ന വേദനയും നടക്കുമ്പോഴുണ്ടായിരുന്ന കിതപ്പും മാറിക്കിട്ടി. പിന്നെ ബി.പി സ്റ്റേബിൾ ആയിരുന്നില്ല. ഇപ്പോൾ അതും നോർമൽ ആയി.

ഇത്രയും നാളും കഴിച്ചില്ലേ...
ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്ന ആളായിരുന്നു ഞാൻ. മധുരം, നോൺവെജ് എല്ലാം ഇഷ്ടംപോലെ സമയം നോക്കാതെ കഴിച്ചിരുന്നു. അതാവും വെയ്റ്റ് കൂട്ടിയത്. ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നപ്പോൾ ഒരു ദിവസം വേണ്ട കാലറി മാത്രം കണക്കാക്കിയുള്ള ഭക്ഷണം മാത്രം കഴിച്ചാൽ മതിയെന്നു പറഞ്ഞപ്പോൾ മുന്നോട്ടു പോകാൻ പ്രചോദനമായത് ഇത്രയും നാൾ ഞാൻ ആവശ്യത്തിലധികമായിരുന്നല്ലോ കഴിച്ചിരുന്നത് എന്നതായിരുന്നു.
4 കിലോ കൂടി വെയ്റ്റ് കുറച്ച് 70 ൽ എത്തിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ട്. അതിനായുള്ള പരിശ്രമത്തിലാണ് ഇപ്പോൾ.
Content Summary: Weightloss and belly fat loss tips of Sumesh