ADVERTISEMENT

2007ന്റെ ആദ്യ രണ്ടു മാസങ്ങൾ വി.സിന്ധുവിന്റെ ജീവിതത്തെ രണ്ടായി പകുത്തു. ജീവിതത്തിലെ വലിയ സന്തോഷങ്ങളിൽ ഒന്ന് ആ ജനുവരി സ്വന്തമാക്കിയപ്പോൾ ഫെബ്രുവരി കാത്തുവച്ചതു മറ്റൊന്നായിരുന്നു; ഒരിക്കലും ആരും ക്ഷണിക്കാത്ത വില്ലൻ വിരുന്നുകാരൻ ഒരു വീടു പണിത് ആർക്കിടെക്ട് സിന്ധുവിന്റെ ഉള്ളിൽ കുടിയിരിപ്പു തുടങ്ങി–കാൻസർ. സ്വന്തമായി ഒരു സ്ഥാപനം എന്ന സ്വപ്നം സിവിൽ സ്റ്റേഷനു സമീപം ‘സിന്ധു വി ടെക്’ എന്ന പേരിൽ ലക്ഷ്യത്തിലെത്തിത് ജനുവരിയിൽ. എറണാകുളത്തുനിന്നുവന്നു കോഴിക്കോട്ടെത്തി ഒരിടം കണ്ടെത്താനുള്ള ഓട്ടത്തിനു തുടക്കമിട്ട കാലം. 

കൂടെ നിന്നവർ  
കാൻസർ എന്നാൽ ഒരിക്കലും പിടിവിടാത്ത, നമ്മളെയും കൊണ്ടുപോകുന്ന ഭീകരൻ എന്ന ഭയമായിരുന്നു അക്കാലത്ത് മിക്കവർക്കും. കുറേ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അത്തരത്തിലാണ് കാര്യങ്ങൾ ഉൾക്കൊണ്ടിരുന്നതും. ജീവിതത്തിൽ ഒരു കടമ്പ മുന്നിൽ വന്നാൽ സഹായിക്കും എന്നു നമ്മൾ കരുതുന്ന ആളുകളാവില്ല കൈ പിടിച്ചു കൂടെ നടത്തുന്നത്. വീണു കിടക്കുന്നിടത്തുനിന്നു പിടിച്ചെഴുന്നേൽപിക്കാൻ ഒരിക്കലും വിചാരിക്കാത്ത ആരെങ്കിലും വരും. ആ സമയത്ത് ഏറ്റവും ഊർജം പകർന്നതിൽ ഒരാൾ എന്നെ സഹായിക്കാൻ നിന്ന ഒരു വനിതയാണ്. എന്റെ ഇളയ കുഞ്ഞിനു മൂന്നു വയസ്സാണ് അന്നു പ്രായം, മൂത്ത മകനു പന്ത്രണ്ടും. എന്റെ കുഞ്ഞുങ്ങളെ നോക്കാനാണ് അവർ വന്നത്. മരണം ഉറപ്പിച്ച ഞാൻ പലതും ഓർത്തു കരഞ്ഞപ്പോൾ ആശ്വസിപ്പിച്ചുകൊണ്ട് അവർ പറയും – മോളെ, ഇതൊന്നും ഒന്നുമില്ല. എല്ലാം ഉടൻ ശരിയാവും...’  

ജീവിക്കണം 
കീമോതെറപ്പി ചെയ്തു മുടിയും കൺപുരികവുമെല്ലാം പോയി, ആകെ വീർത്തിരിക്കുന്നു. ഉടൻ മരിക്കാൻ പോകുന്ന ആളോടുകാട്ടുന്ന ഒരു കരുതലുണ്ടല്ലൊ, അതു പലരിലും കാണാനായി. മറ്റുള്ളവർ പറയുന്നതിനും അപ്പുറത്തേക്കു കരുത്തോടെ ജീവിക്കും എന്ന തോന്നൽ വളർത്തിയെടുക്കാൻ ബോധപൂർവമായ ശ്രമം നടത്തിയിരുന്നു. അമ്മ വിട്ടുപോയത് എന്റെ 18–ാം വയസ്സിലാണ്; കാൻസർ തന്നെ കാരണം. പല പ്രധാന ഘട്ടങ്ങളിലും അമ്മ കൂടെയില്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. 39–ാം വയസ്സിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയുംകൊണ്ട് കാൻസറിനോടു പൊരുതിയുള്ള ജീവിതം. ശാരീരിക പ്രശ്നങ്ങൾ ഒട്ടേറെയെങ്കിലും മാനസികമായി അതിനെയെല്ലാം നേരിടാൻ ഉറച്ചു. 

ഞങ്ങൾ കുറച്ചുപേർ ഒന്നിച്ചാണ് കീമോ ചെയ്തിരുന്നത്. ഇടയ്ക്കു ചിലർ നമ്മെ വിട്ടു പോയിട്ടുണ്ടാവും. ചെറിയൊരു പേടിയൊക്കെ തോന്നിയിരുന്നു. മരണത്തെക്കുറിച്ചു പഠിച്ച്, കൂടുതൽ മനസ്സിലാക്കിവരുമ്പോൾ പിന്നെ പേടി തോന്നില്ല. 

നിലനിൽക്കാൻ ഓട്ടപ്പാച്ചിൽ
പലയിടത്തുനിന്നുള്ള ആശങ്കകൾ വകവയ്ക്കാതെയാണ് സ്വന്തം ഓഫിസ് തുടങ്ങിയത്. അസുഖം ഉറപ്പിച്ചതോടെ, ഓഫിസ് പൂട്ടിക്കോ എന്നായി പലരും. ചികിത്സകൾക്ക് ഒരു വർഷമെങ്കിലും വേണം. കാലമേറെ കൊണ്ടുനടന്ന ഒരു സ്വപ്നം വിട്ടുകളയാനും പറ്റില്ല. 

അതിനുള്ള വഴിയും പിന്നാലെ തുറന്നു. എറണാകുളത്തെ ഒരു വലിയ പ്രോജക്ട് കിട്ടി. അതിൽനിന്നു കിട്ടിയ ഫീസുകൊണ്ട് കുറച്ചുനാൾ ഓഫിസ് മുന്നോട്ടുകൊണ്ടുപോകാം എന്ന അവസ്ഥയായി. മൂവാറ്റുപുഴയിലും എറണാകുളത്തുമായാണ് പ്രോജക്ടുകൾ. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞ ആ സമയത്തും, തലയിൽ സ്കാർഫ് കെട്ടിയാണ് അവിടെയെത്തിയത്. 

സ്ത്രീകളെ സംബന്ധിച്ചു മുടി ഒരു പ്രധാന കാര്യമാണെന്ന് അസുഖത്തിനു മുൻപുവരെ കരുതിയിരുന്നു. മുടിയും പുരികവും പോയി ആകെ വീർത്താൽ എന്തു ചെയ്യുമെന്ന തോന്നലായി. എന്റെയീ സങ്കടം ഒരു സീനിയർ ഡോക്ടറോടു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു – ‘സിന്ധു, ലൈഫിൽ കീമോതെറപ്പി എടുക്കുന്ന എത്ര നാളുണ്ടാകും ? ഒരു 6 മാസം എടുത്തേക്കും. ജീവിതം കുറേക്കാലം കൂടിയില്ലേ ? അതിൽ ഒരു വർഷം മുടിയില്ലാതെയിരിക്കുന്നതു ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമാണോ ?’ പിന്നെ, അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. 

പാഠം പഠിച്ച കാലം
ഭഗവദ്ഗീത വായിച്ചിട്ടില്ലാത്ത ‍ഞാൻ ആദ്യമായി ഗീത വായിച്ചു, മനസ്സിരുത്തി. ഉള്ളിൽതോന്നിയിരുന്ന പല ചോദ്യങ്ങൾക്കും അതിൽനിന്ന് ഉത്തരം കിട്ടി. അസുഖശേഷം എന്തു ചെയ്യുന്നതും ശ്രദ്ധയോടെയും ഉൾക്കൊണ്ടും ആയിത്തുടങ്ങി. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുമ്പോൾ നാവിനു രുചിയുള്ള എന്തും കഴിച്ചിരുന്നു. 

ഇപ്പോൾ, നാവിന്റെ വിളി കേൾക്കാറില്ല. എന്താണോ ആവശ്യം അതു മാത്രം. പലപ്പോഴും കാടുകയറുന്ന ചിന്തകളും ഭയവുമാണ് കുഴപ്പത്തിൽ ചാടിക്കുന്നത്. 

അതൊക്കെ നീക്കി ഒന്നു വൃത്തിയാക്കിയാൽ കുറേ പ്രശ്നങ്ങൾ തീരും. വിഷമാണ് എന്നു തോന്നുന്ന പല കാര്യങ്ങളും മാറ്റിനിർത്താറുണ്ട്. 

അതു ഭക്ഷണമാകാം, ചില മനുഷ്യരാകാം, സോഷ്യൽ മീഡിയയിലെയും പുറത്തെയും പല ചർച്ചകളാകാം. 

താൽപര്യമുള്ള പുസ്തകങ്ങൾ തിരഞ്ഞുപിടിച്ച് വായിച്ചു തുടങ്ങിയതും രണ്ടാം ജന്മത്തിൽ. അതുപോലെതന്നെയാണ് പാട്ടും ഫൊട്ടോഗ്രഫിയും. മുടങ്ങിപ്പോയ ശാസ്ത്രീയ സംഗീത പഠനം തുടങ്ങി. അതിനുശേഷം തുടങ്ങിയതാണ് മോട്ടിവേഷനൽ ക്ലാസുകളും. 

കാൻസർ ഒരു ഞെട്ടിക്കലായിരുന്നു. ജീവിതത്തിൽ പലതും നഷ്ടപ്പെടുത്തിയിട്ടുണ്ടത്. കൂടുതൽ കാര്യങ്ങൾ പഠിക്കാനും ചെയ്യിക്കാനും അതു കാരണമായി. അതിപ്പോഴും തുടരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com