കാശ് മുടക്കി ജിമ്മിൽ പോകാൻ താൽപ്പര്യമില്ലേ? ഫിറ്റായിരിക്കാൻ പരീക്ഷിക്കാം ഈ സിംപിൾ വഴികൾ
![exercise-health-ViDIStudio-shutterstock Representative image. Photo Credit:ViDI Studio/Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/health/fitness-and-yoga/images/2023/11/30/exercise-health-ViDI%20Studio-shutterstock.jpg?w=1120&h=583)
Mail This Article
ആരോഗ്യത്തോടെയും നല്ല ഫിറ്റ് ശരീരത്തോടെയുമൊക്കെ ഇരിക്കണമെന്നുണ്ട്. പക്ഷേ ജിമ്മിലൊന്നും പോകാനുള്ള പണമോ മാരത്തോൺ ഒക്കെ ഓടാനുള്ള നേരമോ നമുക്ക് എവിടാ എന്ന് പരിഭവിച്ചിരിക്കുന്നവരുണ്ട്. വ്യായാമം, നല്ല ഭക്ഷണക്രമം, ഫിറ്റ്നസ് എന്നിവയെല്ലാം ഹൈക്ലാസിന്റെ മാത്രം കാര്യമാണെന്ന് ഇത്തരക്കാർ കരുതും. എന്നാൽ ഒത്തിരി സമയമോ പണമോ ചെലവഴിക്കാതെ തന്നെ ഫിറ്റായി ഇരിക്കാൻ പറ്റുമെന്നതാണ് സത്യം. ഇതിനു സഹായിക്കുന്ന ചില വഴികൾ പങ്കു വയ്ക്കുകയാണ് ദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർ സുധീർ കുമാർ.
![walking Photo Credit: triloks/ Istock.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
1. വേഗത്തിലുള്ള നടത്തം: ദിവസം 2500 സ്റ്റെപ്പോ വെറും 15 മിനിട്ടോ വേഗത്തിൽ നടന്നാൽ തന്നെ പ്രയോജനങ്ങൾ ലഭിക്കാൻ തുടങ്ങും. ഇതിന് പുറമേ വീട്ടിലോ ജോലിസ്ഥലത്തോ ഒക്കെ സമയം കിട്ടുമ്പോഴെല്ലാം നടക്കുക. ഫോൺ വിളിക്കുമ്പോഴോ ആരോടെങ്കിലും സംസാരിക്കുമ്പോഴോ നടന്നുകൊണ്ട് സംസാരിക്കാൻ ശ്രമിക്കുക.
2. പടികൾ കയറാം: കുറഞ്ഞത് 50 പടികളെങ്കിലും ഒരു ദിവസം കയറുന്നത് ഹൃദയാരോഗ്യത്തിനെ ബലപ്പെടുത്തുന്നു. അതിനാൽ ലിഫ്റ്റും എസ്കലേറ്ററും ഒഴിവാക്കി പറ്റുമ്പോഴൊക്കെ പടി കയറുക.
3. ഓട്ടം: ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം രണ്ട് കിലോമീറ്റർ ഓടാൻ പറ്റുമെങ്കിൽ നല്ലത്. ഹൃദയത്തിനു മാത്രമല്ല തലച്ചോറിനും ഈ ഓട്ടം ഗുണം ചെയ്യും.
4. ഇരിക്കുന്ന സമയം കുറയ്ക്കുക: ദീർഘ നേരം ഇരിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ 30–45 മിനിട്ട് കൂടുമ്പോൾ എഴുന്നേറ്റു നിൽക്കുകയോ രണ്ട് മൂന്ന് മിനിട്ട് നടക്കുകയോ ചെയ്യുക.
5. സ്ട്രെങ്ത് പരിശീലനം: ജിമ്മിലൊന്നും പോകാതെ സ്വന്തം ശരീരഭാരവും റെസിസ്റ്റൻസും ബാൻഡുകളും ഡംബെല്ലുകളും ഉപയോഗിച്ചും സ്ട്രെങ്ത് പരിശീലനം ചെയ്യാൻ കഴിയുന്നതാണ്. പുഷ്അപ്പ്, പ്ലാങ്ക്, സ്ക്വാട്സ്, വാള്‍സിറ്റുകൾ പോലുള്ള വ്യായാമങ്ങൾ പത്തു പൈസ ചെലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയും.
![healthy-diet-for-mental-health-prostock-studio-istockphoto Representative image. Photo Credit: Prostock-Studio/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഭക്ഷണക്രമം
ഭക്ഷണത്തിന്റെ കാര്യത്തിലും പണം ആരോഗ്യകരമായ ജീവിതത്തിന് വലിയ തടസ്സമല്ല. ഇനി പറയുന്ന കാര്യങ്ങൾ പക്ഷേ ശ്രദ്ധിക്കണം.
1. മധുരപാനീയങ്ങളും, പായ്ക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസുകളും മധുരങ്ങളും പരമാവധി ഒഴിവാക്കുക. ചായയും കാപ്പിയും മധുരമില്ലാതെ ശീലിച്ച് തുടങ്ങുക.
2. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ചോറ് പോലുള്ള ആഹാരത്തിന്റെ അളവ് കുറച്ച് പ്രോട്ടീന്‍ അളവ് വർധിപ്പിക്കുക.
3. സംസ്കരിച്ച് പായ്ക്ക് ചെയ്ത ഭക്ഷണവിഭവങ്ങൾ ഒഴിവാക്കുക.
4. പ്രഭാതഭക്ഷണം വൈകിപ്പിച്ചും രാത്രിഭക്ഷണം നേരത്തെയാക്കിയുമുള്ള സമയനിയന്ത്രിത ഭക്ഷണം കഴിക്കൽ പിന്തുടരുക.
5. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ