ADVERTISEMENT

കാൻസറിൽ നിന്നു മുക്തി നേടിയാലും വീണ്ടും രോഗം വരുമോയെന്ന് ഭയന്ന് കഴിയുന്നവർക്ക് ശരിക്കും മാതൃകയാക്കാവുന്ന ഒരാളാണ് തൃശൂർ വരന്തിരപ്പള്ളി പള്ളിക്കുന്ന് സ്വദേശി ലിജി ജോസ്. തൃശൂർ ഹോളിഫാമിലി സ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട മുല്ല മിസ്. നാട്ടുകാരുടെ പ്രിയപ്പെട്ട ചി‍ഞ്ചു. കാൻസറിനോടു 'പാട്ടിനു പോ' പറഞ്ഞ് ആട്ടവും പാട്ടുമായി തകർക്കുന്ന ചിഞ്ചു ശരിക്കും ഒരദ്ഭുതം തന്നെയാണ്. പടികടന്നെത്തിയ കാൻസറിനെയും ജീവിതത്തെയും ഒരേ സമയം പുറത്താക്കി, ഞാനിവിടൊക്കെത്തന്നയുണ്ടെന്നു പറഞ്ഞ് പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെ ശരിക്കും നമ്മൾ അറിഞ്ഞിരിക്കണം.

സന്തോഷത്തിനിടയിലേക്കു വന്ന ആ രോഗം

chinju2

അപ്പച്ചനും അമ്മച്ചിയും ചേട്ടനും പിന്നെ എന്റെ ഇരട്ട സഹോദരിയും – ഇതായിരുന്നു എന്റെ സന്തുഷ്ട കുടുംബം. (ഇപ്പോൾ ഒരു ചേട്ടനും ചേട്ടത്തിയും രണ്ടു കുഞ്ഞാവകളും കൂടിയുണ്ടേ). 2015–ൽ വിവാഹം കഴിഞ്ഞ് നാലു മാസം ആയപ്പോഴാണ്  തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ഓവറിയിൽ ഒരു സിസ്റ്റ് കണ്ടുപിടിച്ചത്. അത് റിമൂവ് ചെയ്യണമെന്നു ഡോക്ടർ പറഞ്ഞു. കല്യാണം കഴിഞ്ഞ സമയമല്ലേ, റിമൂവ് ചെയ്യാതെ എന്തെങ്കിലും വഴികളുണ്ടോ എന്ന് അന്വേഷിച്ചാണ് കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെത്തിയത്. 

അവിടെയും ശസ്ത്രക്രിയ ചെയ്യണമെന്നുതന്നെ പറഞ്ഞു. ഡോ. ഗംഗാധരന്റെ ഭാര്യ ഡോ. ചിത്രലേഖയാണ് ശസ്ത്രക്രിയ നടത്തിയത്. ഓവറിക്കൊപ്പം യൂട്രസും റിമൂവ് ചെയ്യേണ്ടിവന്നു. ആ ദിവസം മുതലാണ് എന്റെ ജീവിതത്തിൽ കാൻസറിനോടുള്ള പോരാട്ടം തുടങ്ങുന്നത്. 

ബോധം വീണപ്പോൾ ഞാൻ അപ്പച്ചനോട് ആദ്യം ചോദിച്ചത് അപ്പച്ചാ എന്റെ യൂട്രസ് എടുത്തോ എന്നാണ്. എടുത്തു മോളേന്ന് അപ്പച്ചനും പറഞ്ഞു. പിന്നെ ചുറ്റിലും ഞാൻ കാണുന്നത് സങ്കടങ്ങൾ നിറഞ്ഞ കുറച്ചു മുഖങ്ങൾ മാത്രമാണ്. കാരണം അപ്രതീക്ഷിതമായി വന്ന ഒരസുഖം, അതും കല്യാണം കഴിഞ്ഞിരിക്കുന്ന സമയം, ഭർത്താവിന്റെ വീട്ടുകാർ ആരും വന്നിട്ടില്ല. ഭർത്താവ് ദുബായിലാരുന്നു, ഒരു ദിവസം വന്നു, കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞപ്പോൾ തിരിച്ചു ദുബായിലേക്കു പോയി. അപ്പോഴും ഞാൻ മനസ്സിൽ ഒന്നുറപ്പിച്ചിരുന്നു എന്തു വന്നാലും പൊരുതുമെന്ന്. പിന്നീട് ശരിക്കും പോരാട്ടത്തിന്റെ ദിവസങ്ങളായിരുന്നു.

chinju4
സ്കൂളിലെ സ്റ്റേജ് പ്രാഗ്രാമിൽ ലിജി

ബയോപ്സി റിസൽറ്റ് വന്നപ്പോൾ ഓവറിയിൽ കാൻസർ സ്ഥിരീകരിച്ചു. ഇതോടെ ഭർത്താവ് വിവാഹബന്ധം വേണ്ടെന്നുവച്ചു. ഡോ. ഗംഗാധരന്റെ കീഴിലായി ചികിൽസയുടെ അടുത്ത ഘട്ടം. ആദ്യത്തെ കീമോ തുടങ്ങുന്ന ദിവസമാണ് ഡിവോഴ്സ് ആവശ്യപ്പെടുന്നത്. ഒരു ഭാഗത്ത് കീമോയുടെ വേദന മറുഭാഗത്ത് മാനോവേദന. ഇൗ അവസ്ഥ ചികിൽസയുടെ ഫലത്തെ ബാധിക്കുമോ എന്ന ചിന്ത ഡോക്ടർമാർക്കുമുണ്ടായിരുന്നു. 

ഡോക്ടർമാരെ അദ്ഭുതപ്പെടുത്തിയ ആ തിരിച്ചുവരവ്

അങ്ങനെ തോറ്റു കൊടുക്കാൻ എനിക്ക് മനസില്ലായിരുന്നു. 'ഇതെല്ലാം ഞാൻ അതിജീവിക്കും' എന്നു തീരുമാനിച്ചതോടെ മനസിനു ധൈര്യം കിട്ടി. രോഗത്തോടും ജീവിതസാഹചര്യങ്ങളോടും പേരാടാൻ മനസ് പാകപ്പെടുത്തിയപ്പോൾ ചികിൽസ ഫലിക്കാൻ തുടങ്ങി. ഡോക്ടർമാർക്കുവരെ അദ്ഭുതമായിരുന്നു എന്റെ ഈ തിരിച്ചുവരവ്. ഗംഗാധരൻ ഡോക്ടർ പറയും ഇന്നസെന്റ് കഴിഞ്ഞാൽ പിന്നെ എന്നെ അതിശയിപ്പിച്ചത് ലിജി ആണെന്ന്. അത്രയും തളർന്ന അവസ്ഥയിൽ നിന്നായിരുന്നു എന്റെ ഉയർത്തെഴുന്നേൽപ്പ്.

chinju5
സ്കൂളിലെ സ്റ്റേജ് പ്രാഗ്രാമിൽ ലിജി

കാരണം 24 വയസ്സാണ് എന്റെ പ്രായം, ഓവറിയും യൂട്രസുമെല്ലാം റിമൂവ് ചെയ്തു, അതിനിടയിൽ ഭർത്താവും വേണ്ടെന്നു വച്ചു.ഇതിനിടയിൽ ട്രീറ്റ്മെന്റ്. ഇതൊക്കെ എങ്ങനെ എനിക്കു താങ്ങാനാകുമെന്നായിരുന്നു കുടുംബത്തിന്റെ ചിന്ത. പക്ഷേ ഏത് സാഹചര്യത്തെയും ധൈര്യത്തോടെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. എന്റെ ധൈര്യം കണ്ടതോടെ അപ്പച്ചനും എന്റെ കുടുംബത്തിനും ആശ്വാസമായി. അതു കൊണ്ടാണ് ഇപ്പോഴും അപ്പച്ചന്റെ സുഹൃത്തുക്കളൊക്കെ അപ്പച്ചൻ അന്ന് അവരോട് പറഞ്ഞ വാക്കുകൾ എന്നോട് പറയാറുണ്ട്  'ഞാനും എന്റെ കുടുംബവും ഇതുപോലെ പിടിച്ചുവന്നത് എന്റെ മോളുതന്ന ധൈര്യമാണെന്ന്. അവൾ തന്ന ധൈര്യമായിരുന്നു ഞങ്ങളുടെ ധൈര്യമെന്ന്'.

എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായിട്ടുള്ള ദിവസങ്ങൾ കീമോദിനങ്ങളായിരുന്നു. 28 ദിവസം ഇടവിട്ട് ആറ് കീമോയാണ് ചെയ്തത്. ഡാൻസ്, മോണോ ആക്ട്, നാടകം തുടങ്ങി എന്തു പരിപാടിക്കും മുന്നിൽ നിൽക്കുന്ന, അത്രയും ആക്ടീവായ ഒരാളായിരുന്നു ഞാൻ. എനിക്ക് കാൻസർ എന്നറിഞ്ഞപ്പോൾ ഏറ്റവുമധികം തകർന്നതും ഇതിനൊക്കെ കൂടെനിൽക്കുന്ന എന്നെ സ്നേഹിക്കുന്ന നാട്ടുകാരും ബന്ധുക്കളും ആയിരുന്നു. 

കീമോസമയത്ത് മുടിയെല്ലാം പോയി. ആ സമയത്ത് വിഗ്ഗ് വയ്ക്കാമെന്ന് ഡോക്ടർ ഉൾപ്പടെ എല്ലാവരും പറഞ്ഞു. ഞാൻ ഡോക്ടറോടു പറഞ്ഞു എനിക്ക് വിഗ്ഗ് വയ്ക്കാൻ ഇഷ്ടമല്ല, പിന്നെ ഞാനിങ്ങനെ ഒരവസ്ഥയിൽ ആയിട്ടുണ്ടെങ്കിൽ അത് ദൈവം അറിയാതെയാകില്ല. അപ്പോൾ എനിക്ക് വിഗ്ഗ് വേണ്ട.ഞാനിങ്ങനെ നടക്കുമ്പോൾ എന്താ പറ്റിയെന്ന് ആരെങ്കിലുമൊക്കെ ചോദിക്കില്ലേ, എന്നെ കാണുമ്പോൾ ഒരാൾക്ക് പ്രചോദനമായാൽ അതാണ് എന്റെ സന്തോഷം എന്നു പറഞ്ഞു.

ആത്മവിശ്വാസം തന്ന ആ ജോലി

ലിജി ജോസ്
ലിജി ജോസ്

ഒരു ജോലി നേടണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ട്രീറ്റ്മെന്റ് കഴിഞ്ഞ് ഒരു മാസം ആയപ്പോഴേക്കും തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ നിന്ന് ജോലി ഒഴിവുണ്ടെന്നു പറഞ്ഞ് ഇന്റർവ്യൂ കാർഡു വന്നു. ജോലിക്ക് അയയ്ക്കാൻ ആദ്യം അപ്പച്ചനു പേടിയുണ്ടായിരുന്നെങ്കിലും എന്റെ ആത്മവിശ്വാസം കണ്ടപ്പോൾ പൊയ്ക്കൊള്ളാൻ പറഞ്ഞു. ശേഷം ഞാൻ ഡോക്ടറെയും വിളിച്ചു, ഡോക്ടറും ഇന്റർവ്യൂനു പോകാനുള്ള അനുവാദം തന്നു. തലയിൽ മഫ്ത കെട്ടിയിട്ടാണ് ‍ഇന്റർവ്യൂനു പോകുന്നത്. ഇന്റർവ്യൂ കഴിഞ്ഞ് എനിക്കു ജോലിയും കിട്ടി.ഞാൻ ജോയിൻ ചെയ്യാൻ പോകുന്ന ദിവസം അവിടുത്തെ ഫാ.ജിയോ കല്ലടന്തിയലിനോടു ആദ്യം പറഞ്ഞത് 'ഞാനൊരു കാൻസർ പേഷ്യന്റാണ്. എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞ് ഒരു മാസം ആയിട്ടേ ഉള്ളു. എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ എന്നെ പറഞ്ഞുവിട്ടോളൂ' എന്നാണ്. കാൻസറിനെ തോൽപ്പിച്ച എന്നോട് യാതൊരു വേർതിരിവും കാണിക്കാതെ ചുമതലകൾ ഏൽപ്പിച്ച് അവിടുത്തെ അധ്യാപകരും വിദ്യാർഥികളുമൊക്കെ കൂടെനിന്നു. രണ്ടര വർഷം ഡോൺ ബോസ്കോ സ്കൂളിൽ ജോലി ചെയ്തു.

തിരിച്ചറിവു തന്ന കാൻസർ

chinju3
ലിജി കുടുംബത്തോടൊപ്പം

ജോലി പോലും കളഞ്ഞ് കൂടെ നിന്ന സഹോദരൻ, അപ്പച്ചൻ, അമ്മച്ചി, സഹോദരി, സഹോദരിയുടെ ഭർത്താവ് ലാൽജോ, ഫാ. ജോമോൻ ഇവരൊക്കെ തന്ന ധൈര്യം എന്റെ  അതിജീവനത്തിന്റെ ശക്തികൂട്ടിയത്. ഇവരൊക്കെ എന്നോടു പറയും നീയാണ് തിരിച്ച് ഞങ്ങളെ ശക്തിപ്പെടുത്തേണ്ടതെന്ന്. ഒരസുഖം വന്നതിന്റെ പേരിൽ വീടിന്റെ ഉള്ളറകളിൽ ഒതുങ്ങി ഇരിക്കേണ്ടവരല്ല ആരും. ഒളിച്ചു വയ്ക്കേണ്ട ഒരു രോഗവുമല്ല കാൻസർ. ഒരു പനി വരുന്നതു പോലെ ലാഘവത്തോടെ കാൻസറിനെ കണ്ടാൽ മതി. നമ്മുടെ മനസ്സിനു ശക്തിയുണ്ടെങ്കിൽ ഏത് അസുഖത്തെയും തോൽപ്പിക്കാം. എന്നെ സംബന്ധിച്ച് കാൻസർ ഒരു ഗിഫ്റ്റ് ആയിരുന്നു. ജീവിതത്തിൽ നമ്മുടെ കൂടെനിൽക്കുന്നവർ ആരൊക്കെയാണ് എന്നു തിരിച്ചറിയാനും, ഒരുപാടു കാര്യങ്ങൾ ഈ ലോകത്ത് ചെയ്യാനുണ്ടെന്നും ഒരു ജീവന്റെ വില എന്താണെന്നും ഒക്കെ അറിയാനുള്ള അവസരമായിരുന്നു. ഇപ്പോൾ തൃശൂർ ഹോളിഫാമിലി സ്കൂളിലെ മലയാളം ടീച്ചറാണ്. ഇതിനു പുറമേ അൽപ്പസ്വൽപ്പം സാമൂഹിക പ്രവർത്തനങ്ങളും മോട്ടിവേഷണൽ സ്പീച്ചും ഡാൻസും നാടകവുമൊക്കെയായി ജീവിതം അടിപൊളിയായി മുന്നോട്ടു പോകുന്നു. സാമൂഹിക പ്രവർത്തനത്തിനു രണ്ട് അവാർഡുകൾ  ലഭിച്ചിട്ടുണ്ട്. എന്തു വന്നാലും നേരിടും. രോഗത്തിൽ നിന്നു പൂർണമുക്തി നേടിയിട്ടു മൂന്നര വർഷം കഴിഞ്ഞു. രോഗം വീണ്ടും വന്നാലും അതിനെയും നേരിടാനുള്ള ഒരു മനസ്സ് പണ്ടേ സെറ്റു ചെയ്തുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com