ശരീരത്തിന് ഉന്മേഷവും ഊർജസ്വലതയും നൽകും വ്യാഘ്രാസനം - വിഡിയോ
Mail This Article
ശാരീരികവും മാനസികവുമായ അലസതയെ ചെറുത്തുനിൽക്കുന്നതിനും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിനും നിഷ്ഠയായ യോഗചര്യയും ചിട്ടയായ ഭക്ഷണക്രമവും അനിവാര്യമാണ്. അടിവയറിലെ കൊഴുപ്പു കുറയ്ക്കാൻ വ്യാഘ്രാസനം (Vyaghrasanam) ചെയ്യാം.
വ്യാഘ്രാസനം ചെയ്യുന്ന വിധം
ഇരു കാലുകളും പുറകോട്ടു മടക്കിവച്ച് പൃഷ്ഠഭാഗം ഇരുകാലുകളുടെയും ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടു കയറ്റി കാൽമുട്ടുകൾക്കു മുന്നിൽ തറയിൽ ഉറപ്പിച്ചു കുത്തുക. പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽനിന്നുയർത്തുകയും വേണം . പൂച്ച നാലുകാലിൽ നിൽക്കുന്നതു പോലായിരിക്കും ഇപ്പോഴത്തെ അവസ്ഥ.ഇങ്ങനെ നിൽക്കുമ്പോൾ കാൽമുട്ടുകൾ തമ്മിലുള്ള അകലവും കൈപ്പത്തികൾ തമ്മിലുള്ള അകലവും തുല്യമായിരിക്കണം. ഇനി സാവധാനം ശ്വാസ എടുത്തുകൊണ്ട് നടു താഴ്ത്തി തല മേൽപ്പോട്ടുയർത്തുക. അതോടൊപ്പം വലതുകാലും കഴിയുന്നത്ര പുറകോട്ടു നീട്ടി മുകളിലേക്കുയർത്തുക. തുടർന്ന് ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയർത്തി തല അടിയിലേക്കു താഴ്ത്തി വലതുകാൽ മടക്കി ആ കാലിന്റെ മുട്ട് മുന്നോട്ടു കൊണ്ടു വന്ന് നെറ്റിയിൽ മുട്ടിക്കുക. വീണ്ടും ശ്വാസമെടുത്തുകൊണ്ട് നടു താഴ്ത്തി തല മുകളിലേക്കുയർത്തിഅതോടൊപ്പം വലതുകാലും മുകളിലേക്കുയർത്തുക ഇതുപോലെ അഞ്ചോ ആറോ തവണ കൂടി ആവർത്തിക്കാവുന്നതാണ് ഇങ്ങനെ ഇടത്തെ കാലുയർത്തിയും ചെയ്യേണ്ടതാണ്.
ഗുണങ്ങൾ
സ്ത്രീകളുടെ ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടികൾക്കു വളരെയധികം പരിഹാരം കാണപ്പെടുന്നു. കഴുത്തിനും തോളുകൾക്കും നട്ടെല്ലിനും ശരിയായ പ്രവർത്തനം കിട്ടുന്നു. അടിവയറിന്റെ കൊഴുപ്പു കുറഞ്ഞു കിട്ടുന്നു. കഴുത്തിന്റെ പുറകിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ശരീരത്തിന് ഉന്മേഷവും ഊർജസ്വലതയും നിലനിൽക്കുന്നു.
വിഡിയോ