ADVERTISEMENT

 'ടെന്നീസ് എല്‍ബോ' എന്ന അസുഖത്തെ കുറിച്ചു നമ്മള്‍ ഏറ്റവുമധികം കേള്‍ക്കുന്നത് കളിക്കാര്‍ അതിനു ചികിത്സ തേടുമ്പോള്‍ ആണ്. എന്നാല്‍ കളിക്കാര്‍ക്ക് മാത്രമാണോ ഈ അസുഖം? അല്ല, ആര്‍ക്കു വേണമെങ്കിലും ഈ രോഗം പിടിപെടാം എന്നതാണ് വാസ്തവം. കൈമുട്ടുകളില്‍ കഠിനവേദനയായി വരുന്ന അസുഖമാണ് 'ടെന്നീസ് എല്‍ബോ' എന്നറിയപ്പെടുന്നത്. എന്നാല്‍ ഈ ശാരീരികപ്രശ്‌നത്തിന് ടെന്നീസ് കളിയുമായി അത്ര ബന്ധമൊന്നുമില്ല താനും. നമ്മുടെ കൈമുട്ടുകളെ കൈത്തണ്ടകളുമായി ബന്ധിപ്പിക്കുന്നത് 'ടെന്‍ഡണുകള്‍' എന്നറിയപ്പെടുന്ന ചരടു കൊണ്ടാണ്. ഇവയ്ക്ക് ക്ഷതമേല്‍ക്കുമ്പോഴുണ്ടാകുന്ന ശക്തമായ വേദനയാണ് ഇത്. കൈമുട്ടുകളിലെ പേശികളില്‍ വരുന്ന നീര്‍ക്കെട്ടും 'ടെന്നീസ് എല്‍ബോ'ക്ക് കാരണമാകാം. കൈകള്‍ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നതുവഴിയും രോഗം വരാം. 

നിത്യേനചെയ്യുന്ന ജോലികള്‍ പോലും ഈ അവസ്ഥ മൂലം ചെയ്യാന്‍ പ്രയാസമാകുമ്പോള്‍ ആണ് ടെന്നീസ് എല്‍ബോ പ്രശ്നക്കാരനാകുന്നത്. ഫിസിയോതെറാപ്പി, മരുന്നുകള്‍ എന്നിവ കൊണ്ട് ഫലം ലഭിച്ചില്ലെങ്കില്‍ സര്‍ജറിയാണ് പിന്നെ ഇതിനുള്ള ചികിത്സ. എന്നാല്‍ ഇപ്പോള്‍ ടെന്നീസ് എല്‍ബോയ്ക്ക് പുതിയൊരു തരം ചികിത്സയുമായി വന്നിരിക്കുകയാണ് ജപ്പാന്‍ ഒക്യുനോ ക്ലിനിക്കിലെ ഒരു സംഘം വിദഗ്ധര്‍. Transcatheter Arterial Embolization (TAE) എന്നാണ് ഇതിന്റെ പേര്, കൈയിലെ   പ്രധാനരക്തക്കുഴലിലേക്ക് ചെറിയൊരു സുഷിരം വഴിയാണ് ഈ ചികിത്സ. അന്‍പത്തിരണ്ടുരോഗികളില്‍ നാലുവര്‍ഷം നടത്തിയ പഠനത്തിലൂടെയാണ് ഈ ചികിത്സ വിജയകരമാണെന്ന് തെളിഞ്ഞത്. സര്‍ജറിയോ മറ്റു മരുന്നുകളോ ഇല്ലാത്ത ഈ ചികിത്സാവിധി ടെന്നീസ് എല്‍ബോ മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ആശ്വാസമാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

രോഗലക്ഷണം
അമിതോപയോഗം കൊണ്ടു കൈമുട്ടിന്റെ ചുറ്റുമുള്ള പേശീതന്തുക്കൾ ലോലമാകുന്നതുമൂലമുള്ള ശക്‌തമായ വേദനയാണു പ്രധാന ലക്ഷണം. കൈമുട്ടിൽ തൊടുമ്പോൾതന്നെ വേദന തോന്നും. ഭാരമുള്ള വസ്‌തു ഉയർത്താൻ ശ്രമിക്കുകയോ ഉയരത്തിൽനിന്നു എന്തെങ്കിലും എടുക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടും. ടെന്നിസ് എൽബോ അസുഖമുള്ളവർക്കു ഒരു ചായക്കപ്പിൽ പിടിമുറുക്കുമ്പോൾ പോലും കൈമുട്ടിലെ വേദന അനുഭവിക്കാൻ കഴിയും. പേശികളുടെ തേയ്‌മാനം മാത്രമല്ല, ഭാരമുള്ള ഏതെങ്കിലും വസ്‌തു മുട്ടിൽ വീഴുകയോ ശക്‌തമായ ആഘാതം ഏൽക്കുകയോ ചെയ്‌താൽ പേശീതന്തക്കളിൽ പൊട്ടലുണ്ടാകുകയും ‘ടെന്നിസ് എൽബോ’ ആയി മാറുകയും ചെയ്യാം.

കൈമുട്ടിന്റെ മുകൾഭാഗത്തും കൈമുട്ടിന്റെ മടക്കിനു തൊട്ടുതാഴെയുണ്ടാകുന്ന ശക്‌തമായ വേദന, കൈമുട്ടു മുതൽ കൈക്കുഴ വരെയുള്ള ഭാഗം വരെ നീളുന്ന വേദന, കൈ നിവർത്തിപ്പിടിക്കുമ്പോൾ വേദനയുണ്ടാകുക, മുട്ടിലോ കൈക്കുഴയിലോ ഉണ്ടാകുന്ന തരിപ്പ്, കൈമുട്ട് വേണ്ടവിധത്തിൽ ചലിപ്പിക്കാൻ കഴിയാതെ വരിക. തുടങ്ങിയവയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

പ്രതിരോധം
കളിയോ ജോലിയോ തുടങ്ങുന്നതിനു മുമ്പായി കൈമുട്ടിലെ പേശികൾ ശരിയായ രീതിയിൽ അയഞ്ഞുവെന്നു ഉറപ്പാക്കിയാൽ ‘ടെന്നിസ് എൽബോ’ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. പേശികളെ വിടർത്തുകയും അയയ്‌ക്കുകയും ചെയ്യുക എന്നതാണ് പേശികളുമായി ബന്ധപ്പെട്ട ഏതു പരുക്കിനും നല്ല പ്രതിവിധി. കൈമുട്ടുകളടെ തുടർച്ചയായ ഉപയോഗത്തിനു മുമ്പ് പതിനഞ്ചു മിനിട്ടെങ്കിലും പേശികളുടെ വികാസവും സങ്കോചവും നടത്തണം. പേശികളെല്ലാം ശരിയ്‌ക്കും അയഞ്ഞുവെന്നു ഉറപ്പാക്കിയാൽ ജോലി തുടങ്ങാം. സമ്പൂർണ വിശ്രമമാണ് ഇത്തരം അസുഖത്തിനു ഡോക്‌ടർമാർ നിർദേശിക്കുന്ന പ്രതിവിധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com