ADVERTISEMENT

പുകവലിയുടെ ദോഷവശങ്ങളെപ്പറ്റി നമുക്കറിയാം, എന്നാലും ഈ ശീലം നിർത്താൻ പെട്ടെന്ന് സാധിക്കാത്തവരാണ് മിക്കവരും. നിങ്ങൾ വല്ലപ്പോഴും പുകവലിക്കുന്ന കൗമാരക്കാരനോ, ഒരുപാട് സിഗരറ്റ് ദിവസവും വലിക്കുന്ന ഹെവി സ്മോക്കറോ ആരുമായിക്കൊള്ളട്ടെ പുകവലി ശീലം നിർത്താൻ തീരുമാനം എടുക്കാൻ ഒട്ടും വൈകിയിട്ടില്ല. ആദ്യ ദിവസം സിഗരറ്റ് ഇല്ലാതെ... അൽപം ബുദ്ധിമുട്ടാകാം. എന്നാലും ദിവസങ്ങൾ, അല്ലെങ്കിൽ ഏതാനും ആഴ്ചകൾ കൊണ്ട് പുകവലിയിൽ നിന്നു പൂർണമായി മോചനം നേടാൻ നിങ്ങൾക്കാകും. 

പുകവലി പൂർണമായും ഉപേക്ഷിക്കാൻ സഹായിക്കുന്ന അഞ്ച് ഘട്ടങ്ങൾ: 

1. അൽപം പ്ലാനിങ് ഒക്കെയാകാം

പുകവലി ഉപേക്ഷിക്കാൻ പ്ലാൻ മനസ്സിലുണ്ടെങ്കിൽ എളുപ്പമാകും. ഇതു ആത്മവിശ്വാസം തരും. അതിൽ മാത്രം ശ്രദ്ധകൊടുക്കാനും പുകവലി ഉപേക്ഷിക്കാനുള്ള ഒരു മോട്ടിവേഷനും പ്ലാൻ ഉണ്ടെങ്കിൽ എളുപ്പമാകും. സ്വയം തീരുമാനിച്ച് ഈ ശീലം ഉപേക്ഷിക്കാം. അല്ലെങ്കിൽ ചികിത്സയും ലഭ്യമാണ്.

2. എപ്പോഴും ബിസി ആകാം

എപ്പോഴും തിരക്കിലാവുന്നത് പുകവലിയിൽ നിന്നും അകന്നു നിൽക്കാൻ സഹായിക്കും. പുകവലിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും നിങ്ങൾക്ക് സാധിക്കില്ല.

പുകവലി ഒഴിവാക്കാൻ മറ്റു ചില പ്രവൃത്തികൾ

∙വ്യായാമം ചെയ്യാം
∙വീടിനുപുറത്ത് അൽപം നടക്കാം
∙ച്യൂയിങ്ഗമ്മോ മിഠായിയോ നുണയുക
∙കയ്യിൽ ഒരു പേനയോ ടൂത്ത് പിക്കോ ഉണ്ടായാൽ നല്ലത്
∙ധാരാളം വെള്ളം കുടിക്കാം
∙ദീർഘശ്വാസമെടുത്ത് ഒന്നു റിലാക്സ് ചെയ്യാം
∙ഒരു സിനിമയ്ക്ക് പോകാം
∙പുകവലിക്കാത്ത സുഹൃത്തുക്കളുമായോ കുടുംബവുമൊത്തോ സമയം ചെലവിടാം
∙നിങ്ങൾക്ക് ഇഷ്ടപ്പെട്ട റസ്റ്ററന്റിൽ (പുകവലിക്കാൻ പാടില്ലാത്തത് ആയിരിക്കണേ) നിന്നു ഡിന്നർ കഴിക്കാം

3. പുകവലിക്കാനുള്ള തോന്നൽ ഒഴിവാക്കാം

ചില ആളുകൾ, സ്ഥലങ്ങൾ, വസ്തുക്കൾ, ചില സന്ദർഭങ്ങൾ ഇതെല്ലാം നിങ്ങളെ പുകവലിക്കാൻ പ്രേരിപ്പിച്ചേക്കാം. പുകവലി ശീലം ഉപേക്ഷിക്കാൻ തീരുമാനിക്കുന്ന ദിവസം ഈ പ്രേരണകളിൽ നിന്നെല്ലാം ഒഴിവാകണം. പുകവലിക്കാനുള്ള തോന്നൽ ഉണ്ടാകുമ്പോൾ അതിനെ മറികടക്കാൻ ചില ടിപ്സ് ഇതാ. 

∙നിങ്ങളുടെ കയ്യിലുള്ള സിഗരറ്റുകൾ, ലൈറ്റർ, ആഷ്ട്രേ ഇവയെല്ലാം വേഗം തന്നെ ഒഴിവാക്കാം. 
∙കഫീൻ ഒഴിവാക്കുക. അതു നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം പകരം വെള്ളം കുടിക്കുക.
∙പുക വലിക്കാത്ത ആളുകളോടൊപ്പം സമയം ചെലവിടുക.
∙പുകവലി നിരോധിച്ച സ്ഥലങ്ങളിലേക്കു പോകുക.
∙ധാരാളം വിശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ക്ഷീണം വന്നാൽ പുകവലിക്കാൻ തോന്നാം.
∙പുകവലിയുമായി ബന്ധപ്പെട്ടതെല്ലാം ഒഴിവാക്കാൻ നിങ്ങളുടെ ദിനചര്യയിൽ മാറ്റം വരുത്തുക.

4. പോസിറ്റീവ് ആകാം

എന്നെന്നേക്കുമായി പുകവലി നിർത്തുന്നു എന്നു ചിന്തിക്കേണ്ട. ഇന്നു വലിക്കില്ല എന്നതിൽ ശ്രദ്ധിക്കാം. ഇതു നിങ്ങളെ പോസിറ്റീവാക്കും. 24 മണിക്കൂര്‍ പുകവലിക്കാതിരുന്നാൽ നിങ്ങളെത്തന്നെ അഭിനന്ദിക്കാം. ചിലപ്പോൾ ഒരു ദിവസം കൊണ്ട് സാധിക്കില്ലായിരിക്കാം. എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുകവലി പൂർണമായും നിർത്താൻ നിങ്ങൾക്ക് സാധിക്കും.

5. സഹായം തേടാം

നിങ്ങളുടെ വിൽപവർ മാത്രം പോരാ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹകരണം തേടാം. പുകവലി ഉപേക്ഷിക്കാൻ തീരുമാനിച്ച വിവരം അവരെ അറിയിക്കാം. ഈ ശീലം ഉപേക്ഷിക്കാൻ അവർ നിങ്ങളെ സഹായിക്കും.

പിൻവാങ്ങൽ ലക്ഷണങ്ങൾ

പുകവലി നിർത്താൻ തീരമാനിക്കുമ്പോൾ ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. നിക്കോട്ടിൻ, ശരീരത്തിൽ നിന്നും പിൻവാങ്ങുന്നതു മൂലം ചില പിൻവാങ്ങൽ ലക്ഷണങ്ങൾ (Withdrawal Symptoms) ഉണ്ടാകാം. ഏതാനും ദിവസങ്ങളോ ആഴ്ചകളോ ഇതുണ്ടായേക്കാം. സാധാരണയായി പ്രകടമാകുന്ന നിക്കോട്ടിൻ വിത്ത്ഡ്രോവൽ സിംപ്റ്റംസ് ഇവയാണ്. സിഗരറ്റിനോടുള്ള ആസക്തി, ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയൽ, ചുമ, ക്ഷീണം, മലബന്ധം, വയറ്റിൽ അസ്വസ്ഥത, വിഷാദം, ഹൃദയമിടിപ്പിന്റെ നിരക്ക് കുറയുക. ഇവയെല്ലാം താൽക്കാലികം മാത്രമാണ് എന്നോർക്കുക. ഏതാനും ആഴ്ചകൊണ്ട് ശരീരം വിഷാംശങ്ങളെ (toxins) എല്ലാം പുറന്തള്ളുമ്പോൾ ഈ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമാകും. പുകവലി നിർത്താൻ ചികിത്സാരീതികളും മരുന്നുകളും ഉണ്ട്. നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി, നോൺ നിക്കോട്ടിൻ മെഡിക്കേഷൻ ഇവയും കൂടാതെ ഹിപ്നോസിസ്, അക്യുപങ്ചർ, ബിഹേവിയറൽ തെറാപ്പി, മോട്ടിവേഷണൽ തെറാപ്പീസ് തുടങ്ങിയ ആൾട്ടർനേറ്റ് തെറാപ്പികളും ഉണ്ട്.

നിങ്ങൾക്കും സഹായിക്കാം

നിങ്ങളുടെ സുഹൃത്ത് അല്ലെങ്കിൽ വളരെ വേണ്ടപ്പെട്ട ഒരാളുടെ പുകവലിശീലം നിർത്തണമെങ്കിൽ ആ ആൾതന്നെ തീരുമാനിക്കണം. എന്നാൽ പുകവലി നിർത്താൻ തീരുമാനിച്ച ഒരാളെ നിങ്ങൾക്കും സഹായിക്കാം. അവർക്ക് പിന്തുണ നൽകാം, സ്ട്രെസ് അകറ്റാൻ സഹായിക്കാം. ഒരിക്കലും അവരെ ഉപദേശിക്കാനോ ജഡ്ജ് ചെയ്യാനോ പാടില്ല. അവരുടെ പ്രവർത്തനങ്ങളിൽ കൂടെ നിൽക്കാം. പുകവലിക്കാതിരിക്കുന്നതിന് അവരെ അഭിനന്ദിക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരെ ഈ ദുശ്ശീലം ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ പിന്തുണയ്ക്കാം. അവരുടെ കൂടെ നിൽക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com