വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുന്നത് എല്ലാവരെയും സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമില്ല. വീട്ടിലെയും ജോലി സ്ഥലത്തെയും തിരക്കുകള്‍ മൂലം ജിമ്മിലൊക്കെ പോയി വര്‍ക്ക് ഔട്ട് ചെയ്യാനുള്ള സമയം ചിലര്‍ക്ക് കിട്ടിയെന്ന് വരില്ല. ഇത്തരക്കാര്‍ക്ക് വ്യായാമത്തെ നിത്യജീവിതത്തിന്‍റെ ഭാഗമാക്കി വര്‍ക്ക് ഔട്ടിന്‍റെ ഗുണങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. അതിന് സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇതാ
1. ലഭിക്കുന്ന സന്ദര്‍ഭത്തിലൊക്കെ നടക്കുക
ഏതൊരു ചലനവും ശരീരത്തിന്‍റെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കും. ഇതിനാല്‍ വര്‍ക്ക് ഔട്ടിന് സമയമില്ലാത്തവര്‍ നിത്യജീവിതത്തില്‍ അവസരം കിട്ടുമ്പോഴൊക്കെ നടക്കുകയോ ഓടുകയോ ചെയ്യാം. ലിഫ്റ്റിന് പകരം പടികള്‍ കയറുന്നതും നല്ലതാണ്. അടുത്ത കടയിലൊക്കെ പോയി സാധനം വാങ്ങണമെങ്കില്‍ വാഹനമെടുക്കാതെ കഴിവതും നടന്നോ ഓടിയോ പോകാന്‍ ശ്രമിക്കുക.
2. ജോലി സ്ഥലത്തും വര്‍ക്ക് ഔട്ട്
സ്ഥലവും സൗകര്യവുമുണ്ടെങ്കില്‍ ജോലി സ്ഥലത്തും ചില്ലറ വര്‍ക്ക് ഔട്ടുകളൊക്കെ ആകാവുന്നതാണ്. കുറച്ച് ഡംബെല്ലുകളോ വര്‍ക്ക്ഔട്ട് ട്യൂബിങ്ങോ നിങ്ങളുടെ ജോലിസ്ഥലത്ത് ഇതിനായി സൂക്ഷിക്കാം. കോര്‍ മെച്ചപ്പെടുത്താന്‍ സ്റ്റെബിലിറ്റി ബോളിലും ഇടയ്ക്ക് ഇരിക്കാം.
3. ഒരു സമയം നിശ്ചയിക്കുക
വര്‍ക്ക് ഔട്ടിന് വേണ്ടി വീട്ടില്‍ തന്നെ ഒരു പ്രത്യേക സമയം നിശ്ചയിച്ച് അത് എല്ലാ ദിവസും പിന്തുടരാന്‍ ശ്രമിക്കുക. രാവിലെ എഴുന്നേറ്റ ഉടനെ ഒരു 20-30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്ക്കാവുന്നതാണ്. ഇത് ദിവസം മുഴുവന്‍ ഊര്‍ജം നല്‍കും.
4. പുരോഗതി വിലയിരുത്തുക
നാം നടക്കുന്ന സ്റ്റെപ്പുകള്‍ എത്ര, അത് മൂലം കത്തിച്ച കാലറി എത്ര എന്നെല്ലാം അളക്കാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഫോണിലും സ്മാര്‍ട്ട് വാച്ചിലുമൊക്കെ ഇന്ന് ലഭ്യമാണ്. ഇവ ഉപയോഗപ്പെടുത്തി നമ്മുടെ വര്‍ക്ക്ഔട്ടിന്‍റെ പുരോഗതി ഇടയ്ക്കിടെ രേഖപ്പെടുത്തുക. ഇത് വര്‍ക്ക് ഔട്ട് തുടരാനുള്ള പ്രചോദനം നല്‍കും.
5. തീവ്രമായ വ്യായാമങ്ങള്‍
വര്‍ക്ക് ഔട്ട് ചെയ്യാന്‍ സമയം കുറവുള്ളവര്‍ക്ക് തീവ്രത കൂടിയ എയറോബിക് വ്യായാമമുറകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. പുഷ് അപ്, ബര്‍പീസ്, സ്ക്വാട്സ്, ലഞ്ചസ് പോലുള്ള ഇത്തരം വ്യായാമങ്ങള്‍ 20 മിനിറ്റ് കൊണ്ട് ഓരോ മിനിറ്റിലും 15 കാലറി എന്ന തോതില്‍ കൊഴുപ്പ് കത്തിക്കും. തീവ്രത കൂടിയ വ്യായാമങ്ങളാണെങ്കില്‍ ആഴ്ചയില്‍ 75 മിനിറ്റ് മാത്രം ചെയ്താല്‍ മതിയെന്ന പ്രത്യേകതയുമുണ്ട്.
6. രണ്ട് വ്യായാമങ്ങള്‍ ഒരേ സമയം
ട്രെഡ് മില്ലില്‍ നടപ്പിന്‍റെ ഒപ്പം ഓരോ കൈയിലും ഡംബെല്ലുമായി കൈകള്‍ക്കുള്ള വ്യായാമം എന്ന തരത്തില്‍ മള്‍ട്ടി ടാസ്കിങ്ങും പരീക്ഷിക്കാവുന്നതാണ്. നടത്തത്തിനിടെ ഷോള്‍ഡര്‍ പ്രസ്, ബൈസപ്സ് കേള്‍സ്, ട്രൈസെപ്സ് എക്സറ്റന്‍ഷന്‍സ്, സൈഡ് ലാറ്ററല്‍സ്, ഫ്രണ്ട് ലാറ്ററല്‍സ്, സ്റ്റാന്‍ഡിങ് ട്രൈസെപ്സ് കിക്ക്ബാക്കുകള്‍ തുടങ്ങിയവയും ചെയ്യാം.
ഇത്തരം കാര്യങ്ങള്‍ ജീവിതചര്യയുടെ ഭാഗമാക്കുന്നതിലൂടെ വര്‍ക്ക് ഔട്ടിന് സമയമില്ല എന്ന പരാതി ഒഴിവാക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സാധിക്കും.
English Summary : Ways to make Workout Feel Easier