ADVERTISEMENT

തലസ്ഥാന നഗരിയിലെ കുറവന്‍ കോണത്തുനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വഴി ആഫ്രിക്കയിലേക്കും പിന്നീട് അമേരിക്കയിലേക്കും പോയി മടങ്ങിവരുന്നതിനിടയില്‍ നിരവധി പുരസ്കാരങ്ങള്‍ ശിശുരോഗ വിദഗ്ധനായ ഡോ.ജേക്കബ് ഈപ്പന്റെ കയ്യിലൂടെ കടന്നുപോയി. വൈകിയാണെങ്കിലും, തിരുവനന്തപുരം മെഡിക്കല്‍ കോളജ് അലുമ്നി അസോസിയേഷന്റെ 14ാമത് വാര്‍ഷിക സമ്മേളനത്തില്‍  വൈദ്യശാസ്ത്രരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങില്‍ ജേക്കബ് ഈപ്പനെയും സര്‍ക്കാര്‍ ആദരിച്ചു. ഇതിനു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ അമേരിക്ക ജേക്കബ് ഈപ്പന്റെ കഴിവുകളെ തിരിച്ചറിഞ്ഞിരുന്നു. ലോക പ്രശസ്തമായ സ്റ്റാന്‍ഫഡ് സര്‍വകലാശാല 1999ല്‍ അവരുടെ 40 മികച്ച പൂര്‍വ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ ജേക്കബ് ഈപ്പനായിരുന്നു. അമേരിക്കക്കാരനല്ലാത്ത ഒരേയൊരാള്‍. അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗന്‍, ബില്‍ക്ലിന്റണ്‍ എന്നിവര്‍ക്ക് ലഭിച്ചിട്ടുള്ള അമേരിക്കയിലെ ഉന്നതമായ എല്ലിസ് ഐസ്‌ലന്‍ഡ് മെഡലും 2007ല്‍ ജേക്കബ് ഈപ്പനെ തേടിയെത്തി. 

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് കേരളീയര്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ജേക്കബ് ഈപ്പന്‍ പറയുന്നു. മുന്‍പ് പരിസര ശുചിത്വത്തില്‍ ശ്രദ്ധിച്ചിരുന്ന കേരളം അതില്‍നിന്ന് പിന്നോട്ടുപോയതും രോഗങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

∙ തിരുവനന്തപുരത്തുനിന്ന് ലുധിയാന വഴി അമേരിക്കയിലേക്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നും 1976ല്‍ പഠിച്ചിറങ്ങിയ അദ്ദേഹം ലുധിയാന മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക്സ് എംഡിക്ക് ശേഷം നൈജീരിയയിലും ടാന്‍സാനിയയിലും ജോലി ചെയ്തു. അതിനുശേഷമാണ് അമേരിക്കയിലെത്തിയത്. ബര്‍ക്കിലി സര്‍വകലാശാലയില്‍നിന്ന് പൊതുജനാരോഗ്യത്തില്‍ എംപിഎച്ച് എടുത്തശേഷം സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്നും പീഡിയാട്രിക് റഡിഡന്‍സി ചെയ്തു. ഫിലിപ്പീന്‍സില്‍ യുഎന്‍ ഹൈകമ്മിഷന്‍ ഫോര്‍ റഫ്യൂജീസ് ആരോഗ്യ ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചു. ശശിതരൂര്‍ എംപി അക്കാലത്ത് സഹപ്രവര്‍ത്തകനായിരുന്നു. കാലിഫോണിയയില്‍ 1984ല്‍ എത്തിയ ഡോക്ടര്‍ ഇപ്പോള്‍ അലമേഡ ഹെല്‍ത്ത് സിസ്റ്റത്തിന്റെ (എഎച്ച്എസ്) മെഡിക്കല്‍ ഡയറക്ടറാണ്. വാഷിങ് ഹോസ്പിറ്റലിന്റെ അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളുമാണ്. കഴിഞ്ഞ നവംബറില്‍ അഞ്ചാം തവണയും അദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തു. 35,000 വോട്ടുകളാണ് ലഭിച്ചത്. അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാനാവശ്യമായ വോട്ടുകളാണിതെന്ന് ചിരിയോടെ ജേക്കബ് ഈപ്പന്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വാഷിങ്ടണ്‍ ഹോസ്പിറ്റലിനെ അമേരിക്കയിലെ മികച്ച 100 ആശുപത്രികളിലൊന്നായി തിരഞ്ഞെടുത്തു.

dr-jacob

∙ കേരളവും ആരോഗ്യമേഖലയും 

കേരളത്തിന്റെ ആരോഗ്യമേഖല മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതായതിനാല്‍ കാര്യമായ പ്രശ്നമൊന്നും നേരിടേണ്ടി വന്നിരുന്നില്ല. പോഷകാഹാരകുറവുള്ള കുട്ടികളെ ഞാന്‍ കാണുന്നത് പഞ്ചാബില്‍ ജോലി ചെയ്യുമ്പോഴാണ്. ആരോഗ്യമേഖലയില്‍ മികച്ച സംവിധാനങ്ങള്‍ കേരളത്തില്‍ നേരത്തെതന്നെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ വാക്സിനേഷന്‍ ക്ലിനിക്ക് ട്രാവന്‍കൂറിലായിരുന്നു. കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും മികച്ചതായിരുന്നു. പകര്‍ച്ച വ്യാധികളും ശിശുമരണ നിരക്കും കുറവായിരുന്നു. 1984ല്‍ തന്നെ കേരളത്തിന് മികച്ച ആരോഗ്യ സൂചകങ്ങള്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ വിദ്യാസമ്പന്നരായിരുന്നു എന്നത് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകമായിരുന്നു. എന്‍പതുകളില്‍ ശ്രീലങ്ക, ചൈന, കോസ്റ്റാറിക്ക ഇതൊക്കെയായിരുന്നു ആരോഗ്യരംഗത്തെ മികച്ച മാതൃകകള്‍. അതൊക്കെ സ്വതന്ത്ര രാജ്യങ്ങളാണ്. കേരളം ഒരു സംസ്ഥാനമായിരുന്നിട്ടും അവരെക്കാള്‍ മുന്നിലെത്തി. പക്ഷേ പിന്നീട് എല്ലാം മോശമായി. മറ്റു സംസ്ഥാനങ്ങള്‍ ആരോഗ്യരംഗത്തെ നേട്ടങ്ങളില്‍ കേരളത്തിന്റെ ഒപ്പമെത്തി. നമ്മുടെ മുന്നേറ്റം കുറഞ്ഞു. ‘ഞാനൊക്കെ പഠിക്കുമ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ ഓടകള്‍ സ്ഥിരമായി വൃത്തിയാക്കിയിരുന്നു. പിന്നീട് ഈ സംവിധാനം ഇല്ലാതായി. പകര്‍ച്ചവ്യാധികള്‍ കൂടി. തൊണ്ണൂറുകളോടെ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ വന്നു. പണം ചികില്‍സയുടെ ഘടകമായി. സര്‍ക്കാര്‍ ആശുപത്രികളിലാകട്ടെ സൗകര്യങ്ങള്‍ കുറഞ്ഞു’ - ഡോ.ജേക്കബ് ഈപ്പന്‍ പറയുന്നു.

ആരോഗ്യ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ വന്നു. പണ്ടു മൂന്നൂറിനകത്ത് റാങ്കില്ലെങ്കില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിക്കില്ല. ഇപ്പോള്‍ അതു മാറി. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പണം കൊടുത്തു പഠിക്കാം. കൂടുതല്‍ വര്‍ഷം പഠിച്ചാലേ നല്ല ഡോക്ടര്‍മാരാകൂ എന്ന ചിന്തയുമുണ്ട്. ആറു വര്‍ഷത്തോളമാണ് ഇവിടെ മെഡിക്കല്‍ പഠനം. അമേരിക്കയില്‍ 4 വര്‍ഷമാണ്. അതുകഴിഞ്ഞാല്‍ 3 വര്‍ഷം റെസിഡന്‍സി. ഇവിടുത്തെ എംഡിപോലെ. മാര്‍ക്ക് അനുസരിച്ച് ഏതു കോഴ്സും പഠിക്കാം. കോഴ്സിനു പ്രവേശനം ലഭിച്ച അടുത്ത ദിവസംതന്നെ പരിശോധനാ മുറിയില്‍ പ്രവേശനം ലഭിക്കും. ഇവിടെ അതിനു വര്‍ഷങ്ങള്‍ കഴിയണം. ആഗോളതലത്തില്‍ ശ്രദ്ധേയമായ ആശുപത്രികള്‍ ഒന്നും സര്‍ക്കാര്‍ മേഖലയില്‍ ഇല്ലെന്നതും പ്രശ്നമാണ്. ആ രീതിയിലുള്ള മാര്‍ക്കറ്റിങും നടക്കുന്നില്ല.

∙ കേരളത്തിലെ പകര്‍ച്ച വ്യാധികള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും സ്വകാര്യ മേഖലയെ അപേക്ഷിച്ച് ശമ്പളം കുറവാണെന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ജേക്കബ് ഈപ്പന്‍ പറയുന്നു. ‘സ്വകാര്യ മേഖലയില്‍ ശമ്പളം കൂടുതലായതിനാല്‍ ഡോക്ടര്‍മാര്‍ അങ്ങോട്ടുപോകും. സര്‍ക്കാര്‍ മേഖലയിലെ ജോലി ആകര്‍ഷകമാക്കാന്‍ കഴിയണം. പണം സമ്പാദിക്കാന്‍ കഴിയുന്ന കോഴ്സുകളിലാണ് മിക്കവര്‍ക്കും താല്‍പര്യം. ശിശുരോഗ വിദഗ്ധനാകുന്നതിനേക്കാള്‍ കാര്‍ഡിയോളജിസ്റ്റായാല്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്ന ചിന്തയുണ്ട്. ഇതു തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് സാധാരണ അസുഖങ്ങള്‍ക്ക് സമീപിക്കാന്‍ ഡോക്ടര്‍മാരെ ലഭിക്കാതാകും. മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ടത് അധികൃതരാണ്. ’ - അദ്ദേഹം വ്യക്തമാക്കുന്നു. 

സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യമില്ലായ്മയും പ്രശ്നമാണ്. നിരവധി രോഗികളെ ഒരു ദിവസം കാണേണ്ടിവരുന്നത് ചികില്‍സയുടെ ഗുണമേന്‍മയെ ബാധിക്കാമെന്ന് ഡോ.ജേക്കബ് ഈപ്പന്‍ പറയുന്നു. ‘ അമേരിക്കയില്‍  25 രോഗികളെയാണ് ഒരു ദിവസം ഞാന്‍ കാണുന്നത്. ഇവിടെ 200 പേരെ കാണുന്ന ഡോക്ടര്‍മാരുണ്ട്.  വലിയ തിരക്കില്‍ ജോലി ചെയ്യമ്പോള്‍, ചികില്‍സയുടെ ഗുണമേന്‍മ ഡോക്ടറുടെ അനുഭപരിചയത്തെ അടിസ്ഥാനമാക്കിയിരിക്കും’ - അദ്ദേഹം വ്യക്തമാക്കുന്നു.

jacob1

‘മരുന്നുകള്‍ കൂടുതലില്ലാത്തതിനാല്‍ ൈവറസ് രോഗങ്ങളാണ് വേഗത്തില്‍ പടരുന്നത്. ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ കുറഞ്ഞു. കേരളത്തില്‍ പുതുതായി ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസമുള്ള ജനതയും ഉണ്ടായിട്ടും കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് പരിശോധിക്കേണ്ട കാര്യമാണ്’ - അദ്ദേഹം പറയുന്നു.  

∙ മാറുന്ന ജീവിത ശൈലി

മുന്‍പു കുറവന്‍കോണത്തുനിന്ന് സൈക്കിളിലാണ് ഞാന്‍ മെഡിക്കല്‍ കോളജിലേക്ക് പോയിവന്നിരുന്നത്. ജീവിത സാഹചര്യങ്ങള്‍ മാറി. വാഹനങ്ങള്‍ പെരുകി. ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ കേരളത്തില്‍ പകര്‍ച്ച വ്യാധികളേക്കാള്‍ കൂടുതല്‍ ജീവിതശൈലീ രോഗങ്ങള്‍ പടര്‍ന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക്... എല്ലാം വര്‍ധിക്കുകയാണ്. ഇതൊക്കെ ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നവരുടെ കാര്യമാണ്. ഡോക്ടറെ കാണാത്ത 100പേരെ പരിശോധിച്ചാല്‍ അതില്‍ കൂടുതല്‍പേര്‍ക്കും രക്തസമ്മര്‍ദം അടക്കമുള്ള അസുഖങ്ങള്‍ കാണും. അസുഖം നേരത്തെ കണ്ടുപിടിച്ചാല്‍ സാധാരണ ജീവിതം നയിക്കാനാകും. അല്ലെങ്കില്‍ സ്ട്രോക്ക് അടക്കമുള്ള പ്രശ്നങ്ങളിലേക്ക് പോകാം. അമേരിക്കയില്‍ വിശദമായ പരിശോധനയാണ് നടത്തുന്നത്. ചെക്സിലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ എല്ലാ ഘടകങ്ങളും പരിശോധിച്ച് രോഗിയോട് അതെല്ലാം വിശദീകരിക്കും. അല്ലെങ്കില്‍ ഇന്‍ഷുറന്‍സില്‍ പ്രശ്നങ്ങളുണ്ടാകാം. നിയമനടപടികളേക്ക് പോകാം. ഇവിടെ തലവേദനയുമായി ഒരു രോഗി വന്നാല്‍ മിക്ക കേസുകളിലും അതിനു മാത്രം മരുന്നു നല്‍കി വിടും. തലവേദന സ്ട്രോക്കിന്റെയും ലക്ഷമാകാം. അത്തരം വിശദമായ പരിശോധനയും ഫോളോഅപും ഇവിടെ ഉണ്ടോ എന്നറിയില്ല. ഇതിനു മറ്റൊരു വശംകൂടിയുണ്ട്. രോഗിയില്‍നിന്ന് നിയമപടി ഉണ്ടാകാതിരിക്കാന്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ ലാബ് പരിശോധനകളും മുന്‍കൂട്ടി ചെയ്യുന്ന ഏര്‍പ്പാട് വിദേശരാജ്യങ്ങളിലുണ്ട്. അമേരിക്കയിലൊക്കെ ഈ രീതികൂടുതലാണ്, ചെലവും. ജലദോഷമാണെങ്കിലും, സൈനസൈറ്റിസ് ആണെങ്കിലും എംആര്‍ഐ സ്കാന്‍ ചെയ്യും. പഠിപ്പിക്കുന്ന സമയത്തേ ഡോകടര്‍മാരോട് ഇങ്ങനെയാണ് പറഞ്ഞു കൊടുക്കുന്നത്. 

∙ വാക്സിന്‍ വിരുദ്ധര്‍ അമേരിക്കയിലും

പണ്ട് ആഫ്രിക്കയില്‍ ജോലി ചെയ്യുമ്പോള്‍ ദിവസവും മൂന്നും നാലും മരണ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അവസാനഘട്ടത്തിലാണ് എല്ലാരോഗികളും ആശുപത്രിയില്‍ എത്തിയിരുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നു സ്ഥിതി മാറി. ലോകാരോഗ്യസംഘടനയുടെയും ഐക്യരാഷ്്ട്രസഭയുടേയും പ്രവര്‍ത്തനത്തിന്റെ ഫലമായി 90 ശതമാനത്തിലേറെപേര്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകളെടുക്കാന്‍കഴിഞ്ഞു. പോളിയോയും വസൂരിയും അഞ്ചാംപനിയും അടക്കമുള്ള രോഗങ്ങള്‍ കുറഞ്ഞു. എന്നാല്‍ വികസിത, വികസ്വര രാജ്യങ്ങളില്‍ ഈ രോഗങ്ങള്‍ തിരിച്ചുവരികയാണ്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ്പെടുക്കാനുള്ള വിമുഖതയാണ് ഇതിനു പ്രധാന കാരണം. അമേരിക്കയിലും വാക്സിനേഷനെതിരെ പ്രാചാരണം ഉണ്ട്. അഞ്ചു ശതമാനം പേര്‍ അമേരിക്കയിലും വാക്സിനേഷന് എതിരാണ്. അമേരിക്കയിലെ ഇന്ത്യക്കാര്‍ വാക്സിന്‍ വിരുദ്ധനിലപാട് എടുക്കാറില്ല. 

∙ അമേരിക്കയിലെ ചികില്‍സാ രീതികള്‍

നികുതിയുടെ പ്രശ്നമുള്ളതിനാല്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെന്ന പേരിലാണ് അമേരിക്കയില്‍ വലിയ ആശുപത്രികള്‍ നടത്തുന്നത്. അവരെല്ലാം എന്‍ജിഒ പദവി നേടും. അവിടെ ഭൂരിഭാഗംപേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ട്. കാശുകൊടുത്ത് ചികില്‍സിക്കുന്നവര്‍ വളരെ കുറവാണ്. ഐസിയുവിലുള്ള രോഗിക്ക് ഒരു ദിവസം 20,000 ഡോളറൊക്കെ വേണ്ടിവരും. എത്രപേര്‍ക്ക് കൊടുക്കാന്‍ കഴിയും? അമേരിക്കയില്‍ ആഭ്യന്തര വരുമാനത്തിന്റെ 20% ആരോഗ്യമേഖലയില്‍ ചെലവഴിക്കുന്നു. ഇന്‍ഷുറന്‍സ്, അഡ്മിനിസ്ട്രേഷന്‍, മരുന്ന് എന്നിവയ്ക്കായാണ് ഈ തുക വിനിയോഗിക്കുന്നത്. ഇന്ത്യയില്‍ ആഭ്യന്തരവരുമാനത്തിന്റെ 1%താഴെയാണ് ആരോഗ്യമേഖലയ്ക്കായി മാറ്റിവയ്ക്കുന്നത്. ചെലവാക്കലും ഗുണമേന്‍മയുമായി ബന്ധമില്ല. ആരോഗ്യരംഗത്തെ ഗുണമേന്‍മാ റാങ്കിങ്ങില്‍ അമേരിക്ക 25ാം സ്ഥാനത്താണ്. ജപ്പാനും സിംഗപ്പൂരുമൊക്കെയാണ് മുന്നില്‍. ഒരു മനുഷ്യന്റെ ജീവിതകാലയളവ് കേരളത്തില്‍ ശരാശരി 77 ആണ്. അമേരിക്കയില്‍ ഇതിനോടൊപ്പമാണ്. നമ്മള്‍ ഇത്രയൊക്കെ കുറച്ച് പണം ചെലഴിച്ചിട്ടും ആരോഗ്യരംഗത്ത് മുന്നേറാന്‍ സാധിക്കുന്നുണ്ട്. പണം ഒരുപാട് ചെലവഴിക്കുന്നതിനു പകരം ഏതു മേഖലയില്‍, ഏതു വിഭാഗത്തിന്, എങ്ങനെയുള്ള ചികില്‍സ ലഭിക്കണമെന്നതിലാണ് കാര്യം.

∙ ആരോഗ്യ ഇന്‍ഷുറന്‍സ് 

ആരോഗ്യ ഇന്‍ഷുറന്‍സ് രാജ്യത്ത് നിര്‍ബന്ധമാക്കിയാല്‍ കൂടുതല്‍ ഗുണം ഉണ്ടാകുമെന്ന് ജേക്കബ് ഈപ്പന്‍ പറയുന്നു. ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കുറയ്ക്കാനാകും. ഇത്ര മാസത്തിനുള്ളില്‍ രോഗിയെ വീണ്ടും അഡ്മിറ്റ് ചെയ്യേണ്ടിവന്നാല്‍ , ആശുപത്രി വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ പണം തരില്ല എന്നു ഇന്‍ഷുറന്‍സ് കമ്പനിക്ക് പറയാം. ഒരു രോഗി തിരികെ ആശുപത്രിയിലേക്ക് വരാതിരിക്കാനാണ് ആശുപത്രി ശ്രമിക്കേണ്ടത്. അപ്പോള്‍ ചികില്‍സയുടെ ഗുണമേന്‍മ കൂടും. ഇപ്പോള്‍ അങ്ങനെ അല്ല. ആശുപത്രികള്‍ ചികില്‍സാ ചെലവുകള്‍ കൂട്ടി കാണിക്കുന്ന രീതി അമേരിക്കയിലുമുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ അതു കണ്ടുപിടിക്കുന്നുമുണ്ട്. ഒരു രോഗി ആശുപത്രിയില്‍നിന്ന് പോയതിനുശേഷം അതേരോഗം ബാധിച്ചോ രോഗാണുബാധയാലോ ഒരു മാസത്തിനകം തിരികെ വന്നാല്‍ ചികില്‍സാ ചെലവ് അമേരിക്കയില്‍ ആശുപത്രിയുടെ ഉത്തരവാദിത്തമാണ്. 80 ശതമാനം പേരും അമേരിക്കയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ട്. 65 വയസുകഴിഞ്ഞാല്‍ എല്ലാവര്‍ക്കും സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ലഭിക്കും.

കുറവന്‍കോണം കണ്ടത്തില്‍ ചാക്കോ ഈപ്പന്റെയും അന്നമ്മയുടേയും മകനാണ് ഡോ.ജേക്കബ് ഈപ്പന്‍. ഷെര്‍ലിയാണ് ഭാര്യ. മകന്‍ നവീനും മകള്‍ സന്ധ്യയും അമേരിക്കയില്‍ ഡോക്ടര്‍മാരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com