ADVERTISEMENT

കാന്‍സര്‍ വിഭാഗത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള രോഗം കൂടിയാണിത്. മിക്കപ്പോഴും രോഗലക്ഷണങ്ങള്‍ പോലും കാണിക്കാത്ത ഒന്ന്. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ്. ലൈംഗിക ബന്ധത്തില്‍ക്കൂടി പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) ആണ് ഈ രോഗത്തിന് കാരണമാകുന്നത്.

ഇന്ത്യയില്‍ ഓരോ എട്ടുമിനിറ്റിലും ഒരു സ്ത്രീ സെര്‍വിക്കല്‍ കാന്‍സര്‍ മൂലം മരണമടയുന്നുവെന്നാണു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്റെ കണക്ക്. 30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്.

പാപ്സ്മിയര്‍ ടെസ്റ്റാണ് സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാർഗം. യോനീമുഖത്തെ മറ്റ് അണുബാധകള്‍ കണ്ടെത്താനും ഈ പരിശോധന നടത്താവുന്നതാണ്. സാധാരണയല്ലാത്ത ബ്ലീഡിങ്ങാണ് സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാനലക്ഷണം. പ്രത്യേകിച്ച് രണ്ടു ആര്‍ത്തവചക്രങ്ങള്‍ക്കിടയില്‍ വരുന്നത്. ദുര്‍ഗന്ധത്തോടെയോ ബ്രൗണ്‍നിറത്തിലോ രക്താംശത്തോടെയോ ഉള്ള ഡിസ്ചാർജും സെര്‍വിക്കല്‍ കാന്‍സര്‍ ലക്ഷണമാകാം.

പാപ്സ്മിയര്‍ പരിശോധന - പാപ് (PAP) ടെസ്റ്റാണ് പൊതുവേ രോഗനിര്‍ണയത്തിന് അംഗീകരിക്കപ്പെട്ട പരിശോധനാ രീതി. ഇതു വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തില്‍ പല ആശുപത്രികളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്. ഗര്‍ഭാശയമുഖത്തെ(cervix) കോശങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടോ, കാന്‍സര്‍ ഉണ്ടോ, കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയാന്‍ സാധിക്കും. എല്ലാ സ്ത്രീകളും ഈ പരിശോധന നടത്തണം.

തികച്ചും വേദനാരഹിതവും പാർശ്വഫലങ്ങളില്ലാത്തതുമായ ഈ പരിശോധനയ്ക്ക് ചുരുങ്ങിയ സമയവും ചെലവുമേ ആവശ്യമുള്ളൂ.  ഗര്‍ഭാശയ മുഖത്തുനിന്ന് കോശങ്ങള്‍ പ്രത്യേക ബ്രഷ് വഴി അടര്‍ത്തിയെടുത്ത് സൂക്ഷ്മ ദര്‍ശിനിയിലൂടെ നോക്കിയാണ് രോഗലക്ഷണം ഈ ടെസ്റ്റ്‌ വഴി അറിയുന്നത്.

പുകവലി, വൃത്തിക്കുറവ്, പ്രതിരോധശേഷിക്കുറവ്, പോഷകാഹാരകുറവ് എന്നിവയെല്ലാം ചിലപ്പോള്‍ സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകാറുണ്ട്. ക്രമാതീതമായി ഭാരം കുറയുക, കാല്‍പ്പാദത്തിലെ വേദന, വയറ്റില്‍ അടിക്കടിയുള്ള വേദന, പുറംവേദന എന്നിവയെല്ലാം ചിലപ്പോള്‍ രോഗത്തിന്റെ ലക്ഷണമാകാം.

21-29 വയസ്സിനുള്ളില്‍ പ്രായമുള്ളവര്‍ മൂന്നുവർഷം കൂടുമ്പോള്‍ പാപ്സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്. 30-65 വയസ്സിനുള്ളില്‍ പ്രായമുള്ളവര്‍ ഓരോ മൂന്നു വര്‍ഷമോ അഞ്ചു വര്‍ഷമോ കൂടുമ്പോള്‍ പരിശോധന നടത്തണം. അതു കഴിഞ്ഞാല്‍ മിക്കപ്പോഴും പരിശോധനയുടെ ആവശ്യം വരുന്നില്ല. 

സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധ വാക്സിന്‍ എടുത്തവര്‍ പോലും മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തേണ്ടതാണ്. ആര്‍ത്തവം ഇല്ലാത്ത സമയത്താകണം പരിശോധന.

ഗര്‍ഭാശയ മുഖ കാന്‍സര്‍ വരാതിരിക്കുവാനുള്ള പ്രധാന മാര്‍ഗം പ്രതിരോധ കുത്തിവയ്പ്പെടുക്കുക എന്നതാണ്. വാക്‌സിനുകള്‍ വളരെ ഫലപ്രദവുമാണ്. ലോകാരോഗ്യ സംഘടന ഈ കുത്തിവയ്പ്പ് നിര്‍ദേശിക്കുന്നുണ്ട്. ഒമ്പത് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളിലാണ് ഇതു നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. സെര്‍വിക്കല്‍ കാന്‍സര്‍ വരാതിരിക്കാന്‍ ഈ കുത്തിവയ്പ്പ് വളരെ സഹായിക്കുന്നു. അതുകൊണ്ട് ഒമ്പതിനും പതിമൂന്നു വയസ്സിനുമിടയില്‍ പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതിനു മുൻപ് തന്നെ കുത്തിവയ്പ്പെടുക്കുന്നതാണ് അഭികാമ്യം. എങ്കിലും 26 വയസ്സ് വരെ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com