ADVERTISEMENT

എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ കൊതുകു ശല്യം രൂക്ഷമാകുമെന്ന് പഠന റിപ്പോർട്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ അന്തരീക്ഷ ഊഷ്മാവിലുണ്ടായിട്ടുള്ള വ്യതിയാനവും നിലവിലുള്ള കൊതുകു സാന്ദ്രതയും പഠിച്ച ശേഷമാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തു വിട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ കോർപറേഷൻ പ്രദേശത്ത് ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഊർജിത കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. 

കോർപറേഷൻ പരിധിയിലെ 60 സ്ഥലങ്ങളിൽ നടത്തിയ ഈഡിസ് കൊതുകുകളുടെയും ലാർവയുടെയും സാന്ദ്രതാ പഠനത്തിലാണ് ജില്ലയിൽ വീണ്ടുമൊരു ഡെങ്കിപ്പനി പകർച്ചയ്ക്കുള്ള സാധ്യത തിരിച്ചറിഞ്ഞിട്ടുള്ളത്. ചില സ്ഥലങ്ങളിൽ 10ഉം ചിലയിടങ്ങളിൽ 15ഉം ആണ് ലാർവയുടെ സാന്നിധ്യം. ഈഡിസ് കൊതുക് ലാർവാ സാന്നിധ്യം 60ന് മുകളിലാണെങ്കിൽ അവിടെ ഡെങ്കിപ്പനി പടരുന്നതിന് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രദേശങ്ങളിൽ കൊതുക് ലാർവകളെ നശിപ്പിക്കുന്നതിനുള്ള ലാർവിസൈഡൽ സ്പ്രേ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. 

മന്തുരോഗം പരത്തുന്ന  ക്യൂലക്ക്സ് ഇനത്തിൽ പെട്ട കൊതുകുകളുടെ സാന്ദ്രത കോർപറേഷൻ പ്രദേശത്ത് 115 ആണെന്നാണ് സർവേയിൽ കണ്ടെത്തിയിട്ടുള്ളത്. 50 ന് മുകളിൽ ക്യൂലക്സ് കൊതുകിന്റെ സാന്ദ്രത വരുന്നത് രോഗം പരത്തുവാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം. ഡിവിഷന്‍ 31 -വടുതല വെസ്റ്റില്‍ മങ്കഴ റോഡ്‌, ഡിവിഷന്‍ 28 -അമരാവതി ഹനുമാന്‍ ടെമ്പിള്‍ റോഡ്‌ എന്നിവ നേരത്തെ ഡെങ്കിപ്പനി റിപ്പോർട്ട് ‌ ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങളാണ്. അതുകൊണ്ടു തന്നെ ഇവിടെയുള്ള 37 വീടുകളിലായി 70 മുറികളില്‍, വീടുകൾക്കുള്ളിൽ സ്‌പ്രേയിങ്ങ് നടത്തിയിട്ടുണ്ട്. 

ഡിവിഷന്‍ 63 ഗാന്ധി നഗറിൽ ഹോമിയോ ആശുപത്രിക്ക് സമീപം നടത്തിയ സർവേയിൽ  മലമ്പനി പരത്താൻ കഴിവുള്ള അനോഫിലിസ് ഇനത്തിൽ പെട്ട കൊതുകുകളുടെ ലാർവയുടെ  സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കോർപറേഷന് പുറത്തുള്ള പ്രദേശങ്ങളിൽ നടത്തുന്ന സർവേയുടെ ഭാഗമായി ആവോലി ഗ്രാമ പഞ്ചായത്തില്‍ ആനിക്കാട് പ്രദേശത്ത്   നടത്തിയ സർവേയിൽ ജപ്പാൻ ജ്വരം പരത്തുന്ന  കൊതുകുകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അപായ സാധ്യതയുള്ള പ്രദേശങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും കുടുംബശ്രീ, ആശാ പ്രവർത്തകരെ ഉൾപ്പെടുത്തി ഉറവിട നശീകരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യം ഏറിയും കുറഞ്ഞും ദൃശ്യമായിട്ടുള്ളതിനാൽ വീടുകളുടെയും കടകളുടെയും  പരിസരങ്ങളിൽ കൊതുക് മുട്ടയിട്ടു പെരുകുവാൻ സാദ്ധ്യതയുള്ള വെള്ളക്കെട്ടുകൾ പൂർണമായും ഇല്ലാതാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com